27 April Saturday

ഭാഷയുടെപേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019



ഭരണഘടനയിലെ 370–-ാം വകുപ്പ് റദ്ദാക്കുകയും അസമിലെ 20 ലക്ഷം പേർക്ക് പൗരത്വം നിഷേധിക്കുകയും ചെയ്‌തതിന് ശേഷം മോഡി സർക്കാർ രാജ്യത്താകെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിലാണ്. ഹിന്ദി ദിനമായ ശനിയാഴ്ചയാണ് ട്വിറ്ററിലൂടെയും പ്രസംഗത്തിലൂടെയും ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ‘ഒരു രാജ്യം ഒരു ഭാഷ' എന്ന ഹിന്ദുത്വ അജൻഡ വീണ്ടും പുറത്തെടുത്തത്. രാജ്യത്ത് ഏറ്റവും കുടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നും അതിനാൽ രാജ്യത്തെ ഒരു ചരടിൽ കോർക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ഹിന്ദിക്ക് മാത്രമേ കഴിയൂ എന്നുമാണ് അമിത്‌ ‌ഷായുടെ വാദം. എന്നാൽ, ഷായുടെ ഈ വാക്കുകൾക്ക് സത്യവുമായി ഒരു ബന്ധവുമില്ല. കാരണം രാജ്യത്തെ ഭൂരിപക്ഷം ഇന്ത്യക്കാരും സംസാരിക്കുന്ന ഭാഷ ഹിന്ദിയല്ല. 2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്ത് 52.84 കോടി പേർ(43.63 ശതമാനം) മാത്രമാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത്. 64.28 കോടി പേർ (53.08ശതമാനം)മലയാളം ഉൾപ്പെടെയുള്ള 22 ഷെഡ്യൂൾഡ് ഭാഷകളാണ് സംസാരിക്കുന്നത്. 3.98 കോടി പേർ ഷെഡ്യൂളിൽ ഉൾപ്പെടാത്ത ഭാഷകളും സംസാരിക്കുന്നു. അതായത് അമിത് ഷാ തന്നെ സൂചിപ്പിച്ച 122 ഭാഷകളിൽ ഒന്നുമാത്രമാണ് ഹിന്ദി എന്നു വരുന്നു.

ഹിന്ദി ദേശീയഭാഷയാക്കണമെന്ന വാദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഭരണഘടനാ നിർമാണസഭയുടെ മുന്നിലും ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അന്ന് അംഗീകരിക്കപ്പെട്ട മുൻഷി–-അയ്യങ്കാർ ഫോർമുലയനുസരിച്ച് ഹിന്ദി ഔദ്യോഗികഭാഷകളിൽ ഒന്നുമാത്രമായി. പിന്നീട് അംഗീകരിച്ച ത്രിഭാഷാപദ്ധതിയുടെ അടിസ്ഥാനവും ഇതു തന്നെയായിരുന്നു. ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് പറയുന്നവർ അത് ഭോജ്പൂരി ഹിന്ദിയാണോ അതോ മഗധ് ഹിന്ദിയാണോ എന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. സംസാരഭാഷയിൽ ഹിന്ദിക്ക് പല വകഭേദങ്ങളും ഉണ്ട്. ഇതിൽ ഏതിനെയാണ് രാഷ്ട്രഭാഷയായി അംഗീകരിക്കുക എന്നും വിശദീകരിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല, ഒരു രാജ്യത്തിന് ഒരു ഭാഷ അംഗീകരിച്ചതുകൊണ്ടുമാത്രം ഐക്യം കെട്ടിപ്പടുക്കാൻ കഴിയുമെന്ന ചിന്താഗതിയും തനി ഭോഷ്കാണ്. അങ്ങനെയെങ്കിൽ 1971ൽ പാകിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് ഉണ്ടായത് എന്തുകൊണ്ടാണ്? ബംഗാളിഭാഷ സംസാരിക്കുന്ന കിഴക്കൻ ബംഗാളുകാർ ഉറുദു രാഷ്ട്രഭാഷയാക്കിയതിനെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ശ്രീലങ്കയിൽ സിംഹള ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ അവിടത്തെ തമിഴ് വംശജർ നടത്തിയ പോരാട്ടവും മറക്കാറായിട്ടില്ല. അത്തരമൊരു സംഘർഷാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാനാണോ മോഡി–-ഷാ ദ്വന്ദ്വം ഭാഷാവിഷയം വീണ്ടും എടുത്തിടുന്നത്‌?

രാജ്യം ഭരിക്കുന്ന ആർഎസ്എസ്–-ബിജെപി നേതൃത്വം എന്നും ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇന്ത്യ എന്ന ആശയത്തിന് പിന്നിലുള്ള ഭാഷകളുടെ വൈവിധ്യവും അതിന്റെ സൗന്ദര്യവും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ‘ഹിന്ദി, ഹിന്ദു, ഹിന്ദുത്വം’ എന്ന സങ്കുചിതമായ മുദ്രാവാക്യമാണ് അവർ എപ്പോഴും ഉയർത്തിയിരുന്നത്. വൈവിധ്യം സംഘർഷത്തിന് കാരണമാകുമെന്ന് ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക് ഗോൾവാൾക്കർ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്. കാരണം ഭാഷയിലും മതത്തിലും ജാതിയിലുമുള്ള വൈവിധ്യം ഹിന്ദുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് തടസ്സമാകുമെന്ന ഭീതിയാണ് സംഘപരിവാറിനെ ഭരിക്കുന്നത്‌. ‘ഒരുമതം, ഒരു സംസ്‌കാരം, ഒരു രാഷ്ട്രം’ എന്ന സങ്കൽപ്പത്തിലേക്കുള്ള യാത്രയ്‌ക്ക്‌ ഭാഷകളിലെ വൈവിധ്യം തടസ്സമാകുമോ എന്ന ഭയമാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനായി സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. മോഡി സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയത്തിൽ എല്ലാ വിദ്യാർഥികളും ഹിന്ദി പഠിക്കണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ ,ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് അത് തൽക്കാലത്തേക്ക് മാറ്റിവച്ചത്. എന്നാൽ, അമിത് ഷാ ഉൾപ്പെടെയുള്ള മന്ത്രിമാർ അവരുടെ വകുപ്പുകളിലെ ഫയലുകൾ പൂർണമായും ഹിന്ദിയിലേക്ക് മാറ്റിവരികയാണെന്ന് ‘ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആഭ്യന്തരമന്ത്രാലയത്തിലെ 60 ശതമാനം ഫയലുകളും ഹിന്ദിയിലാക്കിയത്രെ. ഇതിനർഥം ഹിന്ദി അടിച്ചേൽപ്പിക്കാൻ അമിത് ഷായും കുട്ടരും തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് വ്യക്തം.

എന്നാൽ, അമിത് ഷായുടെ നാടായ ഗുജറാത്തിലെ ഹൈക്കോടതി 2011 ൽ നടത്തിയ ഒരു വിധിന്യായത്തിൽ പറഞ്ഞത് ഗുജറാത്തി ഭാഷ സംസാരിക്കുന്നവരെ സംബന്ധിച്ച് ഹിന്ദി ഒരു വിദേശ ഭാഷയാണെന്നാണ്. എന്തേ അന്ന് മുഖ്യമന്ത്രിയായ മോഡിയും അമിത്‌ ‌ഷായും ഈ പരാമർശത്തിനെതിരെ രംഗത്ത് വരാതിരുന്നത്. ഗുജറാത്ത് ഹൈക്കോടതി വിദേശഭാഷയാണെന്ന് മുദ്രകുത്തിയ ഭാഷയെ രാഷ്ട്രഭാഷയാക്കാൻ തുനിയുന്നതിൽ എന്തർഥമാണുള്ളത്?

ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്. ഫെഡറൽ തത്വങ്ങൾക്കെതിരായ നീക്കമായാണ് സിപിഐ എമ്മും ഇടതുപക്ഷ പാർടികളും ഇതിനെ വിലയിരുത്തുന്നത്. തമിഴ്നാട്ടിലെ ഡിഎംകെയും കർണാടകത്തിലെ ജെഡിഎസും മറ്റും അമിത് ഷായുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരികയുണ്ടായി. ‘ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ലെന്ന' ഡിഎംകെ നേതാവ്‌ സ്റ്റാലിന്റെ പ്രസ്താവന 1965ലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തെ ഓർമിപ്പിക്കുന്നതാണ്. എല്ലാവർക്കും അവരുടെ മാതൃഭാഷയോളം മറ്റൊരു ഭാഷയും വലുതല്ല എന്ന കാര്യം കേന്ദ്രം ഭരിക്കുന്നവർ ഓർക്കുന്നത് നല്ലതാണ്. ഒരു ഭാഷയെന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കാൻ ആർക്കും വിഷമമുണ്ടാകില്ല. എന്നാൽ, അത് അടിച്ചേൽപ്പിക്കുമ്പോഴാണ് പ്രശ്നം മുളപൊട്ടുന്നത്. അതിനാൽ ഈ നീക്കത്തിൽനിന്ന്‌ പിന്തിരിയാൻ കേന്ദ്രം തയ്യാറാകണം. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ ഇത്തരം ചെപ്പടിവിദ്യകൾകൊണ്ട് കഴിയില്ലെന്ന കാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top