26 April Friday

സേനയിലെ കരാർവൽക്കരണം രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


സമഗ്രമേഖലയിലും വർഗീയവൽക്കരണവും ഭരണഘടനാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി തകർക്കുകയെന്ന നയവുമാണ്‌ നരേന്ദ്ര മോദി അധികാരമേറ്റതുമുതൽ നടപ്പാക്കുന്നത്‌. കോടതികൾ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും തങ്ങളുടെ വരുതിയിലാക്കുന്നു.

ഏറ്റവും അവസാനമായി ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ സൈനിക സംവിധാനത്തെയും അതിന്റെ സ്വതന്ത്രമായ സ്വഭാവത്തെയും  അച്ചടക്കത്തെയും മാറ്റിമറിക്കുകയാണ്‌. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കര, വ്യോമ, നാവിക സേനാവിഭാഗങ്ങളിൽ ഹ്രസ്വകാലത്തേക്ക്‌ സൈനികരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള ‘അഗ്നിപഥ്‌’ പദ്ധതി വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ്‌. സേനയുടെ ആത്മവീര്യവും പോരാട്ടശേഷിയും ഇല്ലാതാക്കുമെന്നു മാത്രമല്ല,  സേനയെ ആർഎസ്‌എസിന്റെ താൽപ്പര്യത്തിനനുസരിച്ച്‌ മാറ്റിയെടുക്കാനുള്ള തുടക്കമായും ഇതിനെ കാണണം. അർധ സൈനിക സ്വഭാവംവച്ചുപുലർത്തുന്ന ആർഎസ്‌എസിന്റെ ലക്ഷ്യംതന്നെ സൈനികവൽക്കൃത രാജ്യം എന്നതാണ്‌.  നിലവിലുള്ള റിക്രൂട്ട്‌മെന്റ്‌ രീതി അവസാനിപ്പിച്ച്‌ താൽക്കാലിക നിയമനം നൽകുന്നതിനെ സേനയുടെ കരാർവൽക്കരണം മാത്രമായി കാണാനാകില്ല, കാവിവൽക്കരണത്തിലേക്കുള്ള തുടക്കംകൂടിയാണ്‌. നിയമനത്തിലെ സുതാര്യതയും വിവാദമാകുന്നു. സേനയിൽ നാലുലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് താൽക്കാലിക സൈനിക സേവനത്തിന് ‘അഗ്നിപഥ്’  പ്രഖ്യാപിച്ചത്. ബിജെപി സർക്കാരിന്റെ താൽപ്പര്യങ്ങളുമായി  ഒത്തുപോകുന്ന ഒരാളെ  സംയുക്തസേനാ മേധാവി (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌) പദവിയിൽ അവരോധിക്കാനുള്ള നീക്കവും നടത്തുന്നു. സിഡിഎസിനെ നിയമിക്കാനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തി 10 ദിവസംമുമ്പ്‌ ഇറക്കിയ ഉത്തരവും വിവാദമായിരുന്നു. 

‘സായുധസേനയ്‌ക്ക്‌ യുവത്വം നൽകുകയാണ്‌ ലക്ഷ്യ’മെന്നാണ്‌ കരാർ നിയമനത്തെ സർക്കാർ വിശേഷിപ്പിക്കുന്നത്‌. എന്നാൽ, ഇത്‌ സൈന്യത്തിന്റെ ആത്മവീര്യം ചോർത്തുമെന്നാണ്‌ പ്രതിരോധവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌.  ആറുമാസത്തെ പരിശീലനംകൊണ്ടുമാത്രം യുവാക്കളെ രാജ്യസംരക്ഷണത്തിന്‌ സജ്ജരാക്കാൻ കഴിയില്ല. തുടർച്ചയായ പരിശീലനവും പരിചയവുംകൊണ്ടാണ്‌ ഓരോ സൈനികനും മാനസികമായും ശാരീരികമായും യുദ്ധസജ്ജമാകുന്നത്‌. കരാർ നിയമനം ലഭിക്കുന്നവർ യുദ്ധമുഖത്തോ, അതിർത്തിയിലോ സേവനം ചെയ്യുമ്പോൾ ആത്മാർഥത കാട്ടാനിടയില്ല. അപകടസാധ്യതയുള്ള ജോലി ഏറ്റെടുക്കുന്നതിലും വീഴ്‌ച വരുത്തും.  17.5 –- 21 വയസ്സുവരെയുള്ള യുവാക്കൾക്ക്‌ നാലു വർഷത്തേക്കാണ്‌ നിയമനം. വർഷംതോറും 46,000 യുവാക്കളെ  തെരഞ്ഞെടുത്ത്‌ ആറുമാസ പരിശീലനം നൽകും. കരാർ കാലയളവിലെ മികവുനോക്കി 25 ശതമാനംപേർക്ക്‌ തുടരാൻ അവസരം നൽകും. ബാക്കി 75 ശതമാനംപേരെ ഒഴിവാക്കും. ഇവർ ഭാവിയിൽ സ്വകാര്യസേനകളായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്‌ സമൂഹത്തെ ഘട്ടംഘട്ടമായി സൈനികവൽക്കരിക്കുന്നതിലേക്ക്‌ നയിക്കും.

‘അഗ്നിപഥ്‌’ നടപ്പാക്കുന്നതിൽ സേനയിലും മുൻ സേനാ ഉദ്യോഗസ്ഥർക്കിടയിലും നിയമനം കാത്തുകഴിയുന്ന ലക്ഷക്കണക്കിന്‌ യുവാക്കൾക്കിടയിലും എതിർപ്പ്‌ ശക്തമാണ്‌. ഉന്നതപദവി വഹിച്ചു വിരമിച്ച നിരവധിപേർ പരസ്യമായി രംഗത്തുവന്നു. നിയമനം പ്രതീക്ഷിച്ചുകഴിയുന്ന യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബിഹാറിൽ സംഘർഷം കലാപത്തിലേക്ക്‌ നീങ്ങുന്നു. പാർലമെന്റിലോ,  പ്രതിരോധസേനാ വിദഗ്‌ധരുമായോ ആലോചിക്കാതെയും ചർച്ച നടത്താതെയുമാണ്‌ രാജ്യത്തിന്റെ അതിർത്തിയും ഐക്യവും സംരക്ഷിക്കുന്ന സേനയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന നയംമാറ്റം തിടുക്കത്തിൽ നടപ്പാക്കുന്നത്‌.  പ്രവർത്തനസജ്ജവും കരുത്തുറ്റതുമായ സേനയെ രൂപപ്പെടുത്തുന്നതിനുപകരം ശമ്പളവും പെൻഷനും ലാഭിക്കാനായി സേനയെ കരാർവൽക്കരിക്കുന്നത്‌  പ്രതിലോമകരമായ നടപടിയാണ്‌ . സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയതുപോലെ ‘‘ നാല് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള പട്ടാളക്കാരെക്കൊണ്ട് സുസജ്ജമായ സേനയെ വളർത്തിയെടുക്കാനാവില്ല. ഇത് പെൻഷൻ ലാഭിക്കാനുള്ള ഒരു ഏർപ്പാടാണ്. ഇത് സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തെയും ബാധിക്കും.”

വിശദമായ പഠനത്തിനുശേഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും  വിലയിരുത്തി വേണം അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ്‌  മുൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്‌.  സായുധസേനയുടെ ‘മരണമണി മുഴക്കമാണ്‌’ അഗ്നിപഥ്‌ എന്നാണ്‌ മുൻ ഡയറക്ടർ ജനറൽ (മിലിട്ടറി ഓപ്പറേഷൻ) ലെഫ്‌റ്റനന്റ്‌ ജനറൽ വിനോദ്‌ ഭട്യ അഭിപ്രായപ്പെട്ടത്‌.  ‘സായുധസേനയ്‌ക്കുമേൽ  ഏറ്റവും ഹാനികരമായ നടപടി അടിച്ചേൽപ്പിക്കുകയാണെ’ന്നാണ്‌  ലെഫ്‌റ്റനന്റ്‌ ജനറൽ സമീർ ഉദ്ദിൻ ഷാ (റിട്ട.) വിശേഷിപ്പിക്കുന്നത്‌.  ‘നമ്മുടെ സ്ഥാപനങ്ങളെ നശിപ്പിക്കരുതെ’ന്ന്‌ മേജർ ജനറൽ ജി ഡി ഭക്ഷി (റിട്ട.) ട്വീറ്റ്‌ ചെയ്‌തു.

എല്ലാ മേഖലയിലും വിഭാഗീയത സൃഷ്ടിക്കുന്ന മോദി സർക്കാർ രാജ്യത്തിന്റെ സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുന്ന പ്രതിരോധസേനയിലും വിള്ളൽ സൃഷ്ടിക്കുകയാണ്‌. എന്തിലും ഏതിലും രാജ്യസ്‌നേഹം ഉയർത്തിപ്പിടിക്കുന്ന ബിജെപി രാജ്യസ്‌നേഹത്തിന്റെ പ്രതീകമായ സേനയെ കരാർവൽക്കരിച്ച്‌ രാജ്യസുരക്ഷയെ തകർക്കുകയാണ്‌. നവ ഉദാരവൽക്കരണനയങ്ങളുടെ അടിസ്ഥാനതത്വമാണ്‌  ചെലവ്‌ കുറയ്‌ക്കാനായി സ്ഥിരംനിയമനം ഒഴിവാക്കി കരാർ നിയമനം നടപ്പാക്കുകയെന്നത്‌.  ഈ വാദമുയർത്തിയാണ്‌ സേനയിലും കരാർ നിയമനം. സേനാ വിഭാഗങ്ങളെപ്പോലും ലാഭേച്ഛയോടെ കാണുന്ന മോദി സർക്കാരിന്റെ കപട രാജ്യസ്‌നേഹമാണ്‌ ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top