20 April Saturday

നിയമ പോരാട്ടത്തിലും വഴികാട്ടി കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മറ്റൊരു സമരമുഖംകൂടി തുറക്കുകയാണ്‌. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തെ നേരിടാൻ ഭരണഘടനതന്നെ തുറന്നുതന്നിട്ടുള്ള വഴി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നു. സംസ്ഥാനങ്ങൾ തമ്മിലും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലും നിയമതർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കാനുള്ള വഴിയാണ്‌ ഭരണഘടനയുടെ 131–-ാം അനുച്ഛേദത്തിലുള്ളത്‌. സംസ്ഥാന സർക്കാർ അത്‌ പ്രയോജനപ്പെടുത്തുന്നു.

131–-ാം അനുച്ഛേദം നിയമത്തിൽ വന്നിട്ട്‌ പതിറ്റാണ്ടുകളായെങ്കിലും ഏറെയൊന്നും ഉപയോഗിക്കപ്പെട്ടിട്ടില്ല. മുമ്പ്‌ നാലുതവണ മാത്രമാണ്‌ ഈ അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരുകൾ കേസുമായി സുപ്രീംകോടതിയിലെത്തിയിട്ടുള്ളത്‌. കേരളം ആദ്യമായാണ് ഈ അനുച്ഛേദം പ്രയോജനപ്പെടുത്തുന്നത്. ഇത്തരം കേസുകൾ നിലനിൽക്കുമോ എന്ന നിയമപ്രശ്നമാണ്‌ സുപ്രീംകോടതി മിക്കപ്പോഴും പരിഗണിച്ചത്‌. ഇക്കാര്യത്തിൽ തിരിച്ചും മറിച്ചുമുള്ള വിധികൾ ഉണ്ടായിട്ടുണ്ട്‌.

1977ൽ വന്ന വിധി വ്യക്തമായിരുന്നു. ഭരണഘടന വ്യാഖ്യാനിക്കുന്നതുസംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ തർക്കം വരികയും ഈ തർക്കത്തിന്‌ അടിസ്ഥാനമായ വിഷയം സംസ്ഥാനത്തെ  ബാധിക്കുന്നതും ആണെങ്കിൽ 131–-ാം  അനുച്ഛേദം അനുസരിച്ച് കേസ് നിലനിൽക്കും എന്നായിരുന്നു വിധി. എന്നാൽ, പിന്നീട് 2011ലും 2015ലും വ്യത്യസ്‌തമായ വിധി വന്നു. 131 അനുസരിച്ചുള്ള സ്യൂട്ട് നിലനിൽക്കില്ല എന്നായിരുന്നു 2011ലെ വിധി. 2015ൽ ജസ്‌റ്റിസ്‌ ജെ ചെലമേശ്വറും  ഇപ്പോഴത്തെ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയും ഉൾപ്പെട്ട ബെഞ്ച്‌ ഈ വിധിയോട്‌ വിയോജിച്ചു. ഇക്കാര്യം ഒരു വിപുലമായ മറ്റൊരു ബെഞ്ച്‌ പരിഗണിക്കണം എന്നും വിധിച്ചു. എന്നാൽ,  ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.

ഇപ്പോൾ സംസ്ഥാന സർക്കാർ അനുച്ഛേദം 131 വഴി കോടതിയെ സമീപിച്ചതോടെ പൗരത്വ നിയമത്തിനെതിരായ നിയമ പോരാട്ടത്തിന്റെ മാനംതന്നെ മാറുന്ന അവസ്ഥ വരുമെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോൾ സുപ്രീംകോടതിയുടെ മുമ്പിലുള്ള 60 ഹർജി ഭരണഘടനയുടെ 32–-ാം അനുച്ഛേദം  അനുസരിച്ചുള്ളവയാണ്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ വ്യക്തികൾക്കും സംഘടനകൾക്കും സ്വീകരിക്കാവുന്ന നിയമമാർഗമാണിത്‌. ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഈ വ്യവസ്ഥപ്രകാരം ഹർജി നൽകിയിട്ടുണ്ട്‌. ഒരു സംസ്ഥാന സർക്കാരിന്‌  32–-ാം അനുച്ഛേദം  ഉപയോഗിച്ച്‌ കോടതിയെ സമീപിക്കാനാകില്ല. അതുകൊണ്ടാണ്‌ സർക്കാർ 131–-ാം അനുച്ഛേദം പ്രയോജനപ്പെടുത്തുന്നത്‌. 32 –-ാം അനുച്ഛേദമനുസരിച്ച് ഫയൽ ചെയ്‌ത ഹർജികൾ ഇപ്പോൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചാണ്. എന്നാൽ, സംസ്ഥാന സർക്കാർ നൽകിയ 131–-ാം അനുച്ഛേദപ്രകാരമുള്ള കേസ്‌ പരിഗണിക്കാൻ ആ ബെഞ്ച്‌ പോരാ. അതിന് അഞ്ചംഗ  ബെഞ്ച്‌ വേണ്ടിവന്നേക്കും. അങ്ങനെ വന്നാൽ പുതുതായി രൂപീകരിക്കുന്ന വിപുലമായ ബഞ്ചിലേക്ക്‌ മറ്റ്‌ റിട്ട്‌ ഹർജികളും മാറിയേക്കും. ചുരുക്കത്തിൽ വിഷയത്തിലാകെ കൂടുതൽ വിപുലമായ നിയമ പരിഗണനയ്‌ക്ക്‌ വഴി തെളിയും. 32‐ാം  അനുച്ഛേദം അനുസരിച്ചുള്ള കേസുകൾ ഫയലിൽ സ്വീകരിക്കാതെപോലും തള്ളാനാകും. എന്നാൽ, 131 അനുസരിച്ചുള്ള സ്യൂട്ട് കേട്ട ശേഷമേ അതിൽ തീരുമാനം എടുക്കാൻ കഴിയൂ. ആ നിലയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ നീക്കം കൂടുതൽ ഫലപ്രദമാണെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ജനവിരുദ്ധനയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരുമായി കേരള സർക്കാരുകൾക്ക്‌ നിരന്തരം ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്‌. ആ സമരങ്ങളുടെ തുടർച്ച തന്നെയാണ്‌ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാരിന്റെ നീക്കം

സംസ്ഥാന സർക്കാരുകളെ ഒരു സമരായുധം എന്ന നിലയിൽക്കൂടി പ്രയോജനപ്പെടുത്തണം എന്നതാണ്‌ ഇടതുപക്ഷത്തിന്റെ എന്നത്തെയും കാഴ്‌ചപ്പാട്‌. 1957ലും 1967ലും വന്ന സർക്കാരുകളും പിന്നീട്‌ 80 കൾക്കുശേഷം അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരുകളും ഈ കാഴ്‌ചപ്പാട്‌ അനുസരിച്ച്‌ നീങ്ങി. ജനവിരുദ്ധനയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരുമായി കേരള സർക്കാരുകൾക്ക്‌ നിരന്തരം ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്‌. ആ സമരങ്ങളുടെ തുടർച്ച തന്നെയാണ്‌ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാരിന്റെ നീക്കം. ഇക്കുറി പക്ഷേ, സംസ്ഥാന സർക്കാർ ഏർപ്പെട്ടിരിക്കുന്നത്‌ രാജ്യത്തെ എഴുതപ്പെട്ട ഭരണഘടനയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്‌.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ അട്ടിമറിക്കുംവിധം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരാണ്‌ ഈ പോരാട്ടം. അതുകൊണ്ട്‌ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കേണ്ടിവരും. നിയമനിർമാണസഭകളും കോടതികളും പ്രയോജനപ്പെടുത്തേണ്ടിവരും. സംസ്ഥാന നിയമസഭയിൽ കേന്ദ്ര നിയമത്തിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്‌ ആദ്യ ദിശയിലുള്ള നീക്കമായിരുന്നു. ഐകകണ്‌ഠ്യേനയാണ്‌ ആ പ്രമേയം പാസായത്‌. അതിനർഥം കേരളജനത ഒന്നാകെ ഭരണ–-പ്രതിപക്ഷ ഭേദമില്ലാതെ സർക്കാരിനൊപ്പമാണെന്നാണ്‌. അങ്ങനെ ഒന്നിച്ചുനിൽക്കുന്ന ഒരു ജനതയുടെ ജനാഭിപ്രായത്തിന്റെ ബലത്തിലാണ്‌ സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലേക്ക്‌ നീങ്ങുന്നത്‌. സ്യൂട്ട്‌ ഫയൽ ചെയ്‌തിരിക്കുന്നത്‌ സംസ്ഥാന സർക്കാരാണെങ്കിലും യഥാർഥത്തിൽ  ഈ പോരാട്ടം നയിക്കുന്നത്‌ എന്നും അനീതികൾക്കെതിരെ പൊരുതി മുന്നേറി ചരിത്രം എഴുതിയിട്ടുള്ള കേരള ജനതയാണ്‌. ഈ ജനതയുടെ നേതൃത്വം ഏറ്റെടുത്തുള്ള സംസ്ഥാന സർക്കാരിന്റെ ഈ നീക്കവും വിജയത്തിലെത്തും എന്ന്‌ പ്രതീക്ഷിക്കാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുള്ള രാഷ്ട്രീയ പാർടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകൾ കേസിൽ കക്ഷി ചേർന്ന്‌ കേരളത്തിനൊപ്പം നിൽക്കുമെന്നും കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top