02 October Monday

കോവിഡ്‌ പരിശോധന വ്യാപകമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Apr 17, 2020


സമ്പൂർണ അടച്ചുപൂട്ടൽ നാലാമത്തെ ആഴ്‌ചയിലേക്ക്‌ കടന്നിട്ടും രാജ്യത്ത്‌ കോവിഡ്‌ വൈറസ്‌ വ്യാപനം നിയന്ത്രണവിധേയമാകാത്തത്‌ ആശങ്ക വർധിപ്പിക്കുന്നു. കൂടുതൽ പുതിയ മേഖലകളിൽ രോഗബാധ കണ്ടെത്തുന്നതായാണ്‌ വാർത്തകൾ. മഹാനഗരങ്ങളായ മുംബൈയിലും ഡൽഹിയിലും രോഗം വർധിക്കുകയാണ്‌. മുംബൈയിൽ പത്തുലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമായ ധാരാവിയിൽ രോഗം പടരുന്നത്‌ ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുന്നു. ലോക്ക്‌ഡൗൺ കൊണ്ടു മാത്രം രോഗവ്യാപനം തടയാനാകില്ലെന്ന ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്‌ ശരിവയ്‌ക്കുന്നതാണ്‌ രോഗബാധിതരുടെ പുതിയ കണക്കുകൾ. രാജ്യത്ത്‌ രോഗം ബാധിച്ചവർ 12500 കവിഞ്ഞു. മരണം 400 പിന്നിട്ടു. ദിവസവും രോഗികളും മരണത്തിന്‌ കീഴടങ്ങുന്നവരും വർധിക്കുകയാണ്‌. മാർച്ച്‌ 24ന്‌ രാജ്യത്ത്‌ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ 500ൽ പരം രോഗബാധിതരാണുണ്ടായിരുന്നത്‌; 10 പേരാണ്‌ മരണമടഞ്ഞത്‌. ലോക്ക്‌ഡൗൺ മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്ക്‌ കോവിഡ്‌ ബാധിച്ചവർ 25 ഇരട്ടിയായി; മരണം 40 ഇരട്ടിയും. സമ്പൂർണ ലോക്ക്‌ഡൗണിലും രോഗം വൻതോതിൽ വർധിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ലോക്ക്‌ഡൗൺ കൊണ്ടുമാത്രം കോവിഡ്‌  തടയാനാകില്ലെന്ന ലോകാരോഗ്യസംഘടനയുടെയും മറ്റും  മുന്നറിയിപ്പ്‌ ഇന്ത്യയിൽ ശരിയാകുന്നുവെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌. വ്യാപനത്തിന്റെ വേഗം കുറയ്‌ക്കാൻ ലോക്ക്‌ഡൗൺ സഹായിക്കുമെങ്കിലും അതുവഴി കോവിഡ്‌ നിർമാർജനംചെയ്യാൻ കഴിയില്ലെന്ന്‌ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥ്‌നം ഗെബ്രിയേസസ്‌ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ വീട്ടിലിരിക്കുന്നത്‌ ആരോഗ്യസംവിധാനങ്ങളുടെ സമ്മർദം കുറയ്‌ക്കും. ഈ സമയത്ത്‌  രോഗത്തെ തുടച്ചുനീക്കാൻ അതിവേഗ നടപടികൾ കൈക്കൊള്ളണമെന്ന്‌ അദ്ദേഹം പറഞ്ഞു. രോഗസാധ്യതയുള്ളവരെ കണ്ടെത്തുക, വേറിട്ട്‌ താമസിപ്പിക്കുക, രോഗപരിശോധന നടത്തുക, ചികിത്സിക്കുക, രോഗമുക്തി നേടിയെന്ന്‌ ഉറപ്പുവരുത്തുക എന്നീ പ്രവർത്തനങ്ങൾ ലോക്ക്‌ഡൗൺ കാലത്ത്‌ ഊർജിതമാക്കാനും അദ്ദേഹം നിർദേശിച്ചു. എന്നാൽ, രോഗസാധ്യതയുള്ളവരെ വേറിട്ട്‌ താമസിപ്പിക്കാനും പരിശോധിക്കാനും പദ്ധതികളില്ലാതെ കേന്ദ്രസർക്കാർ ഉഴറുന്നതാണ്‌ കണ്ടത്‌. ലോകത്തെ പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ കോവിഡ്‌ പരിശോധനയാണ്‌ ഇന്ത്യയിൽ നടന്നത്‌. അമേരിക്കയിൽ 10 ലക്ഷം ആളുകളിൽ 9387 പേർക്ക്‌ പരിശോധന നടത്തുമ്പോൾ ഇന്ത്യയിൽ 177 പേരെ മാത്രമാണ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നത്‌. ഇറ്റലി 10 ലക്ഷത്തിൽ 17758പേരെയും സ്‌പെയിൻ 12833 പേരെയും ജർമനി 15730 പേരെയും പരിശോധിക്കുന്നു. കോവിഡ്‌ ബാധ നന്നായി നിയന്ത്രിക്കുന്ന ദക്ഷിണ കൊറിയയിൽ ഇതിലേറെ പരിശോധനയുണ്ട്‌


 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽപോലും ആവശ്യത്തിന്‌ ഉപകരണങ്ങളും പരിശോധനാസംവിധാനങ്ങളും ഏർപ്പെടുത്താൻ രാജ്യത്തിന്‌ സാധിച്ചില്ല. പരിമിതികൾക്കകത്തുനിന്ന്‌ സംസ്ഥാനങ്ങൾ നടത്തുന്ന പരിശോധനകൾമാത്രമാണ്‌ ജനങ്ങൾക്ക്‌ ആശ്രയം. 10 ലക്ഷത്തിൽ 696 പേരെ പരിശോധിക്കുന്ന ഡൽഹിയാണ്‌ ഇക്കാര്യത്തിൽ മുന്നിൽ. കേരളത്തിൽ 10 ലക്ഷത്തിൽ 425 പേരെയും രാജസ്ഥാനിൽ 365  പേരെയും മഹാരാഷ്‌ട്രയിൽ 289  പേരെയും പരിശോധിക്കുന്നു. കർണാടകവും മധ്യപ്രദേശും ഗുജറാത്തുമടക്കമുള്ള  സംസ്ഥാനങ്ങളിൽ ഇത്‌ 200ൽ താഴെയാണ്‌. യുപിയിലാകട്ടെ 10 ലക്ഷത്തിൽ 51 പേരെയാണ്‌ പരിശോധിക്കുന്നത്‌. രാജ്യത്തെ കോവിഡ്‌ പരിശോധനയുടെ ദയനീയ ചിത്രമാണിത്‌.

കേരളം കൈവരിച്ച നേട്ടങ്ങൾ ഇവിടെയാണ്‌ വ്യത്യസ്‌തമാകുന്നത്‌.  രോഗസാധ്യതയുള്ളവരെ കണ്ടെത്തി വേറിട്ട്‌ താമസിപ്പിക്കുക, രോഗ പരിശോധന നടത്തുക, രോഗം സ്ഥിരീകരിച്ചവർക്ക്‌ ശരിയായ ചികിത്സ നൽകുക, രോഗം ഭേദമായെന്ന്‌ ഉറപ്പുവരുത്തുക എന്നിങ്ങനെ രോഗപ്രതിരോധത്തിന്റെ എല്ലാ ഘട്ടങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കേരളത്തിന്‌ സാധിച്ചു. നേരത്തേതന്നെ കേരളം അവലംബിച്ച  ഈ മാർഗം ലോക്ക്‌ഡൗൺ കാലത്ത്‌ കൂടുതൽ ശക്തമാക്കിയതിന്റെ ഫലമായാണ്‌ ഘട്ടംഘട്ടമായി കോവിഡ്‌ രോഗികൾ കുറയുന്നത്‌. ലോകം ചർച്ചചെയ്യുന്ന ഈ നേട്ടം കൈവരിക്കാൻ ലോക്ക്‌ഡൗൺ കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. രോഗം ബാധിച്ചവരെയെല്ലാം കണ്ടെത്തി ചികിത്സിക്കുകയും അവരിൽനിന്ന്‌ ആർക്കും രോഗം പകർന്നിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ലോക്ക്‌ഡൗൺ കോവിഡിനെ പ്രതിരോധിക്കാനല്ലാതെ തൂത്തെറിയാൻ പര്യാപ്‌തമല്ലെന്ന്‌ കേന്ദ്രം തിരിച്ചറിയേണ്ടിയിരിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top