29 March Friday

ബംഗാളിലെ 'പരിവര്‍ത്തനം'

വെബ് ഡെസ്‌ക്‌Updated: Wednesday Mar 16, 2016

പശ്ചിമബംഗാളിനെ മാര്‍ക്സിസ്റ്റ് ഭരണത്തില്‍നിന്ന് മോചിപ്പിച്ച് പരിഷ്കരിക്കും എന്ന പ്രഖ്യാപനവുമായാണ് അഞ്ചുകൊല്ലംമുമ്പ് മമത ബാനര്‍ജി അധികാരത്തിലേറിയത്. മമതാദീദിയുടെ വാഴ്ത്തുപാട്ടുകളുമായി അന്ന് മാര്‍ക്സിസ്റ്റ് വിരുദ്ധരാകെ അതിനെ ആഘോഷിച്ചു. ആ പിന്തുണയുടെ തണലില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നുതള്ളിയപ്പോഴും പാര്‍ടി ഓഫീസുകള്‍ക്ക് തീയിട്ടപ്പോഴും പാര്‍ടി അനുഭാവികളെപ്പോലും ആട്ടിയോടിച്ചപ്പോഴും പ്രതിഷേധിക്കാന്‍പോയിട്ട്, ആ ഭാഗത്തേക്ക് ഒന്നു നോക്കാന്‍പോലും മാര്‍ക്സിസ്റ്റ് വിരോധം തലയിലുറച്ചവര്‍ തയ്യാറായില്ല. സിപിഐ എമ്മിനെ തകര്‍ക്കാനോ തളര്‍ത്താനോ ഉള്ള ഏതു നീചകൃത്യവും ന്യായീകരിക്കപ്പെട്ടുന്ന അവസ്ഥ. അഞ്ചുകൊല്ലം തികഞ്ഞില്ല. ബംഗാള്‍ മമത ബാനര്‍ജിയുടെ ചിറകിനടിയില്‍ എങ്ങനെ പരിവര്‍ത്തിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം നാരദ് എന്ന വെബ്സൈറ്റ് പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴവാങ്ങുന്ന ഒളിക്യാമറാദൃശ്യങ്ങള്‍ ഒന്നൊന്നായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നാരദ് കാണിച്ചപ്പോള്‍, ഇന്ത്യയിലെ ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ അസഹ്യമായ ദുര്‍ഗന്ധമാണ് പുറത്തുവന്നത്. 

ശാരദാ ചിട്ടിതട്ടിപ്പുകേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പതിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കൂറ്റന്‍ അഴിമതികള്‍ മന്ത്രിസ്ഥാനത്തിരുന്നവരെ ജയില്‍പ്പുള്ളികളാക്കിയിട്ടുണ്ട്. ബിജെപിയുടെ അധ്യക്ഷനായിരിക്കെ ബംഗാരു ലക്ഷ്മണ്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയത് ഒളിക്യാമറയില്‍ പിടിക്കപ്പെട്ട് നാണംകെട്ട് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അതേ ശ്രേണിയില്‍ അവരേക്കാള്‍ മുന്നിലാണ് തൃണമൂലിന്റെയും സ്ഥാനം എന്നാണ്, മുന്‍ റെയില്‍മന്ത്രി മുകുള്‍ റോയിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിക്യാമറയ്ക്കുമുന്നില്‍ പണക്കെട്ടുകള്‍ ആര്‍ത്തിയോടെ എണ്ണിയെണ്ണി വാങ്ങുന്ന ദൃശ്യങ്ങളില്‍ തെളിയുന്നത്. തെഹല്‍കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ എടുത്ത ഒളിക്യാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്. പാര്‍ടി നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 14 പേരുടെ ദൃശ്യങ്ങളാണ് നാരദ പുറത്തുവിട്ടത്. ഇംപക്സ് കണ്‍സള്‍ട്ടന്‍സി എന്നു പേരിട്ട കമ്പനിക്ക് സഹായം അഭ്യര്‍ഥിച്ചാണ് എംപിമാരെയും മന്ത്രിമാരെയും അന്വേഷകസംഘം സമീപിച്ചത്. പണം കൈപ്പറ്റിയശേഷം കമ്പനിക്ക് എല്ലാ സഹായങ്ങളും ഇവര്‍ വാഗ്ദാനംചെയ്യുന്നതിന്റെ ദൃശ്യങ്ങളും ശബ്ദരേഖയുമുണ്ട്. മുന്‍ റെയില്‍മന്ത്രിയും ടിഎംസിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി 20 ലക്ഷം രൂപയാണ് കമ്പനിക്ക് സഹായംചെയ്യാന്‍ കൈപ്പറ്റിയത്.

മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ എംപിയുമായ സുല്‍ത്താന്‍ അഹമ്മദ്, മുന്‍ കേന്ദ്രമന്ത്രിയായ സുഗതാ റോയി, മന്ത്രി സുബ്രതാ മുഖര്‍ജി, നഗരവികസനമന്ത്രി ഫര്‍ഹാദ് ഹക്കിം, മുന്‍ മന്ത്രി മദന്‍ മിത്ര, ബംഗാള്‍ എംഎല്‍എ ഇക്ബാല്‍ അഹമ്മദ്, നേതാക്കളായ സുവേന്ദു അധികാരി, കക്കോലി ഘോഷ് ദസ്തികര്‍ എന്നിവര്‍ അഞ്ചുലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. കൊല്‍ക്കത്ത മേയര്‍ പ്രസൂന്‍ ബാനര്‍ജി വാങ്ങിയത് നാലുലക്ഷം രൂപ. തൃണമൂല്‍ നേതാക്കളിലാരും പണംവേണ്ടെന്ന് പറഞ്ഞില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് സിപിഐ എം ഇതുവരെ പറഞ്ഞുവന്ന കാര്യങ്ങള്‍ അര്‍ഥശങ്കയില്ലാതെ സാധൂകരിക്കപ്പെടുകയാണിവിടെ. അടിമുടി അഴിമതിയാണ്, അക്രമവും അധികാര ദുര്‍വിനിയോഗവുമാണവിടെ. മാര്‍ക്സിസ്റ്റ് വിരോധം എന്ന ഒറ്റ അജന്‍ഡയില്‍ ഈ കൊള്ളരുതായ്മകളാകെ നടത്താനുള്ള ലൈസന്‍സ് നേടുകയാണ്. തൃണമൂല്‍ നേതാക്കള്‍ പങ്കാളികളായ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ഫലപ്രദമല്ല. പരമാവധി വൈകിപ്പിച്ചും വെള്ളംചേര്‍ത്തും ബിജെപിയും തൃണമൂലും ഒത്തുകളിക്കുകയാണ്. ഇപ്പോള്‍ നാരദ് പുറത്തുകൊണ്ടുവന്ന അനിഷേധ്യമായ തെളിവുകളും അങ്ങനെ തമസ്കരിക്കപ്പെട്ടുകൂടാ. സമഗ്രമായ അന്വേഷണം നടത്തുകയും മമതാ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും നടപടികളും പുനഃപരിശോധിക്കുകയുംവേണം. അവിഹിതമായി സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് തൃണമൂല്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുംചെയ്യുന്നത്. സിപിഐ എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിര്‍ഭയവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നതാണ് ഈ അഴിമതി.

ബംഗാളില്‍ അഴിമതിക്കാര്‍ ക്യാമറയ്ക്കുമുന്നില്‍ കുടുങ്ങിയെങ്കില്‍, കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. സോളാര്‍ തട്ടിപ്പുമായി ഇതിന് സമാനതകള്‍ ഒട്ടേറെയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നതകോണ്‍ഗ്രസ് നേതാവ്, തട്ടിപ്പുകേസിലെ പ്രതിയുമായി അഞ്ഞൂറിലേറെ തവണ ഫോണ്‍സംഭാഷണം നടത്തിയെന്നാണ് ഏറ്റവുമൊടുവില്‍ അന്വേഷണകമീഷന്‍ മുമ്പാകെ തെളിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ മുഖമാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കോണ്‍ഗ്രസ്. അഴിമതിയിലും മാര്‍ക്സിസ്റ്റ് വിരോധത്തിലും അധികാരദുര്‍വിനിയോഗത്തിലും അവര്‍ പരസ്പരം മത്സരിക്കുന്നു. അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സഹായകമാകുന്നതാണ്, നാരദയുടെ വെളിപ്പെടുത്തലും സോളാര്‍ കമീഷന്റെ തെളിവെടുപ്പും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top