24 April Wednesday

നേരിന്റെ വഴിതേടട്ടെ ദ്രാവിഡരാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2017


അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെയും മറ്റു രണ്ടുപേരെയും നാലുവര്‍ഷത്തെ തടവിനും പത്തുകോടി രൂപ പിഴയടയ്ക്കാനും വിധിച്ച വിചാരണക്കോടതി വിധി അതേപടി പ്രാബല്യത്തില്‍ വരുത്താന്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് വിചാരണക്കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹയുടെ വിധിന്യായം അംഗീകരിക്കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തയ്യാറായത്. വിധിയനുസരിച്ച് ശശികലയും ജയലളിതയുടെ വളര്‍ത്തുപുത്രന്‍ സുധാകരനും ശശികലയുടെ സഹോദരന്റെ ഭാര്യ ജെ ഇളവരശിയും ശിക്ഷ അനുഭവിക്കണം. ജയലളിത ആദ്യം മുഖ്യമന്ത്രിയായി ഭരണം നടത്തിയ വേളയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് 19 വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം അന്തിമവിധി പുറത്തുവന്നിട്ടുള്ളത്. ജീവിച്ചിരുന്നുവെങ്കില്‍ ജയലളിതയും ഈ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. ഭരണം ഉപയോഗിച്ച് ജയലളിതയും അവരുടെ ചുറ്റുമുള്ള ഉപജാപകസംഘവും കോടികളുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നതാണ് വിധിന്യായം. 

കഴിഞ്ഞ ഡിസംബറില്‍ ജയലളിതയുടെ മരണത്തെതുടര്‍ന്ന് അവര്‍ എഐഎഡിഎംകെയില്‍ വഹിച്ച ജനറല്‍ സെക്രട്ടറിസ്ഥാനത്ത് എത്തിയ വി കെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കവെയാണ് ആ മോഹം പൊലിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിന്യായം പുറത്തുവന്നത്. അധികാരം കൈക്കലാക്കാന്‍ ശശികല നടത്തിയ ധൃതിപിടിച്ച നീക്കത്തിനാണ് തിരിച്ചടി നേരിട്ടത്. ജനങ്ങളുടെ വര്‍ധിച്ച പിന്തുണ ജയലളിതയ്ക്ക് ഉണ്ടായിരുന്നുവെങ്കില്‍ അത്തരത്തിലുള്ള ഒരു മാനം ശശികലയെന്ന രാഷ്ട്രീയനേതാവിന് ഇല്ല. യുപിയിലും ഒഡിഷയിലും ബിഹാറിലും മറ്റും കുടുംബരാഷ്ട്രീയമാണ് അരങ്ങുവാഴുന്നതെങ്കില്‍, ശശികലയുടെ രംഗപ്രവേശത്തോടെ ഉപജാപകസംഘമാണ് തമിഴ്നാട്ടില്‍ അധികാരം കൈയാളാന്‍ ശ്രമിച്ചതെന്ന വ്യത്യാസമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ രീതിയാണിത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് അന്‍പഴകനും മറ്റും സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയായ ഒ പന്നീര്‍ശെല്‍വം രാജിവയ്ക്കുകയും ചെയ്തു. ഇതേദിവസമാണ് അന്തിമ വിധിപ്രഖ്യാപനം ഒരാഴ്ചയ്ക്കുശേഷം നടത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ജൂണ്‍ 27ന് വിധി പറയാനായി സുപ്രീംകോടതി മാറ്റിവച്ച വിധിപ്രഖ്യാപനമാണ് ചൊവ്വാഴ്ച രാവിലെ നടത്തിയത്.

സുപ്രീംകോടതി വിധി പുറത്തുവന്നതോടെ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് ചെന്നൈയില്‍ നടക്കുന്നത്. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നുമാത്രമല്ല, അടുത്ത പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും അവര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിന്‍വാതിലിലൂടെ നേടാനുള്ള രാഷ്ട്രീയനീക്കത്തിനാണ് ശശികല തയ്യാറാകുന്നത്. തന്നെ അനുസരിക്കുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ശശികലയുടെ നീക്കം. കൊങ്കു മേഖലയിലെ സേലം ജില്ലയില്‍നിന്നുള്ള എംഎല്‍എയും മന്ത്രിയുമായ എടപ്പാടി കെ പളനിസാമിയെയാണ് ശശികലക്യാമ്പ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുള്ളത്. പന്നീര്‍ശെല്‍വത്തെയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്ന പാണ്ഡ്യരാജനെയും പൊന്ന്യനെയും മറ്റും ശശികല എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കിയിട്ടുമുണ്ട്. 235 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയും. 125 പേരുടെ പിന്തുണയാണ് ശശികലക്യാമ്പ് അവകാശപ്പെടുന്നത്.

എഐഎഡിഎംകെയെ പിളര്‍ത്തി മുഖ്യമന്ത്രിക്കസേരയില്‍ നാലാമതും ഇരിക്കാനുള്ള പന്നീര്‍ശെല്‍വത്തിന്റെ നീക്കത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ദീര്‍ഘകാലം ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് എഐഎഡിഎംകെയില്‍ എത്തുകയും ചെയ്ത രാജ്യസഭാംഗം മൈത്രേയനാണ് ആദ്യം പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. മാത്രമല്ല, ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തശേഷം ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ലെന്നാണെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യ്രവും അവകാശവും ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രതിസന്ധി ദിവസങ്ങളോളം നീങ്ങിയിട്ടും ഒന്നും പറയാന്‍ ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ വിദ്യാസാഗര്‍ റാവു തയ്യാറായില്ല.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ ഭരണകക്ഷിയുടെ നേതാവിന് അവസരം നല്‍കുകയാണ് വേണ്ടത്. എസ് ആര്‍ ബൊമ്മൈ കേസില്‍ പരമോന്നത കോടതി വ്യക്തമാക്കിയതുപോലെ നിയമസഭയിലാണ് ഒരു സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കേണ്ടത്. രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാനുള്ള ക്രിയാത്മക നടപടി ഇനിയെങ്കിലും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top