06 December Wednesday

അനുവദിക്കരുത് ഈ അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016


സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുംവിധം ആക്രമണപരമ്പരകള്‍ നടത്തുന്ന ആര്‍എസ്എസ്, മാധ്യമപ്രവര്‍ത്തനവും അനുവദിക്കില്ലെന്നാണ് ഒറ്റപ്പാലം കോടതിവളപ്പില്‍ കഴിഞ്ഞദിവസം തെളിയിച്ചത്. ക്രിമിനല്‍ കേസില്‍ പ്രതികളായ ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകമാത്രമല്ല തീര്‍ത്തുകളയുമെന്ന് ഭീഷണി മുഴക്കുകകൂടി ചെയ്തു. "ഒരു ഭരണവും എംഎല്‍എയും ഇല്ലാത്തപ്പോഴും വെട്ടിയിട്ടുണ്ട്, തീര്‍ത്തുകളയുമെടാ സൂക്ഷിച്ചോ'' എന്നാണ് ആര്‍എസ്എസ് നേതാവ് മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറഞ്ഞത്. ക്യാമറകള്‍ തല്ലിത്തകര്‍ക്കുന്നതിന്റെയും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെയും ഭീഷണി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലോകമാകെ കണ്ടു. ഒറ്റപ്പാലത്ത് നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തുനിന്ന് നിയോഗിക്കപ്പെട്ട ആര്‍എസ്എസ് നേതാവാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി നെല്ലായ പഞ്ചായത്തില്‍ പൊട്ടച്ചിറ പ്രദേശത്ത് ആക്രമണം നടത്തിയ ആര്‍എസ്എസുകാരെയാണ് കോടതിയില്‍ ഹാജരാക്കിയത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയാണ് നെല്ലായയില്‍ ആര്‍എസ്എസ് ആക്രമണം നടത്തിയത്. അക്രമികളെ പൊലീസ് പിടികൂടിയതുതന്നെ ആര്‍എസ്എസിന്റെ ഭീഷണി അവഗണിച്ചാണ്. പൊലീസിന്റെ പ്രവര്‍ത്തനസ്വാതന്ത്യ്രം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും തടയാന്‍ ശ്രമിച്ച ആര്‍എസ്എസ് അത് പരാജയപ്പെട്ടിടത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത്. അക്രമക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ കടമയാണ്. അത് നിര്‍വഹിക്കാനെത്തിയവരെ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ച ആര്‍എസ്എസ്, പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജക്കഥ ചമച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം സംഘപരിവാറിനെ കടുത്ത നിരാശയിലാണ് ആഴ്ത്തിയത്. സംസ്ഥാനത്ത് മൂന്നാംശക്തിയായി വളര്‍ന്നുവെന്നും എഴുപതിലധികം സീറ്റ് നേടുമെന്നും വീമ്പുപറഞ്ഞ സംഘപരിവാറിന് തെരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബിഡിജെഎസ് എന്ന പുതിയ പാര്‍ടിയോട് കൂട്ടുചേര്‍ന്ന് നേട്ടംകൊയ്യാമെന്ന കണക്കുകൂട്ടല്‍ അമ്പേ പരാജയമായി. ആ ജാള്യംമൂലമാണ് കേരളത്തിലാകെ ആക്രമണം സംഘടിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറായത്. വോട്ടെണ്ണല്‍ ദിവസം ധര്‍മടം മണ്ഡലത്തില്‍ ആഹ്ളാദപ്രകടനം നടത്തുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞു. ഒരു സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ക്കടക്കം പരിക്കേറ്റു. തുടര്‍ന്നിങ്ങോട്ട് ആര്‍എസ്എസ് ആയുധം താഴെവച്ചിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയിലെ അംഗം സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത് ഒടിഞ്ഞ് പ്ളാസ്റ്ററിട്ട കൈയുമായാണ്. ആര്‍എസ്എസ് ആക്രമണത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

തെരഞ്ഞെടുപ്പിനുശേഷം രണ്ട് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് കൊന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായി. പാര്‍ടി ഓഫീസും വായനശാലകളും തകര്‍ത്തു. ഒരുഭാഗത്ത് ഇതെല്ലാം ചെയ്യുമ്പോള്‍ മറുവശത്ത് 'സിപിഐ എം ആക്രമണം' എന്ന വ്യാജപ്രചാരണവുമായി ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ അടക്കം ആര്‍എസ്എസ് പാഞ്ഞടുത്തു. അഹമ്മദാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സിപിഐ എമ്മിനെതിരെ പ്രമേയം പാസാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കണ്ട് സിപിഐ എമ്മിനെതിരായി ആരോപണങ്ങള്‍ നിരത്തി. കണ്ണൂരില്‍ രവീന്ദ്രനെ കൊന്ന പ്രദേശത്ത് ആര്‍എസ്എസ് 'അക്രമരാഷ്ട്രീയത്തിനെതിരെ' വാചകമടിക്കുന്ന വിചിത്രാനുഭവവും ഉണ്ടായി. ഖേദകരമെന്ന് പറയട്ടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുടെ ആക്രമണങ്ങള്‍ കാണുന്നില്ല. മറിച്ച് സിപിഐ എമ്മിനെതിരെ സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചാരണം അവരും ഏറ്റെടുക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് പൊലീസില്‍ ആര്‍എസ്എസ് വലിയ സ്വാധീനം ചെലുത്തിയിരുന്നു. ആനുകൂല്യങ്ങളും നേടിയിരുന്നു. അതിന്റെ ദൂഷ്യഫലം പൊലീസ്സേനയില്‍ ഇന്നും അവശേഷിക്കുന്നു. ആര്‍എസ്എസ് കണ്ണുരുട്ടുമ്പോഴും നിര്‍ദേശിക്കുമ്പോഴും അനുസരിക്കാന്‍ തയ്യാറാകുന്നവര്‍ പൊലീസിലുണ്ട്. അതിന്റെ ഫലമായാണ് നെല്ലായ അതിക്രമത്തിലുള്‍പ്പെടെ ആര്‍എസ്എസിനുനേരെ തിരിയാന്‍ പൊലീസ് കാണിക്കുന്ന മടി. അതുകൊണ്ടുതന്നെയാണ് പൊലീസുകാര്‍ക്കുമുന്നില്‍ അഴിഞ്ഞാടാന്‍ ആര്‍എസ്എസ് ധൈര്യപ്പെടുന്നത്. ഇത് തുടരാന്‍ അനുവദിച്ചുകൂടാ. ആര്‍എസ്എസിന്റെ പ്രാകൃതമായ ആശയങ്ങളെയും രാഷ്ട്രീയത്തെയും തുറന്നുകാട്ടുന്നതിനോടൊപ്പംതന്നെ അതിന്റെ ആക്രമണങ്ങള്‍ തടയാനും കഴിയേണ്ടതുണ്ട്.
യുഡിഎഫ് അല്ല ഇന്ന് കേരളം ഭരിക്കുന്നത്. പൊലീസിനും അന്വേഷണസംവിധാനങ്ങള്‍ക്കും സ്വതന്ത്രമായി നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ എന്നല്ല, ഒരാളും ആര്‍എസ്എസിന്റെ ആക്രമണത്തിന് ഇരയാകാതെ നോക്കാനുള്ള ആര്‍ജവം പൊലീസ് കാണിക്കണം. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കണം. ഒറ്റപ്പാലം സംഭവം ഒരു പാഠമായി എടുക്കണം. കേന്ദ്രഭരണമുള്ള കക്ഷിക്കോ എംഎല്‍എമാരുള്ള കക്ഷിക്കോ നീതിപീഠത്തിനുമുന്നില്‍ പ്രത്യേക അവകാശങ്ങളൊന്നുമില്ല. തങ്ങള്‍ അക്രമം കാണിച്ചാല്‍ ഇന്ത്യന്‍ പീനല്‍കോഡ് അനുസരിച്ചുള്ള നടപടികള്‍തന്നെയാണ് നേരിടേണ്ടി വരികയെന്ന് ആര്‍എസ്എസുകാര്‍ മനസ്സിലാക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top