03 July Sunday

സാമൂഹ്യ–സാമ്പത്തിക സ്വാതന്ത്യ്രത്തിനായി പോരാട്ടം തുടരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2016

ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ബേഡിയ ഗ്രാമത്തിലെ നജഭായ് അഹിറിന്റെ പശുവിനെ സിംഹം കൊന്നപ്പോഴാണ് ബാലുസരവയ്യ ഉള്‍പ്പെടെ നാല് ദളിത്യുവാക്കള്‍ പശുവിന്റെ ഉടമയുടെ ആവശ്യം അനുസരിച്ച് അതിന്റെ തോലുരിഞ്ഞത്. എന്നാല്‍, പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പശുസംരക്ഷക വേഷമണിയുന്ന സംഘപരിവാറുകാര്‍ ഈ ദളിതരെ തുണിയുരിഞ്ഞ് മര്‍ദിച്ചുവെന്ന് മാത്രമല്ല, കാറില്‍ കെട്ടി വലിച്ചിഴയ്ക്കുകയുംചെയ്തു.

പശുവിനെ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ച് ഹരിയാനയില്‍ മഹേന്ദ്രഗഡിലുള്ള കനിനയില്‍ ഒരു യുവാവിനെ വെടിവച്ചുകൊന്നു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അമലപുരത്ത് ചത്ത പശുവിന്റെ തോലുരിക്കുകയായിരുന്ന ദളിത്സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചു. ബീഫ് കഴിച്ചുവെന്നാരോപിച്ച് കര്‍ണാടകയിലെ ദളിത്കുടംബത്തിനുനേരേ നാല്‍പ്പതോളം വരുന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.  തലസ്ഥാന നഗരിക്കടുത്ത് ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക് എന്ന മധ്യവയസ്കനെ അടിച്ചുകൊന്നതിന് ശേഷമാണ് പശുസംരക്ഷകരുടെ ഗുണ്ടാവിളയാട്ടം രാജ്യത്തെമ്പാടും ഭീകരത സൃഷ്ടിക്കാനാരംഭിച്ചത്. 14 വര്‍ഷംമുമ്പ് ഹരിയാനയിലെ }ഝജ്ജറിലെ ദുലീനയില്‍ ചത്ത പശുവിനെ തോലുരിക്കാന്‍ കൊണ്ടുപോയ അഞ്ച് ദളിതരെ പൊലീസ് സംരക്ഷണത്തോടെ അടിച്ചുകൊന്നതോടെയാണ് ഈ ഭീകരതയ്ക്ക് തുടക്കമിട്ടത്. 

പശുസംരക്ഷണത്തിന്റെ പേരില്‍ മാത്രമല്ല, സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ദളിതര്‍ക്കെതിരെ പൊതുവെയും ആക്രമണം വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതീകമായ മോഡിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രത്യേകിച്ചും.  രാഷ്ട്രീയവും സാമൂഹ്യവുമായ ആനുകൂല്യങ്ങളില്‍ ദളിതര്‍ പങ്കുപറ്റാന്‍ വരുന്നതിലുള്ള സവര്‍ണരുടെ അമര്‍ഷവും രോഷവുമാണ് ഇവിടെ പ്രകടമാകുന്നത്. ഹൈദരാബാദ്് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യചെയ്തതുതന്നെ ഉദാഹരണം.

ഉത്തര്‍പ്രദേശില്‍ ദാഹിച്ചെത്തിയ ദളിത്പെണ്‍കുട്ടിക്ക് ക്ഷേത്രം അധികൃതര്‍ വെള്ളം നിഷേധിച്ചുവെന്ന് മാത്രമല്ല, ആ പതിമൂന്നുകാരിയുടെ അച്ഛനെ തൃശൂലംകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.  ഉത്തര്‍പ്രദേശിലെ ലാഖിംപുര്‍ ജില്ലയില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത്യുവാവിനെ മരണമുറപ്പാക്കുംവരെ മര്‍ദിച്ചു. വിവാഹഘോഷയാത്ര (ബരാത്) നടത്തിയതിന് ഒരു ദളിതന്റെ മൂക്ക് ചെത്തിക്കളഞ്ഞത് ഉത്തര്‍പ്രദേശിലെ സുര്‍പാതി ഗ്രാമത്തിലായിരുന്നു.  ദളിതര്‍ വിവാഹം ആഘോഷമായി നടത്തുന്നതിലുള്ള സവര്‍ണ രോഷമായിരുന്നു ഇതിലൂടെ പ്രകടമായത്. 'ദളിതരില്‍ ദളിത'രായ മുഷാഹറുകള്‍ ഇപ്പോഴും വയലില്‍ പതുങ്ങിയിരുന്ന് എലികളെ ഭക്ഷിച്ച് ജീവിതം നിലനിര്‍ത്തുന്നു. രാജ്യതലസ്ഥാനത്തെ ശാഹ്ദ്രയ്ക്കടുത്ത നന്ദ്്നഗരിയിലെ മീന ഇന്നും കക്കൂസ് കഴുകിയും മലം ചുമന്നും ജീവിക്കുന്നു. ഒരു കക്കൂസ് കഴുകിയാല്‍ കിട്ടുന്ന 10 രൂപയ്ക്കുവേണ്ടി. ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന 7.94 ലക്ഷം പേര്‍ ഇന്ത്യയിലുണ്ടെന്നാണ് 2011ലെ സാമൂഹ്യ– സാമ്പത്തിക സര്‍വേ പറയുന്നത്. 1.80 ലക്ഷം കുടുംബം ഈ പ്രവൃത്തിയെ ആശ്രയിച്ചാണ് ഇന്നും ജീവിക്കുന്നത്.

സ്വാതന്ത്യ്രം ലഭിച്ച് 70 വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ള ഇന്ത്യന്‍ അവസ്ഥയാണിത്. ദളിതരുടെ കൈവശം ഭൂമിയില്ലെന്നതാണ് ഈ കൊടിയ ചൂഷണത്തിന് അവരിന്നും വിധേയരാകാനുള്ള പ്രധാന കാരണം. ഭൂസ്വാമിമാരും അവരുമായി സഹകരിക്കുന്ന ഭരണവര്‍ഗവും ചേര്‍ന്നാണ് ഭൂപരിഷ്കരണത്തെ ഫലപ്രദമായി തടയുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് ഭൂപരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടുള്ളത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി ഭൂസ്വാമിമാര്‍ തിരിച്ചുപിടിച്ചപ്പോള്‍ 50 ദളിത്കുടുംബം ഒന്നടങ്കം മുഖ്യമന്ത്രിയെ കണ്ട് ആത്മഹത്യചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുംവരെയെത്തി കാര്യങ്ങള്‍.

സര്‍ക്കാരിന്റെ ഈ നിസ്സംഗതയ്ക്കെതിരെ ദളിത്രോഷം ഉയരുകയാണിപ്പോള്‍. ഇനി തോട്ടിപ്പണിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ നേരത്തേ നടന്ന മൈലാ മുക്തി യാത്രയും ഇപ്പോള്‍ ഗുജറാത്തില്‍ നടന്നുവരുന്ന ദളിത് അസ്മിത യാത്രയും ദളിത്  ഉയിര്‍ത്തെഴുന്നേല്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലെ സുജാപുര്‍ ഗ്രാമത്തിലെ ദളിത്വനിത കല്‍ബിയ കാര്‍വെയും 12 സ്ത്രീകളും  തോട്ടിപ്പണിക്ക് ഉപയോഗിക്കുന്ന കുട്ടകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇനി തോട്ടിപ്പണിചെയ്യില്ലെന്ന് നടത്തിയ പ്രഖ്യാപനംതന്നെയാണ് ഇപ്പോള്‍ ഗുജറാത്തിലെ ദളിത് അസ്മിത യാത്രയിലും ഉയര്‍ന്നുകേള്‍ക്കുന്നത്. അഹമ്മദാബാദില്‍നിന്ന് 340 കിലോമീറ്റര്‍ സഞ്ചരിച്ച് ഉനയിലെത്തുന്ന ദളിതര്‍ ജാതിവിവേചനത്തില്‍ നിന്നും ആക്രമണങ്ങളില്‍നിന്നും മോചനം ആവശ്യപ്പെട്ട് സ്വാതന്ത്യ്രത്തിന്റെ പതാക ഉയര്‍ത്തുകയാണ്.

കോളനിവാഴ്ച അവസാനിച്ച് 70 വര്‍ഷമായിട്ടും ദളിതരും അവശവിഭാഗങ്ങളും സ്വാതന്ത്യ്രത്തിനായുള്ള പോരാട്ടം തുടരുകയാണെന്നര്‍ഥം. ബ്രിട്ടീഷുകാരില്‍നിന്ന് പോരാടി നേടിയ സ്വാതന്ത്യ്രം സാമൂഹ്യ– സാമ്പത്തിക സ്വാതന്ത്യ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചുയര്‍ത്തിയില്ലെന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. അതിനായുള്ള പോരാട്ടം ഇനിയും തുടരുകതന്നെ വേണമെന്ന സന്ദേശമാണ് എഴുപതാം സ്വാതന്ത്യ്രദിനത്തിലും ഉയരുന്നത്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top