19 April Friday

ക്യാമ്പസുകളെ വെറുതെവിടുക

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

മാറ്റത്തിനു വഴിവയ്ക്കുന്ന ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ക്യാമ്പസുകളില്‍നിന്നുണ്ടാകുന്നു എന്ന വിലയിരുത്തലോടെ ക്യാമ്പസുകളെ അധീനത്തിലാക്കാനുള്ള പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് സംഘപരിവാര്‍. അലഹബാദ് സര്‍വകലാശാലയിലും ഹൈദരാബാദ് സര്‍വകലാശാലയിലും ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലുമൊക്കെ കാണുന്നത് നവീനവും മൌലികവുമായ ചിന്തകളെ ഞെരിച്ചമര്‍ത്തി പ്രാകൃതകാല ചിന്തകളാല്‍ പകരംവയ്ക്കാനുള്ള പദ്ധതിയുടെ നടപ്പാക്കലാണ്. ഈ പദ്ധതിയുടെ ഭാഗമാണ് ജെഎന്‍യുവില്‍ വീണ്ടും അരങ്ങേറുന്ന വേട്ടയാടല്‍.

വിദ്യാര്‍ഥികളുടെ നേതാവായ കനയ്യകുമാറിനെ സര്‍വകലാശാലയില്‍നിന്നുതന്നെ പുറത്താക്കാനാണ് ഇപ്പോള്‍ നീങ്ങുന്നത്. ഇതിന് ആര്‍എസ്എസുകാരായ അധ്യാപകരുടെ ഒരു സംഘത്തില്‍നിന്ന് റിപ്പോര്‍ട്ട് എഴുതിവാങ്ങിച്ച് തീവ്രതരമായി നീങ്ങുകയാണ് സംഘപരിവാറിന്റെയും നരേന്ദ്ര മോഡി സര്‍ക്കാരിന്റെയും കല്‍പ്പനപ്രകാരം സര്‍വകലാശാലാ അധികൃതര്‍. 

സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായ കനയ്യകുമാറിനെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കുക എന്ന ഉദ്ദേശ്യം ഇപ്പോള്‍ അധികൃതര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചില സെമസ്റ്റര്‍ ഘട്ടങ്ങളിലേക്കുമാത്രം പുറത്താക്കുക. ആ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ കലാപസ്വഭാവമാരോപിച്ച് സ്ഥിരമായി പുറത്താക്കുക. ഇതാണ് വിദ്യ. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരെയും പുറത്താക്കും.

ആത്യന്തികമായി പുറത്താക്കാന്‍ ഉതകുന്ന വിധത്തിലുള്ള ഒരു കുറ്റപത്രം തയ്യാറാക്കുക എന്ന ദൌത്യമാണ് ആര്‍എസ്എസ് അധ്യാപകസംഘത്തെ ഏല്‍പ്പിച്ചത്. തെളിവെടുപ്പ് പ്രഹസനമാക്കി വൈരനിര്യാതനത്തിലധിഷ്ഠിതമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് സംഘം. വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്നു വരുത്തിത്തീര്‍ത്ത് നടപടി എടുക്കലാണുദ്ദേശ്യം.

ഫെബ്രുവരി പത്തിന് ഉന്നതാധികാരസമിതി രൂപീകരിച്ചപ്പോള്‍ത്തന്നെ ഉദ്ദേശ്യം വ്യക്തമായിരുന്നു. അത് സമിതിയുടെ സ്വഭാവത്തില്‍നിന്നുതന്നെയാണ് പ്രകടമായത്. എല്ലാം ആര്‍എസ്എസ് പക്ഷപാതികള്‍, സംഘപരിവാര്‍ സേവക്കുകള്‍! രാകേഷ് ഭട്നാഗര്‍, ഹിമാനി മൊഹിദാര്‍, സുമന്‍ കെ ധര്‍ തുടങ്ങിയ അറിയപ്പെടുന്ന ആര്‍എസ്എസുകാരെ കുത്തിനിറച്ച് സമിതിയുണ്ടാക്കിയത് ഒരുവിധനീതിയും കുട്ടികള്‍ക്ക് കിട്ടരുതെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നു. പട്ടികജാതി– വര്‍ഗ വിദ്യാര്‍ഥികള്‍കൂടി ഉള്‍പ്പെട്ട പ്രശ്നമാകയാല്‍ സമിതിയില്‍ ആ വിഭാഗത്തില്‍പ്പെട്ട ഒരാളെങ്കിലും ഉണ്ടാകണമെന്ന നിര്‍ദേശംപോലും നിരാകരിക്കപ്പെട്ടു.

ഇടതുപക്ഷ ചിന്താഗതിക്കാരായ വിദ്യാര്‍ഥികളെയാകെ ഒഴിവാക്കി സര്‍വകലാശാലാ ക്യാമ്പസുകളെ 'ശുദ്ധീകരിക്കുക' എന്ന പരിപാടിയുമായാണ് സംഘപരിവാര്‍ ഇറങ്ങിയിട്ടുള്ളത്. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ ബിജെപി എംപിമുതല്‍ മന്ത്രി സ്മൃതി ഇറാനിവരെ പങ്കുവഹിച്ചിരുന്നുവെന്നതുതന്നെ ആസൂത്രിതമാണ് ഈ പരിപാടി എന്നതിന് തെളിവുതരുന്നു.

അലഹബാദ് സര്‍വകലാശാലാ ക്യാമ്പസും സംഘപരിവാറിന്റെ ഇടപെടല്‍കൊണ്ട് കലുഷമായി. ദീര്‍ഘകാലത്തെ എബിവിപി യൂണിയന്‍ ഭരണം അവസാനിപ്പിച്ച് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന അവിടെ വിജയിച്ചിരുന്നു. റിച്ചാസിങ് എന്ന ഗവേഷണ വിദ്യാര്‍ഥിനിയാണ് അവിടെ ഇപ്പോള്‍ യൂണിയന്‍ ചെയര്‍പേഴ്സണ്‍. പിന്നോക്ക സമുദായത്തില്‍പ്പെട്ട മിടുക്കിയായ ഒരു കുട്ടി. ക്രിമിനലായ യോഗി ആദിത്യസിങ്ങിനെ ക്യാമ്പസില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുന്നതിനെ റിച്ചാസിങ് എതിര്‍ത്തു. അവരുടെ ഗവേഷണം അവസാനിപ്പിക്കാനുള്ള നീക്കവുമായാണ് സംഘപരിവാര്‍ കല്‍പ്പനപ്രകാരം അവിടെ സര്‍വകലാശാലാ അധികൃതര്‍ പ്രതികരിച്ചത്. ക്യാമ്പസ് ആകെ പ്രക്ഷുബ്ധമായി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേതൃസ്ഥാനത്ത് ഗജേന്ദ്ര ചൌഹാന്‍ എന്ന ഒരു സംഘപരിവാറുകാരനെ പ്രതിഷ്ഠിച്ചതുകൊണ്ടുണ്ടായ അസ്വസ്ഥതകള്‍ അവസാനിച്ചിട്ടില്ല. മൃണാള്‍ സെന്നിനെയും ഋതിക് ഘട്ടക്കിനെയും ശ്യാം ബെനഗലിനെയും ഒക്കെപ്പോലുള്ള പ്രതിഭാധനര്‍ നയിച്ച സ്ഥാപനത്തിലാണ് കാര്യമായ ഒരു ചലച്ചിത്രപരിചയവുമില്ലാത്ത ഒരു ആര്‍എസ്എസുകാരനെ പ്രതിഷ്ഠിച്ചത്. ഹൈദരാബാദുമുതല്‍ ജെഎന്‍യുവരെയുള്ള സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ഉണ്ടാക്കിയ കുത്തിത്തിരുപ്പുകളുടെ ഫലമായുള്ള അസ്വസ്ഥത അവസാനിക്കാതെ തുടരുന്നു.

സ്കോളര്‍ഷിപ്, ഇതര ഗവേഷണ ധനസഹായം തുടങ്ങിയവ നിഷേധിക്കുക, പട്ടികജാതി– വര്‍ഗ വിഭാഗങ്ങള്‍ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുക, അങ്ങനെ, ഇത്തരം പ്രമുഖ ക്യാമ്പസുകളില്‍നിന്ന് ദരിദ്രരും പിന്നോക്ക ദളിത് വിഭാഗങ്ങളും ഒഴിവാകുന്ന സാഹചര്യം സൃഷ്ടിക്കുക. ആ സാഹചര്യത്തില്‍ വരേണ്യവിഭാഗത്തിനുമാത്രമായി ഉന്നത പഠനഗവേഷണങ്ങള്‍ ഒരുക്കിയെടുക്കുക. ഈ പദ്ധതിയാണ് നടപ്പാകുന്നത്– ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ട കുത്സിതനീക്കം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top