14 July Sunday

ഭരണഘടനയെ തടവിലാക്കി ഈ സ്വാതന്ത്ര്യദിനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019സ്വാതന്ത്ര്യദിനം വീണ്ടുമെത്തി. കോളനിവാഴ്‌ചയിൽനിന്ന്‌ സ്വാതന്ത്ര്യത്തിനൊപ്പം നേടിയെടുത്തതൊക്കെ സംരക്ഷിക്കാൻ പൊരുതേണ്ട കാലമാണ്‌ മുന്നിൽ. കേവലമായ രാഷ്‌ട്രീയ സ്വാതന്ത്ര്യം മാത്രമല്ല 1947 ആഗസ്‌ത്‌ 15നു നമുക്ക്‌ ലഭിച്ചത്‌. പുതിയൊരു രാജ്യം കെട്ടിയുയർത്താനുള്ള നിയോഗംകൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു പിന്നാലെ നമ്മൾ രൂപപ്പെടുത്തിയ ഭരണഘടനയും ഇന്ന്‌ ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്‌.

സാമ്രാജ്യത്വവിരുദ്ധ ദേശീയതയാണ് ആധുനിക, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് രൂപംനൽകിയത്. ഭരണഘടനയുടെയും അടിസ്ഥാനം അതാണ്‌. ഇന്ത്യയെ ഒന്നായി നിർത്തുന്നത്‌ ആ ഭരണഘടനയാണ്‌. രാജ്യത്തിന്റെ വൈവിധ്യം ഉൾക്കൊണ്ട്‌ എഴുതിയൊരുക്കിയതാണ്‌ ആ രേഖ. വിവിധ മതങ്ങളും ജാതികളും ഭാഷകളുമായി കോടികൾ അധിവസിക്കുന്ന ഒരു രാജ്യം ഐക്യത്തോടെ മതനിരപേക്ഷമായി നിലനിൽക്കുന്നത്‌ ഈ ഭരണഘടനയുടെ പിൻബലത്തിലാണ്‌. പ്രത്യേക പദവിയും ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കേണ്ടവയെ അങ്ങനെ ചെയ്‌തുകൊണ്ടുതന്നെയാണ്‌ ഭരണഘടനയിലെ വ്യവസ്ഥകൾ. ഈ സംരക്ഷണം വ്യക്തിക്കു മാത്രമല്ല നൽകിയിരുന്നത്‌. അത്‌ ദുർബല ജനവിഭാഗങ്ങൾക്കാകെയും ന്യൂനപക്ഷങ്ങൾക്കും ചെറുഭാഷകൾക്കും വ്യത്യസ്‌ത പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്‌. ഈ സംരക്ഷണങ്ങൾ കൂടിയാണ്‌ ജനങ്ങളെ ഒറ്റ രാജ്യമെന്നനിലയിൽ ചേർത്തുനിർത്തുന്നത്‌. എല്ലാ ഭിന്നതകൾക്കുമപ്പുറം നമ്മൾ ഒരു രാജ്യത്തിലെ പൗരന്മാർ  എന്ന തോന്നൽ എല്ലാവരിലും നിറയ്‌ക്കാൻ സഹായിക്കുന്നത്‌ ഈ ഭരണഘടനാ വ്യവസ്ഥകളാണ്‌.

എന്നാൽ, ഈ വൈവിധ്യത്തിന്റെ നിറക്കൂട്ടാകെ മായ്‌ക്കാനുള്ള ശ്രമത്തിലാണ്‌ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രഭരണം. അവർ ഒറ്റ നിറത്തിന്റെ, ഒറ്റ മതത്തിന്റെ, ഒറ്റ ജീവിതചര്യയുടെ, ഒറ്റ വിശ്വാസത്തിന്റെ വക്താക്കളാണ്‌. കാവി പൂശിയ, ഹിന്ദുക്കൾക്ക്‌ മാത്രം ഭരണഘടനാ സംരക്ഷണമുള്ള ഒരു രാഷ്‌ട്രമാണ്‌ അവർ വിഭാവനംചെയ്യുന്നത്‌.

കഴിഞ്ഞ ഭരണത്തിൽ അവർ ചില കാര്യങ്ങളിൽ അൽപ്പം മടിച്ചുനിന്നു. വേണ്ടത്ര ഭൂരിപക്ഷമില്ലെന്ന പ്രശ്‌നമുണ്ടായിരുന്നു. രാജ്യസഭയിൽ പിന്തുണ കിട്ടില്ലെന്ന അവസ്ഥയുണ്ടായിരുന്നു. എന്നിട്ടും അവർ അസമിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വലിയൊരു വിഭാഗം ജനതയ്‌ക്ക്‌ പൗരത്വം നിഷേധിക്കാൻ നിയമം നിർമിച്ചു. ഇന്നിപ്പോൾ കേന്ദ്രഭരണം നിയന്ത്രണംവിട്ട ഭ്രാന്തൻ വാഹനമായി കുതിക്കുകയാണ്‌. ആദ്യം അവർ കൈവയ്‌ക്കുന്നത്‌ ഭരണഘടനയിലാകുമെന്ന്‌ ഭരണഘടനാ സ്രഷ്ടാക്കൾ ജാഗ്രതപ്പെടുത്തിയിരുന്നു. ദേശീയ പ്രസ്ഥാനത്തെ തന്നെ എതിർത്തുനിന്ന മതാധിഷ്‌ഠിത പാർടികൾക്ക്‌ അധികാരം ലഭിച്ചാൽ ഇന്ത്യയെന്ന രാഷ്‌ട്രം ചിതറിപ്പോകുമെന്ന്‌ മുന്നറിയിപ്പുനൽകിയത്‌ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്‌. ഒരു ജനത പോരാടി നേടിയ സ്വാതന്ത്ര്യത്തെയും  മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഭരണഘടനയെയും പിച്ചിച്ചീന്താനാണ്‌ അവരുടെ ശ്രമം.

സ്വാതന്ത്ര്യം കിട്ടി 72 വർഷം പൂർത്തിയായ ഈ ദിനം നമ്മൾ ആഘോഷിക്കുമ്പോൾ ജമ്മു കശ്‌മീരിലെ ജനതയാകെ തടങ്കൽ പാളയത്തിൽ കഴിയുന്ന അവസ്ഥയിലാണ്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ വിഭജിക്കാനും സ്വീകരിച്ച നടപടിയിലൂടെ ഒരു ജനതയെ സർക്കാർ മുഖ്യധാരയിൽനിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു

സ്വാതന്ത്ര്യം കിട്ടി 72 വർഷം പൂർത്തിയായ ഈ ദിനം നമ്മൾ ആഘോഷിക്കുമ്പോൾ ജമ്മു കശ്‌മീരിലെ ജനതയാകെ തടങ്കൽ പാളയത്തിൽ കഴിയുന്ന അവസ്ഥയിലാണ്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ വിഭജിക്കാനും സ്വീകരിച്ച നടപടിയിലൂടെ ഒരു ജനതയെ സർക്കാർ മുഖ്യധാരയിൽനിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ജന നേതാക്കൾക്കടക്കം അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അവരെല്ലാം വീട്ടുതടങ്കലിലാണ്. ബന്ധുക്കൾക്കുപോലും അവരെ കാണാനാകുന്നില്ല. എല്ലാ വാർത്താവിനിമയബന്ധങ്ങളും മുറിച്ചിരിക്കുന്നു.

പാർലമെന്ററി നടപടിക്രമങ്ങളെയെല്ലാം അട്ടിമറിച്ചായിരുന്നു കശ്‌മീർ വിഭജന ബിൽ പാസാക്കിയെടുത്തത്‌. പെട്ടെന്ന്‌ കൊണ്ടുവന്ന്‌ ധൃതിയിൽ പാസാക്കി നിയമമാക്കി. തുടർന്നാണ്‌ കശ്‌മീരിനെയാകെ ഇരുളിന്റെ തടവിലാക്കിയത്. അവിടെ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ പുറത്തേക്ക്‌ അറിയരുത്‌ എന്നതിലാണ്‌ സർക്കാരിന്റെ ശ്രദ്ധ.

ആർഎസ്‌എസിന്റെ അജൻഡയാണ്‌ നടപ്പാക്കുന്നത്‌. നാനാത്വത്തിൽ പുലരുന്ന രാജ്യം അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമല്ല. അവരുടെ കണ്ണിൽ ഇന്ത്യ ഹിന്ദുവിന്റേതാണ്‌. കശ്‌മീരിൽ  മുസ്ലിങ്ങൾ കൂടുതലാണ്‌. അതുകൊണ്ട്‌ കശ്‌മീരിനുനേരെ വാളോങ്ങുന്നു. ഒപ്പം ഭരണഘടന നൽകുന്ന സംരക്ഷണംപോലും രക്ഷയ്‌ക്കുണ്ടാകില്ലെന്ന്‌ ന്യൂനപക്ഷങ്ങൾക്ക്‌ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

ഭരണകക്ഷിയായ ബിജെപി സ്വാതന്ത്ര്യവേളയിൽ നിലവിലുണ്ടായിരുന്നില്ല. എന്നാൽ, അവരുടെ മാതൃസംഘടനയായ രാഷ്‌ട്രീയ സ്വയം സേവക് സംഘ് ഉണ്ടായിരുന്നു. അവർ  സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല. ബ്രിട്ടീഷുകാർ അധികാരമേൽക്കുന്നതിനുമുമ്പ് ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെക്കുറിച്ചായിരുന്നു അവർക്ക് ഉൽക്കണ്ഠ. അവരെ സംബന്ധിച്ച് മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാർ മാത്രമായ ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു പ്രധാനം.

വിവിധ മതത്തെയും സമുദായത്തെയും സംസ്‌കാരത്തെയും പ്രതിനിധാനംചെയ്യുന്ന ജനങ്ങൾ ഒരു പ്രത്യേക ഭൂപ്രദേശത്തെ ആധാരമാക്കിയുള്ള രാഷ്‌ട്രത്തിൽ ജീവിക്കുന്നത് ആർഎസ്എസിന് സഹിക്കില്ല. ഇവരെ സംബന്ധിച്ച് ദേശീയത മതത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെ അവർ ‘സാംസ്‌കാരിക ദേശീയത' എന്ന ഓമനപ്പേരിട്ട് വിളിക്കും. കശ്‌മീരിനെതിരായ അവരുടെ നീക്കം ഈ കാഴ്‌ചപ്പാടിൽ നിന്നാണ്.

ഇന്ത്യയിലെ ജനകോടികളുടെ പ്രശ്‌നം മതമോ ജാതിയോ അല്ല. ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ്‌. അതിനു പരിഹാരം കാണാനുള്ള ഭരണപദ്ധതികളാണ്‌ വേണ്ടത്‌. വ്യാജ പ്രശ്‌നങ്ങൾ സൃഷ്ടിച്ച്‌ വ്യാജ പരിഹാരം കണ്ടെത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഫാസിസ്‌റ്റ്‌ രീതിയാണ്‌ കേന്ദ്ര സർക്കാർ പിന്തുടരുന്നത്‌.

ആ നീക്കം എന്തുവിലകൊടുത്തും തടയുമെന്ന പ്രതിജ്ഞ പുതുക്കൽ തന്നെയാണ്‌ ഈ സ്വാതന്ത്ര്യദിനത്തിലും നമുക്ക്‌ ചെയ്യാനുള്ളത്‌. ശക്തമായ പോരാട്ടംതന്നെ വേണ്ടിവരും. ഈ ആപത്ത്‌ തിരിച്ചറിഞ്ഞുള്ള ജാഗ്രത മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്‌ ഇപ്പോഴുമില്ല. ഇത്‌ രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം കൂടുതലാക്കുന്നു. രാജ്യം നിലനിന്നേ തീരൂ. സ്വാതന്ത്ര്യസമരത്തിൽ ജീവൻ പൊലിഞ്ഞ ലക്ഷങ്ങൾ ആഗ്രഹിച്ചതുപോലെ, സ്വതന്ത്ര ഇന്ത്യയിൽ ജീവിതം തുടങ്ങിയ ജനങ്ങൾ ആഗ്രഹിച്ചതുപോലെ രാജ്യം അതിന്റെ എല്ലാ വൈവിധ്യഭംഗിയോടെയും നിലനിൽക്കണം.  ഇനിയും ഒട്ടേറെ സ്വാതന്ത്ര്യദിനങ്ങളിലും രാജ്യം ഇങ്ങനെതന്നെ  ഉണ്ടാകണം. അതാണ്‌ ഇന്നു വേണ്ട ജാഗ്രത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top