21 September Thursday

തൊഴിൽ സംസ്‌കാരം പുതുക്കി മുന്നേറാം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 16, 2020പകർച്ചവ്യാധിയിൽനിന്ന്‌ ജീവൻ രക്ഷിക്കുന്നതോടൊപ്പം, ജീവിതത്തകർച്ചയെ മറികടക്കലും  സാധാരണക്കാർക്ക്‌ സുപ്രധാനമാണ്‌. നിലച്ചുപോയ സാമ്പത്തിക പ്രവർത്തനങ്ങളെ പുരുജ്ജീവിപ്പിക്കുകയെന്ന കടമയാണ്‌, രോഗപ്രതിരോധത്തിനൊപ്പം സർക്കാരുകൾക്ക്‌ നിർവഹിക്കാനുള്ളത്‌‌. സ്വകാര്യ വാണിജ്യ–വ്യാവസായിക  സംരംഭകരെ സംബന്ധിച്ചിടത്തോളം ഉൽപ്പാദന നഷ്ടം നികത്തി പഴയനില കൈവരിക്കുന്നതിന്‌ കമ്പോളത്തിന്റെ പിന്തുണ കൂടിയേ തീരൂ. ഇത്‌ ജനങ്ങളുടെ ക്രയശേഷിയെ ആശ്രയിച്ചിരിക്കുന്നു. ഈ ചാക്രിക പ്രതിസന്ധിയെ മുറിച്ചുകടക്കാൻ ഭാവനാത്മകമായ പദ്ധതികൾ അനിവാര്യമാണ്‌. ഇന്നത്തെ സ്ഥിതിയിൽ സർക്കാർ ഇടപെട്ട്‌ ഉൽപ്പാദന–-വിനിമയ പ്രവർത്തനങ്ങൾ ചലനാത്മകമാക്കുന്നില്ലെങ്കിൽ കോവിഡിനൊപ്പം പട്ടിണി മരണവും വൈകാതെ വാർത്തകളിൽ നിറയും. ഈ യാഥാർഥ്യം ഉൾക്കൊണ്ടുവേണം ‌സാമ്പത്തിക പാക്കേജുകൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കാൻ.

ദൗർഭാഗ്യവശാൽ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഈ യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. മുതലാളിത്ത ഉൽപ്പാദനപ്രക്രിയ സ്വയം പ്രതിസന്ധി പരിഹരിച്ചുകൊള്ളുമെന്ന ഇവരുടെ ധാരണയ്‌ക്ക്‌ അടിസ്ഥാനം അമിതലാഭമെന്ന വിട്ടുവീഴ്‌ചയില്ലാത്ത ലക്ഷ്യമാണ്. കോർപറേറ്റ്‌ താൽപ്പര്യങ്ങൾക്കപ്പുറം, മഹാഭൂരിപക്ഷം സാധാരണ ജനങ്ങളുടെ തൊഴിലും വരുമാനവും കാണാൻ കഴിയാത്തവരാണ്‌ ഇന്ത്യയിലും ഭരണകർത്താക്കൾ.

ഈ സവിശേഷ സാഹചര്യത്തിൽ കേരളമെന്ന കൊച്ചുദേശം തേടുന്ന അതിജീവന വഴികളും വ്യത്യസ്‌തമാണ്‌. ലോകത്തെ ഏറ്റവും സുരക്ഷിത ഇടങ്ങളിലൊന്നെന്ന ഖ്യാതി നൽകുന്ന കരുത്ത്‌ ചെറുതല്ല. ഒട്ടനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതുതലമുറ സംരംഭങ്ങളും വ്യവസായ സ്ഥാപനങ്ങളും  താൽപ്പര്യം അറിയിച്ചുകഴിഞ്ഞു. ഇതിനോട്‌ പ്രതികരിച്ച്‌  എൽഡിഎഫ്‌ സർക്കാർ സമഗ്രമായ പദ്ധതിയും രൂപപ്പെടുത്തി.  നിക്ഷേപം, തൊഴിൽ തുടങ്ങിയവ അടിസ്ഥാനമാക്കി വ്യവസായങ്ങൾക്ക്‌ ഗോൾഡ്‌, സിൽവർ, ബ്രോൺസ്‌ എന്നിങ്ങനെ സ്‌റ്റാർ റേറ്റിങ്‌ ഏർപ്പെടുത്തും.  ഗ്രേഡ്‌ ‌‌ പരിഗണിച്ച്‌  ആനുകൂല്യങ്ങളും ഇളവും നൽകും. -വ്യവസായങ്ങൾക്ക്‌ ഒരാഴ്‌ചയ്‌ക്കകം ഉപാധികളോടെ ലൈസൻസ്‌ അനുവദിക്കും. ഒരു വർഷത്തിനകം നടപടിക്രമം പൂർത്തിയാക്കിയാൽ മതിയാകും. ഇത്തരത്തിൽ പുറംനാടുകളിൽനിന്ന്‌ സംരംഭകരെ ആകർഷിക്കാനുള്ള ഫലപ്രദമായ നടപടികളാണ്‌ സ്വീകരിച്ചുവരുന്നത്‌.

കൃഷി തൊഴിലായി സ്വീകരിച്ചവർക്ക്‌  സഹായം നൽകാനും മറ്റുള്ളവരെ കൃഷിയിലേക്ക്‌ ആകർഷിക്കാനും എൽഡിഎഫ്‌ സർക്കാരും തദ്ദേശ–- സഹകരണ  സ്ഥാപനങ്ങളും നടപ്പാക്കിയ പദ്ധതികൾക്ക്‌ കോവിഡ്‌ കാലത്ത്‌ ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉളവാക്കുന്നു.  പുതിയൊരു കാർഷിക സംസ്‌കാരത്തിലേക്ക്‌ കാലൂന്നാൻ  ഈ പ്രതിസന്ധി നമ്മെ നിർബന്ധിതരാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളം ഏറ്റെടുത്തുകഴിഞ്ഞു

എന്നാൽ, കേരളം ഇന്നു നേരിടുന്ന  പ്രതിസന്ധിയുമായി തട്ടിച്ചുനോക്കിയാൽ  ഇതെല്ലാം ചെറിയൊരു ആശ്വാസമേ  ആകുന്നുള്ളൂ. മലയാളികളുടെ  ഭക്ഷണവും  വസ്‌ത്രവും  നല്ലൊരുപങ്ക്‌  ഇതരനാടുകളിൽനിന്ന്‌ വരുന്നതാണ്. കോവിഡ്‌ സൃഷ്ടിക്കുന്ന പ്രതിസന്ധി എത്രനാൾ ഏങ്ങനെയെല്ലാം തുടരുമെന്നത്‌ പ്രവചനാതീതമാണ്‌. പ്രാഥമിക ആവശ്യങ്ങൾക്കുള്ളതെങ്കിലും ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക്‌ ഇനിയുമേറെ ദൂരം താണ്ടണം. കൃഷി കേരളീയന്റെ  നിത്യജീവിതത്തിന്റെ ഭാഗമല്ലാതായിട്ട്‌ കാലമേറെയായി. ഇനിയിത്‌ തുടരാനാകില്ലെന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ട്‌. കൃഷി തൊഴിലായി സ്വീകരിച്ചവർക്ക്‌  സഹായം നൽകാനും മറ്റുള്ളവരെ കൃഷിയിലേക്ക്‌ ആകർഷിക്കാനും എൽഡിഎഫ്‌ സർക്കാരും തദ്ദേശ–- സഹകരണ  സ്ഥാപനങ്ങളും നടപ്പാക്കിയ പദ്ധതികൾക്ക്‌ കോവിഡ്‌ കാലത്ത്‌ ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉളവാക്കുന്നു.  പുതിയൊരു കാർഷിക സംസ്‌കാരത്തിലേക്ക്‌ കാലൂന്നാൻ  ഈ പ്രതിസന്ധി നമ്മെ നിർബന്ധിതരാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളം ഏറ്റെടുത്തുകഴിഞ്ഞു.

തൊഴിൽ തേടി വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ‌ കഴിയുന്നവരുടെ വൈപുല്യം ഇന്നലെവരെ നമുക്കൊരു അഭിമാനമായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടും  സുരക്ഷ കൊതിച്ചും അവരിൽ കുറേയേറെ പേർ മടങ്ങിവരികയാണ്‌. രണ്ടര ലക്ഷത്തിലധികം പേർ ഇതിനകം എത്തി. ഇനിയുമേറെ പേർ വരാനുണ്ട്‌. ഇവരിൽ  പലരും ഉന്നത –- സാങ്കേതിക വിദ്യാഭ്യാസം നേടിയവരും പരിചയസമ്പന്നരുമാണ്. വലിയൊരു തൊഴിൽശക്തിയാണ്‌  തൊഴിൽരഹിതരായി എത്തുന്നത്‌.  ഇവരുടെ പ്രാവീണ്യം ഇനി കേരളത്തിന്‌ പ്രയോജനപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്‌. ഇതിന്റെ മറുവശമാണ്‌ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അതിഥിത്തൊഴിലാളികളുടെ മടക്കം. വിദഗ്‌ധരും- അവിദഗ്‌ധരും ഉൾപ്പെടുന്നതാണ്‌ ഈ  തൊഴിൽശക്തി. നിർമാണംമുതൽ  വീട്ടുജോലിവരെ സകല മേഖലകളിലും  ഇവരുടെ സാന്നിധ്യമുണ്ട്‌. ഭൂരിപക്ഷം പേരും നാടുകളിലേക്ക്‌ മടങ്ങിയതോടെ പലയിടങ്ങളിലും തൊഴിലെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്‌. ഈ കുറവ്‌ പരിഹരിക്കാൻ തദ്ദേശീയമായ തൊഴിൽ ബാങ്കുകൾ രൂപപ്പെടുത്താൻ സംരംഭകരും സഹകരണ സ്ഥാപനങ്ങളും വിദഗ്‌ധരും അവിദഗ്‌ധരുമായ യുവാക്കളുടെ സേവനം തേടുകയാണ്‌. കോവിഡ്‌കാല പ്രതിസന്ധിയെ മറികടക്കാൻ ഇത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനാകണം.

ലോക്‌ഡൗൺ തൊഴിൽരഹിതരാക്കിയ ഒട്ടേറെ പേരുണ്ട്. പൊതുഗതാഗതം, സിനിമ, ഇവന്റ്‌ ‌മാനേജ്‌മെന്റ്, മറ്റ്‌ വിനോദ–- കായിക മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന താൽക്കാലിക തൊഴിലാളികൾ തുടങ്ങിയവ ഇതിൽ ചിലതുമാത്രം. അത്തരക്കാർക്ക്‌  ഇതരമേഖലകളിൽ അവസരം ലഭിക്കണം. സർക്കാർ ഏജൻസികളും സഹകരണ സ്ഥാപനങ്ങളുമെല്ലാം സ്വയംതൊഴിൽ സംരംഭങ്ങൾക്ക്‌ വായ്‌പ‌കൾ നൽകാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ അഭിമാന സംരംഭങ്ങളായ കെ ഫോണും അർധ അതിവേഗ റെയിലും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവയാണ്‌. കിഫ്‌ബിയുടെ പദ്ധതികളും നിരവധിയാണ്‌. സർക്കാരും സ്വകാര്യമേഖലയും  സ്വയംതൊഴിൽ സംരംഭങ്ങളുമെല്ലാം  ഒത്തുചേർന്ന്‌ പ്രവർത്തിച്ചാലേ അതിജീവനത്തിന്റെ പുതിയപാഠങ്ങൾ നമുക്ക്‌ രചിക്കാനാകൂ.

ഇന്നത്തെ അരക്ഷിതാവസ്ഥയെ ചുഷണം ചെയ്യാൻ ശ്രമിക്കുന്നവരെ നിലയ്‌ക്കുനിർത്താൻ സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്‌.  പിരിച്ചുവിടൽ, വേതനം  വെട്ടിക്കുറയ്‌ക്കൽ തുടങ്ങിയവയ്‌ക്കെതിരെ സംസ്ഥാന തൊഴിൽവകുപ്പ്‌ കർശന നിലപാട്‌ സ്വീകരിക്കുന്നത്‌ സ്വാഗതാർഹമാണ്‌. പിൻവാതിൽ നിയമനം, പുനർ നിയമനം തുടങ്ങിയ പ്രവണതകളും തടയേണ്ടതുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയിൽനിന്ന്‌ വിരമിച്ചവരെ വീണ്ടും നിയമിച്ചത്‌ റദ്ദാക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top