20 April Saturday

പരിശോധിക്കുന്നത്‌ ഭരണഘടനാവിഷയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ശബരിമലയിൽ യുവതികൾക്ക്‌  പ്രവേശനം  അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന  ഭരണഘടനാ വിഷയങ്ങൾ  ഏഴംഗ വിശാല ബെഞ്ചിന്‌ വിടാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുകയാണ്‌.  വിശ്വാസം, മതം, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട ഏഴ് കാര്യത്തിൽ വിശാലബെഞ്ച് തീരുമാനമെടുക്കുന്നതുവരെ  പുനഃപരിശോധനാ ഹർജികളും റിട്ട് പെറ്റീഷനുകളും  മാറ്റിവയ്‌ക്കാനാണ് പരമോന്നത കോടതിയുടെ തീരുമാനം.  2018 സെപ്‌തംബർ 28-ലെ യുവതീപ്രവേശനവിധി സ്റ്റേ ചെയ്യാനോ പുനഃപരിശോധിക്കാനോ കോടതി  തയ്യാറായില്ല.

മുസ്ലിം, പാഴ്‌സി സ്‌ത്രീകളുടെ ആരാധനാലയ പ്രവേശനംകൂടി  ഉൾപ്പെടുത്തിയാകും ഏഴംഗബഞ്ച്‌ പ്രശ്‌നം പരിശോധിക്കുക. അസാധാരണമായ നടപടിയാണിത്‌. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്കുവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്‌ജിമാർ യോജിച്ചപ്പോള്‍ രണ്ട് ജഡ്‌ജിമാര്‍ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും ജസ്റ്റിസ് ഖാൻവിൽക്കറും പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് ഭൂരിപക്ഷവിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി. സുപ്രീംകോടതി വിധിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെതിരെ നരിമാന്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്‌തു. ഒരു വിധി പ്രഖ്യാപിച്ചാല്‍ അതാണ് അന്തിമമെന്നും ആ വിധിയെ ധ്വംസിക്കാനുള്ള യാതൊരു ശ്രമങ്ങളും അനുവദിക്കില്ലെന്നും നരിമാൻ വ്യക്തമാക്കി.


 

ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകൾക്ക്‌ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നതാണ്‌ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയുടെ കാതൽ. അന്താരാഷ്‌ട്ര സമൂഹം നിരാകരിക്കുന്ന വർണവിവേചനത്തിന്‌ സമാനമാണ്‌ ശാരീരിക ജൈവപ്രക്രിയയെ മുൻനിർത്തിയുള്ള  മാറ്റിനിർത്തലെന്നും വിലയിരുത്തപ്പെട്ടു. ലിംഗതുല്യതയും സ്‌ത്രീപദവിയും ഉയർത്തിപ്പിടിക്കുന്നതാണ്‌  നമ്മുടെ ഭരണഘടന. ആചാരവും മൗലികാവകാശങ്ങളും നേർക്കുനേർ വരുമ്പോൾ ഭരണഘടനയും  നിയമവ്യവസ്ഥയുമാണ്‌ നിലനിൽക്കേണ്ടതെന്നാണ്‌ ഏത്‌ പരിഷ്‌കൃതസമൂഹവും ആഗ്രഹിക്കുക. ഈ ഉദാത്ത ആശയങ്ങളെല്ലാം ഉൾച്ചേർന്നതായിരുന്നു ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ സുപ്രധാനവിധി.

വിശ്വാസത്തിന്റെ മറവിൽ സവർണ മേധാവിത്വം അടിച്ചേൽപ്പിച്ച വിലക്കുകളെ അതിജീവിച്ചുവളർന്ന സമൂഹമാണ്‌ കേരളം. ഒട്ടേറെ നവോത്ഥാന നായകർ നടത്തിയ സഹനസമരങ്ങളിലൂടെയാണ്‌ പിന്നോക്ക –-ദളിത്‌ സമുദായങ്ങൾക്ക്‌ ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും സാധ്യമായത്‌. അധഃസ്ഥിതർക്ക്‌ അയിത്തം കൽപ്പിച്ചപ്പോഴും മേലാളുകൾക്ക്‌ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പിൻബലമുണ്ടായിരുന്നു. എന്നാൽ, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയും ഭരണ –- ജുഡീഷ്യൽ ഇടപെടലുകളിലൂടെയും ഈ വിവേചനങ്ങൾക്ക്‌ അറുതിവരുത്താനായി. ഈ നവോത്ഥാന പ്രക്രിയയിൽ സുപ്രധാന പങ്കുവഹിച്ചവരാണ്‌ കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷവും. ശബരിമല സ്ത്രീപ്രവേശനം കോടതിയിലെത്തിയപ്പോൾ എൽഡിഎഫ്‌ സർക്കാരുകൾ സ്വീകരിച്ച നിലപാട്‌ ഈ പുരോഗമനചിന്തയുടെ തുടർച്ചയാണ്‌.

ശബരിമലയിൽ ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ  മാറ്റിനിർത്തുന്നതിൽ ചരിത്രവസ്‌തുതകളുടെയും  വിശ്വാസാചാരങ്ങളുടെയും  പിൻബലമില്ല. 1991 ൽ ഹൈക്കോടതി  യുവതികൾക്ക്‌ വിലക്കുകൽപ്പിക്കുന്നതുവരെ സ്‌ത്രീകൾ പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത്‌ ശബരിമലയിലെ ആരാധനാ സ്വാതന്ത്ര്യത്തിന്‌ ലിംഗവിവേചനം പാടില്ല എന്ന നിലപാടാണ്‌ വി എസ്‌, പിണറായി സർക്കാരുകൾ സുപ്രീംകോടതിയിൽ സ്വീകരിച്ചത്‌. എന്നാൽ, വിശ്വാസപരമായ വിഷയമായതിനാൽ താന്ത്രികവിധികളിലും ആചാരങ്ങളിലും അവഗാഹമുള്ള ഒരു സമിതിയുടെ ഉപദേശം കോടതി തേടണമെന്ന നിർദേശംകൂടി സർക്കാർ മുന്നോട്ടുവച്ചു. മാത്രമല്ല, സുപ്രീംകോടതിയുടെ വിധി എന്തുതന്നെ ആയാലും അത്‌ നടപ്പാക്കുമെന്നും ഉറപ്പുനൽകി.

വിശ്വാസികളെ കടന്നാക്രമിച്ചും കുഴപ്പങ്ങൾ കുത്തിപ്പൊക്കിയും ശബരിമലയെ ചോരക്കളമാക്കാനുള്ള കുതന്ത്രങ്ങളാണ്‌ ബിജെപിയും സംഘപരിവാറും പുറത്തെടുത്തത്‌. യുഡിഎഫും ഇതിന്‌ കലവറയില്ലാതെ പിന്തുണ നൽകി

യുവതീപ്രവേശനം അനുവദിച്ച കോടതിവിധി വന്നപ്പോൾ സ്വാഗതം ചെയ്‌തത്‌  എൽഡിഎഫ്‌ സർക്കാർ മാത്രമായിരുന്നില്ല. കോൺഗ്രസ്‌, ബിജെപി, ആർഎസ്‌എസ്‌ നേതാക്കൾ കൂടിയായിരുന്നു. എന്നാൽ, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ശബരിമലയെ ഉപയോഗിക്കാമെന്ന സാധ്യത തെളിഞ്ഞതോടെയാണ്‌ ഇവർ ചുവടുകൾ മാറ്റിയത്‌. സുപ്രീംകോടതി വിധിയനുസരിച്ച്‌ ശബരിമലയിൽ ദർശനത്തിന്‌ വരുന്ന യുവതികൾക്ക്‌ സംരക്ഷണം നൽകാനുള്ള ഭരണഘടനാ ബാധ്യതമാത്രമാണ്‌ സംസ്ഥാനസർക്കാർ നിർവഹിച്ചത്‌. എന്നാൽ, വിശ്വാസികളെ കടന്നാക്രമിച്ചും കുഴപ്പങ്ങൾ കുത്തിപ്പൊക്കിയും ശബരിമലയെ ചോരക്കളമാക്കാനുള്ള കുതന്ത്രങ്ങളാണ്‌ ബിജെപിയും സംഘപരിവാറും പുറത്തെടുത്തത്‌. യുഡിഎഫും ഇതിന്‌ കലവറയില്ലാതെ പിന്തുണ നൽകി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത്‌ നിരവധി യുവതികളെ മലയിൽ പ്രവേശിപ്പിക്കാതെ മടക്കി അയക്കാനും  വിശ്വാസികൾക്ക്‌ പൂർണ സംരക്ഷണം ഉറപ്പാക്കാനും സർക്കാരിന്‌ സാധിച്ചു. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വംബോർഡും പൊലീസും ശ്ലാഘനീയമായ പ്രവർത്തനമാണ്‌ നടത്തിയത്‌.

വീണ്ടുമൊരു തീർഥാടനകാലമെത്തുംമുമ്പ്‌ സുപ്രീംകോടതി  ഭരണഘടനാവിഷയങ്ങൾ പരിശോധിക്കാൻ വിശാലബെഞ്ചിനെ ചുമതലപ്പെടുത്തിയത്‌ മുതലെടുപ്പ്‌ രാഷ്‌ട്രീയക്കാർക്ക്‌ വലിയ തിരിച്ചടിയാണ്‌. ലിംഗനീതിയോ വിശ്വാസിസമൂഹത്തോടുള്ള പ്രതിബദ്ധതയോ ഒന്നുമല്ല ഈ  മുതലെടുപ്പുകാരെ നയിക്കുന്നതെന്ന്‌ അവരുടെ ഇപ്പോഴത്തെ പ്രതികരണവും വ്യക്തമാക്കുന്നു. നിലവിലുള്ള സ്ഥിതി തുടരാൻ കോടതി പറഞ്ഞിട്ടില്ലെന്നുമൊക്കെയുള്ള പ്രതികരണം ശബരിമല തീർഥാടനം സുഗമമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ശബരിമല തുടർന്നും അക്രമവേദിയാക്കാനുള്ള സാധ്യതകളാണ്‌ ഇവർ ആരായുന്നത്‌. കഴിഞ്ഞ തീർഥാടനകാലത്ത്‌ അറുപത്‌ വയസ്സുള്ള സ്‌ത്രീകളെപ്പോലും പിന്തുടർന്ന്‌ ആക്രമിക്കുകയും തലയിൽ തേങ്ങയടിക്കുകയും ചെയ്‌തവരാണ്‌ ഇവർ.

സർക്കാരാകട്ടെ സുവ്യക്തമായ നിലപാട്‌ നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്‌. കോടതിയുടെ തീരുമാനം എന്തായാലും  നടപ്പാക്കുമെന്നതാണത്‌. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ചയും അക്കാര്യം തന്നെയാണ്‌ ആവർത്തിച്ചത്‌. ഒപ്പം കോടതിവിധിയെക്കുറിച്ച്‌ കൂടുതൽ വ്യക്തത വേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിൽ പശ്‌ചാത്തല സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്‌  നടപടികൾ പൂർത്തിയായിട്ടുണ്ട്‌. വിശ്വാസപരമായ കാര്യങ്ങളിൽ സമവായം സാധ്യമാകുന്നില്ലെങ്കിൽ ജുഡീഷ്യൽ പരിഹാരമാണ്‌ നല്ലതെന്ന്‌ സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്‌. അയോധ്യാ തർക്കത്തിലും ഒടുവിൽ വിധി വന്നപ്പോഴുേം സിപിഐ എം ഈ നിലപാടാണ്‌ ഉയർത്തിപ്പിടിച്ചത്‌. അതുകൊണ്ടുതന്നെ ശബരിമല വിഷയത്തിലും  തുല്യനീതിക്കുവേണ്ടി നിലക്കൊള്ളുമ്പോൾത്തന്നെ കോടതിതീർപ്പിന്‌ വിലകൽപ്പിക്കുന്നു. രണ്ടിനെതിരെ മൂന്നുപേരുടെ ഭൂരിപക്ഷവിധിയാണ്‌ ഇപ്പോൾ വന്നിരിക്കുന്നത്‌. വിശാല ബെഞ്ചിന്റെ സമഗ്രമായ പരിശോധനയും തീർപ്പും വരുന്നതുവരെ മുൻവിധികളും വ്യാഖ്യാനങ്ങളും  ഉപേക്ഷിച്ച്‌ പൊതുനന്മയ്‌ക്കായി എല്ലാവരും സഹകരിക്കുകയാണ്‌ അഭികാമ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top