16 June Sunday

ഹരിതസമൃദ്ധി തിരിച്ചെടുക്കാന്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017


'ഹരിതകേരളം' മിഷന്‍ ഒന്നാംവയസ്സ് പിന്നിട്ടു. ഒരുവര്‍ഷംകൊണ്ട് നേടിയ കാര്യങ്ങള്‍ വിലയിരുത്തിയും അവയെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളുമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യത്തിലൂന്നിയുമാണ് ഒന്നാം വാര്‍ഷികാഘോഷം നടന്നത്. കേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷന് കഴിഞ്ഞു എന്നാണ് ഈ മുന്‍കൈയുടെ നായകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തിയത്. മാലിന്യസംസ്കരണം, ജലസംരക്ഷണം, ജൈവകൃഷി വികസനം എന്നീ പ്രവര്‍ത്തനങ്ങളില്‍ ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന ആഹ്വാനവും അദ്ദേഹം വാര്‍ഷിക സമ്മേളനത്തിനുമുന്നില്‍ അവതരിപ്പിച്ചു. 

ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്റെ ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതിസുരക്ഷ എന്നിവ നേടിയെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ഹരിതകേരളം മിഷനിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. വൃത്തി, വെള്ളം, വിളവ് ഇവയെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ട് പുതുകേരളം സൃഷ്ടിക്കുക എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാഗ്ദാനത്തിലേക്കുള്ള കുതിപ്പാണ് 'ഹരിതകേരളം'. ഒറ്റവര്‍ഷംകൊണ്ട് പരിസരശുചിത്വവും ജലസമൃദ്ധിയും വലിയ അളവ് വീണ്ടെടുക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞു എന്നത് ഇതിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും അടിവരയിടുന്നു.

സമഗ്രമായ മാലിന്യസംസ്കരണം, ജൈവകൃഷിയുടെയും വീട്ടുവളപ്പിലെ പച്ചക്കറികൃഷിയുടെയും വ്യാപനം, കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തിന്റെയും ജലസമ്പത്തിന്റെയും സംരക്ഷണം എന്നിങ്ങനെയുള്ള സുപ്രധാനമായ വിഷയങ്ങള്‍ കേരളസമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങളാണ്. അത് ഒരു സര്‍ക്കാര്‍ തീരുമാനംകൊണ്ട് സാധ്യമാകുന്നതല്ല. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ ജനകീയയജ്ഞം അതിനാവശ്യമാണ്. വരുംതലമുറയ്ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറുന്നതിന് മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയുള്ള വിപുലമായ പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വികസനവകുപ്പുകളുടെയും പ്രാദേശിക ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍, ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഈ മുന്‍കൈ പുതിയ മാതൃകയാണ്.

മാലിന്യത്തെ വിഭവമായി പരിഗണിച്ച് മലിനീകരണപ്രശ്നം പരിഹരിക്കുന്ന രീതിയാണ് ഹരിതകേരളം മിഷന്റേത്. ജൈവമാലിന്യം സ്രോതസ്സില്‍തന്നെ അനുയോജ്യ സാങ്കേതികരീതി ഉപയോഗിച്ച് സംസ്കരിക്കുക; അജൈവമാലിന്യം കേന്ദ്രീകൃത സംഭരണ സ്ഥലത്തെത്തിച്ച് പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ വിധേയമാക്കുക എന്നതാണ് ആ രീതി. മുന്നൂറിലധികം തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഈ രീതിയിലുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. മീനന്തലയാര്‍, വരട്ടാര്‍, കാനാമ്പുഴ തുടങ്ങിയ ഉപനദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ ഫലപ്രദമായി നടപ്പാക്കി. അനേകം പരമ്പരാഗത ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു. പതിനയ്യായിരത്തിലധികം കിണറുകള്‍ നിര്‍മിക്കുകയും അയ്യായിരത്തിലധികം പൊതുകിണറുകള്‍ പുനരുജ്ജീവിപ്പിക്കുകയും പതിനായിരത്തോളം കുളങ്ങള്‍ വൃത്തിയാക്കുകയും 3200 കിലോമീറ്റര്‍ തോട് പുനരുജ്ജീവിപ്പിക്കുകയും 1500 കിലോമീറ്റര്‍ കനാലുകള്‍ വൃത്തിയാക്കുകയും ചെയ്തു. പള്ളിക്കലാര്‍, കൂട്ടമ്പേരൂറാര്‍, ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, കോട്ടൂര്‍, മീനന്തലയാര്‍, പെരുംതോട്, കാനാമ്പുഴ തുടങ്ങി നിരവധി ഉപനദികള്‍ ഉപയോഗത്തിലേക്ക് തിരിച്ചുവന്നു.

ജനങ്ങള്‍ ആവേശത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. പ്രദേശവാസികള്‍ സ്വരൂപിച്ച സാമ്പത്തികസഹായമാണ് പ്രധാനമായും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയത്. തൊഴിലുറപ്പുപദ്ധതിയും പ്രയോജനപ്പെടുത്താനായി. കിണര്‍ റീ ചാര്‍ജിങ്ങും ജലസംഭരണവും വ്യക്തികളുടെ ഉത്തരവാദിത്തം എന്ന രീതിയില്‍ സമൂഹം കണ്ടുതുടങ്ങിയിരിക്കുന്നു.  സുരക്ഷിതമായ പച്ചക്കറി ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിനും നെല്‍ക്കൃഷി ഏറ്റവും കുറഞ്ഞത് മൂന്നുലക്ഷം ഹെക്ടറിലേക്കെങ്കിലും വ്യാപിപ്പിക്കുന്നതിനും പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഉപമിഷന്‍ തുടക്കംകുറിച്ചിട്ടുണ്ട്. തരിശുനിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും ഗാര്‍ഹികതലത്തിലുള്‍പ്പെടെ പച്ചക്കറി വ്യാപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമം നടത്തുന്നു. വീട്ടുവളപ്പില്‍ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് 80 ലക്ഷത്തിലധികം വിത്ത്-തൈ വിതരണം ചെയ്തു. നാനൂറ്റമ്പതിലധികം ഹെക്ടര്‍ തരിശുനിലത്തും 650 ഹെക്ടര്‍ കര്‍ഷക ക്ളസ്റ്ററുകളിലും പച്ചക്കറികൃഷി വ്യാപിപ്പിച്ചു.

ഇങ്ങനെ ഹരിതസമൃദ്ധി തിരിച്ചെടുക്കാന്‍ കൈകോര്‍ക്കുകയാണ് കേരളം. ഒത്തൊരുമയോടെ അധ്വാനിച്ച് ഹരിതകേരളം അക്ഷരാര്‍ഥത്തില്‍ സൃഷ്ടിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം പരിപൂര്‍ണ വിജയത്തിലെത്തുമെന്ന ഉറപ്പാണ് ഒരുവര്‍ഷത്തെ അനുഭവം നല്‍കുന്നത്. ഈ യത്നത്തിന്റെ ഏകോപനം നിര്‍വഹിക്കുന്ന ഹരിതകേരളം മിഷനെയും അതിന് ക്രിയാത്മകമായ സഹകരണം നല്‍കുന്ന സര്‍ക്കാര്‍വകുപ്പുകളെയും പങ്കാളികളാകുന്ന ജനങ്ങളെയും എല്ലാറ്റിന്റെയും നായകസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതിനൊപ്പം ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിക്കാനുള്ള സന്നദ്ധത ഞങ്ങള്‍ ഇവിടെ വ്യക്തമാക്കട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top