26 April Friday

ദോക്ക്‌ലം: സംഭാഷണത്തിലൂടെ പരിഹാരംവേണം

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ യോജിക്കുന്ന ദോക്ക്ലം മേഖല സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് ഒരുമാസമായി.  ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നേരത്തെയും ഉയര്‍ന്നുവന്നിട്ടുണ്ട്.  എന്നാല്‍, ഇക്കുറി ദോക്ക്ലം സംബന്ധിച്ചുള്ള തര്‍ക്കം കൂടുതല്‍ ഗൌരവസ്വഭാവത്തിലേക്കുയര്‍ന്നിരിക്കുകയാണ്.  ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് ഇതിന് പ്രധാന കാരണം. 

നേരത്തെ ഇരുരാജ്യങ്ങളും അവരുടെ അതിര്‍ത്തി-നിയന്ത്രണരേഖ പരസ്പരം കടന്നതായി ആരോപിച്ചിരുന്നു.  എന്നാലിപ്പോള്‍ അതിലൊരു വ്യത്യാസമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിമേഖല സംബന്ധിച്ചല്ല, മറിച്ച്  ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്കമാണ് ഉയര്‍ന്നിട്ടുള്ളത്.  269 ചതുരശ്ര കിലോമീറ്ററുള്ള ദോക്ക്ലം മേഖല സംബന്ധിച്ചാണ്  അഭിപ്രായവ്യത്യാസം. 1890 ലെ ആഗ്ളോ-ചൈനീസ് കരാറനുസരിച്ച് ദോക്ക്ലം ടിബറ്റന്‍ ഭാഗത്താണ്. എന്നാല്‍, ഈ കരാറില്‍ ഭാഗഭാക്കല്ലാത്ത ഭൂട്ടാന്‍ പറയുന്നത് അവരുടെ ഭൂപ്രദേശമാണ് ദോക്ക്ലം എന്നാണ്.  ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി സംയോജിക്കുന്ന ചുംബി താഴ്വരയുടെ അറ്റത്ത് കിടക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് ഇത് തന്ത്രപ്രധാന മേഖലയാണ്.  ദോക്ക്ലം മേഖലയില്‍ റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ചൈനക്കാരോട് അത് നിര്‍ത്തിവയ്ക്കാന്‍ നേരിട്ട് പോയി ഇന്ത്യന്‍ സൈനികര്‍ ആവശ്യപ്പെടുകയുണ്ടായി.  തങ്ങളുടെ അതിര്‍ത്തിയിലേക്കുള്ള ഇന്ത്യന്‍ സേനയുടെ നുഴഞ്ഞുകയറ്റമാണിതെന്ന് ചൈന  ആരോപിച്ചു.  എന്നാല്‍, റോയല്‍ ഭൂട്ടാന്‍  സേനയുടെ പരാതിയെ തുടര്‍ന്നുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും ഈ വിഷയത്തില്‍ ഭൂട്ടാന്‍ ഗവണ്‍മെന്റിനൊപ്പം നിലയുറപ്പിക്കുമെന്നും  ഇന്ത്യയും പ്രതികരിച്ചു.

 അതിര്‍ത്തിയില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അത് പരിഹരിക്കാനുള്ള ഒരു സംവിധാനത്തിന് ഇന്ത്യയും ചൈനയും നേരത്തേ രൂപംനല്‍കിയിട്ടുണ്ട്.  1993 ലാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്ന കരാറില്‍ ഒപ്പുവച്ചത്.  ഇതനുസരിച്ച് നിലവിലുള്ള സ്ഥിതി പരസ്പരം അംഗീകരിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ധാരണയായി. തുടര്‍ന്ന് ഇരുരാജ്യങ്ങളും പ്രത്യേക പ്രതിനിധികളെ നിശ്ചയിച്ച് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയൊരു വേദിക്ക് രൂപംനല്‍കി.  

മറ്റ് മേഖലകളിലെ ബന്ധവും സഹകരണവും ശക്തമാക്കുന്നതിന് അതിര്‍ത്തിപ്രശ്നം ഒരിക്കലും തടസ്സമാകരുതെന്നും ഇരുരാജ്യങ്ങളും തീരുമാനിച്ചു.  അതിര്‍ത്തിപ്രശ്നപരിഹാരത്തിനും ചര്‍ച്ചയ്ക്കും സമയമെടുക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. പ്രായോഗികമായ ഈ സമീപനം ഫലംകണ്ടു. ഉഭയകക്ഷിവ്യാപാരം 7000 കോടി ഡോളറായി ഉയര്‍ന്നു.

എന്നാല്‍, നിലവിലുള്ള തര്‍ക്കം ഈ നീക്കത്തിന് വിലങ്ങുതടിയായി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചത്.  അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തമാണ് ഇതിന് പ്രധാന കാരണം.  ചൈനയെ തളയ്ക്കുക ലക്ഷ്യമാക്കിയുള്ള അമേരിക്കയുടെ പദ്ധതികളില്‍ ഇന്ത്യയും ചേര്‍ന്നു.  ദക്ഷിണചൈനാ കടല്‍വിഷയത്തില്‍ ഇന്ത്യ പരസ്യമായിത്തന്നെ അമേരിക്കന്‍പക്ഷത്ത് നിലയുറപ്പിച്ചു.  ചൈനയുടെ ഒരു മേഖല ഒരു പാത പദ്ധതിയെയും ഇന്ത്യ എതിര്‍ത്തു. 

ആഭ്യന്തരമായി, ദലൈലാമയുടെയും ടിബറ്റന്‍ പ്രവിശ്യസര്‍ക്കാരിന്റെയും പ്രതിച്ഛായ ഉയര്‍ത്തുന്ന സമീപനങ്ങളും ഉണ്ടായി.  ഒരു കേന്ദ്രമന്ത്രിയോടൊപ്പം ദലൈലാമ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതും ലഡാക്കിലെ പ്രവിശ്യസര്‍ക്കാര്‍ ആസ്ഥാനത്ത് ടിബറ്റന്‍ പതാക ഉയര്‍ത്തപ്പെട്ടതും ചൈനയെ ചൊടിപ്പിച്ചു. എന്‍എസ്ജി പ്രവേശനത്തിനും മസൂദ് അസറിനെ യുഎന്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും തടസ്സം നില്‍ക്കുന്നത് ചൈനയാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തു.  പരസ്പരവിശ്വാസത്തിലുണ്ടായ ഈ ഇടിവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം ചര്‍ച്ചയിലുടെമാത്രമേ പരിഹരിക്കാന്‍ കഴിയൂ. കാലം അതിജീവിച്ച ഒരു ചട്ടക്കൂട് ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ നിലവിലുണ്ട്. ഇപ്പോഴത്തെ തര്‍ക്കത്തിലെ പ്രധാന കണ്ണി ഭൂട്ടാന്‍ ആണെന്ന വസ്തുതയും മനസ്സിലാക്കണം.  ഇന്ത്യയുടെ ഒരു 'സംരക്ഷിത പ്രദേശമൊന്നുമല്ല' ഭൂട്ടാന്‍.   1949 ലെ പുതുക്കിയ ഇന്ത്യ-ഭൂട്ടാന്‍ സൌഹൃദകരാര്‍ അനുസരിച്ച് വിദേശനയത്തിന്റെ കാര്യത്തിലും ആയുധങ്ങള്‍ വാങ്ങുന്നതിനും ഇന്ത്യയുടെ ഉപദേശം തേടണമെന്നില്ല. നിലവിലുള്ള കരാര്‍ പറയുന്നത് ദേശീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ഭൂട്ടാനും പരസ്്പരം സഹകരിക്കുമെന്ന് മാത്രമാണ്.

1984 ന് ശേഷം ഭൂട്ടാന്‍ ചൈനയുമായുള്ള അതിര്‍ത്തിവിഷയങ്ങള്‍ നേരിട്ടാണ് ചര്‍ച്ചചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ദോക്ക്ലം വിഷയത്തിലും ഭൂട്ടാന്‍ നേരിട്ട് ചൈനയുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. ഭൂട്ടാന്റെ നിലപാടിന് ഇന്ത്യക്ക് പിന്തുണ നല്‍കുകയുമാകാം.  ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വലിയ തര്‍ക്കമായി വളരാന്‍ അനുവദിക്കില്ലെന്ന വിദേശ സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.  ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തവട്ടം സംഭാഷണങ്ങള്‍ ഉടന്‍ നടക്കണം. ഏഷ്യയിലെ ഏറ്റവും വലിയ അയല്‍വാസികള്‍തമ്മിലുള്ള ബന്ധത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അനുവദിക്കരുത് *
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top