24 April Wednesday

ഗുല്‍ബര്‍ഗിലെ വിധി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2016


ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 11പേര്‍ക്ക് ജീവപര്യന്തവും 12പേര്‍ക്ക് ഏഴുവര്‍ഷം തടവും ഒരാള്‍ക്ക് 10വര്‍ഷം തടവും ശിക്ഷ വിധിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി. ജൂണ്‍ രണ്ടിനാണ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 11പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയ കോടതി മറ്റ് 13പേര്‍ക്കെതിരെ നിസ്സാരകുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയത്. ആസൂത്രിത ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദത്തെ വേണ്ടത്ര തെളിവില്ലെന്നുപറഞ്ഞ് ജഡ്ജി പി ബി ദേശായി തള്ളിയിരുന്നു. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കോടതി വിധി വരുന്നത്. ഗുല്‍ബര്‍ഗില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നീതിക്കുവേണ്ടി നടത്തിയ നിരന്തരപോരാട്ടത്തിന്റെ ഫലമാണ് ഈ വിധിപ്രഖ്യാപനം. 

ജൂണ്‍ ആറിന് ശിക്ഷ വിധിക്കുമെന്നാണ് കോടതി ആദ്യം അറിയിച്ചതെങ്കിലും രണ്ടുതവണ മാറ്റിവച്ചു. ഏറെ സമയമെടുത്ത് നടത്തിയ ശിക്ഷാവിധിയാകട്ടെ, നിരാശ പകരുന്നതും. 2002 ഫെബ്രുവരി 27നാണ് ഗോധ്ര സംഭവം നടന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ ഭാഷയില്‍ ഈ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് തൊട്ടടുത്ത ദിവസം ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്. നാനൂറോളംപേര്‍ ചേര്‍ന്നാണ് സൊസൈറ്റി ആക്രമിക്കുകയും തീയിടുകയും ചെയ്തത്. 69 പേര്‍ കൊല്ലപ്പെട്ടു. എഹ്സാന്‍ ജാഫ്രിയെ വീട്ടില്‍നിന്ന് ഇറക്കി വെട്ടുകയും പിന്നീട് എണ്ണയൊഴിച്ച് തീയിട്ട് കൊല്ലുകയുമായിരുന്നു. ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയില്‍, 97 മുസ്ളിങ്ങള്‍ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടത് ഗുല്‍ബര്‍ഗിലായിരുന്നു.

നരോദപാട്യ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് അഭിപ്രായപ്പെട്ട കോടതി മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കൊട്നാനിയെയും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍,  നരോദപാട്യക്ക് രണ്ട് കിലോമീറ്റര്‍മാത്രം അകലെയുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയ്ക്കുപിന്നില്‍ ഗുഢാലോചനയൊന്നുമില്ലെന്നാണ് പ്രത്യേക കോടതി കണ്ടെത്തിയത്. കൂട്ടക്കൊല നടത്തിയ സംഘത്തിന് നേതൃത്വംനല്‍കിയതായി രൂപമോഡി ഉള്‍പ്പെടെയുള്ള അന്തേവാസികളുടെ സാക്ഷിമൊഴികള്‍ഉണ്ടായിട്ടും, ബിജെപി കൌണ്‍സിലര്‍ ബിപിന്‍ പട്ടേലിനെയും മേഘാനിനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എര്‍ഡയെയും കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. അക്രമികള്‍ വീടുവളഞ്ഞപ്പോള്‍ എഹ്സാന്‍ ജാഫ്രി മുഖ്യമന്ത്രിയായിരുന്ന മോഡിയെയും പൊലീസ് മേധാവി പി കെ പാണ്ഡെയെയും ഉള്‍പ്പെടെ ടെലിഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊലീസ് കമീഷണറുടെ ഓഫീസ് ഒന്നരകിലോമീറ്റര്‍ അകലെയായിട്ടുപോലും ആക്രമികളില്‍നിന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ അന്തേവാസികളെ രക്ഷിക്കാന്‍ ആരുമെത്തിയില്ല. അന്നത്തെ ആരോഗ്യമന്ത്രി അശോക്ഭട്ടും നരേന്ദ്ര മോഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് തന്‍മയ് മേത്തയും സംഭവം നടക്കുമ്പോള്‍ മേഘാനിനഗറില്‍ ഉണ്ടായിരുന്നു. ഉന്നതതലങ്ങളിലെ ഗുഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്ന സംഭവങ്ങളാണിതെല്ലാം.

മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം വാചികമായി ഗൂഢാലോചനയെക്കുറിച്ച് പറയുമ്പോഴും അതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് വ്യക്തം. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്് ഉള്‍പ്പെടെ ഈ ആരോപണം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്. സംഭവസമയത്ത് പൊലീസ് ഓഫീസര്‍മാര്‍ കൈമാറിയ മൊബൈല്‍–വയര്‍ലസ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യംപോലും പ്രത്യേക അന്വേഷകസംഘം ചെവിക്കൊണ്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. അതുകൊണ്ടുതന്നെയാണ് നീതി ലഭിച്ചിട്ടില്ലെന്ന ആക്ഷേപം സാകിയ ജാഫ്രിയും ടീസ്റ്റയും ഉയര്‍ത്തുന്നത്. 69 പേരെ കൊന്നത് വെറും 11പേര്‍ ചേര്‍ന്നായിരുന്നോ എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.

ഏഴുവര്‍ഷം നീണ്ട വിചാരണവേളയില്‍ നരേന്ദ്ര മോഡി ഉള്‍പ്പെടെ 388 പേരെ ചോദ്യംചെയ്തിരുന്നു. അവസാനം 67 പ്രതികളെ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരില്‍ 36പേരെ പ്രത്യേക കോടതി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 11പേര്‍ക്ക് മാത്രമാണ് ജീവപര്യന്തം തടവ് നല്‍കിയത്.  ഇരകളെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഈ വിധിന്യായം മേല്‍ക്കോടതികളില്‍ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പ്. അനീതി എവിടെ അരങ്ങേറിയാലും അത് എല്ലായിടത്തും നീതിക്കുനേരെ ഉയരുന്ന ഭീഷണിയായിരിക്കുമെന്ന മാര്‍ടിന്‍ ലൂഥര്‍ കിങ്ങിന്റെ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാകുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top