17 June Monday

രണ്ട് രാഷ്ട്രീയം രണ്ട് ശൈലി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2016


പതിനാലാം സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കിയ കേരളജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പില്‍ 74 ശതമാനംപേര്‍ ജനാധിപത്യാവകാശം വിനിയോഗിച്ചതായാണ് ആദ്യറിപ്പോര്‍ട്ടുകള്‍. അന്തിമകണക്കില്‍ ചെറിയ മാറ്റം വരാം. ഫലമറിയാന്‍ രണ്ട് ദിനങ്ങളുടെകൂടി കാത്തിരിപ്പ്. പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. എന്നാല്‍, കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു രണ്ടായിരത്തി പതിനാറിലേത് എന്നത് കാണാതിരുന്നുകൂടാ. മുഖ്യമായും രണ്ടു കാരണങ്ങളാണ് ഇതിന്.

ഇത്രയേറെ വെറുക്കപ്പെട്ട ഒരു ജനദ്രോഹസര്‍ക്കാര്‍ ജനവിധി തേടുന്നു എന്നതുതന്നെ ഒന്നാമത്തേത്. ഭരണത്തിന്റെ എല്ലാമേഖലയിലും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിട്ട മറ്റൊരു സര്‍ക്കാര്‍ കേരളചരിത്രത്തിലുണ്ടാകില്ല. അതുപോലെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും പൊതു അവസ്ഥയും ഇത്രയും തകര്‍ത്ത മറ്റൊരു സര്‍ക്കാരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ജനവിധി സര്‍ക്കാരിനെ തൂത്തെറിയുന്നതാകും എന്ന് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ പ്രത്യാശപുലര്‍ത്തുന്നത്.

ഈ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്ന രണ്ടാമത്തെ കാരണം മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഹിന്ദുത്വവര്‍ഗീയതയുടെ വെളിപ്പെടല്‍തന്നെ. ഒളിഞ്ഞും തെളിഞ്ഞുംമാത്രം കേരളത്തിലെ തെരഞ്ഞെടുപ്പുരംഗത്ത് തലകാട്ടിയിരുന്ന ബിജെപി നേതൃത്വത്തിലുള്ള ഈ വര്‍ഗീയശക്തികള്‍ ഇക്കുറി കേന്ദ്രഭരണത്തിന്റെ ഹുങ്കും കണക്കില്ലാത്ത പണത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് സംസ്ഥാനത്താകെ വര്‍ഗീയപ്രചാരണത്തിന് മരുന്നിട്ടു. ജാതിഭേദത്തിനും മതദ്വേഷത്തിനുമെതിരെ പോരാടിയ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിലെ ചിലര്‍ ഇക്കൂട്ടര്‍ക്ക് വഴിയൊരുക്കാന്‍ മുന്നിലുംപിന്നിലും നടന്നു. യുഡിഎഫാകട്ടെ, ഈ വര്‍ഗീയ ചേരിതിരിവില്‍ തങ്ങള്‍ക്കെന്തുകിട്ടും എന്ന ലക്ഷ്യത്തോടെ നീങ്ങി. എങ്കിലും ഈ വര്‍ഗീയശക്തികളെ നിയമസഭയില്‍നിന്നകറ്റി നിര്‍ത്താന്‍ കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യബോധമുള്ള ജനതയ്ക്ക് കഴിയും. പക്ഷേ, തെരഞ്ഞെടുപ്പുകാലത്ത് ഇവര്‍ സംസ്ഥാനത്താകെ പാകിയ വര്‍ഗീയവിഷം നിറച്ച കുഴിബോംബുകള്‍ കണ്ടെത്തി നീക്കുന്ന ജോലി വരുംനാളുകളില്‍ ഇടതുപക്ഷ– മതനിരപേക്ഷ ശക്തികള്‍തന്നെ ഏറ്റെടുക്കേണ്ടിവരും.

പ്രചാരണത്തിലെ വീറുംവാശിയും ഒരുഘട്ടത്തിലും ഗൌരവമുള്ള സംഘര്‍ഷങ്ങളിലേക്കോ ഏറ്റുമുട്ടലുകളിലേക്കോ നയിച്ചില്ല എന്നതും ആഹ്ളാദകരമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ യുഡിഎഫ് നടത്തിയ കടുത്ത അപവാദപ്രചാരണത്തെ നേരിടാന്‍ ചിട്ടയായ പ്രചാരണത്തിലൂടെ എല്‍ഡിഎഫിന് കഴിഞ്ഞു. അവസാന നിമിഷം വരെ ഊരുംപേരുമില്ലാത്ത നോട്ടീസുകളിലൂടെയും പോസ്റ്ററുകളിലൂടെയും അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്ക് യുഡിഎഫ് ശ്രമിച്ചു. ഈ ഹീനകൃത്യത്തിന് പിടിയിലായവരില്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ പിഎ പോലുമുണ്ട്. എത്ര മലീമസമായ മനസ്സും രാഷ്ട്രീയവുമായാണ് ഇവര്‍ ജനങ്ങളെ നേരിട്ടതെന്ന് ഇതൊക്കെ വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ വന്‍തോതില്‍ പണവും മദ്യവും ഒഴുക്കിയതിനുപുറമെയായിരുന്നു വ്യാജ നോട്ടീസുകളിലൂടെയുള്ള പ്രചാരണം. ഇതിന്റെ മറ്റൊരു രൂപമായിരുന്നു വടകരയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം. വോട്ടുചോദിക്കാന്‍ ചെന്ന്, വീട്ടുകാരോട് മോശമായി പ്രതികരിച്ചുമടങ്ങിയ സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടെന്ന കള്ളക്കഥ പരത്താന്‍ മുഖ്യമന്ത്രിപോലും രംഗത്തെത്തി.

യുഡിഎഫിന്റെ ഈ കള്ളക്കളികള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും മലയാള മനോരമയും മാതൃഭൂമിയുംപോലുള്ള പത്രങ്ങള്‍ പത്രധര്‍മം കാറ്റില്‍പറത്തി പിന്തുണയും നല്‍കി. കുറെ വാര്‍ത്താചാനലുകളും ഇവര്‍ക്ക് അരുനിന്നു. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ നുണക്കഥകള്‍ പലതും പൊളിച്ചടുക്കപ്പെട്ടു. വ്യാപകമായ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത് സാധിച്ചത്. അതും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയായി. എങ്കിലും സാമൂഹ്യമാധ്യമ ശൃംഖലയ്ക്ക് പുറത്തുള്ള കുറെ വോട്ടര്‍മാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായി എന്ന ആശ്വാസത്തിലാണ് മുഖ്യധാരാമാധ്യമങ്ങള്‍. ബിജെപിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ പെരുംനുണകളുടെ മറനീക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങളിലെ നിഷ്പക്ഷരും ഇടതുപക്ഷ പ്രവര്‍ത്തകരുമായ സൈബര്‍ പോരാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രചാരണരീതികളില്‍ പുലര്‍ത്തിയ വ്യത്യസ്തതകളും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വേറിട്ടതാക്കി. പ്രകൃതിയോടിണങ്ങിയുള്ള പ്രചാരണസാമഗ്രികള്‍ കൂടുതലായി ഉപയോഗിച്ചും മരംനട്ടും മാലിന്യംനീക്കിയും നടത്തിയ പുതുനീക്കങ്ങളും ഇതില്‍ എടുത്തുപറയേണ്ടവയാണ്. തെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കേണ്ടതല്ല ഈ വഴിക്കുള്ള ശ്രമങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ഫ്ളക്സ് അടക്കമുള്ള എല്ലാ സാമഗ്രികളും നീക്കംചെയ്ത് പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ സംസ്കരിക്കണമെന്ന്, പരസ്യപ്രചാരണം അവസാനിച്ച നാളില്‍ പിണറായി വിജയന്‍ നല്‍കിയ സന്ദേശം. ചുരുക്കത്തില്‍ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ താരതമ്യംചെയ്യാനുള്ള അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ് മാറി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top