08 June Thursday

വേങ്ങര നല്‍കുന്ന രാഷ്ട്രീയസന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ വിജയം ആ മുന്നണിക്കോ  ഖാദറിനുതന്നെയോ ആഹ്ളാദത്തിന് വക നല്‍കുന്നതല്ല.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ട് കുറവാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിക്ക് നേടാനായത്. കാല്‍ലക്ഷത്തിലധികം വോട്ട് കൂടുതലായി പോള്‍ ചെയ്തിട്ടുപോലും ഒരിഞ്ച് മുന്നേറാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞിട്ടില്ല; പകരം ആറരശതമാനം വോട്ടിന്റെ ചോര്‍ച്ചയാണ് യുഡിഎഫിനുണ്ടായത്.  മണ്ഡലത്തിലെ ആറു പഞ്ചായത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക്  ഭൂരിപക്ഷം കുറഞ്ഞു. അതായത് യുഡിഎഫ് വിജയിച്ചെങ്കിലും അത് പിറിക് വിക്ടറി അഥവാ ദയനീയ വിജയമാണെന്നര്‍ഥം. യവനരാജാവായ പിറിക് റോമക്കാര്‍ക്കെതിരായ യുദ്ധത്തില്‍ വിജയം നേടിയെങ്കിലും അത് പരാജയത്തിനുസമാനമായിരുന്നു. ആ അവസ്ഥതന്നെയാണ് വേങ്ങരയില്‍ മുസ്ളിംലീഗിനും യുഡിഎഫിനും ഉണ്ടായത്. സോളാര്‍ കേസില്‍പ്പെട്ട് ഉഴലുന്ന യുഡിഎഫിന്റെ മുഖത്തേറ്റ മറ്റൊരു പ്രഹരമാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പുഫലം. 

കേരളരാഷ്ട്രീയത്തില്‍ മുസ്ളിംലീഗിന് ക്ഷീണം സംഭവിച്ചുവെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് ക്ഷീണം സംഭവിച്ചുവെന്നര്‍ഥം. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയാണ് മുസ്ളിംലീഗ്. മാണികോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ലീഗിന്റെ ഏണിയില്‍ ചാരിയാണ് യുഡിഎഫിന്റെ നിലനില്‍പ്പ്. എന്നാല്‍, മുസ്ളിംലീഗിന്റെ കാലിനുകീഴിലെ മണ്ണ് ഒലിച്ചുകൊണ്ടിരിക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് വേങ്ങര നല്‍കുന്നത്. ലീഗിനുപിന്നില്‍ അണിനിരന്ന സാധാരണജനങ്ങള്‍ സംരക്ഷണം ആഗ്രഹിച്ച് ഇടതുപക്ഷത്തേക്ക് ചായുമ്പോള്‍ മറ്റൊരു ചെറിയ വിഭാഗം മതതീവ്രവാദപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. മോഡിസര്‍ക്കാരിന്റെ കാലത്ത് മുസ്ളിം ജനസാമാന്യം അരക്ഷിതമായാണ് രാജ്യത്ത് ജീവിക്കുന്നത്. മോഡിസര്‍ക്കാരിനെ ഭരിക്കുന്ന ആര്‍എസ്എസും പരിവാരസംഘടനകളും ബീഫിന്റെയും പശുവിന്റെയും ലൌ ജിഹാദിന്റെയും പേരില്‍ ന്യൂനപക്ഷത്തെ പ്രത്യേകിച്ചും മുസ്ളിങ്ങളെ വേട്ടയാടുന്നു. അതിനെതിരെ പ്രതിഷേധിക്കാന്‍, പ്രതിരോധം തീര്‍ക്കാന്‍ മുസ്ളിംലീഗിനോ അവര്‍ ഉള്‍ക്കൊള്ളുന്ന യുഡിഎഫിനോ കഴിഞ്ഞില്ല. മാത്രമല്ല, ലീഗ് എംപിമാര്‍ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്യാതെ മാറിനില്‍ക്കുകയും ചെയ്തു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും പ്രതിരോധം തീര്‍ക്കാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായി. അതിനുള്ള അംഗീകാരംകൂടിയാണ് വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് വോട്ട് കൂടുതല്‍ ലഭിച്ചത്. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 8642 വോട്ടാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേങ്ങരയില്‍ ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 6793 വോട്ടും കൂടുതലായി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അധികമായി നേടിയത്.

സംഘടനാപരമായും രാഷ്ട്രീയമായും ഇടതുപക്ഷത്തിന് വേണ്ടത്ര സ്വാധീനമുള്ള മണ്ഡലമല്ല വേങ്ങര. എന്നിട്ടും തുടര്‍ച്ചയായി ഈ മണ്ഡലത്തിലും ഇടതുപക്ഷവും സിപിഐ എമ്മും ജനസ്വാധീനം വര്‍ധിപ്പിക്കുകയാണെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും വോട്ട് ക്രമേണയാണെങ്കിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ലോക്സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് വോട്ട് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫ് വോട്ട് വര്‍ധിപ്പിച്ചിരുന്നു.  മലപ്പുറം ജില്ലയിലെ രാഷ്ട്രീയ അടിയൊഴുക്കുകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമുദായിക രാഷ്ട്രീയത്തോട് വിടചൊല്ലാനും അകന്നുനില്‍ക്കാനും ജനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയെന്നും മതനിരപേക്ഷരാഷ്ട്രീയത്തിന് പതുക്കെയാണെങ്കിലും സ്വീകാര്യത ലഭിക്കുകയാണെന്നുമുള്ള സന്ദേശവും ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്. 

എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചത് രാജ്യം ഭരിക്കുന്ന കക്ഷിക്കുതന്നെയാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി കേരളത്തിലും ഉയര്‍ത്താനുള്ള ചവിട്ടുപടിയാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പില്‍ ഒരിഞ്ച് മുന്നേറാനായിട്ടില്ലെന്നുമാത്രമല്ല, ബഹുദൂരം പിന്നോട്ടുപോകുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുമ്മനം രാജശേഖരനും 'ചുവപ്പ് ഭീകരത'യും'ജിഹാദ് ഭീകരത'യും മുദ്രാവാക്യമാക്കി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക്  ജനരക്ഷായാത്ര നടത്തുന്ന വേളയിലാണ് ഈ ദയനീയമായ പ്രകടനം. കേരളത്തിന് അന്യമായ മുദ്രാവാക്യം ഉയര്‍ത്തിയതുകൊണ്ടുമാത്രമല്ല, ബിജെപി ഉയര്‍ത്തുന്ന വിദ്വേഷരാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ആ രാഷ്ട്രീയത്തിന് ഈ മണ്ണില്‍ സ്ഥാനമില്ലെന്നുമാണ് വേങ്ങര വിളിച്ചുപറയുന്നത്.  ബിജെപി സ്ഥാനാര്‍ഥി കെ ജനചന്ദ്രന് ആകെ ലഭിച്ചത് 5728 വോട്ടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 1329 വോട്ട് കുറയുകയാണുണ്ടായത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മൂന്നാംസ്ഥാനം നേടിയത് എസ്ഡിപിഐയാണ്. അവരുടെ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന് 8648 വോട്ട് നേടാനായി.   ഹിന്ദുതീവ്രവാദത്തിനൊപ്പം മുസ്ളിം തീവ്രവാദവും പതുക്കെയാണെങ്കിലും സ്വാധീനം നേടുകയാണെന്ന് ഇത് തെളിയിക്കുന്നു.  ആര്‍എസ്എസിനെപ്പോലെതന്നെ എസ്ഡിപിഐയുടെ രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുകയും തുറന്നുകാണിക്കുകയും വേണം. എങ്കില്‍മാത്രമേ മതനിരപേക്ഷരാഷ്ട്രീയത്തിന് മലപ്പുറത്ത് ആഴത്തില്‍ വേരൂന്നാന്‍ കഴിയൂ എന്ന് വേങ്ങരയിലെ ഫലം സൂചിപ്പിക്കുന്നു * 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top