19 April Friday

മുളകുകര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

ഇന്ത്യന്‍ മുളകുപാടങ്ങളില്‍ കര്‍ഷകന്റെ ചുടുകണ്ണീര്‍ വീണ് കുതിരുകയാണിന്ന്. സര്‍ക്കാരിന്റെ വാഗ്ദാനം മുഖവിലയ്ക്കെടുത്ത് വര്‍ധിച്ചതോതില്‍ മുളകുകൃഷി നടത്താന്‍ തയ്യാറായ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും കര്‍ഷകരാണിന്ന് കണ്ണീരുകുടിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മുളകുകൃഷി ചെയ്യുന്ന ഗുണ്ടൂര്‍- തെന്നാലി മേഖലയിലെയും തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും മുളകുകൃഷിക്കാരാണ് തുച്ഛമായ വില കാരണം ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്നത്. ഇവരെ സഹായിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് അവരുടെ ദുരിതം ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ ഭാഗംതന്നെയാണ് മുളകുകൃഷിക്കാരുടെയും പ്രശ്നം.

കഴിഞ്ഞവര്‍ഷം ചുവന്നമുളകിന് നല്ല വില ലഭിച്ചിരുന്നു. ക്വിന്റലിന് 12,000 മുതല്‍ 13,000 വരെ കൃഷിക്കാര്‍ക്ക് ലഭിക്കുകയുണ്ടായി. അതിനാല്‍ പരുത്തിക്കൃഷി ഉപേക്ഷിച്ച് മുളകുകൃഷി ചെയ്യാന്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും സര്‍ക്കാരുകള്‍ കൃഷിക്കാരെ പ്രേരിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ വില ഈവര്‍ഷവും നിലനിര്‍ത്തുമെന്ന ഉറപ്പും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്‍കി. ഇത് വിശ്വസിച്ച കൃഷിക്കാര്‍ കൂടുതല്‍ ചെലവേറിയ പരുത്തിക്കൃഷി ഉപേക്ഷിച്ച് വന്‍തോതില്‍ മുളകുകൃഷിയിലേക്ക് നീങ്ങി.  ആന്ധ്രപ്രദേശില്‍മാത്രം കഴിഞ്ഞവര്‍ഷം 3.90 ലക്ഷം ഏക്കറിലാണ് മുളകുകൃഷി ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 4.65 ലക്ഷം ഏക്കറായി വര്‍ധിച്ചു. മുളക് ഉല്‍പ്പാദനം 80 ലക്ഷം ക്വിന്റലില്‍നിന്ന് 93 ലക്ഷം ക്വിന്റലായി വര്‍ധിച്ചു. തെലങ്കാനയിലും ക്രമാനുഗതമായ വര്‍ധനയുണ്ടായി.  40 ലക്ഷം ക്വിന്റല്‍ ഉല്‍പ്പാദനമാണ് ഇവിടെ ഈവര്‍ഷം ഉണ്ടായത്. ഖമ്മം ജില്ലയില്‍മാത്രം കൃഷി 24,000 ഹെക്ടറില്‍നിന്ന് ഈവര്‍ഷം 30,000 ഹെക്ടറിലേക്ക് വ്യാപിച്ചു. ഉല്‍പ്പാദനവും സമാനമായി വര്‍ധിച്ചു. ഒരേക്കര്‍ കൃഷിക്ക് വെള്ളം നനയ്ക്കാന്‍മാത്രം കൃഷിക്കാരന് 25,000 രൂപയാണ് ചെലവായത്. കടുത്ത വരള്‍ച്ച നിലനില്‍ക്കുന്നതിനാലാണിത്. ഒരു ക്വിന്റല്‍ മുളക് ഉല്‍പ്പാദിപ്പിക്കാന്‍ ശരാശരി 7500 മുതല്‍ 10,000 രൂപയെങ്കിലും ചെലവ് വരുമെന്നാണ് കര്‍ഷകരുടെ പക്ഷം. അതിനാല്‍ കഴിഞ്ഞവര്‍ഷത്തെ 12,000 രൂപ ലഭിച്ചാല്‍ മാന്യമായ ലാഭം നേടാന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഉല്‍പ്പാദനം വര്‍ധിച്ചതോടെ മുളക് എടുക്കാന്‍ ആളില്ലാതായി. ക്വിന്റലിന് 3000 രൂപയും അതില്‍ താഴെയും മാത്രം നല്‍കാനേ വ്യാപാരികള്‍ തയ്യാറായുള്ളൂ. മുളക് 334 പോലുള്ള ഇനങ്ങള്‍ക്ക് വില ക്വിന്റലിന് 1500 രൂപയായി താഴ്ന്നു. വ്യാപാരികളും കമീഷന്‍ ഏജന്റുമാരും മറ്റും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കി കര്‍ഷകരില്‍നിന്ന് ചുളുവിലയ്ക്ക് മുളക് ശേഖരിക്കാന്‍ നീക്കം തുടങ്ങി.

ഉല്‍പ്പാദനം വര്‍ധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് സംഭരണത്തിന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡു സര്‍ക്കാരും തെലങ്കാനയിലെ കെ ചന്ദ്രശേഖരറാവു സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടു. മുളകുകടത്തുന്നതിനും മറ്റുമായി സാധാരണനിലയില്‍തന്നെ സര്‍ക്കാരുകള്‍ കൃഷിക്കാര്‍ക്ക് നല്‍കാറുള്ള ക്വിന്റലൊന്നിന് 1500 രൂപവീതമുള്ള ബോണസും ഇക്കുറി നല്‍കിയില്ല. മെച്ചപ്പെട്ട ലാഭം പ്രതീക്ഷിച്ച് മുളകുകൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടു എന്നര്‍ഥം. അവരുടെ രോഷം തിളച്ചുമറിഞ്ഞു. ഏപ്രില്‍ അവസാനവാരം ഖമ്മത്തെ മുളകുകമ്പോളത്തിന് കര്‍ഷകര്‍ തീയിട്ടു. വ്യാപാരികള്‍ എടുക്കാന്‍ തയ്യാറാകാത്ത മുളകുചാക്കുകള്‍ കര്‍ഷകര്‍ അഗ്നിക്കിരയാക്കി. 

കര്‍ഷകര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാര്‍ അവരെ ഗുണ്ടകളും റൌഡികളുമെന്ന് വിശേഷിപ്പിച്ച് കേസെടുത്ത് ജയലിലിട്ടു. കര്‍ഷകരോഷത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചന്ദ്രശേഖരറാവു ആരോപിച്ചു. മാത്രമല്ല, കര്‍ഷകരെ കൈയാമം കെട്ടി കോടതിയില്‍ ഹാജരാക്കിയത് കര്‍ഷകരോഷം വര്‍ധിപ്പിക്കാന്‍ കാരണമായി. ചന്ദ്രശേഖരറാവുമന്ത്രിസഭയിലെ അംഗങ്ങള്‍തന്നെ കര്‍ഷകരെ ക്രിമിനലുകളെപ്പോലെ കോടതിയില്‍ കൊണ്ടുപോയതിനെ വിമര്‍ശിച്ചു. കര്‍ഷകരെ തെലങ്കാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഇതും കാരണമായി. സംസ്ഥാന സര്‍ക്കാരിന്റെമേല്‍ കുറ്റം ചാരിവച്ച് രക്ഷപ്പെടാനുള്ള മോഡിസര്‍ക്കാരിന്റെ നടപടിക്കുനേരെയും കര്‍ഷകരോഷം ഉയരുകയാണിപ്പോള്‍. മൊത്തം ഉല്‍പ്പാദനച്ചെലവും അതിന്റെ പകുതിയും കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരമേറിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്നാല്‍, അതനുസരിച്ച് താങ്ങുവില നിശ്ചയിക്കാന്‍ മോഡിസര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നുമാത്രമല്ല, അതിന് കഴിയില്ലെന്ന് സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരിക്കുകയുമാണ്.  കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവില വര്‍ധിപ്പിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകരുതെന്നും മോഡിസര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശം നിലനില്‍ക്കുന്നു.പരിപ്പുവര്‍ഗങ്ങള്‍ക്കും മറ്റും ഉല്‍പ്പാദനച്ചെലവിനേക്കാളും കുറഞ്ഞ താങ്ങുവിലയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്.

മാത്രമല്ല, കമ്പോള ഇടപെടല്‍ പദ്ധതിയനുസരിച്ച് കര്‍ഷകരില്‍നിന്ന് മൊത്തം ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനം മുളകുമാത്രമാണ് കേന്ദ്രം ശേഖരിക്കാന്‍ തയ്യാറായിട്ടുള്ളത്. ആന്ധ്രയില്‍നിന്ന് 8.84 ലക്ഷം ടണ്ണും തെലങ്കാനയില്‍നിന്ന് 3.37 ലക്ഷം ടണ്ണും മാത്രമാണ് ഈ പദ്ധതിയനുസരിച്ച് ശേഖരിച്ചിട്ടുള്ളത്. കൂടുതല്‍ മുളക് ഈ പദ്ധതിയനുസരിച്ച് കേന്ദ്രം ശേഖരിച്ചിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് അത് ആശ്വാസമാകുമായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ പെരുകുമ്പോഴാണ് മുളകുകര്‍ഷകരെയും ആ പാതയിലേക്ക് നയിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നത്. കൃഷിക്കാരില്‍നിന്ന് മുളക് സംഭരിച്ച് ക്വിന്റലിന് 10,000 രൂപയെങ്കിലും നല്‍കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാം. അല്ലാത്തപക്ഷം ആന്ധ്രപ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും മുളകുകര്‍ഷകരുടെ ആത്മഹത്യാവാര്‍ത്ത കേള്‍ക്കേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top