28 March Thursday

കലാപ വര്‍ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Friday Jul 15, 2016


സംഘര്‍ഷവും കലാപവും സൃഷ്ടിച്ച് ഭയംവിതറി സ്വാധീനം ഉണ്ടാക്കുന്നത് ആര്‍എസ്എസിന്റെ പതിവ് സംഘാടനശൈലിയാണ്്. രാജ്യത്ത് ബോധപൂര്‍വം സൃഷ്ടിച്ച അനേകമനേകം കലാപങ്ങളിലും വര്‍ഗീയവിദ്വേഷത്തിലുംനിന്നാണ് ആര്‍എസ്എസ് ഊര്‍ജം ഉള്‍ക്കൊണ്ടതും ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതും. 1925ല്‍ നാഗ്പുരില്‍ ജനിച്ചതുമുതല്‍ ഇന്നോളമുള്ള ആര്‍എസ്എസിന്റെ ചരിത്രത്തില്‍ മനുഷ്യമാംസത്തിന്റെയും രക്തത്തിന്റെയും ചൂരാണുള്ളത്. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ സംഭവത്തോടെ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. മഹാത്മജിയുടെ മരണവാര്‍ത്തയറിഞ്ഞ് മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിച്ച ചരിത്രവും ആര്‍എസ്എസിനുണ്ട്.

കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ 1930കളില്‍തന്നെ ആര്‍എസ്എസ് ശ്രമം ആരംഭിച്ചു. എന്നാല്‍, കേരളീയന്റെ മതനിരപേക്ഷ നിലപാടും വര്‍ഗീയതയ്ക്കെതിരായ മനോഭാവവും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുകയാണുണ്ടായത്. അത് മറികടക്കാന്‍ മലയാളിയെ ഹിന്ദുവെന്നും മുസ്ളിമെന്നും ക്രിസ്ത്യാനിയെന്നും വേര്‍തിരിച്ച് തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആര്‍എസ്എസ് എന്നും പ്രയോഗിച്ചിട്ടുണ്ട്. അത് കലാപരൂപം പൂണ്ട തലശേരിയില്‍ 1970ന്റെ തുടക്കത്തില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കും കൊലവിളിക്കും മുന്നില്‍ നെഞ്ചുവിരിച്ചുനിന്നത് സിപിഐ എം പ്രവര്‍ത്തകരാണ്. മുസ്ളിങ്ങള്‍ക്കെതിരെ ആസൂത്രണംചെയ്ത തലശേരികലാപത്തില്‍ ആര്‍എസ്എസ് എടുത്ത ഒരേയൊരു ജീവന്‍ സിപിഐ എമ്മിന്റെ മാങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന യു കെ കുഞ്ഞിരാമന്റേതാണ്. സ്വജീവന്‍ ബലിയര്‍പ്പിച്ചും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത കമ്യൂണിസ്റ്റുകാരുടെ സ്ക്വാഡിനെ നയിച്ച ധീരനായിരുന്നു യു കെ കുഞ്ഞിരാമന്‍. തലശേരികലാപം മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ എല്ലാ ശ്രമങ്ങളും ചെറുക്കാന്‍ സിപിഐ എം മുന്നില്‍നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിപിഐ എമ്മിനെ തകര്‍ത്തുമാത്രമേ തങ്ങളുടെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാനാവൂ എന്ന് ആര്‍എസ്എസ് കരുതുന്നു. ആ ചിന്തയാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ നിരന്തരം ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങളുടെ അടിസ്ഥാനം.

പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്താതിരിക്കാനായിരുന്നു ആര്‍എസ്എസിന്റെ നീക്കം. അതിനായി യുഡിഎഫുമായി അവര്‍ സന്ധിയിലേര്‍പ്പെട്ടു. എന്നാല്‍, അവസരവാദ കൂട്ടുകെട്ടുകളെ തിരസ്കരിച്ച കേരളജനത ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയമാണ് സമ്മാനിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ആഹ്ളാദപ്രകടനം നടക്കുന്ന വേളയില്‍ത്തന്നെ ആര്‍എസ്എസിന്റെ നൈരാശ്യം ഹിംസരൂപം പൂണ്ടു. പിണറായിയില്‍ സി രവീന്ദ്രന്‍ എന്ന തൊഴിലാളിയെ ആഹ്ളാദപ്രകടനത്തിനിടെയാണ് ആര്‍എസ്എസ് കൊന്നുകളഞ്ഞത്. അന്ന് പിഞ്ചുകുഞ്ഞുങ്ങളെയടക്കം ആക്രമിച്ചു. വോട്ടെണ്ണല്‍ നാളില്‍ തുടക്കമിട്ട ആ ആക്രമണപരമ്പരയാണ് ഒടുവില്‍ പയ്യന്നൂര്‍ കുന്നരുവിലെ ധനരാജ് വധത്തില്‍ എത്തിയത്.

ഏതെങ്കിലും പ്രകോപനത്തിന്റെ തുടര്‍ച്ചയായല്ല ധനരാജിനെ കൊന്നത്. ആ മേഖലയില്‍ ഒരുതരത്തിലുള്ള സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ഒരു പ്രധാന സിപിഐ എം പ്രവര്‍ത്തകനെ വധിച്ച് പയ്യന്നൂര്‍മേഖലയില്‍ സംഘര്‍ഷം ആളിക്കത്തിക്കണമെന്ന ആര്‍എസ്എസിന്റെ താല്‍പ്പര്യവും അതിനുവേണ്ടിയുള്ള ആസൂത്രണവുമാണ് അരങ്ങേറിയത്. സിപിഐ എമ്മിന് നിര്‍ണായക ശക്തിയുള്ള പയ്യന്നൂര്‍മേഖലയെ അശാന്തമാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. ഒരുഭാഗത്ത് നിഷ്ഠുരമായ ആക്രമണങ്ങള്‍ നടത്തുകയും മറുഭാഗത്ത് തങ്ങള്‍ ആക്രമിക്കപ്പെടുകയാണ് എന്ന് വിലപിക്കുകയും ചെയ്യുന്നത് ആര്‍എസ്എസിന്റെ പതിവുരീതിയാണ്. സി രവീന്ദ്രന്റെ കൊലപാതകത്തിനുശേഷം ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനുനേരെ മാര്‍ച്ച് നടത്തി ആര്‍എസ്എസ് പ്രചരിപ്പിച്ചത് സിപിഐ എമ്മാണ് അക്രമകാരികള്‍ എന്ന പെരുംനുണയാണ്. പയ്യന്നൂരില്‍ ധനരാജിനെ കൊന്നശേഷവും കൊലപാതകം തങ്ങള്‍ ചെയ്തതല്ല എന്ന വ്യാജപ്രചാരണത്തിന് ആര്‍എസ്എസ് മുതിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ, ആര്‍എസ്എസിന്റെ കൊലപാതകത്തിനെതിരെയല്ല ആക്രമിക്കപ്പെടുന്ന പാര്‍ടിയായ സിപിഐ എമ്മിനുനേരെയാണ് ആക്രോശിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷവും യുഡിഎഫ് നേതൃത്വവും ആര്‍എസ്എസും ഒന്നിച്ചുനീങ്ങുന്നതിന്റെ ദൃഷ്ടാന്തമാണിത്. സിപിഐ എം ശക്തികേന്ദ്രങ്ങളില്‍ കൊലപാതകങ്ങളും അക്രമവും നടത്തി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ തിരിയാനുള്ള വ്യഗ്രത സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ വാക്കുകളില്‍ തെളിയുന്നുണ്ട്. സിപിഐ എമ്മിനെയും അതിന്റെ പ്രവര്‍ത്തകരെയും മാത്രം ബാധിക്കുന്ന വിഷയമല്ലിത്. ആര്‍എസ്എസ് എന്തുചെയ്യാനും എന്തുപറയാനും മടിയില്ലാത്ത സംഘടനയാണ്്. അതിന്റെ കൊലപാതക–വര്‍ഗീയ രാഷ്ട്രീയം മതനിരപേക്ഷതയിലും മാനവികതയിലും വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച കെപിസിസി പ്രസിഡന്റിന്റെയോ ആര്‍എസ്എസ് മനസുള്ള പ്രതിപക്ഷ നേതാവിന്റെയോ പങ്കാളിത്തത്തോടെ അത്തരമൊരു മുന്നേറ്റം അസാധ്യമാണ്. യുഡിഎഫിലും കോണ്‍ഗ്രസിനകത്തും മതനിരപേക്ഷബോധം പണയംവച്ചിട്ടില്ലാത്ത വലിയൊരുവിഭാഗം ജനങ്ങളുണ്ട്. അവര്‍ സ്വമേധയാ മുന്നോട്ടുവന്ന് ആര്‍എസ്എസിന്റെ കലാപ– വര്‍ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top