31 May Wednesday

‘കേരള സൈന്യ’ത്തിന്റെ സുരക്ഷയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018


ജീവിക്കാനായി തികച്ചും അപകടകരമായ സാഹചര്യത്തിൽ എന്നും ജോലി ചെയ്യേണ്ടിവരുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ഒരേസമയം നമ്മുടെ മത്സ്യ സമ്പത്തിന്റെ കാവൽക്കാരും വിളവെടുപ്പുകാരും അവരാണ്. കേരളത്തെ സംബന്ധിച്ച് മത്സ്യോൽപ്പാദനമേഖല നമ്മുടെ സമ്പദ‌്‌വ്യവസ്ഥയിൽ നാണ്യവിളകൾപോലെ പ്രധാനവും. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ  സുരക്ഷ എന്നത് സർക്കാരുകളുടെ മുൻഗണനയിൽ എപ്പോഴുമുണ്ടാകണം. എൽഡിഎഫ് സർക്കാരിന്റെ മുൻഗണനയിൽ  അതുണ്ട് എന്ന് തെളിയിക്കുന്ന ഒരു തീരുമാനംകൂടി സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച കൈക്കൊണ്ടു. മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ പദ്ധതിക്കാണ‌് മന്ത്രിസഭ അംഗീകാരം നൽകിയത്.

മത്സ്യമേഖലയിൽ സാങ്കേതികവിദ്യാസാധ്യതകൾ പ്രയോജനപ്പെടുത്തി കടൽ സുരക്ഷാപാക്കേജിന് രൂപംനൽകുമെന്ന‌്  പ്രകടനപത്രികയിൽ എൽഡിഎഫ് വാഗ‌്ദാനം ചെയ്തിരുന്നു. ആ വഴിക്കുള്ള  പല ചുവടുകളിൽ ഒന്നുകൂടിയാണ് ഈ തീരുമാനം.
എൽഡിഎഫ് ഈ വാഗ‌്ദാനം മുന്നോട്ടുവയ‌്ക്കുമ്പോൾ ഓഖി ചുഴലിക്കാറ്റിന്റെ അനുഭവം നമുക്കുമുന്നിൽ ഉണ്ടായിരുന്നില്ല. അറബിക്കടലിൽ ഒരുനൂറ്റാണ്ടിനിടയിൽ അപൂർവമായി ഉണ്ടായ ഈ ചുഴലിയെപ്പറ്റി വേണ്ടത്ര മുന്നറിയിപ്പ് സർക്കാരിന് ലഭിച്ചില്ല. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതലെടുക്കാനും കഴിഞ്ഞില്ല. എങ്കിലും അറിയിപ്പ് ലഭിച്ചശേഷം സർക്കാർ സ്വീകരിച്ച നടപടികൾ വലിയൊരളവുവരെ ദുരന്തത്തിന്റെ ആഘാതം കുറച്ചു.

ചിലപ്പോൾ ചില ദുരന്തസൂചനകൾ രൂപപ്പെടുക പെട്ടെന്നാണ്. മത്സ്യത്തൊഴിലാളികൾ  കടലിൽ ആയിരിക്കുമ്പോഴാകും ചില അറിയിപ്പുകൾ വരിക. ഇവ യഥാസമയം തൊഴിലാളികളിലെത്തിക്കാൻ  പ്രായോഗിക ബുദ്ധിമുട്ടുകൾ പലതുണ്ടാകും.ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. സാധാരണ മൊബൈൽഫോൺ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് സന്ദേശം എത്തിക്കുക അസാധ്യമാകും. ഇവിടെ ഏറ്റവും ഫലപ്രദമാകുന്ന ഉപകരണങ്ങളാണ് നാവിക് സംവിധാനവും  സാറ്റലൈറ്റ് ഫോണുകളും.

ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ജിപിഎസിന്റെ സഹായത്തോടെയാണ് നാവിക് പ്രവർത്തിക്കുന്നത‌്.1500 കിലോമീറ്റർ വ്യാപ്തിയിൽ സുരക്ഷാകവചം ഒരുക്കാൻ ഇതുവഴി കഴിയും. 24 മണിക്കൂറും കാലാവസ്ഥാ മുന്നറിയിപ്പ് നേരിട്ട് മത്സ്യത്തൊഴിലാളികൾക്ക്  ലഭ്യമാകും. ഇതുമലയാളത്തിൽ ലഭിക്കാനും സംവിധാനമുണ്ട്. അലാറവും ശബ്ദസന്ദേശവും ഒക്കെയായി ലഭിക്കുന്ന ഈ മുന്നറിയിപ്പുകൾ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകും. ചെലവ് പൂർണമായും സർക്കാർ വഹിച്ചുകൊണ്ടാണ് 15000 പേർക്ക് ഈ സംവിധാനം നൽകുന്നത്. ആഴക്കടലിൽ നിന്നുകൊണ്ടുതന്നെ മുന്നറിയിപ്പിന്റെ ഗൗരവം അനുസരിച്ച‌് തീരുമാനം കൈക്കൊള്ളാൻ തൊഴിലാളികൾക്ക് സാധിക്കുകയും ചെയ്യും. അതുപോലെതന്നെ സാറ്റലൈറ്റ് ഫോണും അപകടകാലത്തും അല്ലാത്തപ്പോഴുമുള്ള ആശയവിനിമയത്തിന‌് സഹായകമാകും. കടലിൽ വിവിധ യാനങ്ങളിലുള്ള തൊഴിലാളികൾക്ക് പരസ്പരം സംസാരിക്കാനും  രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാനും ഇത് സഹായിക്കും. ഫോണിനുമാത്രം തൊണ്ണൂറ്റയ്യായിരം രൂപ വിലവരുന്നുണ്ട്. ഇതിൽ 1500 രൂപമാത്രം തൊഴിലാളിയിൽനിന്ന് ഈടാക്കിക്കൊണ്ടാണ് സർക്കാർ ഫോണുകൾ നൽകുന്നത്.

ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ടവർക്ക്  നഷ്ടപരിഹാരം നൽകാനും  40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 6.10 കോടി രൂപ അനുവദിക്കാനുമുള്ള തീരുമാനങ്ങളും ഇതിനൊപ്പം മന്ത്രിസഭ കൈക്കൊണ്ടിട്ടുണ്ട്. ഇതിനൊക്കെയുള്ള പണം ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുകയാണെന്നും മന്ത്രിസഭാതീരുമാനത്തിൽ വ്യക്തമാക്കുന്നു. ഓഖി ഫണ്ടൊക്കെ സർക്കാർ മറ്റെന്തിനൊക്കെയോ ധൂർത്തടിച്ചു എന്ന പ്രചാരണവുമായി ഇറങ്ങിയവർക്കുള്ള മറുപടികൂടിയാണ് സർക്കാർ തീരുമാനം.

ഓഖിക്കുവേണ്ടി കേന്ദ്രം നൽകിയതോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  ജനങ്ങളിൽനിന്ന് ലഭിച്ചതോ ആയ ഒരു തുകയും സർക്കാർ മറ്റു കാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ചിട്ടില്ലെന്നും  ലഭിച്ചതിനേക്കാൾ കൂടുതൽ തുകയാണ് ദുരിതാശ്വാസ പ്രവർത്തനത്തിന‌് വേണ്ടിവരുന്നത് എന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. ആ നേരിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ.
കേരളത്തിന്റെ സൈന്യം എന്ന‌് പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വെറും വാക്കായിരുന്നില്ല എന്നത് ഈ സർക്കാർ  തീരുമാനങ്ങളും വ്യക്തമാക്കുന്നു. സ്വന്തം  ‘സൈന്യ’ത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ  ഏറ്റവും മുൻഗണന നൽകുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് ഒരിക്കൽകൂടി തെളിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top