26 April Friday

വിലകൾക്ക് തീപിടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

മഹാമാരിക്ക് നടുവിൽ ജനങ്ങൾ നട്ടം തിരിയുന്നതിനിടെ രാജ്യത്ത് പൊതുവിലക്കയറ്റം രൂക്ഷമാകുന്നു. ഒരുവശത്ത് രൂക്ഷമായ സാമ്പത്തികമാന്ദ്യം. മറുവശത്ത് റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന വിലകൾ. മാന്ദ്യകാലത്തും വിലക്കയറ്റമെന്ന പ്രത്യേക സ്ഥിതി. കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന രാജ്യം മൊത്തം സ്തംഭിച്ച അവസ്ഥ.

സാധനങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതിനാലാണ് വിലക്കയറ്റമെന്ന മുതലാളിത്ത സാമ്പത്തികശാസ്ത്രം ഇവിടെ വിലപ്പോകില്ല. സാമ്പത്തികത്തകർച്ചയിൽ തൊഴിലും വരുമാനവുമില്ലാതെ ജനങ്ങൾ വലയുമ്പോൾ എങ്ങനെ ഡിമാൻഡ് വർധിക്കും. എങ്കിൽ, വിലക്കയറ്റത്തിന്റെ കാരണമെന്ത്? പെട്രോൾ, ഡീസൽ വിലവർധനതന്നെ പൊതു വിലക്കയറ്റത്തിന്റെ മുഖ്യകാരണം. അതിന് ഉത്തരവാദി കേന്ദ്രസർക്കാരും. എന്തുകൊണ്ടെന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രം അടിക്കടി വർധിപ്പിച്ചതുകൊണ്ടാണ് ഇവയുടെ വില കൂടുന്നത്. അപ്പോൾ, വർധിപ്പിച്ച എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചാൽ വിലക്കയറ്റം തടയാമെന്ന ലളിതമായ വസ്തുത ആദ്യംതന്നെ ചൂണ്ടിക്കാട്ടട്ടെ.

പെട്രോൾ, ഡീസൽ എന്നിവയടക്കമുള്ള ഇന്ധനങ്ങൾ, ഭക്ഷ്യസാധനങ്ങൾ, ഭക്ഷ്യഎണ്ണകൾ, ഔഷധങ്ങൾ, നിർമിത ഉൽപ്പന്നങ്ങൾ എന്നിവയുടെയെല്ലാം വില കൂടിയതുമൂലം പൊതു വിലക്കയറ്റം റെക്കോഡ് ഭേദിക്കുന്നതായാണ് കഴിഞ്ഞദിവസം പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം.

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മേയിൽ 12.94 ശതമാനമായി വർധിച്ചതായി കേന്ദ്ര സ്ഥിതി വിവരകാര്യാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ ഈ നിരക്ക് 10. 49 ശതമാനം. 2020 മേയിൽ 3.37 ശതമാനമായിരുന്ന മൊത്ത വിലക്കയറ്റ നിരക്കാണ് ഇപ്പോൾ 12.94 ശതമാനമായത്. ഇന്ധന വിലയിൽമാത്രം 37.61 ശതമാനം വർധന. കഴിഞ്ഞ വർഷം മാർച്ചിൽ 9. 75 ശതമാനമായിരുന്ന ഇന്ധന വിലക്കയറ്റമാണ് ഇപ്പോൾ 37.61 ശതമാനത്തിലെത്തിയത്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഥവാ വിലക്കയറ്റവും വർധിച്ചു. വർധന 6.3 ശതമാനം. ആറു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്. ഉപഭോക്തൃ വിലസൂചിക വരുംദിവസങ്ങളിൽ ഇനിയും കുതിക്കുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്. ഈ സൂചികയനുസരിച്ചുള്ള വിലക്കയറ്റനിരക്ക് ആറുശതമാനത്തിനപ്പുറം കടക്കാൻ പാടില്ലെന്നാണ് റിസർവ് ബാങ്ക് പണനയത്തിലെ നിലപാട്. ആ പരിധി കടന്നിരിക്കുന്നു.

വിലക്കയറ്റം ലക്ഷ്യമിട്ട് അരങ്ങേറുന്ന കരിഞ്ചന്ത, പൂഴ്‌‌ത്തിവയ്പ് എന്നിവയും രാജ്യത്ത് വ്യാപകമായുണ്ട്. ലോക്ഡൗണുകളെ തുടർന്ന് വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങളും വിലക്കയറ്റത്തിലേക്ക് വഴിവയ്ക്കാം. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതാണ് മുഖ്യകാരണം. ദിവസേന ഏതാനും പൈസ കൂട്ടിയാൽ ആരുമറിയില്ലെന്ന മട്ടിൽ തുടർച്ചയായി വില കൂട്ടുന്ന സ്ഥിതി. പല നഗരങ്ങളിലും പെട്രോൾ - ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവന്ന ശേഷംമാത്രം 21 തവണ മോഡി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടി. സർവ മേഖലയിലെയും വിലക്കയറ്റത്തിന്റെ കാരണം മറ്റെവിടെയും തെരയേണ്ടതില്ല.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടുന്നു എന്നു പറഞ്ഞാണ് ഇവിടെ വില കൂട്ടുന്നത്. എന്നാൽ, അവിടെ വില കുറയുമ്പോൾ ഇവിടെ കുറയാറില്ല. അത്തരം സന്ദർഭങ്ങളിൽ എക്സൈസ് തീരുവ വർധിപ്പിച്ച് വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് കിട്ടാതിരിക്കാൻ മോഡി പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ കേന്ദ്ര ഗവൺമെന്റ് പലവട്ടം വർധിപ്പിച്ച എക്സൈസ് നികുതി കുറച്ചാൽ വർധന കുറയ്ക്കാനാകും. അതിന് മുതിരാതെ, പെട്രോൾ - ഡീസൽ നികുതിവർധന വരുമാനംകൂട്ടാനുള്ള വഴിയായി കണ്ടിരിക്കുകയാണ് കേന്ദ്രം. വില കൂടുമ്പോൾ അതനുസരിച്ച് നികുതി വരുമാനവും കൂടുമല്ലോ. അപ്പോൾ, സർക്കാർ നയം തിരുത്താത്തതാണ് പ്രശ്നം. വില കൂട്ടുന്നത് കമ്പനികളാണെന്ന് സാങ്കേതികമായി പറയാമെങ്കിലും കേന്ദ്ര സർക്കാരിന് ഇടപെട്ട് കുറയ്ക്കാവുന്നതേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ഏതാനും ദിവസം അങ്ങനെ സംഭവിക്കുകയും ചെയ്തു.

മാന്ദ്യം വിഴുങ്ങിയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റണമെങ്കിൽ, വളർച്ചയുണ്ടാകണമെങ്കിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം എത്തണം. സർക്കാർ കൂടുതൽ പണം ചെലവാക്കണം. ബാങ്ക് വായ്പകൾ മുഖേനയും ജനങ്ങൾക്ക് നേരിട്ട് പണം നൽകിയും ഇത് സാധിക്കാം. അപ്പോൾ, ജനങ്ങൾക്ക് തൊഴിലും വരുമാനവും ലഭിക്കും. ആ പണം കമ്പോളത്തിലെത്തും. അങ്ങനെ സമ്പദ്‌വ്യവസ്ഥ ചലിക്കും. മാന്ദ്യകാലത്ത് മുതലാളിത്ത രാജ്യങ്ങളിലടക്കം ചെയ്യുന്നത് ഇതാണ്. എന്നാൽ, ഇവിടെ വിലക്കയറ്റത്തിന്റെ പേര് പറഞ്ഞ് സമ്പദ്‌വ്യവസ്ഥയിൽ പണം എത്താനുള്ള എല്ലാ വഴിയും അടയ്ക്കുകയാണ്. വിലക്കയറ്റം പേടിച്ച് റിസർവ് ബാങ്ക് ആറു മാസത്തോളമായി പലിശനിരക്ക് കുറയ്ക്കാൻ തയ്യാറാകുന്നില്ല. പലിശ കുറഞ്ഞാൽ വായ്പ കൂടുകയും അത് വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക് കണക്കാക്കുന്നു. അതുകൊണ്ട് പലിശ കുറയ്ക്കുന്നില്ല. എന്നിട്ടും വില കൂടുന്നു. അതിനർഥം, വിലക്കയറ്റത്തിന്റെ കാരണം അതല്ല എന്നുതന്നെ. പക്ഷേ, എല്ലാ തരത്തിലും ചെലവ് കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ബജറ്റിൽ വാക്സിനേഷനായി നീക്കിവച്ച 35,000 കോടി രൂപപോലും ചെലവാക്കാൻ കേന്ദ്രം മടിക്കുന്നത് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇങ്ങനെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്ന കേന്ദ്രം പെട്രോൾ–-ഡീസൽ എക്സൈസ് തീരുവ പ്രധാന വരുമാനമായും കാണുന്നു. ആ നികുതി അടിക്കടി വർധിപ്പിക്കുന്നതും കുറയ്ക്കാൻ കൂട്ടാക്കാത്തതും സർക്കാരിന്റെ വരുമാനം കൂട്ടാൻ ലക്ഷ്യമിട്ടാണ്. വർധിപ്പിച്ച ആ നികുതി കുറയ്ക്കുകയും കമ്പോളത്തിൽ സർക്കാർ ഇടപെടുകയും ചെയ്താൽ വില കുറയ്ക്കാവുന്നതേയുള്ളൂ. അതായത്, സർക്കാർ നയം തിരുത്തിയാൽ പ്രശ്നം പരിഹരിക്കാം. ചുരുക്കിപ്പറഞ്ഞാൽ, വിലക്കയറ്റത്തിനും സാമ്പത്തികമാന്ദ്യത്തിനും കാരണം കേന്ദ്ര സർക്കാരിന്റെ നയംതന്നെ. ഈ സാഹചര്യത്തിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്നും പൊതു വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഇടതുപാർടികൾ ബുധനാഴ്ച ആരംഭിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് വലിയ പ്രാധാന്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top