29 March Friday

സ്വയം നിയന്ത്രണം സമ്പൂർണ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


ലോകമാകെ പടർന്നുകഴിഞ്ഞ കോവിഡ്‌–- 19  ഇന്ത്യയിൽ  മൂന്നാംഘട്ടത്തിലാണ്‌. വിദേശത്തുനിന്ന്‌ വരുന്നവരിൽനിന്നും ഇടപഴകിയവരിൽനിന്നും ഇവിടെയുള്ളവരിലേക്ക്‌ രോഗം പകരാൻ തുടങ്ങി. എന്നാൽ, ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ കൂട്ടമായ രോഗപ്പകർച്ച ഇന്ത്യയിൽ ആരംഭിച്ചിട്ടില്ല.  അടുത്ത ഒരുമാസം വളരെ നിർണായകമാണെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. ചൈനയ്‌ക്ക്‌ പിന്നാലെ തീവ്രഗതിയിൽ കൊറോണപടർന്ന ഇറ്റലി, ഇറാൻ,സ്‌പെയിൻ, ഫ്രാൻസ്‌ എന്നീ രാജ്യങ്ങളിൽ അഞ്ച്‌ ആഴ്‌ചകൊണ്ട്‌ ആയിരക്കണക്കിന്‌ ഇരട്ടി ആളുകളിലേക്കാണ്‌ വൈറസ്‌ എത്തിയത്‌. ഇന്ത്യയിൽ ഈ നിരക്ക്‌ ഇപ്പോൾ കുറവാണ്‌. എന്നാൽ, വൈറസ്‌ വ്യാപനം തടഞ്ഞുനിർത്തുന്നതിനുള്ള സാമൂഹ്യനിയന്ത്രണത്തിൽ പിടിമുറുക്കിയില്ലെങ്കിൽ വരുംനാളുകളിൽ ലോകശരാശരിയിലേക്ക്‌ ഇന്ത്യയും എത്തുമെന്നാണ്‌ സൂചന.

ഇന്ത്യയിൽ കൊറോണ ആദ്യം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയുംചെയ്‌ത കേരളമാണ്‌ സാമൂഹ്യനിയന്ത്രണത്തിന്‌ ഏറ്റവും മികച്ച പ്രവർത്തനപദ്ധതി നടപ്പാക്കി മുന്നേറുന്നത്‌. രോഗിയുമായി നേരിട്ട്‌ സമ്പർക്കമുണ്ടായവർക്കും അവരിൽനിന്ന്‌ മറ്റുള്ളവർക്കും രോഗാണു കൈമാറ്റം ചെയ്യപ്പെടുന്ന ചങ്ങല മുറിക്കുകയാണ്‌ ഇതിൽ പ്രധാനം. ഇതിനായി  എല്ലാ ഗതാഗതസംവിധാനങ്ങളിലും കർശനപരിശോധന , പുറത്തുനിന്ന്‌ വരുന്നവരിൽ പനി കണ്ടെത്തിയാൽ ആശുപത്രിയിലേക്ക്‌ മാറ്റൽ തുടങ്ങിയ നടപടികൾ കർശനമായി നടപ്പാക്കുന്നുണ്ട്‌. കൈകൾ ഇടയ്‌ക്കിടെ അണുവിമുക്തമാക്കുന്നതടക്കമുള്ള ‘ബ്രെയ്‌ക്ക്‌ ദ ചെയിൻ ’ ക്യാമ്പയിന്‌ നല്ല സ്വീകാര്യതയാണ്‌ ലഭിച്ചുവരുന്നത്‌.

രോഗബാധിതരുടെ സഞ്ചാരപഥം കണ്ടെത്തി, സമ്പർക്കമുള്ളവരെ നിശ്‌ചിത ദിവസം തനിച്ചു താമസിപ്പിക്കുന്ന രീതി ഏറെക്കുറെ പൂർണമായി കേരളത്തിൽ നടപ്പാക്കി. നിയന്ത്രണത്തിൽ കഴിയുന്ന ചിലർ വിലക്കുകൾ ലംഘിച്ച്‌ യാത്രചെയ്‌ത ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി.  ഇതോടൊപ്പം ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കാനുള്ള തീരുമാനവും സംസ്ഥാന സർക്കാർ  കൈക്കൊണ്ടു. സ്‌കൂളുകളും സർക്കാർ പരിപാടികളും നിർത്തിവച്ചു. വിവാഹവും മതാചാരങ്ങളും ഉത്സവങ്ങളുമടക്കം മാറ്റിവച്ച്‌ സമൂഹത്തിന്റെ നാനാതുറയിലുമുള്ളവർ ഇതുമായി സഹകരിച്ചു. ബഹുഭൂരിപക്ഷവും ഇത്തരത്തിൽ ആത്മാർഥമായി പ്രവർത്തിക്കുമ്പോഴും ചില വ്യക്തികളും കൂട്ടങ്ങളും വകതിരിവില്ലാതെ പെരുമാറുന്നത്‌ ആശങ്ക ഉണർത്തുന്നുണ്ട്‌.


 

ചെറിയ വീഴ്‌ചയോ  ശ്രദ്ധക്കുറവോ ആപൽക്കരമായ അവസ്ഥയുണ്ടാക്കുന്നുവെന്നതാണ്‌ വികസിതരാജ്യങ്ങളുടെപോലും  അനുഭവം. സർക്കാരും ഔദ്യോഗികസംവിധാനങ്ങളും കണ്ണിലെണ്ണയൊഴിച്ച്‌ കാവലിരിക്കുമ്പോഴും എല്ലാം തകിടംമറിക്കുന്ന നീക്കങ്ങൾ ചിലരിൽനിന്നുണ്ടാകുന്നു. കോവിഡ്‌ ബാധിതനായ ബ്രിട്ടീഷ്‌ പൗരൻ നാട്ടിലേക്ക്‌ രക്ഷപ്പെടാൻ നടത്തിയ ശ്രമം വിമാനത്താവളത്തിൽവച്ചാണ്‌ തടയാൻ സാധിച്ചത്‌. ഒരുവശത്ത്‌ ഇത്‌ നടക്കുമ്പോൾ മറുവശത്ത്‌ വിദേശീയരെയാകെ ശത്രുതയോടെ കാണുകയും ഭക്ഷണവും വാഹനവും താമസസൗകര്യവും  നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നു. വിദേശത്തുനിന്നു വരുന്നവരുടെ താമസത്തിനും സഞ്ചാരത്തിനും വ്യക്തമായ മാർഗനിർദേശം സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ വിവരങ്ങളും ചുമതലപ്പെട്ടവർക്ക്‌ കൈമാറുകയല്ലാതെ  വിദേശികളെ ഒറ്റപ്പെടുത്തുന്ന  പ്രവണത പരിഷ്‌കൃത സമൂഹത്തിന്‌ ചേർന്നതല്ല.

കൂട്ടംചേരൽ ഒഴിവാക്കണമെന്ന അഭ്യർഥന തങ്ങൾക്ക്‌ ബാധകമല്ലെന്ന്‌ ചിന്തിക്കുന്നവരെ നിയമത്തിന്റെ വഴിയിൽ കൊണ്ടുവരാൻ സർക്കാരിന്‌ പ്രയാസമൊന്നുമില്ല. എന്നാൽ, നാടിന്റെയാകെ താൽപ്പര്യം മുൻനിർത്തി ചെറിയ ത്യാഗങ്ങൾക്കുപോലും തയ്യാറല്ലാത്തവരെ സമൂഹം തിരിച്ചറിയണം. കഴിഞ്ഞ ദിവസം കൊല്ലത്ത്‌ വിവാഹം ആർഭാടപൂർവം നടത്തിയത്‌ ശരിയായില്ലെന്ന്‌ അറിയിക്കാൻചെന്ന  കോർപറേഷൻ അധികൃതർക്ക്‌ ആക്ഷേപവും കൈയേറ്റവുമാണ്‌ നേരിടേണ്ടിവന്നത്‌.  തിരുവനന്തപുരത്ത്‌ ഒരു സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാതിരുന്നതും ചർച്ചചെയ്യപ്പെട്ടു. ഒരു പ്രമുഖ ചാനൽ ഷോയിൽ പങ്കെടുത്ത ഒരാൾക്ക്‌ കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ ആളുകൾ തടിച്ചുകൂടിയതിനും ഒരു ന്യായീകരണവുമില്ല. നവമാധ്യമങ്ങളിൽ തോന്നുംപടി പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും  ചിലർ അറിഞ്ഞമട്ടില്ല. കണ്ണൂരിൽ  കൊറോണ ബാധിച്ച രോഗിയെ പരിശോധിച്ച ഡോക്‌ടർക്കെതിരെ വ്യക്തിഹത്യാനീക്കം നടന്നു. ഡോക്‌ടർ ഐസൊലേഷനും പരിശോധനയ്‌ക്കും വിധേയനായി രോഗബാധിതനല്ലെന്ന്‌ തെളിയിച്ചു. ആവശ്യമായ ബോധവൽക്കരണം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്‌ . തദ്ദേശ ഭരണ –- ആരോഗ്യവകുപ്പ്‌ അധികൃതരും സന്നദ്ധപ്രവർത്തകരുമാണ്‌  ഇത്‌ നടത്തുന്നത്‌. ഇതരസംസ്ഥാന തൊഴിലാളികളുടെനേരെ വിവേചനപരമായ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണം.

ഇപ്പോഴത്തെ നിലയിൽ ഏതാനും ദിവസങ്ങൾക്കകം ലോകത്ത്‌ കൊറോണ ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിൽ എത്തും. യൂറോപ്പിലും ഇറാനിലും പുറത്തിറങ്ങാൻ പറ്റാത്തവിധമുള്ള വിലക്കാണ്‌ നിലനിൽക്കുന്നത്‌. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കർശന നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. കേരളത്തിലാകട്ടെ അതിവിപുലമായ മുൻകരുതലുണ്ട്‌.  വൻതോതിലുള്ള രോഗപ്പകർച്ച തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ട്‌. ഇത്‌ നിലനിർത്തി മുന്നോട്ടുപോയാൽ അധികം വൈകാതെ ഈ ആപത്തിനെ മറികടക്കാനാകും. ഔദ്യോഗികസംവിധാനങ്ങൾ കൊണ്ടുമാത്രം സാധ്യമായ കാര്യമല്ലിത്‌. ഉയർന്ന സാമൂഹ്യബോധത്തോടെയുള്ള സ്വയംനിയന്ത്രണത്തിന്‌ എല്ലാവരും തയ്യാറാകുക മാത്രമാണ്‌ പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top