27 April Saturday

സിനിമ പറയുന്നു ഉണർന്നിരിക്കേണ്ടകാലം

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2019

കവിഭാവനയിൽ നിലാവുണ്ണുന്ന പക്ഷിയാണ് ചകോരം. കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയുടെ പക്ഷി. നല്ല സിനിമയുടെ നിലാവുണ്ട്, ലോകസിനിമയിലെ ഭാവുകത്വപരിണാമങ്ങൾ ഏറ്റുവാങ്ങി കേരളത്തിന്റെ 24–--ാമത് ചലച്ചിത്രമേളയുടെ പ്രേക്ഷകർ അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങി. ഇനി രജതജൂബിലി മേളയിൽ വീണ്ടും കാണാമെന്ന സ്‌നേഹാഭിവാദ്യങ്ങളോടെ. ഇന്റർനെറ്റിലൂടെ ലോകസിനിമ വീടുകളിലേക്ക് ഒഴുകിയെത്തുന്ന കാലത്ത് ചലച്ചിത്രമേളകൾക്ക് എന്തുപ്രസക്തിയെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു തിയറ്ററുകളിൽ അവസാനപ്രദർശനത്തിനായിവരെ തിരക്കുകൂട്ടിയ പ്രേക്ഷകരുടെ  നീണ്ട നിര. കാൽനൂറ്റാണ്ടിലേക്ക് ചുവടുവയ്‌ക്കുന്ന മേളയുടെ  പക്വത സംഘാടനമികവിലും പ്രേക്ഷക പങ്കാളിത്തത്തിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രകടമായി.

പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. എട്ടുദിവസം നീണ്ടമേളയിൽ ആദ്യാവസാനം പങ്കാളിയായത് 13086 പ്രതിനിധികൾ. 3500 സീറ്റുള്ള തുറന്നവേദിയായ നിശാഗന്ധി എല്ലാ രാത്രികളിലും നിറഞ്ഞുകവിഞ്ഞു. പുതിയകാലത്തിന്റെ ആത്മസംഘർഷങ്ങൾ സ്വന്തം കാഴ്ചാനുഭവമായി ഏറ്റുവാങ്ങുകയായിരുന്നു പ്രേക്ഷകർ. കാഴ്ചയുടെ ഉത്സവമല്ല, ഗൗരവമായ ചലച്ചിത്രാസ്വാദനമാണ് സംഭവിച്ചത്‌. സമകാലീന ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അൽമോദോവർ, മുഹ്‌സിൻ മക്മൽ ബഫ്‌, മൈക്കേൽ ഹനേക, കെൻലോച്ച്‌, ഫത്തിഹ് അകിൻ, കോസ്റ്റ് ഗാവരാസ്, ഏലിയ സുലൈമാൻ തുടങ്ങിയവരുടെ പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി. കാൻ, വെനീസ്, ടെറന്റോ, ബെർലിൻ, ബുസാൻ, റോട്ടർഡാം തുടങ്ങിയ പ്രമുഖ മേളകളിൽ അംഗീകാരം നേടിയ ചിത്രങ്ങൾ മേളയുടെ നീക്കിയിരിപ്പായി. പോസ്റ്റ് യൂഗോസ്ലാവ്യൻ സിനിമകളും ടോണി ഗാറ്റ്‌ലിഫിന്റെയും റോയ് ആൻഡേഴ്‌സന്റെയും ചിത്രങ്ങളും മേള പങ്കുവയ്‌ക്കുന്ന  കൃത്യമായ  രാഷ്‌ട്രീയത്തിന്റെ പ്രഖ്യാപനമായി. നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം തുടങ്ങിയ ഓൺലൈൻ സിനിമാ പ്രദർശനവേദികൾ ജനപ്രിയമാകുമ്പോഴും കൂട്ടായ ചലച്ചിത്രപ്രദർശനത്തിനും കൂട്ടായ സിനിമാകാഴ്‌ചയ്‌ക്കും പ്രതിരോധത്തിന്റേതായ രാഷ്ട്രീയം മുന്നോട്ടു വയ്ക്കാനുണ്ടെന്ന് മേള സാക്ഷ്യപ്പെടുത്തി. ഗോഡ് എക്‌സിസ്റ്റ്‌സ്, ഹെർ നെയിം ഈസ് പെട്രുനിജ എന്ന മാസിഡോണിയൻ ചിത്രം ശബരിമല സ്ത്രീപ്രവേശനം പ്രശ്‌നം കേവലം മലയാളിയുടെ പ്രശ്‌നം മാത്രമല്ലെന്ന് അടിവരയിടുന്നു. ഗംഭീര കൈയടിയോടെയാണ് ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്‌.

അർജന്റീനിയൻ ചലച്ചിത്രപ്രതിഭ ഫെർനാണ്ടോ സൊളാനസിന് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിച്ചതിലൂടെ കേരളത്തിന്റെ മേളയും അതിന്റെ ഊർജകേന്ദ്രമായ പ്രേക്ഷകരുമാണ് ആദരിക്കപ്പെടുന്നത്‌. ചലച്ചിത്രത്തെ ചരിത്രത്തോടും രാഷ്ട്രീയത്തോടുമുള്ള സംവാദമാക്കിയ സൊളാനസ് മൂന്നാം ലോക സിനിമയെന്ന പൊരുതുന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ ധീരനായ പോരാളികൂടിയാണ്. ഹോളിവുഡ് പോലുള്ള ചലച്ചിത്രലോകത്തിന്റെ സാമ്രാജ്യത്വ മൂലധനരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പുയർത്തിയ ചലച്ചിത്രകാരന്റെ 1968ൽ പുറത്തിറങ്ങിയ ‘ദ അവർ ഓഫ് ദ ഫർണസസ്' അടക്കമുള്ള ചിത്രങ്ങൾ പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാകാത്ത കടത്തുകാരന്റെ ജീവിതം ദൃശ്യമികവോടെ ആവിഷ്‌കരിച്ച ജപ്പാൻ ചിത്രം ‘ദെ സേ നതിങ് സ്റ്റെയിസ് ദി സെയിം' ഇത്തവണ മികച്ച സിനിമയ്‌ക്കുള്ള സുവർണചകോരം നേടി. കേരളത്തിന്റെ പ്രതിഭാധനനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇത്തവണയും മേളയിൽ തന്റെ മുദ്രപതിപ്പിച്ചു. ഗോവൻ മേളയിൽ അംഗീകരിക്കപ്പെട്ട ചിത്രം കേരളത്തിൽ പ്രേക്ഷകചിത്രത്തിനുള്ള പുരസ്‌കാരം നേടി. 2002ൽ ടി വി ചന്ദ്രന്റെ ഡാനിക്ക് ലഭിച്ച അംഗീകാരത്തോടെ ആരംഭിച്ച പ്രേക്ഷക പുരസ്‌കാരത്തിന്‌ ഇരുപത്തിനാലാമത് മേളയിൽ പതിനെട്ടു വയസ്സ് പൂർത്തിയായി എന്ന പ്രത്യേകതയുണ്ട്‌. പ്രേക്ഷകർ വോട്ടെടുപ്പിലൂടെ പുരസ്‌കാരം നിർണയിക്കുന്നത് ലോകത്തെ പല മേളകളും മാതൃകയാക്കിയത് ഐഎഫ്എഫ്‌കെയിൽനിന്നാണ്. ഇന്ത്യയിൽത്തന്നെ ആദ്യമായി ഡെലിഗേറ്റുകൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കുന്നത് 2007ൽ കേരളത്തിലെ മേളയിലാണ്. പിന്നീട് ഗോവൻ മേളയിലും ഈ സംവിധാനം നടപ്പാക്കി. ഭിന്നശേഷിക്കാർക്കും എഴുപത് കഴിഞ്ഞവർക്കും പ്രത്യേകസൗകര്യം, ഭിന്നശേഷിക്കാർക്കായി റാമ്പ്‌, വനിതാ വളന്റിയർമാർ, പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി തുടങ്ങിയവ മേളസംഘാടനത്തിലെ സൂക്ഷ്‌മമായ ഇടപെടൽ വ്യക്തമാക്കി.
തോക്കുകൾക്ക് നടുവിൽ ഉറച്ചൊന്ന് പ്രതിഷേധമറിയിക്കാൻപോലും അവസരം നൽകാതെയാണ് ഗോവയിൽ മേള സംഘടിപ്പിക്കപ്പെടുന്നത്. എന്നാൽ, ഐഎഫ്എഫ്‌കെ കേരളത്തിന്റെ വാർഷിക സാംസ്‌കാരികോത്സവമാണ്. ഇവിടെ പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും പാട്ടുപാടാനും അവസരമുണ്ട്. വിമർശനവും പ്രതിഷേധവും തീർത്തും സർഗാത്മകം. ‘ഉണ്ട'യുടെ പ്രദർശനത്തിനിടെ അണിയറപ്രവർത്തകർ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്ലക്കാർഡുയർത്തി കേന്ദ്രത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. മേളവേദിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തിൽ ബിൽപകർപ്പ് കത്തിച്ച് പ്രതിഷേധമറിയിച്ചു. ഇക്കുറി മേളയിലെ മലയാള സിനിമയുടെ തെരഞ്ഞെടുപ്പിൽ എതിർപ്പ് രേഖപ്പെടുത്തിയ ചലച്ചിത്രപ്രവർത്തകർക്കും പ്രതിഷേധിക്കാൻ ടാഗോർ പരിസരത്ത് ഇടം കണ്ടെത്താനായി.

റിലീസ് ചെയ്യാത്ത ചിത്രങ്ങൾമാത്രം മേളയിലേക്ക് തെരഞ്ഞെടുക്കണമെന്ന ആവശ്യം ഇക്കുറി ഓപ്പൺഫോറത്തിൽ ശക്തമായി ഉയർന്നു. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ശക്തമായി ഈ ആവശ്യത്തെ പിന്തുണയ്‌ക്കുന്നു. ചലച്ചിത്രവ്യവസായരംഗത്തുള്ളവർക്ക് ഇക്കാര്യത്തിൽ ആശങ്കകളുണ്ട്. കമ്പോളസിനിമയുടെ പ്രലോഭനങ്ങളെ അതിജീവിച്ച സ്വതന്ത്രസിനിമാചലച്ചിത്രപ്രവർത്തകരും സംവിധായകരുമാണ് മേളയുടെ ശക്തികേന്ദ്രം. പത്തുകൊല്ലത്തിനിടെ മലയാളസിനിമയിലുണ്ടായ മാറ്റത്തിന് ഉത്തരവാദികൾ മേളതന്നെ സൃഷ്ടിച്ച ചലച്ചിത്രപ്രവർത്തകരാണ്. കന്നിസംവിധായകരുടെ നീണ്ടനിരതന്നെ കേരളത്തിന്റെ മേള സൃഷ്ടിച്ചു. രജതജൂബിലി മേളയിൽ ഇക്കാര്യത്തിൽ യാഥാർഥ്യബോധത്തോടെയുള്ള തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഊർജസ്വലമായ ജനാധിപത്യബോധവും നവീനമായ ഭാവുകത്വപരിണാമവുമാണ് ഓരോ മേളയും പ്രേക്ഷകന്‌ സമ്മാനിക്കുന്നത്‌. ഉണർന്നിരിക്കേണ്ട സമയമാണിതെന്ന് മേള ഓർമിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top