24 April Wednesday

പുതിയ കേരളത്തിലേക്ക് ആവേശത്തോടെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2016

ശംഖുംമുഖത്ത് കടലിരമ്പത്തിനൊപ്പം ജനലക്ഷങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ഉയര്‍ന്നത് മാറിച്ചിന്തിക്കുന്ന കേരളത്തിന്റെ ശബ്ദമാണ്. പുതിയ കേരളം സൃഷ്ടിക്കാനുള്ള ആഹ്വാനമുയര്‍ത്തി ഐതിഹാസിക  ജനമുന്നേറ്റമായി മാറിയ നവകേരള മാര്‍ച്ച്, വര്‍ഗീയതയ്ക്കും അഴിമതിക്കും ഇടമില്ലാത്ത കേരളപുരോഗതി സാധ്യമാണെന്ന പ്രഖ്യാപനമാണ് മുഴക്കിയത്. വത്തമാനകാലത്തിന്റെ ഈടും ഭാവിയുടെ പ്രതീക്ഷയും ഇടതുപക്ഷമാണെന്ന ബോധ്യവുമായാണ് ജനലക്ഷങ്ങള്‍ ഈ മാര്‍ച്ചിനെ വരവേറ്റത്. സിപിഐ എമ്മിന്റെ അജയ്യശക്തിയുടെ അനിഷേധ്യ വിളംബരം എന്നതിനൊപ്പം അഴിമതിക്കും വര്‍ഗീയവിപത്തിനുമെതിരായ പോരാട്ടം നയിക്കാന്‍ സിപിഐ എമ്മിനാണ് കഴിയുക എന്ന വികാരംകൂടിയാണ് കേരളം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്തത്രയും വലിയ ജനപങ്കാളിത്തത്തില്‍ പ്രതിഫലിച്ചത്.  

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച മാര്‍ച്ച്   ഒരുമാസംനീണ്ട പ്രയാണത്തിനാണ് തലസ്ഥാനത്ത് പരിസമാപ്തി കുറിച്ചത്. ജനുവരി 15ന് അത്യുത്തരകേരളത്തിലെ ഉപ്പള പട്ടണത്തില്‍ ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15ന് സമാപന സമ്മേളനം സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമ്പോഴേക്കും 30 ലക്ഷത്തിലേറെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് റെക്കോഡ് സൃഷ്ടിച്ച ബഹുജന സമ്പര്‍ക്ക പരിപാടി എന്ന നിലയിലേക്കാണ് മാര്‍ച്ച് ഉയര്‍ന്നത്. പ്രിയ കവി ഒ എന്‍ വിയുടെ വിയോഗംമൂലം സമാപനപരിപാടി ഒരു ദിവസം മാറ്റിവച്ചു.  പ്രവൃത്തിദിവസമായതിനാല്‍, തിങ്കളാഴ്ച മാര്‍ച്ചിനെത്താന്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പ്രയാസമുണ്ടായിട്ടുപോലും എല്ലാ പ്രതീക്ഷയും മറികടക്കുന്ന ജനസഞ്ചയമാണ് ശംഖുംമുഖത്തേക്ക് ഒഴുകിയത്.

'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി ആശയവിനിമയം നടത്തിയ മാര്‍ച്ചിന് 116 കേന്ദ്രത്തിലാണ് സ്വീകരണം ലഭിച്ചത്. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല മാര്‍ച്ചില്‍ പങ്കാളികളായത്. മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ എത്തി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലും ഒരേ തരത്തിലുള്ള ആവേശവും ജനപങ്കാളിത്തവുമാണ് ദൃശ്യമായത്. ഏത് ജില്ലയിലാണ്, ഏത് മണ്ഡലത്തിലാണ് ഗംഭീരമെന്ന് തിരിച്ചറിയാനാകാത്തവിധം ജനനിബിഡമായിരുന്നു സ്വീകരണങ്ങള്‍. നേരിട്ട് സ്വീകരണത്തിനെത്തിയതിന് എത്രയോ മടങ്ങ് ജനങ്ങള്‍ പാതയോരങ്ങളിലും സ്ഥാപനങ്ങളിലും കാത്തുനിന്ന് മാര്‍ച്ചിനെ അഭിവാദ്യംചെയ്തു.

കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. യുഡിഎഫ് ഭരണം സമ്പൂര്‍ണ നൈരാശ്യമാണ് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. യുഡിഎഫ് ഭരണത്തില്‍ വിനാശത്തിലേക്കാണ് നാട് പതിക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ സിപിഐ എമ്മില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്നത്. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരായ ശരിയായ രാഷ്ട്രീയനിലപാടെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന് ശക്തിപകരാനുമുള്ള ദൌത്യമാണ് ഈ മര്‍ച്ചിനെ ചരിത്രവിജയമാക്കി കേരളജനത ഏറ്റെടുത്തത്. ഇന്നത്തെ അവസ്ഥ മാറ്റാനും ഭാവിതലമുറയോട് നീതിചെയ്യാനും സിപിഐ എമ്മിന്റെ കരങ്ങളാണ് ശക്തിപ്പെടുത്തേണ്ടത് എന്ന ജനകീയ പ്യ്രഖ്യാപനമാണിത്.  മതനിരപേക്ഷതയും ഫെഡറലിസവും ജനങ്ങളുടെ മൌലികാവകാശങ്ങളും അപകടപ്പെടുന്ന അനുഭവങ്ങള്‍ തുടരെത്തുടരെ ഉണ്ടാകുമ്പോള്‍,  അസഹിഷ്ണുത കൊടികുത്തിവാഴുമ്പോള്‍, ഭരണസ്തംഭനവും അഴിമതിയുടെ അതിപ്രസരവും കേരളത്തെ അരാജകാവസ്ഥയിലേക്ക് തള്ളിയിടുമ്പോള്‍, പുരോഗതിയിലേക്കുള്ള വഴി അടയുമ്പോള്‍, ജനങ്ങള്‍ ഒന്നിച്ച് പ്രതിരോധം തീര്‍ക്കുമെന്നും അതിന്റെ നായകത്വം സിപിഐ എമ്മിനാണെന്നുമാണ് ഈ മഹാജനപ്രവാഹം വിളിച്ചോതിയത്.

മറ്റൊരു രാഷ്ട്രീയകക്ഷിക്കും സാധ്യമല്ലാത്ത സംഘാടനമാണ് ഇത്. പിന്നിട്ട 116 സ്വീകരണകേന്ദ്രത്തിലും മഹാജനപ്രവാഹമാണ് ഉണ്ടായതെങ്കില്‍, ചൊവ്വാഴ്ച തലസ്ഥാനനഗരത്തില്‍ ജനസമുദ്രംതന്നെയാണ് രൂപപ്പെട്ടത്. കേരളത്തിന്റെ മഹനീയ മാതൃകയെ തിരിച്ചുപിടിക്കാനും പുതിയ കേരളം കെട്ടിപ്പടുക്കാനുമുള്ള കടമ ഏറ്റെടുത്താണ് ഓരോരുത്തരും ഈ മാര്‍ച്ചില്‍ പങ്കാളികളായത്. മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയന്‍, മാനേജര്‍ എം വി ഗോവിന്ദന്‍, അംഗങ്ങളായ കെ ജെ തോമസ്,  പി കെ ബിജു, പി കെ സൈനബ, എം ബി രാജേഷ്, എ സമ്പത്ത്, കെ ടി ജലീല്‍, മാര്‍ച്ചിനൊപ്പം സഞ്ചരിച്ച വിവിധ സംഘങ്ങള്‍, സ്വീകരണയോഗങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുത്തവര്‍, സ്വീകരണങ്ങള്‍ വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ചവര്‍, സഹായം നല്‍കിയവര്‍, ആവേശപൂര്‍വം സ്വീകരണത്തിനെത്തിയവര്‍– എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. മാര്‍ച്ച് മുന്നോട്ടുവച്ച രാഷ്ട്രീയ– സാമൂഹിക വിഷയങ്ങളും രാഷ്ട്രീയ മുദ്രാവാക്യവും പുതിയ കേരളത്തെക്കുറിച്ചുള്ള കാഴചപ്പാടുമാകും ഇനിയുള്ള നാളുകളില്‍ കേരളം ചര്‍ച്ചചെയ്യുക. അതുകൊണ്ടുതന്നെ നവകേരള മാര്‍ച്ച് പുതിയ കേരളത്തിലേക്കുള്ള ഉശിരന്‍ ചുവടുവയ്പാണെന്ന് ഉറപ്പിച്ചു പറയാനാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top