21 September Thursday

പൊന്‍തൂവല്‍ തന്നെ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2016


പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട് അമ്പതാം ദിവസമാണ് കുറ്റവാളി പിടിയിലായി എന്ന വാര്‍ത്ത വരുന്നത്. പൈശാചികമായ കൊലപാതകം നടത്തിയത് അസം സ്വദേശിയായ നിര്‍മാണത്തൊഴിലാളിയാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ പിടിയിലാകേണ്ടിയിരുന്ന പ്രതി 50 ദിവസം നിയമത്തില്‍നിന്ന് രക്ഷപ്പെട്ട് വിഹരിച്ചത് അസാധാരണ അനുഭവമാണ്. തെളിവുകള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെടുകയും മൃതദേഹംപോലും കത്തിച്ചുകളയുകയും പ്രാഥമികമായി ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുകയുമായിരുന്നു തുടക്കത്തില്‍ പൊലീസ്. ദരിദ്ര ദളിത് കുടുംബാംഗമായ ജിഷയുടെ ദാരുണ കൊലപാതകം ഗൌരവമായി അന്വേഷിക്കണമെന്നോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നോ തുടക്കത്തില്‍ പൊലീസിന് തോന്നിയില്ല. ജിഷയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടവും കുറ്റകൃത്യം നടന്ന വീട്ടില്‍നിന്നുള്ള തെളിവുശേഖരണവും ഫലപ്രദമായി നടന്നില്ല. കുറ്റവാളിയിലേക്ക് നയിക്കാവുന്ന അനേകം തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത അടച്ചുകളഞ്ഞു. അന്നത്തെ പ്രതിപക്ഷവും മാധ്യമങ്ങളും പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് വിഷയം ജനശ്രദ്ധയില്‍വന്നത്.

പട്ടാപ്പകല്‍ വീട്ടിനകത്ത് യുവതി കൊല്ലപ്പെടുന്ന അവസ്ഥ യുഡിഎഫ് സര്‍ക്കാരിന്റെ ക്രമസമാധാനപാലനത്തിലെ അക്ഷന്തവ്യമായ വീഴ്ചയാണ് തുറന്നുകാണിച്ചത്. കേസ് തന്ത്രപൂര്‍വം ഒതുക്കിത്തീര്‍ക്കാനുള്ള പൊലീസിന്റെയും ഭരണനേതൃത്വത്തിന്റെയും ശ്രമങ്ങള്‍ അപഹാസ്യമായിരുന്നു. ഏപ്രില്‍ 28ന് ജിഷ കൊല്ലപ്പെട്ടശേഷം പ്രതികളെ പിടിച്ചുവെന്നും പിടിക്കാന്‍ പോകുന്നുവെന്നും കണ്ടെത്തിയെന്നും മാത്രമല്ല, ജിഷയുടെ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയുംപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു. പ്രതികളെന്ന നാട്യത്തില്‍ മുഖംമറച്ച പൊലീസുകാരെ മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച പരിഹാസ്യ നാടകവും അരങ്ങേറി. തെളിവെടുപ്പിന്റെ പേരില്‍ ആ പ്രദേശത്തെ മുഴുവന്‍ ആളുകളെയും വിളിച്ചുവരുത്തി സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തുവെന്നും പ്രതിയെ കണ്ണൂരില്‍ പിടികൂടിയെന്നും മറ്റും അനേകം കഥകളാണ് പ്രചരിപ്പിച്ചത്. യുഡിഎഫ് ഭരണം ഒഴിയുമ്പോള്‍ കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല എന്ന യാഥാര്‍ഥ്യമാണ് ശേഷിച്ചത്.

ജിഷയ്ക്ക് നീതി കിട്ടണം എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മുദ്രാവാക്യമായിത്തന്നെ ജനങ്ങളുടെ മുന്നില്‍വച്ചു. കേസന്വേഷണം വനിതാ ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചത് ജിഷ വധക്കേസ് അന്വേഷണം ശക്തമാക്കാനും അതിന്റെ ചുമതല സംസ്ഥാന പൊലീസിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയെ ഏല്‍പ്പിക്കാനുമാണ്. തെളിവുകളും സാധ്യതകളും അടഞ്ഞുപോയ കേസ് ശാസ്ത്രീയമായി അന്വേഷിച്ച് യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തിരിക്കുന്നു ഈ സംഘം. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ ഈ നേട്ടം കേരള പൊലീസിന് ഒരു പൊന്‍തൂവലാണ്. ശാസ്ത്രീയമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസന്വേഷണം പൂര്‍ത്തിയാകുന്നത്. കേരള പൊലീസിന്റെ അന്വേഷണമികവ് വിളംബരം ചെയ്യുക മാത്രമല്ല, ദിശാബോധവും ഇച്ഛാശക്തിയുമുള്ള നേതൃത്വമുണ്ടെങ്കില്‍ മാത്രമേ പൊലീസിന് നേര്‍വഴിയില്‍ നീങ്ങാനാകൂ എന്നും തെളിയിക്കപ്പെടുകയാണ് ഇവിടെ.

ജിഷ വധവും കേസന്വേഷണവും അതിന്റെ പരിസമാപ്തിയും സമൂഹത്തിന് ഗൌരവമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ വേണം എന്നതാണ് അതിലൊന്ന്. നമ്മുടെ നാട്ടില്‍ ദരിദ്ര, ദളിത് ജനവിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്നുണ്ട് എന്ന യാഥാര്‍ഥ്യമാണ് മറ്റൊന്ന്. രണ്ടു വിഷയത്തിലും ക്രിയാത്മകമായ നിരവധി പദ്ധതികളും ആശയങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ചിട്ടുണ്ട്. ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഫലമായാണ് ജിഷയുടെ ഘാതകന്‍ പിടിയിലായത്. ആ ഇച്ഛാശക്തിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. പൊലീസിന്റെ മാത്രമല്ല, സര്‍ക്കാരിന്റെയും കീര്‍ത്തിയാണ് ജിഷാകേസ് തെളിയിക്കപ്പെട്ടതിലൂടെ പൊന്‍തൂവല്‍ അണിയുന്നത്. അന്വേഷകസംഘത്തെയും അതിനെ നയിച്ച സര്‍ക്കാരിനെയും ഞങ്ങള്‍ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുംവിധം നിയമനടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാനുള്ള മുന്‍കൈ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top