26 April Friday

തിരിച്ചുപിടിക്കാം കാര്‍ഷിക കേരളത്തെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2016

നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുമെന്നും നെല്ലുല്‍പ്പാദനം പത്തുലക്ഷം ടണ്‍ ആക്കുമെന്നുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക പ്രഖ്യാപിക്കുന്നത്. റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകഗ്രൂപ്പുകള്‍വഴി കൃഷിചെയ്യുമെന്നും പ്രകടനപത്രിക വാഗ്ദാനംചെയ്യുന്നു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യകമ്പനികള്‍ക്ക് നികത്താന്‍ അനുവാദം നല്‍കിയ നെല്‍പ്പാടങ്ങളില്‍ കൃഷി തുടങ്ങാനുള്ള തീരുമാനം പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അതിവേഗം നടപ്പാക്കുന്നതിന്റെ തുടക്കമാണ്. കോട്ടയം മെത്രാന്‍കായലിലും പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിലുമാണ് കൃഷി ഇറക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കൃഷിമന്ത്രി ആരംഭിച്ചുകഴിഞ്ഞു. കൃഷിവകുപ്പ് സെക്രട്ടറി അതിന് പ്രായോഗികരൂപം നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.

തെരഞ്ഞെടുപ്പിന് നാളുകള്‍ ബാക്കിനില്‍ക്കെയാണ് 378 ഏക്കര്‍ മെത്രാന്‍കായല്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ ഇത്തരം അനേകം തീരുമാനങ്ങള്‍ അവസാന ക്യാബിനറ്റ് യോഗങ്ങളില്‍ കൈക്കൊണ്ടു. പരിസ്ഥിതിസംരക്ഷണമോ നെല്‍ക്കൃഷി വ്യാപിപ്പിക്കലോ യുഡിഎഫ് സര്‍ക്കാരിന്റെ അജന്‍ഡ ആയിരുന്നില്ല. കുട്ടനാട്ടിലെ മികച്ച ഉല്‍പ്പാദനക്ഷമതയുള്ള നിലമാണ് മെത്രാന്‍കായല്‍. അവിടെ വന്‍കിട ടൂറിസംപദ്ധതി തുടങ്ങാനുള്ള സ്വകാര്യകമ്പനിയുടെ അപേക്ഷ 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരസിച്ചതാണ്. പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് അന്ന് ആ തീരുമാനം എടുത്തത്. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ തങ്ങള്‍ പരിസ്ഥിതി സൌഹൃദപദ്ധതിയാണ് നടപ്പാക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ച് സ്വകാര്യകമ്പനിക്ക് മെത്രാന്‍കായല്‍ നികത്താനുള്ള അനുവാദം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അറച്ചുനില്‍ക്കേണ്ടിവന്നില്ല. കടുംവെട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാബിനറ്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തുനിന്നുമാത്രമല്ല, യുഡിഎഫിന് അകത്തുനിന്നുപോലും വിമര്‍ശമുയര്‍ന്നു. സര്‍ക്കാരിന് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു. ആ മെത്രാന്‍കായലിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നെല്‍ക്കൃഷി നടത്താന്‍ പോകുന്നത്. 

ആറന്മുളയിലെ പാടശേഖരവും മെത്രാന്‍ കായല്‍നിലവും നെല്‍ക്കൃഷിയാല്‍ പച്ചപ്പണിയുമ്പോള്‍ കേരളം പുതിയൊരു കുതിപ്പിനാണ് ഒരുങ്ങുന്നത്. ഇടതുപക്ഷം നയിച്ച മുന്‍ സര്‍ക്കാരുകള്‍ പ്രധാന പരിഗണന നല്‍കിയത് നമ്മുടെ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമാണ്. ഗ്രൂപ്പ് ഫാമിങ്, തരിശുനില കൃഷി തുടങ്ങിയ പദ്ധതികളിലൂടെ ആ ഉദ്യമം മുന്നേറി. തരിശുനില കൃഷി പദ്ധതിയിലൂടെ പുതുതായി ഇരുപതിനായിരത്തോളം ഹെക്ടറില്‍ നെല്‍ക്കൃഷി തുടങ്ങി. തൃശൂര്‍ കോള്‍നിലങ്ങളിലും കുട്ടനാട്ടും പാലക്കാട്ടും അധികസ്ഥലത്ത് കൃഷിയിറക്കി. ഇതെല്ലാം അട്ടിമറിച്ചാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ഭരിച്ചത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ കഴുത്തുഞെരിച്ച്, പാടമോ നീര്‍ത്തടമോ യഥേഷ്ടം നികത്താനുള്ള അനുവാദമാണ് യുഡിഎഫ് നല്‍കിയത്. അഴിമതിനിറഞ്ഞ ആ സമീപനത്തില്‍നിന്നുള്ള സമ്പൂര്‍ണമായ വ്യതിചലനം മാത്രമല്ല, അഴിമതിക്കെതിരായ കടുത്ത നിലപാടും അതോടൊപ്പം സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള പ്രധാന ഉപാധിയായ കൃഷിയുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതുകൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കാര്‍ഷികകേരളത്തെ അതിന്റെ സര്‍വപ്രൌഢിയോടെയും തിരിച്ചുപിടിക്കാനുള്ള ഉദ്യമമാണിത്.

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ പുറത്തുകൊണ്ടുവരികയും അഴിമതിക്കാരെ ശിക്ഷിക്കുകയും ചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനുമുന്നിലെ സുപ്രധാന കടമയാണ്. അതിനുള്ളതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. എന്നാല്‍, അഴിമതിക്കെതിരെ ശബ്ദിക്കുകയും നടപടിയെടുക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം പൂര്‍ണമാകുന്നില്ല. അഴിമതിയില്ലാതെ പുരോഗതി സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. തങ്ങള്‍ കപടവാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ അല്ല, മറിച്ച്, ക്രിയാത്മകമായി നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെടുകയും ഭാവനാപൂര്‍ണമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്യുന്നവരാണ് എന്ന പ്രഖ്യാപനമാണ് മെത്രാന്‍കായല്‍– ആറന്മുള തീരുമാനത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രതീക്ഷാനിര്‍ഭരമായ നടപടിയാണ്. സഹകരണം വാഗ്ദാനംചെയ്യുന്നതിനോടൊപ്പം ഈ പദ്ധതിക്ക് ഞങ്ങള്‍ വിജയാശംസ നേരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top