01 June Thursday

ഇന്ത്യ ഭൂട്ടാനും പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019ഇന്ത്യൻ സമ്പദ്‌ഘടനയുടെ സർവതലങ്ങളിലുമുള്ള  തകർച്ചയ്‌ക്ക്‌ അടിവരയിട്ടുകൊണ്ട്‌ ലോകബാങ്ക്‌ റിപ്പോർട്ടും   പുറത്തുവന്നിരിക്കുന്നു. നടപ്പ്‌ സാമ്പത്തികവർഷത്തെ ആദ്യ മൂന്നുമാസത്തെ പ്രകടനം വിലയിരുത്തിയാണ്‌ തുടർച്ചയായ രണ്ടാംവർഷവും വളർച്ചനിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പ്‌  ലോകബാങ്ക്‌ നൽകിയത്‌.   അന്താരാഷ്ട്ര നാണയനിധിയുമായുള്ള ലോകബാങ്കിന്റെ വാർഷിക യോഗത്തിന്‌ മുന്നോടിയായി പുറത്തിറക്കിയ സൗത്ത്‌ ഏഷ്യ ഇക്കണോമിക്‌സ്‌ ഫോക്കസ്‌ റിപ്പോർട്ടിലാണ്‌ ഇന്ത്യൻ പിന്നോട്ടടിയുടെ ഗുരുതരാവസ്ഥ തുറന്നുകാട്ടിയത്‌.

മുൻ വർഷത്തേക്കാളും ഒരു ശതമാനത്തിനടുത്ത്‌ ഇടിവ്‌ ഈ വർഷം ഉണ്ടാകുമെന്നാണ്‌ പ്രവചനം. ഇനിയൊരു വീണ്ടെടുപ്പ്‌ 2021ലേ സാധ്യമാകൂ എന്നും വിലയിരുത്തുന്നു. 2017–-18 വർഷത്തെ 7.2 ശതമാനം വളർച്ചനിരക്ക്‌ അടുത്തവർഷം 6.8 ശതമാനമായി ഇടിയുകയായിരുന്നു. നടപ്പുവർഷത്തിന്റെ അവസാനത്തിൽ ഇത്‌  6 ശതമാനമായി കുറയുമെന്ന ലോകബാങ്ക്‌ മുന്നറിയിപ്പ്‌  കടുത്ത ആശങ്കയാണ്‌ ഇന്ത്യക്ക്‌ നൽകുന്നത്‌. വ്യാവസായിക  –- കാർഷികമേഖലകളിൽ തിരിച്ചടിയുടെ ആക്കം കുറഞ്ഞതിനാലാണ്‌ ഈ നിലയിലെങ്കിലും സമ്പദ്‌ഘടന പിടിച്ചു നിൽക്കുന്നതെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.

മോഡി സർക്കാർ മുൻപിൻ നോക്കാതെ നടപ്പാക്കിയ പരിഷ്‌കരണ നടപടികളാണ്‌ സമ്പദ്‌ഘടനയ്‌ക്ക്‌ ആഘാതമേൽപ്പിച്ചത്‌. നോട്ടുനിരോധനം, ജിഎസ്‌ടി, കോർപറേറ്റുകൾക്ക്‌ ഇളവ്‌, ബാങ്ക്‌ലയനം, വൻകിടക്കാരുടെ വായ്‌പ കുടിശ്ശിക തുടങ്ങിയ ഇടപെടലുകളാണ്‌ ധനമേഖലയെ ദുർബലമാക്കിയതെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ, ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടായ കുറവ്‌ ഉപഭോഗത്തിലും ഉൽപ്പാദന–- സേവന മേഖലകളിലെ തകർച്ച  ലഭ്യതയിലും ഒരേസമയം കുറവുവരുത്തിയത്‌ തകർച്ചയുടെ  ആഴം വ്യക്തമാക്കുന്നു. ഇതിനുപരിഹാരമായി  ഉത്തേജക പാക്കേജുകളും മറ്റും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും അതൊക്കെ ജനങ്ങളുടെ വാങ്ങൽശേഷിയിലും ഉപഭോഗത്തിലും എന്തു മാറ്റംവരുത്തുമെന്ന്‌ കണ്ടറിയണം.

വിദേശ വിനിമയത്തിന്റെ കാര്യത്തിലുള്ള പ്രതികൂലാവസ്ഥയും ലോകബാങ്ക്‌ റിപ്പോർട്ടിൽ എടുത്തുപറയുന്നു. കഴിഞ്ഞവർഷം ജിഡിപിയുടെ 1.8 ശതമാനമായിരുന്നു കറന്റ്‌ അക്കൗണ്ട്‌ ഡെഫിസിറ്റ്‌ എങ്കിൽ ഈ വർഷം അത്‌ 2.1 ശതമാനമായി വർധിച്ചു.  ഇതും വളർച്ചനിരക്കിനെ പിന്നോട്ടടിപ്പിക്കുന്ന പ്രധാന ഘടകമാണ്‌. കേന്ദ്രസർക്കാരിന്റെ പൊതുകടം ജിഡിപിയുടെ 5.9 ശതമാനമായി  വർധിച്ചു.  ഇത്തരത്തിൽ സ്ഥൂല സാമ്പത്തികസൂചകങ്ങളെല്ലാം രാജ്യത്തിന്റെ പിന്നോക്കാവസ്ഥയെ എടുത്തുകാട്ടുന്നവയാണ്‌. മോഡി ഭരണത്തിൽ ലോക സാമ്പത്തികശക്തിയായി ഇന്ത്യ മാറുന്നുവെന്ന വീമ്പു പറച്ചിലിനിടയിലാണ്‌ സത്യത്തിന്റെ വികൃതമുഖം പുറത്തുവന്നിരിക്കുന്നത്‌. കോർപറേറ്റ്‌ ഭീമന്മാരെ കൂടെ കൊണ്ടുനടക്കുകയും അവരുടെ വ്യാപാരസാമ്രാജ്യം വികസിപ്പിക്കാൻ വഴിവിട്ട്‌ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുമ്പോൾ മഹാഭൂരിപക്ഷംവരുന്ന സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം ശോഷിച്ചുവരികയാണ്‌.

ഗ്രാമീണ സമ്പദ്‌ഘടനയുടെ ചിത്രം അതിദയനീയമാണ്‌. കാർഷികവൃത്തിയും അനുബന്ധ തൊഴിലുകളും അനാദായകരമായിട്ട്‌ കാലമേറെയായി. കർഷകപ്രക്ഷോഭങ്ങൾ ഉയർന്നുവന്നപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇതുവരെ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല. യുവാക്കളിലെ തൊഴിലില്ലായ്‌മ ഗ്രാമ –- നഗരഭേദമില്ലാതെ അതിരൂക്ഷമാണ്‌. തൊഴിലുറപ്പുപദ്ധതി വഴിപാടാക്കി മാറ്റിയത്‌  സ്വകാര്യ ഉപഭോഗത്തിലെ ഇടിവിന്‌ പ്രധാന കാരണമായി. ബാങ്കുകൾ ഗ്രാമീണവായ്‌പയിൽനിന്ന്‌ ഏറെക്കുറെ പിന്മാറിയിരിക്കുന്നു.

വാഹനവ്യവസായവും ചില ഉൽപ്പാദനമേഖലകളിലുണ്ടായ സ്‌തംഭനാവസ്ഥയും ഇതര മേഖലകളിലും കടുത്ത പ്രത്യാഘാതമാണ്‌ സൃഷ്ടിച്ചത്‌.  മാന്ദ്യം നേരിടാനെന്നപേരിൽ കൊണ്ടുവന്ന പാക്കേജ്‌ ആകട്ടെ, നഗ്നമായ കോർപറേറ്റ്‌ സേവയുമായി. റിസർവ്‌ ബാങ്കിന്റെ കരുതൽശേഖരം കേന്ദ്രസർക്കാർ കൈയടക്കിയതും കോർപറേറ്റ്‌ നികുതി കുറച്ചതുമെല്ലാം പ്രതിസന്ധികൾ രൂക്ഷമാക്കാനേ ഉപകരിക്കൂ. സാമ്പത്തികവളർച്ചയിൽ ചൈനയെ കവച്ചുവയ്‌ക്കാൻ തയ്യാറെടുത്ത ഇന്ത്യ, നിലവിൽ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ഭൂട്ടാന്റെയും പിന്നിലാണെന്ന യാഥാർഥ്യം ഏതൊരു ഇന്ത്യക്കാരനെയും ലജ്ജിപ്പിക്കും. കേന്ദ്രം ഭരിക്കുന്നവർ തുടരുന്ന തലതിരിഞ്ഞ നയങ്ങളും സമ്പന്നസേവയുമാണ്‌ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന തിരിച്ചറിവാണ്‌ ലോകബാങ്ക്‌ റിപ്പോർട്ട്‌ നൽകുന്നത്‌. ഇത്‌ തിരുത്തിക്കാൻ കൂട്ടായ പോരാട്ടവും സംഘടിതശക്തിയും രാജ്യത്തെങ്ങും വളർത്തിയെടുക്കേണ്ടത്‌  അനിവാര്യമായിരിക്കുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top