30 September Saturday

ത്രിപുരയിലെ ജനാധിപത്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിൽ 27നു ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ, പത്രികാസമർപ്പണപ്രക്രിയ എട്ടിനു പൂർത്തിയായതോടെ തന്നെ ബിജെപി 85 ശതമാനം സീറ്റിലും എതിരില്ലാതെ വിജയിച്ചിരിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകമീഷണർ പ്രസേൻജിത്ത് ഭട്ടാചാര്യ തന്നെയാണ് വാർത്താസമ്മേളനം നടത്തി ബിജെപിയുടെ വിജയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബിജെപിക്കുള്ള വർധിച്ച ജനപിന്തുണയെ പ്രതിഫലിക്കുന്നതല്ല ബിജെപിയുടെ ഈ എകപക്ഷീയമായ വിജയം. പണവും പേശീബലവും അധികാരത്തിന്റെ ദുരുപയോഗവും മാത്രമല്ല, തെരഞ്ഞെടുപ്പുകമീഷന്റെ പക്ഷപാതപരമായ സമീപനവുംകൊണ്ട് നേടിയെടുത്തതാണ് ഈ വിജയം. വിവിധ രാഷ്ട്രീയ പാർടികളുടെ സ്ഥാനാർഥികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. പ്രതിപക്ഷ സ്ഥാനാർഥികളെ നാമനിർദേശപത്രിക നൽകാൻ അനുവദിക്കാതെ അവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും നേടിയതാണ് ഈ വിജയം.

സംസ്ഥാനത്തെ 591 ഗ്രാമപഞ്ചായത്തിലായി 6127 സീറ്റിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയപ്പോൾ ഇടതുപക്ഷത്തിന് 412 സീറ്റിലും കോൺഗ്രസിന് 727 സീറ്റിലും മാത്രമേ സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞുള്ളൂ. 35 പഞ്ചായത്തുസമിതിയിലെ (ബ്ലോക്ക് പഞ്ചായത്ത്) 419 സീറ്റിൽ എല്ലാത്തിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയപ്പോൾ സിപിഐ എം 93ലും സിപിഐ രണ്ടിലും കോൺഗ്രസ് 74ലും മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയത്. എട്ട് ജില്ലാ പഞ്ചായത്തിലായി 116 സീറ്റിൽ എല്ലാത്തിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയപ്പോൾ ഇടതുപക്ഷമുന്നണി 93 സീറ്റിലും കോൺഗ്രസ് 81ലും മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയത്. ഇടതുപക്ഷത്തിന് സ്ഥാനാർഥികൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച‌് അവർക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമാധാനാന്തരീക്ഷം ഇല്ലാത്തതാണ്‌ ഈ സാഹചര്യം സൃഷ്ടിച്ചത്‌. ആവശ്യമായ മുൻകരുതലെടുക്കാൻ തെരഞ്ഞെടുപ്പുകമീഷനോട് സിപിഐ എമ്മും ഇടതുപക്ഷവും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അതൊക്കെ ബധിരകർണങ്ങളിൽ പതിക്കുകയായിരുന്നു.

നാമനിർദേശപത്രികാ സമർപ്പണവേളയിലുടനീളം സിപിഐ എം സ്ഥാനാർഥികൾക്കും കേഡർമാർക്കുമെതിരെ ശക്തമായ ആക്രമണമാണ് ബിജെപി അഴിച്ചുവിട്ടത്. ഉദാഹരണത്തിന് വടക്കൻ ത്രിപുര ജില്ലയിലെ ധർമനഗർ പഞ്ചായത്തിലെ പടിഞ്ഞാറൻ ചന്ദ്രാപൂരിൽ സിപിഐ എം സ്ഥാനാർഥിയെ ബൈക്കിലെത്തിയ ബിജെപി ഗുണ്ടകളാണ് ആക്രമിച്ചത്. സ്ത്രീകൾ ഉൾപ്പെടെ ഇറങ്ങിവന്ന് ആക്രമികളെ തിരിച്ചോടിക്കാൻ ശ്രമിച്ചങ്കിലും ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. പിന്നീട് ഇവർ ധർമനഗർ ടൗണിലെ സിപിഐ എം ഓഫീസ് തകർക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി അമിതാഭ ദത്ത ഉൾപ്പെടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു. തെക്കൻ ത്രിപുരയിലെ സത്ചന്ദ് ആർഡി ബ്ലോക്കിൽ സിപിഐ എം സ്ഥാനാർഥിയെ നാമനർദേശപത്രിക പൂരിപ്പിക്കാൻ പോലും ബിജെപി ഗുണ്ടകൾ അനുവദിച്ചില്ല. സിപാഹിജാല ജില്ലയിലെ ബോക്സ നഗർ ബ്ലോക്കിൽ സിപിഐ എം സ്ഥാനാർഥികളെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു പോകാൻപോലും അനുവദിക്കാതെ ബന്ദികളാക്കി. ഉനകോട്ടി ജില്ലയിലെ കൈലാസ് ശഹറിലെ ഗൗർനഗർ ഗ്രാമപഞ്ചായത്തിൽ സിപിഐ എം സ്ഥാനാർഥിയായി നാമനിർദേശം നൽകിയ അൻവർ അലിയുടെ ഓട്ടോറിക്ഷ ബിജെപിക്കാർ കത്തിച്ചു. ഇതെല്ലാം തെളിയിക്കുന്നത് പ്രതിപക്ഷസ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകരുതെന്ന നിർബന്ധം ബിജെപിക്കുണ്ടായിരുന്നുവെന്നാണ്.

നിയമസഭാ തെരെഞ്ഞെടുപ്പുകാലത്ത് ബിജെപിക്ക് അനുകൂലമായി ഉണ്ടായിരുന്ന രാഷ്ട്രീയ സ്ഥിതിയിൽ മാറ്റം വരികയാണെന്ന് മറ്റാരെക്കാളും അറിയുന്നവരാണ് സംഘപരിവാരം. അതിനാലാണ് പ്രതിപക്ഷ സ്ഥാനാർഥികളെ നാമനിർദേശപത്രിക നൽകുന്നതിൽനിന്നു ബലംപ്രയോഗിച്ച് വിലക്കിയത്. ജനപിന്തുണ നഷ്ടപ്പെടുകയാണെന്ന വസ്തുത ഇതുവഴി മറച്ചുപിടിക്കാനാകുമെന്നാണ് അവർ കരുതുന്നത്. നേരത്തെ ത്രിതല പഞ്ചായത്തുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റിയ ബിജെപി 96 ശതമാനം സീറ്റിലും വിജയം ഉറപ്പിച്ചിരുന്നു. അതിന്റെ തനിയാവർത്തനത്തിനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും പശ്ചിമ ത്രിപുര സീറ്റിൽ വൻ തെരഞ്ഞെടുപ്പ് കൃത്രിമങ്ങളാണ് അരങ്ങേറിയത്. പകുതിയിലധികം ബൂത്തിലും (846) റീ പോളിങ് വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. 168ലധികം ബൂത്തിൽ തെരഞ്ഞെടുപ്പുകമീഷൻ തന്നെ റീപോളിങ് ഉത്തരവാകുകയുംചെയ്തു. വൻതോതിലുള്ള അട്ടിമറിയാണ് ബിജെപിയുടെ നേതൃത്വത്തിൽ നടന്നതെന്നതിനുള്ള സാക്ഷ്യപത്രമാണ് ഇത്രയും പോളിങ് ബൂത്തുകളിൽ റീപോളിങ് നടത്താനുള്ള തീരുമാനം. സമാനമായ സ്ഥിതിവിശേഷമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ കശാപ്പുചെയ്യലാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top