19 March Tuesday

ലുലയെ വിട്ടയക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ബ്രസീലിലെ ഇടതുപക്ഷ ശബ്ദമായ വർക്കേ‌ഴ്‌സ് പാർടിയുടെ നേതാവും മുൻ പ്രസിഡന്റുമായ ലുല ഡി സിൽവ രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയാണെന്ന് തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന‌് ലുലയെ മാറ്റിനിർത്തുന്നതിനുവേണ്ടിയായിരുന്നു അദ്ദേഹത്തിനെതിരെ ലാവ ജതോ എന്ന കാർവാഷ് അഴിമതിക്കേസ് കെട്ടിച്ചമച്ചതും 25 വർഷത്തെ ജയിൽവാസത്തിന് ശിക്ഷിക്കപ്പെട്ടതും എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ‘ദ ഇന്റർസെപ്റ്റ‌്’ എന്ന വെബ് ന്യൂസ‌്‌പോർട്ടലാണ് ഇതു സംബന്ധിച്ച സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 

അഴിമതിക്കേസിൽ ലുലയെ ശിക്ഷിച്ച ജഡ്ജി സെർജിയോ മോരോയും പ്രധാന പ്രോസിക്യൂട്ടറും തമ്മിലുള്ള നിരന്തര ബന്ധത്തിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത, നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്ന ജഡ്ജിയായിരുന്നു സെർജിയോ മോരോ എന്നാണ് ബ്രസീലിയൻ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. ബ്രസീലിലെ വലതുപക്ഷവും ലുലയ‌്ക്കെതിരെ നടന്ന അന്വേഷണത്തെയും കോടതി നടപടികളെയും വാനോളം പുകഴ്ത്തുകയുണ്ടായി. എന്നാൽ, തീവ്രവലതുപക്ഷക്കാരനായ ജെയിർ ബൊൾസനാരോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടൻതന്നെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ നീതിമന്ത്രാലയത്തിന്റെ ചുമതലക്കാരനായി ലുലയെ ശിക്ഷിച്ച ജഡ്ജി സെർജിയോ മോരോ മാറി. താൻ എന്നും ലുല വിരുദ്ധനാണെന്ന് ഉദ്ഘോഷിച്ച മോരോ ‘ലുല ജയിലിൽ കിടന്ന് ചീഞ്ഞ് അഴുകട്ടെയെന്നും' അഭിപ്രായപ്പെടുകയുണ്ടായി. ലുലയെ ശിക്ഷിക്കാൻ പ്രോസിക്യൂഷനുമായി രഹസ്യമായി സഹകരിച്ചെന്ന വിവരങ്ങളും അത് തെളിയിക്കുന്ന രേഖകളുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രോസിക്യൂട്ടർ ഡെൽറ്റാൻ ഡല്ലാഗനോലുമായി സെർജിയോ മോരോ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും ലുലയ‌്ക്കെതിരായ അന്വേഷണത്തെപ്പോലും സെർജിയോ മോരോ സ്വാധീനിച്ചിരുന്നെന്നും തെളിയിക്കുന്ന രേഖകളാണിവ. ലുലയെ ശിക്ഷിക്കാനാവശ്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് ഒരുവേള ചീഫ് പ്രോസിക്യൂട്ടർ ജഡ്ജിക്കയച്ച സന്ദേശവും വെബ്പോർട്ടൽ പുറത്തുവിട്ടു. അതായത്, വേണ്ടത്ര തെളിവൊന്നുമില്ലാതെയാണ് ലുല ജയിലിലടയ‌്ക്കപ്പെട്ടത്.

തെളിവൊന്നുമില്ലാതെയാണ് ലുലയെ ശിക്ഷിക്കുന്നതെന്ന് വർക്കേഴ്സ് പാർടിയും ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും തുടക്കംമുതൽ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള സ്ഥാനാർഥിയും ലുലതന്നെയായിരുന്നു. തൊട്ടടുത്ത സ്ഥാനാർഥിയേക്കാൾ ഇരട്ടിയിലധികം പിന്തുണയാണ് അഭിപ്രായവോട്ടെടുപ്പുകളിൽ ലുലയ‌്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലുലയെ മത്സരത്തിൽനിന്ന‌് അകറ്റിനിർത്തേണ്ടത് വലതുപക്ഷത്തിന്റെ ആവശ്യമായിരുന്നു. അവർ പ്രതിനിധാനംചെയ്യുന്ന ആശയങ്ങൾക്ക് തീർത്തും കടകവിരുദ്ധമായ രാഷ്ട്രീയമായിരുന്നു ലുലയുടേത്. വർക്കേഴ്സ് പാർടി സർക്കാരിന്റെ കീഴിലാണ് ബ്രസീലിൽ ദാരിദ്ര്യം പകുതികണ്ട് കുറഞ്ഞത്. പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകവഴി സാമ്പത്തികമായി പിന്നണിയിൽ കിടക്കുന്ന 70 ശതമാനം കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കോളേജ് വിദ്യാഭ്യാസം ലഭിച്ചതും ലുലയുടെയും പിൻഗാമി ദിൽമ റൂസേഫിന്റെയും ഭരണകാലത്തായിരുന്നു.  പട്ടിണിപ്പാവങ്ങളുടെ രാഷ്ട്രീയം ഉയർത്തുന്ന ലുല അധികാരത്തിൽ വരുന്നത് തടയേണ്ടത് ബ്രസീലിലെമാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള സാർവദേശീയ വലതുപക്ഷത്തിന്റെ ആവശ്യംകൂടിയായിരുന്നു. അതിനവർ ഉപകരണമാക്കിയത‌് കാർ വാഷ് അഴിമതിയായിരുന്നു. ചില കമ്പനികൾക്ക് കരാർ നൽകിയതിനു പകരമായി ഒരു ഫ്ലാറ്റ് ലുലയും കുടുംബവും സ്വന്തമാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് തെളിയിക്കാനാവശ്യമായ ഒന്നും ഹാജരാക്കാൻ അതുന്നയിക്കുന്നവർക്ക് കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് പ്രോസിക്യൂഷനും ജഡ്ജിയും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ പ്രസക്തി. രഹസ്യമായ ആ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇപ്പോൾ പുറത്തായിട്ടുള്ളത്.

ലുലയെ അനധികൃതമായാണ് തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന‌് മാറ്റിനിർത്തിയത് എന്ന് വ്യക്തമായിരിക്കുകയാണ്. അതിനാൽ, ലുലയെ ഉടൻ മോചിപ്പിക്കാൻ നടപടികളുണ്ടാകണം. ലുലയെ മത്സരിക്കാൻ അനുവദിക്കാതെ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായ ജെയിർ ബൊൾസനാരോക്ക് അധികാരത്തിൽ തുടരാൻ ധാർമികമായി ഒരധികാരവുമില്ല.

അനധികൃതമായി, രാഷ്ട്രീയ ഗൂഢാലോചനയിലൂടെ അധികാരത്തിലെത്തിയിരിക്കുന്ന ബൊൾസനാരോ സർക്കാരിനെതിരെ ജനകീയരോഷം ഇരമ്പുകയാണിപ്പോൾ. വിദ്യാഭ്യാസത്തിന് 30 ശതമാനം ബജറ്റ് വെട്ടിക്കുറച്ച നടപടിക്കെതിരെ വൻ ജനകീയ മുന്നേറ്റമാണ് ബ്രസീലിലെങ്ങും നടക്കുന്നത്. മെയ് ഒന്ന്, 15, 30 ദിവസങ്ങളിലായി നടന്ന ബഹുജനറാലികളിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. പെൻഷൻ പരിഷ‌്കരണത്തിനെതിരെ ജൂൺ 14ന് നടന്ന പൊതുപണിമുടക്കിൽ ബ്രസീൽ നിശ്ചലമാകുകയും ചെയ്തു.  ജെയിർ ബൊൾസനാരോക്ക് ഭരണം സുഗമമാകില്ലെന്ന സൂചനകളാണ് ബ്രസീലിൽനിന്ന‌് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top