25 April Thursday

ഒബാമ പടിയിറങ്ങുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2016

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എട്ടുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം പടിയിറങ്ങും. ഈ വര്‍ഷം നവംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എല്ലാ വര്‍ഷാദ്യവും ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് നടത്തുന്ന സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പ്രസക്തമാകുന്നതും ഇതുകൊണ്ടാണ്. എട്ടുവര്‍ഷത്തെ പ്രസിഡന്റ് കാലാവധിയില്‍ അവസാനം നടത്തുന്ന (ഏഴാമത്) സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗമായിരുന്നു ഒബാമ കഴിഞ്ഞ ദിവസം നടത്തിയത്. സ്വാഭാവികമായും തന്റെ ഭരണകാലത്തെ സ്വയം വിലയിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണിത്. എട്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന് മികച്ച അവസരങ്ങളും പുരോഗതിയും നേടാന്‍ കഴിഞ്ഞെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാനായെന്നും അമേരിക്കക്കാരുടെ സുരക്ഷിതത്വം ആഭ്യന്തരമായും പുറംലോകത്തും ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും അധിനിവേശങ്ങള്‍ നടത്താതെതന്നെ ലോകനേതൃത്വത്തില്‍ അമേരിക്കയ്ക്ക് തുടരാന്‍ കഴിഞ്ഞെന്നും ഒബാമ പ്രസംഗത്തില്‍ അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കയെ അസ്വസ്ഥമാക്കുന്ന തോക്ക് സംസ്കാരത്തെക്കുറിച്ചും വര്‍ണവിവേചനത്തിലധിഷ്ഠിതമായ കലാപങ്ങളെക്കുറിച്ചും അദ്ദേഹം മൌനംപാലിച്ചു.  

ഒബാമയുടെ വിദേശനയത്തിന് അദ്ദേഹം അവകാശപ്പെടുന്നതുപോലുള്ള എന്തെങ്കിലും സുപ്രധാന നയവ്യതിയാനമുണ്ടായിരുന്നോ? റിപ്പബ്ളിക്കന്‍ പ്രസിഡന്റ്  ജോര്‍ജ് ബുഷിന്റെ നയത്തില്‍നിന്ന് വലിയൊരു മാറ്റം ഒബാമയുടെ വിദേശനയത്തില്‍ ഉണ്ടായിട്ടില്ലെന്ന് സംഭവങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകും.  പശ്ചിമേഷ്യയില്‍ പതിവുപോലെ അമേരിക്കന്‍ ഇടപെടല്‍ തുടര്‍ന്നു. സിറിയയിലും ഇറാഖിലും ഇസ്ളാമിക സ്റ്റേറ്റിനെതിരെയുള്ള (ഐഎസ്) വ്യോമാക്രമണം അമേരിക്ക തുടര്‍ന്നു. അതോടൊപ്പം ഐഎസിനെതിരെ ശക്തമായി പൊരുതുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെയും അമേരിക്ക യുദ്ധം തുടര്‍ന്നു. പ്രധാന ശത്രു ഐഎസിനേക്കാള്‍ അസദാണെന്ന സമീപനംതന്നെയാണ് അമേരിക്കയുടേത്. ഇറാനുമായി ആണവക്കരാറിലെത്താന്‍ അമേരിക്ക തയ്യാറായി എന്നതുമാത്രമാണ് വിദേശനയത്തിലുണ്ടായ പ്രകടമായ മാറ്റം. ലോകത്തെ ഒരു ആണവയുദ്ധത്തില്‍നിന്ന് രക്ഷിക്കാനായെന്നാണ് അമേരിക്കയുടെ അവകാശവാദം. രണ്ടാം ലോകയുദ്ധത്തിനുശേഷം അമ്പതിലധികം രാജ്യങ്ങളില്‍ അട്ടിമറിയും ഭരണമാറ്റവും നടത്തിയ അമേരിക്ക ഒരിക്കല്‍പ്പോലും ഒരു ആണവരാഷ്ട്രത്തോട് ഈ പരീക്ഷണം നടത്താന്‍ തയ്യാറായിട്ടില്ലെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അമേരിക്കയുടെ ഇറാന്‍നയത്തില്‍ പ്രതിഷേധിച്ച് സൌദി അറേബ്യയാകട്ടെ, സ്വന്തം നിലയില്‍ യെമനില്‍ യുദ്ധവും തുടങ്ങി. തുടര്‍ന്ന് സുന്നി രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയ്ക്കും റിയാദ് രൂപംനല്‍കി. 

റഷ്യയോട് ശീതസമരത്തിന് സമാനമായ ബന്ധമാണ് ഒബാമ ഭരണകൂടത്തിനുണ്ടായിരുന്നത്. ക്രിമിയന്‍– ഉക്രൈയിന്‍ വിഷയത്തിലാണ് അമേരിക്ക റഷ്യയുമായി ഏറ്റുമുട്ടിയത്്. ഉക്രൈയിനിലെ വലതുപക്ഷ ഭരണത്തെ സൈനികമായിത്തന്നെ പിന്തുണച്ച് അമേരിക്ക റഷ്യയെ പ്രകോപിപ്പിച്ചു. അസദിനെ പിന്തുണച്ച് റഷ്യ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ഏഷ്യയില്‍ ചൈനയെ തളയ്ക്കുക എന്ന നയതന്ത്രം ശക്തിപ്പെടുത്തിയതും ഒബാമതന്നെ. ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി ഏഷ്യന്‍ അച്ചുതണ്ടിന് രൂപംനല്‍കാന്‍ ഒബാമയുടെ ഭാഗത്തുനിന്ന് ശക്തമായ നയതന്ത്രനീക്കം തന്നെയുണ്ടായി. പശ്ചിമ–മധ്യേഷ്യയില്‍ റഷ്യയുടെയും ഏഷ്യയില്‍ ചൈനയുടെയും സ്വാധീനം തകര്‍ക്കുക എന്ന തന്ത്രമാണ് ഒബാമ കൈക്കൊണ്ടത്. എന്നുമെന്നപോലെ ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ ഒബാമയും തുടര്‍ന്നു. അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാക്ക് പാലിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടില്ല.

കമ്യൂണിസ്റ്റ് ക്യൂബയുമായി സൌഹൃദം സ്ഥാപിച്ചുവെന്നത് ഒബാമ ഭരണകൂടത്തിന്റെ പ്രത്യേകത തന്നെ. എന്നാല്‍, നയതന്ത്രം പുനഃസ്ഥാപിച്ചെങ്കിലും റിപ്പബ്ളിക്കന്‍ പാര്‍ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് വ്യാപാരബന്ധവും മറ്റും പുനഃസ്ഥാപിക്കാന്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല. മുന്‍ ഭരണകര്‍ത്താക്കളില്‍നിന്ന് വന്‍നയവ്യത്യാസം പ്രതീക്ഷിച്ചവര്‍ക്ക് നിരാശമാത്രം നല്‍കുന്നതാണ് ഒബാമയുടെ ഭരണകാലം എന്നു ചുരുക്കം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top