08 May Wednesday

മഴവില്ലഴകുമായി റഷ്യയും ലോകവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

വംശീയവൈവിധ്യത്തിന്റെ ഉദാത്ത പ്രതീകമായ ഫ്രഞ്ച് ടീമിന്റെ കിരീടധാരണത്തോടെ ഫുട്ബോൾ ലോകകപ്പിന‌് വിരാമം. ഇനി നാലുവർഷം അത്ലാന്റിക് തീരത്തെ നാടിന‌് തിലകക്കുറിയായി ഫിഫ സ്വർണക്കപ്പ് നിലകൊള്ളും. അർഹിക്കുന്ന കരങ്ങളിലാണ് കാൽപ്പന്ത് ലോകത്തെ സ്വപ്നകിരീടമെന്നത് കളിക്കളത്തിലൊഴുകിയ വിയർപ്പിനോടും കണ്ണീരിനോടുമുള്ള നീതിയായി. വമ്പന്മാർ ഒന്നൊന്നായി അടിതെറ്റി വീണപ്പോൾ, ആധുനിക ഫുട്ബോളിന്റെ ക്രിയാത്മകതയിലും സംഘബലത്തിലും വിശ്വാസമർപ്പിച്ച ഫ്രാൻസ് അതിജീവനത്തിന്റെ വീരഗാഥ തീർത്തു.

കൃത്യമായ ആസൂത്രണവും അച്ചടക്കവുമായിരുന്നു ഫ്രാൻസിന്റെ അനായാസ പ്രയാണത്തിനുപിന്നിൽ.ജസ്റ്റ് ഫോണ്ടേനിന്റേയും ഡി സ്റ്റെഫാനോയുടെയും മിഷേൽ പ്ലാറ്റിനിയുടെയും നാട്ടുകാർ ലോക ഫുട്ബോളിന് വരും നാളുകളിലും നിറമുള്ള കാഴ്ചകൾ സമ്മാനിക്കുമെന്ന് ഉറപ്പ്. മർമം അറിഞ്ഞു കളിക്കാൻ പാകതയുള്ള ഒരുകൂട്ടം യുവതാരങ്ങളാണ് ഫ്രാൻസിന്റെ കരുത്ത്. അവർക്ക് കളത്തിൽ ഇനിയും ഏറെ കാലം ബാക്കിയുണ്ട്. ഫുട്ബോളിൽ യൂറോപ്പിന്റെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുന്ന വിജയമായിരുന്നു ഫ്രഞ്ചുകാരുടേത്. ആദ്യം സ്പെയ്നും പിന്നീട് ജർമനിയും കളത്തിൽ പതിറ്റാണ്ടോളം പുലർത്തിയ ആധിപത്യത്തിന്റെ പിന്തുടർച്ച ഏറ്റെടുക്കാൻപോന്നവർതന്നെ പുതിയ കിരീടാവകാശികൾ.

ഇത്ര വൈവിധ്യമുള്ള ലോകകപ്പ് മുമ്പ് നടന്നിട്ടുണ്ടോ എന്നു സംശയം. കളിക്കളത്തിലും പുറത്തും വൈവിധ്യങ്ങളുടെ നീണ്ട കാഴ്ചയായിരുന്നു. പുത്തൻ സങ്കേതങ്ങളും തികവാർന്ന തന്ത്രങ്ങളും ഫുട്ബോളിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ റഷ്യയിലെ പുൽമൈതാനങ്ങളിൽ തെളിഞ്ഞുനിന്നു. പാരമ്പര്യത്തിന്റെ പെരുമയും വ്യക്തിപ്രഭാവവും വഴിതെറ്റി നടന്നത് ദയനീയമായി. ഫുട്ബോളിലെ വൻശക്തികൾക്ക് ഇത്രയേറെ തിരിച്ചടി കിട്ടിയ കാലം വേറെയില്ല. ജർമനി, സ്പെയ്ൻ, ബ്രസീൽ, അർജന്റീന തുടങ്ങിയ പരമ്പരാഗത ശക്തികൾ റഷ്യയിൽ ആഞ്ഞുവീശിയ മാറ്റത്തിന്റെ കാറ്റിൽ നിലംപതിച്ചു. നമ്മുടെ നാട്ടിൽ ഏറെ ആരാധകരുള്ള ടീമുകളുടെ വീഴ്ച ഇവിടെയും വലിയ നിരാശയുണ്ടാക്കി.ഫുട്ബോളിലെ സമവാക്യങ്ങൾ മാറുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതുശക്തികൾ കടന്നുവന്നു. ഫൈനലിൽ ഫ്രാൻസിനോട് പിടിച്ചുനിൽക്കാനായില്ലെങ്കിലും ക്രൊയേഷ്യതന്നെയായിരുന്നു കുഞ്ഞന്മാരുടെ കുതിപ്പിന്റെ അമരത്ത്. ഐസ്ലൻഡ്, റഷ്യ, സ്വീഡൻ, ഉറുഗ്വേ, ഡെന്മാർക്ക്, മെക്സിക്കോ, ജപ്പാൻ തുടങ്ങിയ ടീമുകളും കരുത്തു കാട്ടി. വലിയ ടീമുകളെ കൂസാതെ കളിച്ച ഇവർ ഫുട്ബോളിന്റെ വികാസത്തെ സൂചിപ്പിക്കുന്നു. കളി നിലവാരത്തിൽ ടീമുകൾ തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. പുതിയ മിടുക്കന്മാർ കടന്നുവരുന്നതും കൂടുതൽപേർ ഒരുപോലെ മികവുപുലർത്തുന്നതും ഫുട്ബോളിനെ കൂടുതൽ ആകർഷകമാക്കാനും പ്രചാരം വർധിക്കാനും സഹായിക്കും. ഫുട്ബോളിന്റെ പ്രചാരവും ജനപ്രീതിയും വർധിക്കുകയാണെങ്കിൽ അത് ലോകത്തിന്റെ നന്മയിൽ നിർണായക പങ്കുവഹിക്കും. കാരണം ഫുട്ബോളിന് അത്രത്തോളം ജനങ്ങളെ സ്വാധീനിക്കാനും സൗഹൃദം വളർത്താനും ശക്തിയുണ്ട്. ആ അർഥത്തിൽ റഷ്യൻ ലോകകപ്പ് അതിന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചു.

റഷ്യയിൽ തിളങ്ങിയ രാജ്യങ്ങൾക്ക് പൊതുവായ ഒരു പ്രത്യേകതയുണ്ട്. ക്രൊയേഷ്യ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ വലിപ്പത്തിൽ ചെറുതാണ്. ജനസംഖ്യയും വളരെ കുറവ‌്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണിത്. ചുളുവിന് ജയിച്ചുകയറുകയായിരുന്നില്ല, പകരം കൂട്ടായ്മയുടെയും കിടയറ്റ തന്ത്രങ്ങളുടെയും പിൻബലത്തിലായിരുന്നു കുഞ്ഞന്മാരുടെ കുതിപ്പ്. ജർമനിയും സ്പെയ്നും അടക്കമുള്ളവർ പാതിയിൽ മടങ്ങിയപ്പോഴും യൂറോപ്യൻ ആധിപത്യത്തിന‌് പതാകയേന്തി മുന്നിൽ നടന്നത് പുതുശക്തികളാണ്. വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് ഈ രാജ്യങ്ങൾ മികവിലേക്കുയർന്നത്. ഫുട്ബോളിനെ ഗൗരവത്തോടെ സമീപിക്കുന്നതിന്റെ ഫലം അവർ കൊയ്യുന്നു. ഈ രംഗത്തെ അവരുടെ ശാസ്ത്രീയസമീപനം കണ്ടുപഠിക്കണം.

ഫുട്ബോൾ വ്യക്തിഗതമികവിന്റെ കളിയല്ല എന്ന് ഈ ലോകകപ്പ് കൂടുതൽ വ്യക്തമാക്കി. മെസി, നെയ്മർ, റൊണാൾഡോ എന്നീ സൂപ്പർതാരങ്ങളുടെ മികവിൽ അവരുടെ രാജ്യങ്ങൾ കിരീടം നേടുമെന്ന അമിത പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, ഈ താരങ്ങൾക്ക് തങ്ങളുടെ ടീമുകളെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. നല്ല ഒത്തിണക്കം കാണിച്ചവരും ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി നിന്നവരുമാണ് മുന്നോട്ടുപോയത്. സംഘശക്തിയാണ് കളിക്കളത്തിൽ പ്രധാനം. ഏതുഘട്ടത്തിലും ഒന്നിച്ചുനിൽക്കാനും ഒറ്റക്കെട്ടായി പൊരുതാനും സാധിക്കുന്നവർക്ക് മാത്രമേ അവിടെ വിജയിക്കാൻ സാധിക്കൂ. റഷ്യയുടെയും ക്രൊയേഷ്യയുടെയും പ്രകടനം അതിനു തെളിവാണ്.

ഉറുഗ്വേയുടെ പ്രകടനം ഒഴിച്ചുനിർത്തിയാൽ ലാറ്റിനമേരിക്ക തീർത്തും നിരാശപ്പെടുത്തി. ഫുട്ബോളിലെ മഹത്തായ പാരമ്പര്യം പരിരക്ഷിക്കാൻ ബ്രസീലും അർജന്റീനയും അതീവഗൗരവമായ ഇടപെടൽ നടത്തേണ്ട സമയം അതിക്രമിച്ചെന്ന് ആ ടീമുകളുടെ പതനം വിളിച്ചുപറയുന്നു. ഫുട്ബോൾ താരങ്ങളുടെ അക്ഷയഖനിയായ, ഈ കളിയുടെ തനതുസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മേഖലയുടെ ക്ഷീണം ലോക ഫുട്ബോളിന‌് വലിയ തിരിച്ചടിയാണ്.ആഫ്രിക്കയും ഏഷ്യയും മങ്ങിയത് നിരാശയായി. എങ്കിലും ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, മൊറോക്കോ, സെനഗൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. എങ്കിലും ലോകത്തെ മുൻനിരക്കാരോട് പിടിച്ചുനിൽക്കാൻ ഈ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ടീമുകൾ കളിയോടുള്ള സമീപനത്തിൽ വലിയ മാറ്റം വരുത്തണം.

ഫുട്ബോളിൽ സാങ്കേതികവിദ്യയും മറ്റും കൂടുതലായി കടന്നുവരികയാണ്. വീഡിയോ സഹായത്തോടെ കളി നിയന്ത്രിക്കപ്പെട്ട ആദ്യ ലോക കപ്പാണിത്. ഇത് കളി കൂടുതൽ നീതിപൂർവകമാക്കി. സാങ്കേതികവിദ്യയുടെ പ്രയോഗം കളിയുടെ ഒഴുക്ക് നഷ്ടമാക്കുമെന്ന പരാതി ഇപ്പോഴും ശക്തമാണ്.ഈ ലോകകപ്പിൽ ഒരു ജേതാവ് കൂടിയുണ്ട്. പരാതിയുടെ തരിമ്പുമില്ലാതെ ടൂർണമെന്റ് സംഘടിപ്പിച്ച് ലോകത്തിനുമുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന റഷ്യ. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പല തരക്കാർ കഴിഞ്ഞ ഒരുമാസം റഷ്യയിൽ വന്ന് ലോകകപ്പിന്റെ ആവേശം നേരിട്ട് അനുഭവിച്ചു. അവരെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുടക്കീഴിൽ ഭദ്രമായി നിർത്താൻ റഷ്യയ്ക്ക് സാധിച്ചു. ലോകകപ്പിനുമുമ്പ് റഷ്യയ‌്ക്കെതിരെ പ്രചാരണങ്ങൾ അഴിച്ചുവിട്ട അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിക്ക് കനത്ത പ്രഹരമാണിത്. റഷ്യയുടെ ചെറിയ വീഴ്ചപോലും അവർ ആഘോഷമാക്കുമായിരുന്നു. അതുണ്ടായില്ല. ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ കഴിഞ്ഞദിവസം ആതിഥേയരാജ്യത്തെ ആവോളം പ്രകീർത്തിച്ചു. ലോകത്തെ നിർണായകസ്വാധീനമുള്ള രാജ്യമെന്ന നിലയിലേക്കുള്ള റഷ്യയുടെ വളർച്ചയിൽ ഈ ഗംഭീരസംഘാടനം വലിയ പങ്കുവഹിക്കും. റഷ്യയുമായി സൗഹൃദത്തിന് കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരും. നിക്ഷേപകരും വിനോദസഞ്ചാരികളും വൻതോതിൽ ആകർഷിക്കപ്പെടും.നമ്മുടെ നാട് എന്നാണ് ലോക കപ്പിന് വേദിയാകുകയെന്ന് പലരും ചോദിക്കുന്നു. നമ്മുടെ ഫുട്ബോൾ വളർച്ചയിൽ അത്ഭുതങ്ങൾ സംഭവിച്ചാൽമാത്രമേ അത് സാധ്യമാകൂ. ഫുട്ബോളിന് വളക്കൂറുള്ള മണ്ണാണ് കേരളം. ഫുട്ബോൾ വളർച്ചയിൽ കേരളത്തിന് കാര്യമായ പങ്കുവഹിക്കാനാകും. അതു തിരിച്ചറിഞ്ഞുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് പ്രതീക്ഷാജനകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top