19 March Tuesday

തൊഴിലാളികളെ അധിക്ഷേപിച്ച‌് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019


രാജ്യത്ത് തൊഴിലാളികളുടെ കുറഞ്ഞ വേതനം 178 രൂപയായി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവായി. അതായത്, ഒരു തൊഴിലാളിയുടെ പ്രതിമാസ വേതനം കേവലം 4628 രൂപയായിരിക്കും. ഇത്രയും തുച്ഛമായ വേതനംകൊണ്ട് എങ്ങനെയാണ് ഒരു തൊഴിലാളികുടുംബം ജീവിക്കുക എന്ന ചോദ്യത്തിനുകൂടി ഇക്കാര്യം വാർത്താസമ്മേളനം നടത്തി ഒരു നേട്ടമെന്ന രീതിയിൽ അവതരിപ്പിച്ച കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാങ‌്‌വാർ ഉത്തരം പറയേണ്ടതുണ്ട്.

തൊഴിലാളികളുടെ കുറഞ്ഞ വേതനം 474 രൂപയായി വർധിപ്പിക്കുമെന്നു പറഞ്ഞാണ് മോഡി സർക്കാർ അധികാരമേറിയത്. എന്നാൽ, അധികാരമേറി ഒരു മാസത്തിനകം പ്രഖ്യാപിച്ച വേതനമാകട്ടെ അതിന്റെ പകുതിപോലുമില്ല. രണ്ടു വർഷത്തിനകം രണ്ടുരൂപമാത്രമാണ് വർധിപ്പിച്ചിട്ടുള്ളത്. വിലക്കയറ്റംകൂടി കണക്കിലെടുത്താൽ കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ ഫലത്തിൽ വേതനം കുറയുകയാണ് ചെയ്തിട്ടുള്ളത്. സർക്കാർ തൊഴിലാളികൾക്കൊപ്പമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ഈ തീരുമാനം.

മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യം കുറഞ്ഞ വേതനമായി 160 രൂപയായാണ് 2015ൽ പ്രഖ്യാപിച്ചിരുന്നത്. അന്ന് 23 രൂപയുടെ വർധനയാണ് നൽകിയിരുന്നത്. 2017ൽ അത് 176 രൂപയായി വർധിപ്പിച്ചു. അതായത്, മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള അഞ്ചു വർഷത്തിനിടയ‌്ക്ക് 41 രൂപയുടെ വർധനമാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ, കോർപറേറ്റുകൾക്ക് ഇക്കാലത്ത് അവരുടെ സമ്പാദ്യം ഇരട്ടിയും അതിലധികവുമായി വർധിപ്പിക്കാൻ അവസരമൊരുക്കി. 2014–-18 വർഷങ്ങളിൽ റിലയൻസ‌് ഉടമ മുകേഷ് അംബാനി അദ്ദേഹത്തിന്റെ സമ്പത്ത് 23 ബില്യൻ ഡോളറിൽനിന്ന് 55 ബില്യൻ ഡോളറായി വർധിപ്പിച്ചു. അതായത്, 58 വർഷത്തിനിടയ‌്ക്ക‌് സ്വരൂപിച്ചതിനേക്കാളും കൂടുതൽ സമ്പത്ത് മോഡി ഭരണകാലത്തുമാത്രം നേടി. ഗൗതം അദാനിയാകട്ടെ ഇതേ കാലയളവിൽ സമ്പത്ത് നാലിരട്ടിയായാണ് വർധിപ്പിച്ചത്. എന്നാൽ, തൊഴിലാളികളുടെ മിനിമം വേതനത്തിലുണ്ടായ വർധന ഒരു ശതമാനംമാത്രം.

കേന്ദ്ര സർക്കാർതന്നെ നിയമിച്ച അനൂപ് സത്പതി കമീഷനും തൊഴിലാളികളുടെ വേതനം 375 രൂപമുതൽ 447 രൂപവരെയായി ഉയർത്തണമെന്ന് ശുപാർശ ചെയ്തിരുന്നു. പ്രതിമാസ വേതനം 9750 രൂപമുതൽ 11,622 രൂപവരെ ഉയർത്തണമെന്നായിരുന്നു നിർദേശം. അതുപോലെ കുറഞ്ഞ വേതനം 600 രൂപയാക്കി ഉയർത്തണമെന്നും പ്രതിമാസവേതനം 18,000 രൂപയാക്കണമെന്നുമുള്ള നിർദേശങ്ങളും നിലവിലുണ്ട്. ട്രേഡ‌് യൂണിയനുകളും ഇതേ ആവശ്യം പല ഘട്ടങ്ങളിലും ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതിയും വേതനം 25 ശതമാനമെങ്കിലും വർധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. അതെല്ലാം അവഗണിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

രണ്ടു വർഷം കൂടുമ്പോഴാണ് തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം കേന്ദ്ര സർക്കാർ നിശ്ചയിക്കാറുള്ളത്. സ്റ്റാറ്റ്യൂട്ടറി മിനിമം വേജ് അഡ്വസൈറി യോഗത്തിനുശേഷമാണ് സാധാരണ നിലയിൽ തൊഴിലാളികളുടെ കുറഞ്ഞ വേതന കാര്യത്തിൽ തീരുമാനം എടുക്കാറുള്ളത‌്. എന്നാൽ, എല്ലാ ഭരണഘടനാ തത്വങ്ങളും കാറ്റിൽപറത്തിക്കൊണ്ടിരിക്കുന്ന മോഡി സർക്കാർ ഇക്കാര്യത്തിലും ആ പാതതന്നെയാണ് പിന്തുടർന്നത്. സ്റ്റാറ്റ്യൂട്ടറി മിനിമം വേജ് അഡ്വസൈറി യോഗംപോലും ചേരുന്നതിനുമുമ്പാണ് തൊഴിൽമന്ത്രി ഏകപക്ഷീയമായി ദേശീയ മിനിമംവേതനം പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴിൽ എന്ന വിഷയം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്. അതായത്, സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയതിനുശേഷമായിരിക്കണം ഈ വിഷയത്തിലുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത്. എന്നാൽ, സംസ്ഥാനങ്ങളുമായി ചർച്ചയൊന്നും നടത്താതെയാണ് കുറഞ്ഞ വേതനം സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്ര തൊഴിൽമന്ത്രി നടത്തിയിട്ടുള്ളത്. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനംകൂടിയാണിത്. മാത്രമല്ല, സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച കുറഞ്ഞ കൂലിയേക്കാളും കുറവാണ് കേന്ദ്രം ഇപ്പോൾ കുറഞ്ഞ വേതനമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിൽനിന്ന‌് വ്യക്തമാകുന്നത് തെരഞ്ഞെടുപ്പുകാലത്ത് ഇലക്ടറൽ ബോണ്ടിലൂടെയും മറ്റും ബിജെപിയെ പിന്തുണച്ച കോർപറേറ്റുകളെ സഹായിക്കാനാണ് തൊഴിലാളികളുടെ മിനിമം വേതനം ഏറ്റവും കുറഞ്ഞ നിരക്കിൽ മോഡി സർക്കാർ നിശ്ചയിച്ചിട്ടുള്ളത് എന്നതാണ്. ജൂലൈ അഞ്ചിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റും കോർപറേറ്റുകൾക്ക് സൗജന്യങ്ങൾ വാരിവിതറുന്നതായിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിലാണ് തൊഴിലാളികളുടെ വേതനം ഏറ്റവും കുറഞ്ഞ നിരക്കിൽ നിശ്ചയിച്ച് കോർപറേറ്റുകളുടെ ലാഭം കൂട്ടാൻ വഴിയൊരുക്കിയിരിക്കുന്നത്. തൊഴിൽ ചെലവ് കുറച്ചാൽമാത്രമേ ഉൽപ്പാദനവും ലാഭവും വർധിപ്പിക്കാനാകൂ എന്ന മുതലാളിത്തരീതിയാണ് മോഡി സർക്കാരും നടപ്പാക്കുന്നത്. തൊഴിൽചട്ടങ്ങളിൽ ഭേദഗതിചെയ്യാനുള്ള നീക്കവും ഇതേ ലക്ഷ്യംവച്ചുള്ളതാണ്. ഇത് അപകടകരമായ നീക്കമാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സുരക്ഷ ഉറപ്പുവരുത്താതെ രാജ്യസുരക്ഷ ഉറപ്പ് വരുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ ഇനിയെങ്കിലും മനസ്സിലാക്കണം. തെറ്റായ നയങ്ങളിലൂടെ വൻ തൊഴിലാളി പ്രക്ഷോഭത്തെയാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചുവരുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top