04 December Sunday

കണ്ണൂര്‍ പ്രഥമ സാന്ത്വനപരിചരണ സൗഹൃദജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jan 16, 2018


ആലപ്പുഴയില്‍ 2015ല്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു സാന്ത്വനപരിചരണരംഗത്ത് പാര്‍ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാലത്തുതന്നെ പ്രധാനമായി കണ്ട പ്രവര്‍ത്തനമാണ് ആതുരശുശ്രൂഷ. വസൂരിയും കോളറയുമൊക്കെ പടര്‍ന്നുപിടിച്ച കാലത്ത് പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസവും കൂറും പാര്‍ടി നേടിയെടുത്തത്. പുതിയ കാലത്താകട്ടെ അണുകുടുംബ വ്യവസ്ഥയും ജോലിതേടിയുള്ള പ്രവാസവുമൊക്കെ ചേര്‍ന്ന് പ്രശ്നങ്ങള്‍ ഒന്നുകൂടി രൂക്ഷമായി. രോഗികളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങള്‍ സമൂഹം ഒന്നടങ്കം ഏറ്റെടുക്കേണ്ട സ്ഥിതിയാണ് ഇന്ന്. ഈ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനാണ്് സാന്ത്വനപരിചരണം പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. മൂന്നുവര്‍ഷം പിന്നിട്ട് വീണ്ടും സംസ്ഥാന സമ്മേളനം തൃശൂരില്‍ ചേരുമ്പോള്‍ സാന്ത്വനപരിചരണരംഗത്ത് ആശാവഹമായ പുരോഗതിയാണ് കൈവരിച്ചതെന്ന് കാണാന്‍ കഴിയും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച കര്‍മപദ്ധതിയിലും സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം അടിവരയിട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സാമ്പത്തികശേഷി ഉള്ളവര്‍ക്കുപോലും ചികിത്സയ്ക്കും പരിചരണത്തിനും സൗകര്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യങ്ങള്‍ നിലവിലുണ്ട്. സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരുടെ കാര്യം പറയുകയേവേണ്ട. ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചാണ് പാലിയേറ്റീവ്‐വയോജന നയങ്ങള്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. സാന്ത്വനചികിത്സ സാർവത്രികമാക്കുമെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും എല്‍ഡിഎഫ് വാഗ്ദാനം ചെയ്തു. പിഎച്ച്സിമുതല്‍ മുകളിലേക്ക് എല്ലാതലത്തിലും വയോജനങ്ങള്‍ക്ക് പ്രത്യേക ആരോഗ്യസംവിധാനങ്ങള്‍, വിനോദത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ലഘുഭക്ഷണത്തിനും സൗകര്യങ്ങളോടെ വയോജനങ്ങള്‍ക്ക് പകൽവീടുകള്‍, വയോജന പ്രശ്നങ്ങളുടെ സമഗ്രമായ പഠനം തുടങ്ങിയവയായിരുന്നു കര്‍മപരിപാടികള്‍. എല്‍ഡിഎഫ് കാഴ്ചപ്പാട് പ്രായോഗികരംഗത്ത് വിജയകരമായി നടപ്പാക്കിക്കൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കപ്പുറം ശക്തമായ ബഹുജന ഇടപെടലിലൂടെമാത്രമേ സാന്ത്വനപരിചരണം അര്‍ഹരായ എല്ലാവരിലും എത്തിക്കാനാകൂ എന്ന തിരിച്ചറിവോടെയാണ് സിപിഐ എം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ സമ്മേളന തീരുമാനപ്രകാരം സംസ്ഥാനത്തെമ്പാടും ചെറുതും വലുതുമായ പാലിയേറ്റീവ് സംരംഭങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളും പ്രവര്‍ത്തകരും മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഇനിയുമേറെ വിപുലീകരിക്കേണ്ടതുണ്ട്. ഇത്തരമൊരു പരിശോധനയില്‍ കണ്ണൂര്‍ ജില്ലയിലെ നേട്ടങ്ങള്‍ വേറിട്ടുനില്‍ക്കുന്നതായി കാണാം. ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ( ഐആര്‍പിസി) എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സിപിഐ എം ഈ രംഗത്ത് മുന്നോട്ടുവച്ച ഏറ്റവും മികച്ച മാതൃകയാണ്.

രോഗവും വാര്‍ധക്യവും തളര്‍ത്തിയവര്‍ക്ക് വീട്ടില്‍ സഹായവും പരിചരണവും എത്തിക്കുക എന്നതാണ് പൊതുരീതിയെങ്കിലും പ്രയാസമനുഭവിക്കുന്ന ആര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്ന പ്രസ്ഥാനമായി ഐആര്‍പിസി മാറി. പരിശീലനം ലഭിച്ച 2500 സന്നദ്ധ പ്രവര്‍ത്തകര്‍, 50 പേരെ കിടത്തി ചികിത്സിക്കാവുന്ന കണ്ണൂര്‍ തയ്യിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സാന്ത്വന കേന്ദ്രം, ബക്കളത്ത് ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ആരോഗ്യപരിപാലനകേന്ദ്രം എന്നിവയെല്ലാം സന്നദ്ധപ്രവര്‍ത്തനരംഗത്തെ അപൂർവതകളാണ്. ഇതിനെല്ലാമുള്ള ധനസമാഹരണത്തിലുമുണ്ട് ഏറെ പ്രത്യേകത. മണ്‍മറഞ്ഞ മാതാപിതാക്കളെ അനുസ്മരിക്കുന്ന വേളകളിലും വിവാഹമടക്കമുള്ള വിശേഷാവസരങ്ങളിലും സ്വര്‍ണാഭരണങ്ങളും പണവും ഐആര്‍പിസിക്ക് നല്‍കാന്‍ നിരവധിപേര്‍ മുന്നോട്ടുവരുന്നു. പഠനമികവിന് ലഭിച്ച ക്യാഷ് അവാര്‍ഡുകള്‍മുതല്‍ പെന്‍ഷന്‍തുകവരെ ഈ പ്രസ്ഥാനത്തിന് താങ്ങായുണ്ട്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയാനും ആരംഭിച്ച 'ഉണർവ്' പദ്ധതിയില്‍ പോഷകാഹാരമുള്‍പ്പെടെ നല്‍കുന്നു. ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ ഒരു ലക്ഷം ലഘുലേഖ വീടുകളില്‍ എത്തിച്ചു. കണ്ണൂരില്‍ ഒരു ഡി അഡിക്‍ഷന്‍ സെന്റര്‍ ആരംഭിക്കാനും നടപടിയായി.

ക്യാന്‍സര്‍ ബാധിതരുടെ തുടര്‍ചികിത്സ സംഘടിപ്പിച്ച ക്യാമ്പില്‍ കഴിഞ്ഞ വര്‍ഷം 1100 പേര്‍ എത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് കാലാകാലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്, തൊഴില്‍ പരിശീലനങ്ങള്‍, ആവശ്യമുള്ളിടത്തെല്ലാം സൗജന്യസേവനം തുടങ്ങി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐആര്‍പിസിക്ക് ജില്ലയിലെമ്പാടും സോണല്‍, പ്രാദേശിക കമ്മിറ്റികൾവഴി സജീവമായ സംഘടനാസംവിധാനമുണ്ട്. ഏറ്റവും അവശത അനുഭവിക്കുന്നവരുടെ കണ്ണീര്‍ ആദ്യമൊപ്പുക എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി സിപിഐ എം സംസ്ഥാനത്ത് തുടക്കംകുറിച്ച സാന്ത്വനപരിപാടിയുടെ ഏറ്റവും വിജയകരമായ പ്രവര്‍ത്തനമേഖല എന്ന നിലയില്‍ കണ്ണൂര്‍ ജില്ലയുടെ നേട്ടം അഭിമാനാര്‍ഹമാണ്. ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സാന്ത്വനപരിചരണ സൗഹൃദജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. ദേശീയ ഹെല്‍ത്ത് മിഷന്‍ പാലിയേറ്റീവ് ദിനമായി ആചരിക്കുന്ന ജനുവരി 15ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ പ്രഖ്യാപനം സാന്ത്വനപരിചരണരംഗത്തെ രജതരേഖയാകട്ടെ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top