18 April Thursday

ജാഗ്രത, ജാഗ്രത, ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday May 16, 2016

കേരളം കണ്ട ഏറ്റവും നെറികെട്ട ഭരണത്തിന് തിരശ്ശീല വീഴുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെയും സാമാന്യമര്യാദയുടെയും എല്ലാ അതിരുകളും ഭേദിക്കുന്ന നെറികേടുകളിലേക്ക് കടക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും. ഏതുവിധേനയും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയുകയാണ് ലക്ഷ്യം. അതിന് ഏതു മാര്‍ഗവും സ്വീകരിക്കുന്നു. ധാര്‍മികതയ്ക്കും ജനാധിപത്യമൂല്യത്തിനും പുല്ലുവില കല്‍പ്പിക്കാത്ത യുഡിഎഫ്, ഭരണസംവിധാനത്തെ പൂര്‍ണമായും ഇതിനായി രംഗത്തിറക്കുന്നു. എല്‍ഡിഎഫിനെതിരെ ഉയര്‍ത്തുന്ന സ്ഥിരം പ്രചാരണങ്ങള്‍ വിലപ്പോകാത്തതോടെയാണ് പുതിയ നാടകങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അത്തരം കപടനാടകങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കി യുഡിഎഫിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ ചില മാധ്യമങ്ങളും രംഗത്തുണ്ട്. കുപ്രചാരണങ്ങള്‍ക്കുപുറമെ വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു. പ്രാദേശിക പത്രപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കുന്നത്തുനാട് യുഡിഎഫ് എംഎല്‍എയുടെ ഭാര്യ പണം വാഗ്ദാനം ചെയ്തതിന്റെ തെളിവുകള്‍ സമൂഹത്തിനുമുന്നിലുണ്ട്.

വ്യാപകമായി വ്യാജനോട്ടീസുകള്‍ പ്രചരിപ്പിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അവഹേളിക്കാനും വ്യക്തിപരമായി കളങ്കപ്പെടുത്താനുമുള്ള നോട്ടീസിന്റെ വന്‍ ശേഖരമാണ് കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തില്‍ പിടിച്ചെടുത്തത്. ധര്‍മടം മണ്ഡലത്തില്‍ മൂന്ന് വ്യാജനോട്ടീസുകളാണ് ഞായറാഴ്ച രാവിലെ പ്രചരിപ്പിച്ചത്. വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയെ സിപിഐ എം പ്രവര്‍ത്തകര്‍ കൈയേറ്റംചെയ്തെന്ന വാര്‍ത്ത കെട്ടിച്ചമച്ചത് ആസൂത്രിതമായാണ്. യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയോടെ, യുഡിഎഫ് ഘടകകക്ഷി നേതാവ് വീരേന്ദ്രകുമാര്‍ നയിക്കുന്ന പത്രത്തെ ഉപയോഗിച്ച് രമയെ മുന്‍നിര്‍ത്തി നടത്തിയ നാടകമാണ് അരങ്ങേറിയത്്. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ രമയും സംഘവും നാരായണനഗരത്തിലെ സിപിഐ എം പ്രവര്‍ത്തകന്‍ രാജന്റെ വീട്ടിലെത്തി വോട്ട് ചോദിച്ചു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം നല്‍കിയപ്പോള്‍ അത് മൊബൈലില്‍ ഷൂട്ട് ചെയ്തു. ഇതെന്തിനാണെന്നും രാഷ്ട്രീയക്കളിയാണോ എന്നും ചോദിച്ച വീട്ടുകാരോട്, രമയുടെ കൂടെയുള്ളവര്‍ തട്ടിക്കയറി. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് രമയ്ക്കെതിരായ കൈയേറ്റമാക്കി വ്യാജപ്രചാരണം നടത്തുന്നത്.

വടകര ഗവ. ആശുപത്രിയില്‍ ചെന്ന രമയെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍, ചികിത്സിക്കേണ്ട ഒന്നുമില്ലെന്നു പറഞ്ഞ് വിട്ടു. പിന്നീട് എവിടെനിന്നോ ലഭിച്ച നിര്‍ദേശമനുസരിച്ച് വീണ്ടും ആശുപത്രിയിലെത്തി നിര്‍ബന്ധിപ്പിച്ച് അല്‍പ്പസമയം കിടന്നു. ഇതാണ് വസ്തുതയെന്നിരിക്കെ, രമയ്ക്കുനേരെയുള്ള സിപിഐ എം അക്രമം അതിക്രൂരമെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം, നാടകത്തിനുപിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുന്നു. തുടര്‍ന്ന്, മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശുപത്രിയിലെത്തി രമയെ കണ്ടതോടെ ചിത്രം വ്യക്തം. മുഖ്യമന്ത്രി കോഴിക്കോട്ടുണ്ടായിരുന്ന ദിവസം ഗസ്റ്റ്ഹൌസില്‍ ചെന്ന് ആര്‍എംപി നേതാവിനെ കണ്ടത് ഇപ്പോഴത്തെ സംഭവവുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സമാനതകളില്ലാത്ത അഴിമതിക്കും മാഫിയഭരണത്തിനും നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാര്‍വിരുദ്ധ വികാരം ആളിക്കത്തുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമാണുള്ളത്. ഇതേവരെ പുറത്തുവന്ന എല്ലാ അഭിപ്രായസര്‍വേകളും എല്‍ഡിഎഫിന് വമ്പിച്ച മുന്നേറ്റം പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍, ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തിയും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയും വോട്ട് തട്ടിയെടുക്കാമെന്ന വ്യാമോഹത്തിലാണ് യുഡിഎഫ്. ബിജെപിയും എന്‍ഡിഎയും ഇതോടൊപ്പമുണ്ട്്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയും അക്രമം നടത്തുകയും ചെയ്ത് ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവുമുണ്ട്. അതോടൊപ്പം ഭരണകൂടത്തെ ഉപയോഗപ്പെടുത്തി സിപിഐ എം സ്ഥാനാര്‍ഥികളെ വേട്ടയാടാനും ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വോട്ടെടുപ്പ് അവസാനിക്കുന്ന നിമിഷംവരെ എതിരാളികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അത്യുജ്വല വിജയത്തിന് ഭാഗഭാക്കാകണമെന്നും എല്ലാ ജനാധിപത്യസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു. കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളി, കേരളചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഉജ്വലമായ വിജയം ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നല്‍കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top