26 April Friday

രാമക്ഷേത്രമെന്ന വർഗീയ കാർഡ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


ലോക‌്സഭാ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്നതിൽ വ്യക്തതയില്ലാതെ അലയുകയാണ് ബിജെപി. നിലവിലുള്ള സാഹചര്യത്തിൽ ഭൂരിപക്ഷം നേടാൻ ആകില്ലെന്നും നാലുകൊല്ലംമുമ്പ് രണ്ടാം യുപിഎ സർക്കാരിനെതിരെ രാജ്യത്തുടനീളം ഉയർന്ന ജനരോഷത്തിന്റെ പലമടങ്ങ് രോഷവും പ്രതിഷേധവും എൻഡിഎ സർക്കാരിനെതിരെയുണ്ടെന്നുമുള്ള തിരിച്ചറിവാണ് നരേന്ദ്ര മോഡിയെയും  ബിജെപി‐ആർഎസ്എസ് നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നത്. ജനാധിപത്യത്തിന്‌ അന്യമായ സകല മാർഗവും  ഉപയോഗിച്ച് സംസ്ഥാനങ്ങളിൽ അധികാരം കൈയടക്കാൻ തുടരെ ശ്രമിച്ചെങ്കിലും  ഏറ്റവുമൊടുവിൽ കർണാടകത്തിൽ ഉണ്ടായ അനുഭവം അത്തരം കുതന്ത്രങ്ങൾ ബിജെപിയെ രക്ഷപ്പെടുത്തില്ല എന്നതിന്റെ സൂചനയാണ്. രാജ്യത്തിന്റെ സാമ്പത്തികത്തകർച്ചയും ജനം അഭിമുഖീകരിക്കുന്ന അനേകം ദുരിതങ്ങളും തൊഴിലില്ലായ്മയുമെല്ലാം ബിജെപി ഭരണത്തിനെതിരായ ജനരോഷത്തിന‌് ഇടയാക്കിയിട്ടുണ്ട‌്. മാത്രമല്ല, രാജ്യം വർഗീയതയുടെ പിടിയിലുമാണ്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ അജൻഡ രാജ്യത്തിന്റെ സമാധാന ജീവിതത്തെ തകർക്കുന്ന രീതിയിൽ വളർന്നു. ശരാശരി ഇന്ത്യക്കാരുടെ ജീവിതം അരക്ഷിതമായി.  നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു വിഭജിതമായ അവസ്ഥ  നിലനിൽക്കില്ല. ആർഎസ‌്എസ് അജൻഡ തിരിച്ചറിയുന്ന ജനങ്ങൾ അതിശക്തമായി പ്രതികരിക്കുകയാണ്. 

അതിന്റെ ഭാഗമായാണ് നേരത്തെ വലിയ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽപ്പോലും ബിജെപി സ്ഥാനാർഥികൾ പരാജയപ്പെടുകയും ബിജെപിക്ക് തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടി ഉണ്ടാവുകയും ചെയ്യുന്നത്.  നരേന്ദ്ര മോഡിയുടെ കെട്ടിപ്പൊക്കിയ പ്രഭാവം  തകർന്നടിയുന്ന ഈ ഘട്ടത്തിലാണ് പിടിച്ചുനിൽക്കാനും  തെരഞ്ഞെടുപ്പ് വിജയം നേടാനുമുള്ള പുതിയ തന്ത്രങ്ങളിലേക്ക് ബിജെപി തിരിയുന്നത്. അടുത്തവർഷം അനിവാര്യമായി നടക്കേണ്ട ലോക‌്സഭാ തെരഞ്ഞെടുപ്പ് എങ്ങനെ നേരിടണം എന്നതിൽ സംഘപരിവാർ ആശയക്കുഴപ്പത്തിലാകുന്നതിന്റെ സാഹചര്യം ഇതാണ്. മോഡിയുടെ ഭരണനേട്ടം ഉയർത്തിപ്പിടിച്ച്

ജനങ്ങളെ സമീപിച്ചാൽ ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ഉണ്ടായ ദയനീയ പരാജയമായിരിക്കും രാജ്യത്താകെ നേരിടേണ്ടിവരിക എന്ന യാഥാർഥ്യമാണ് ആർഎസ്എസിനെ അലട്ടുന്നത്. തീവ്രവർഗീയ അജൻഡ അടുത്ത തെരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ തയ്യാറാകുന്നത് ഈ സാഹചര്യത്തിലാണ്. അതിന്റെ മുന്നോടിയാണ് അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം. വർഗീയതതന്നെയാണ് ആയുധമാക്കുന്നത്. ഹൈദരാബാദിലെ പ്രസംഗത്തിൽ യാദൃച്ഛികമായി ഉണ്ടായതല്ല രാമക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം. അത് കൃത്യമായ തെരഞ്ഞെടുപ്പ് അജൻഡയുടെ പ്രഖ്യാപനംതന്നെയാണ്. രാമക്ഷേത്രം നേരത്തെ  ആർഎസ്എസ് പ്രയോഗിച്ച ആയുധമാണ്. ബാബറി മസ്ജിദ് തകർത്ത കർസേവ, ഇന്ത്യ വിഭജനത്തിനുശേഷം രാജ്യത്ത് ഏറ്റവുമധികം ചോരപ്പുഴ ഒഴുക്കിയ ഒന്നാണ്. രാമക്ഷേത്രം വീണ്ടും തെരഞ്ഞെടുപ്പ് അജൻഡ ആക്കുക എന്നത്  ജനങ്ങളെ വർഗീയമായി വിഭജിച്ച് കലാപത്തിലേക്ക് തിരിച്ചുവിടുകയും അതിന്റെ മറവിൽ രാഷ്ട്രീയനേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന ദുഷ്ടചിന്തയുടെ ഉൽപ്പന്നമാണ്. അമിത് ഷാ പ്രഖ്യാപിക്കുകയും പിന്നീട് ഉറപ്പില്ലാത്ത തിരുത്ത്  നൽകുകയും ചെയ്ത രാമക്ഷേത്ര അജൻഡ  ബിജെപിയുടെയും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെയും ഹീനമായ താൽപ്പര്യങ്ങളുടെ പ്രകടനംതന്നെയാണ്. മതനിരപേക്ഷശക്തികൾ അതിന്റെ വിപത്ത് തിരിച്ചറിയുകയും ചെറുത്തുതോൽപ്പിക്കുകയും വേണം.

പകർച്ചവ്യാധി തടയാൻ ജാഗ്രത വേണം
കാലവർഷം തിമിർത്തു പെയ്യുകയാണ്. വ്യാപക നാശനഷ്ടങ്ങളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും  സാധാരണ ജനങ്ങൾ ആകെയും മഴക്കെടുതികൾമൂലം കഷ്ടപ്പെടുകയാണ്. സർക്കാർ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും സഹായമെത്തിക്കാനും  ഇടപെടൽ നടത്തുന്നുണ്ട്. എന്നാൽ, സർക്കാരുകൾക്ക് ചെയ്യാവുന്നതിൽ പരിധിക്കപ്പുറത്തുള്ള സേവനവും ജാഗ്രതയും കാലവർഷക്കെടുതി നേരിടുന്നതിന് വേണ്ടതുണ്ട്. മഴക്കാലം പകർച്ചവ്യാധികളുടെ കാലംകൂടിയാണ്. വിവിധ തരം പനിയും ഇതര പകർച്ചവ്യാധികളും സംസ്ഥാനത്തിലെ എല്ലാഭാഗത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിപാ വൈറസ് ബാധയെ പ്രതിരോധിച്ച ഐതിഹാസിക അനുഭവമുള്ള സംസ്ഥാന ആരോഗ്യവകുപ്പ് പകർച്ചവ്യാധികൾക്കെതിരെ വലിയതോതിലുള്ള ജാഗ്രത പാലിക്കുന്നുണ്ട്. അതിനുമപ്പുറം ജനങ്ങളുടെ പൊതുവായ ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാകുന്ന ഘട്ടമാണിത്.

ചികിത്സക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിനൊപ്പം വീടും പരിസരവും വൃത്തിയാക്കുക, പകർച്ചവ്യാധികൾ കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാനുള്ള പ്രതിരോധ മാർഗം സ്വീകരിക്കുക എന്നിവ ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറുന്ന ഘട്ടമാണിത്. പരിസര ശുചീകരണത്തിനും വ്യക്തിശുചിത്വത്തിനും ഓരോരുത്തരും പ്രാധാന്യം നൽകേണ്ടതുണ്ട്. കുടിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പടരാമെന്ന വസ്തുത കണക്കിലെടുത്ത് കർക്കശമായ ശുചിത്വപാലനം ഉറപ്പാക്കേണ്ടതുണ്ട്. കൊതുകുനിവാരണം എന്നാൽ സ്വന്തം ശരീരത്തിൽ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽമാത്രമല്ല; കൊതുകുനിവാരണംതന്നെയാകണമത്. വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക പ്രധാനമാണ്. മഴക്കാലരോഗങ്ങൾ ബാധിച്ചാൽ നിസ്സാരമായി തള്ളിക്കളയാതെ ആശുപത്രിയെ സമീപിക്കുക, ശാസ്ത്രീയ ചികിത്സാമാർഗം തേടുക എന്നതും ശ്രദ്ധിക്കേണ്ടതാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top