26 April Friday

കേരളവികസനത്തെപ്പറ്റി വ്യക്തമായ വീക്ഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2016

കേരളത്തിന്റെ ഭാവിവികസനത്തെപ്പറ്റി വ്യക്തമായ വീക്ഷണം ജനസമക്ഷം അവതരിപ്പിച്ച് പിണറായി വിജയന്‍ നേതൃത്വംനല്‍കുന്ന നവകേരള മാര്‍ച്ച് സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ജില്ലയില്‍നിന്ന് ആരംഭിച്ചുകഴിഞ്ഞു. ജാഥ 140 അസംബ്ളി നിയോജകമണ്ഡലങ്ങളും സന്ദര്‍ശിച്ചശേഷം ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും. പാര്‍ടി പിബി അംഗം പ്രകാശ് കാരാട്ട് ജാഥ ഉദ്ഘാടനം ചെയ്തു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് ജാഥ പ്രയാണംതുടങ്ങിയത്.  

ജാഥകള്‍ പലതും വടക്കുനിന്ന് സഞ്ചരിച്ച് തെക്ക് തലസ്ഥാന നഗരിയില്‍ സമാപിക്കുന്നുണ്ട്. എന്നാല്‍, നവകേരള മാര്‍ച്ചിന് പ്രത്യേകതയുണ്ട്. കേരളത്തിന്റെ വികസനമാണ് മുഖ്യ അജന്‍ഡ. വികസനരേഖ തയ്യാറാക്കാന്‍ എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുദിവസം കേരള പഠനകോണ്‍ഗ്രസ് സംഘടിപ്പിച്ചു. ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന നാലാമത്തെ പഠനകോണ്‍ഗ്രസാണ് ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നത്. പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ടും പഠനകോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ പങ്കെടുത്തു എന്നതുതന്നെ പഠനകോണ്‍ഗ്രസിന്റെ ദേശീയപ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. പഠനകോണ്‍ഗ്രസില്‍ മൂവായിരത്തഞ്ഞൂറിലധികംപേര്‍ രണ്ടുദിവസവും പങ്കെടുത്ത് വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ഷിക, വ്യാവസായികമേഖലയിലും ഇതര മേഖലയിലും ഉള്ള പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികളാണ് രണ്ടുദിവസവും ചര്‍ച്ച നയിച്ചതും ചര്‍ച്ചയില്‍ പങ്കെടുത്ത് മഹത്തായ സംഭാവന നല്‍കിയതും. പ്രസ്തുത പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളുള്‍പ്പെടെ ക്രോഡീകരിച്ചാണ് രേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. കേരളത്തിന്റെ ഭാവിവികസനത്തെപ്പറ്റിയുള്ള വിലപ്പെട്ട രേഖയായിരിക്കും രണ്ടു ദിവസത്തെ അര്‍ഥപൂര്‍ണമായ ചര്‍ച്ചയെ തുടര്‍ന്ന് തയ്യാറാക്കിയത് എന്നതില്‍ സംശയമില്ല.

ജാഥയുടെ സ്വീകരണം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും. ജാഥയിലുടനീളം വികസനരേഖ വിശദീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കേരളം നേരിടുന്ന വിവിധ പ്രശ്നങ്ങളുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണം അഞ്ചുവര്‍ഷം തികയുകയാണ്. അഞ്ചു വര്‍ഷത്തിനിടെ ജനോപകാരപ്രദമായ ഒരു കാര്യവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ഒന്നര വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ ഗതിയും അതുതന്നെ. വര്‍ഗീയ അജന്‍ഡയാണ് മോഡി സര്‍ക്കാരിന് നടപ്പാക്കാനുള്ളത്. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ ഒരു നയവും മോഡി സര്‍ക്കാരിനില്ല. ഇരു സര്‍ക്കാരുകളുടെയും സാമ്പത്തികനയങ്ങളും മോഡി സര്‍ക്കാരിന്റെ വര്‍ഗീയ അജന്‍ഡയും നിരാകരിച്ചുകൊണ്ട് ഒരു ബദല്‍നയം നടപ്പാക്കുന്നതിനാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്. പഠനകോണ്‍ഗ്രസില്‍ എല്‍ഡിഎഫിന്റെ ഘടക കക്ഷി നേതാക്കള്‍കൂടി പങ്കെടുത്തത് സ്വാഗതാര്‍ഹമാണെന്ന് എടുത്തുപറയേണ്ടതുണ്ട്.

ജാഥ പ്രയാണമാരംഭിക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കടുത്ത വേവലാതി തുടങ്ങിക്കഴിഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജാഥയുടെ സ്വീകരണങ്ങള്‍ ജനസാന്നിധ്യംകൊണ്ട് വന്‍ വിജയമായിരിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം മോഡി സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ജനകീയവിചാരണയുമാകും ഒരുമാസക്കാലം കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും മുഴങ്ങിക്കേള്‍ക്കുക. ജനകീയവിചാരണ അവസാനിക്കുന്നതോടെ കേരളജനത വ്യക്തമായ തീരുമാനം കൈക്കൊള്ളും. ഈ തീരുമാനമാണ് ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും ഭീതിയിലാഴ്ത്തുന്നത്. ഈ ഭീതിയില്‍നിന്നാണ് കാലഹരണപ്പെട്ട ലാവ്ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമം. ലാവ്ലിന്‍ കേസിന്റെ അപ്പീല്‍ വേഗം കേള്‍ക്കണമെന്ന് അസാധാരണമായ രീതിയില്‍ ഹര്‍ജി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. 2006 മാര്‍ച്ച് ഒന്നിന് അസംബ്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസമാണ് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ ക്യാബിനറ്റ് തിരക്കിട്ട് തീരുമാനിച്ചത്. അജന്‍ഡയില്‍ ഉള്‍ക്കൊള്ളിക്കാത്ത വിഷയം അവിചാരിതമായി ഉള്‍പ്പെടുത്തി തീരുമാനിക്കുകയായിരുന്നു. പിണറായി വിജയനെതിരെയുള്ള കേസ് കോടതി തള്ളുകയും പിണറായിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതേവരെ മൌനമവലംബിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നവകേരള മാര്‍ച്ചും അസംബ്ളി തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ജനങ്ങളുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനാണ് ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജുഡീഷ്യല്‍ കമീഷന്‍ വിസ്തരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. തനിക്കെതിരെയുള്ള ആരോപണം വഴിതിരിച്ചുവിടാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം. ഉമ്മന്‍ചാണ്ടിയുടെ ശ്രമം രാഷ്ട്രീയപ്രേരിതമാണെന്ന് ജനം മനസ്സിലാക്കുമെന്നും കുതന്ത്രം ഫലിക്കില്ലെന്നും താമസംവിനാ ഉമ്മന്‍ചാണ്ടിക്കും കൂട്ടാളികള്‍ക്കും ബോധ്യപ്പെടും എന്നേ പറയാനുള്ളൂ. കേരളരാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ജാഥ വന്‍ വിജയമാകുകതന്നെ ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top