25 April Thursday

കോടതിയെയും ദുരുപയോഗിക്കാമെന്ന വ്യാമോഹം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2016

രാഷ്ട്രീയവൈരനിര്യാതനത്തിന്റെ നിര്‍വഹണത്തിനായി ജുഡീഷ്യറിയെക്കൂടി ദുരുപയോഗിക്കാമെന്ന വ്യാമോഹത്തിലാണ് എക്സിക്യൂട്ടീവ് എങ്കില്‍ ജുഡീഷ്യറിതന്നെ ആ കുത്സിതനീക്കത്തിന് ശക്തമായ പ്രഹരം നല്‍കേണ്ടതുണ്ട്. ആ വിധത്തില്‍ ജുഡീഷ്യറി ഇടപെട്ടാലേ ഈ രാജ്യത്ത് ഭരണഘടനാസംവിധാനവും ജനാധിപത്യവ്യവസ്ഥയും നിലനില്‍ക്കൂ.

കോടതിമുമ്പാകെ പതിനായിരക്കണക്കിന് കേസുകളുള്ളപ്പോള്‍ അതില്‍ പ്രത്യേകമായ ഒന്ന് എടുത്ത് മുമ്പോട്ടു നീക്കിവച്ച് ഇതാദ്യം പരിഗണിക്കണം എന്നു സര്‍ക്കാര്‍ പറയുന്നെങ്കില്‍ ആ സര്‍ക്കാര്‍ ഇതര കേസുകളെ അപേക്ഷിച്ച് ഈ ഒരു പ്രത്യേക കേസിനുള്ള പ്രധാന്യമെന്താണ് എന്നു വിശദീകരിക്കാന്‍ ബാധ്യസ്ഥമാണ്. അങ്ങനെ വിശദീകരിക്കേണ്ട ഘട്ടത്തില്‍, രാഷ്ട്രീയമായി തങ്ങള്‍ക്ക് ഗുണമുണ്ടാകും തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഈ പ്രത്യേക കേസ് പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കിയാല്‍ എന്നതു മതിയാകില്ല വിശദീകരണം. അഥവാ, അതേയുള്ളൂ വിശദീകരണമെങ്കില്‍ ജുഡീഷ്യറിയെ ദുരുപയോഗിച്ച്, ബഹുമാന്യരായ ജഡ്ജിമാരുടെ വിലപ്പെട്ട സമയം അപഹരിച്ച്, നീതിന്യായ പ്രക്രിയയുടെ സ്വാഭാവികമായ ഗതിക്രമം അട്ടിമറിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിച്ചവരെ ആ നിലയ്ക്കുതന്നെ കോടതി കൈകാര്യം ചെയ്യേണ്ടതുണ്ട്. ജുഡീഷ്യറി ആര്‍ക്കെങ്കിലും രാഷ്ട്രീയലാഭമുണ്ടാക്കിക്കൊടുക്കാനുള്ള സംവിധാനമല്ല എന്ന് ഉറച്ച നിലപാടുകൊണ്ടും അതിശക്തമായ വാക്കുകള്‍കൊണ്ടും അങ്ങനെ കരുതുന്നവര്‍ക്ക് ജുഡീഷ്യറിതന്നെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.

എല്ലാ പരിധികളും ലംഘിച്ചുള്ള ഭരണയന്ത്ര ദുരുപയോഗം യുഡിഎഫ് സര്‍ക്കാര്‍ കുറേക്കാലമായി തുടരെ നടത്തുകയാണ്. തങ്ങള്‍ക്കെതിരായ കേസുകള്‍ തേച്ചുമാച്ചുകളയാനും അഴിമതിത്തെളിവുകള്‍ നശിപ്പിക്കാനും ഉള്ള ഉപകരണമാണ് അവര്‍ക്ക് ഭരണയന്ത്രം. അത് ഒരുവശത്ത്. മറുവശത്താകട്ടെ, രാഷ്ട്രീയ പ്രതിയോഗികളുടെമേല്‍ ഇല്ലാകേസുകള്‍ കെട്ടിയേല്‍പ്പിക്കാനും അവരെ ആ നിലയ്ക്കു വലയ്ക്കാനും ഉള്ള ഉപകരണവും. മുഖ്യമന്ത്രി തനിക്കെതിരായ ടൈറ്റാനിയം കേസിലും പാമൊലിന്‍ കേസിലും ഒക്കെ എങ്ങനെ ഭരണയന്ത്രം ദുരുപയോഗിച്ചു എന്നു രാജ്യം കണ്ടു. നഗ്നമായ ആ ഭരണദുരുപയോഗം സഹിക്കവയ്യാതെയാണ് സുപ്രീംകോടതി ഒരുഘട്ടത്തില്‍ ഇങ്ങനെ ചോദിച്ചത്: "തനിക്കെതിരായ ഈ കേസ് പിന്‍വലിക്കണമെന്നു നിശ്ചയിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇതിലെ പ്രതി തന്നെയല്ലേ?'' തന്റെ ഭരണത്തിനുകീഴിലുള്ള വിജിലന്‍സിനെ കൊണ്ട് അനുകൂല റിപ്പോര്‍ട്ട് എഴുതിവാങ്ങിച്ച് അഴിമതി കേസുകളില്‍നിന്ന് തുടര്‍ച്ചയായി രക്ഷപ്പെടാന്‍ വ്യഗ്രതപ്പെടുന്ന മുഖ്യമന്ത്രിയെയാണ് കോടതി കണ്ടത്. തനിക്കെതിരായ അഴിമതിക്കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷയുമായി കോടതിയെ സമീപിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെടാന്‍ തീരുമാനിക്കുന്ന മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന മുഖ്യമന്ത്രിയെയാണ് കോടതി കണ്ടത്.

അതേ കോടതികളുടെ കണ്‍മുമ്പില്‍ത്തന്നെയാണ്, സ്വന്തം ഭരണത്തിനുകീഴിലുള്ള വിജിലന്‍സ് തന്നെ ഒരു ക്രമക്കേടും ഇല്ലെന്നു പരിശോധിച്ച് കണ്ടെത്തിയ ഒരു കേസ്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ദിവസംതന്നെ സിബിഐക്ക് വിട്ട് രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ഈ മുഖ്യമന്ത്രി നിശ്ചയിച്ചത്. പ്രതിപക്ഷത്തുള്ള ഒരു പ്രമുഖ നേതാവിനെ ആ കേസില്‍ തളച്ചിടാമെന്ന ജനാധിപത്യവിരുദ്ധമായ ദുര്‍ബുദ്ധിയാണ് മുഖ്യമന്ത്രിയെ നയിച്ചത്. ഗൌരവമുള്ള ഒരു കാര്യവും ഇതിലില്ലെന്ന് സിബിഐ തന്നെ പ്രാഥമികമായി അന്വേഷിച്ചുകണ്ടെത്തിയ കേസാണ് സിബിഐക്കുമേല്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഓര്‍മിക്കണം. ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ കേസ് വിജിലന്‍സിനുവിടല്‍! മറ്റൊന്നു വരുമ്പോള്‍ സിബിഐക്കുവിടല്‍! മൂന്നാമതൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ റിവ്യു പെറ്റീഷന്‍! തെരഞ്ഞെടുപ്പുവരുമ്പോഴേ കേസുള്ളോ? കോടതി സ്വാഭാവികമായും ആലോചിക്കില്ലേ ഇത്.

വിജിലന്‍സ് തെളിവില്ലെന്നുപറഞ്ഞ, സിബിഐ പ്രാഥമികാന്വേഷണശേഷം കഴമ്പില്ലെന്നുപറഞ്ഞ, സിബിഐ കോടതി കുറ്റവിമുക്തനാക്കിയ ഒരു കേസില്‍ കരുത്തനായ കേരളത്തിന്റെ ഒരു കമ്യൂണിസ്റ്റ് നേതാവിനെ കുരുക്കിയിടാനായുള്ള ഭരണയന്ത്ര ദുരുപയോഗവും ജുഡീഷ്യറി ദുരുപയോഗശ്രമവും ഗൌരവപൂര്‍ണമായ പ്രതികരണമാണ് അര്‍ഹിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യയിലെങ്ങുംതന്നെ ഇത്ര നഗ്നമായി രാഷ്ട്രീയ സ്വാര്‍ഥകാര്യ നിര്‍വഹണത്തിനായി ജുഡീഷ്യറിയെ ദുരുപയോഗിക്കാന്‍ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരാള്‍ ധൈര്യപ്പെടില്ല. വിചാരണ നടത്താന്‍ ആവശ്യമായ തെളിവുപോലുമില്ല എന്നു കണ്ടെത്തി സിബിഐ കോടതി കുറ്റവിമുക്തനാക്കിയ കേസില്‍ രണ്ടരവര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് അടുക്കാറായ വേളയിലാണ് ഉപഹര്‍ജിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയിലെത്തിയത്. മറ്റൊരു കേസിനുമില്ലാത്ത അടിയന്തരപ്രാധാന്യം ഈ കേസിനെങ്ങനെ വന്നു? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഇത് രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അരങ്ങാക്കേണ്ടത് കോടതിയെയല്ല. കോടതി അതിനുള്ളതല്ല. ഭരണയന്ത്രത്തെ തുടരെ രാഷ്ട്രീയമായി ദുരുപയോഗിച്ചുശീലിച്ചവര്‍ അതേ തരത്തില്‍ കോടതിയെക്കൂടി ദുരുപയോഗിക്കാമെന്നു വ്യാമോഹിക്കേണ്ടതില്ല. ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രശസ്തമായ പാരമ്പര്യം, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെയും ജസ്റ്റിസ് സുബ്രഹ്മണ്യംപോറ്റിയെയും പോലുള്ള അതിപ്രഗല്‍ഭമതികളായ ന്യായാധിപന്മാരുടെ പൈതൃകം തുടങ്ങിയവയൊക്കെ ദീപ്തമായ ദൃഷ്ടാന്തങ്ങളായി നമുക്കുമുമ്പില്‍ നില്‍ക്കുന്നു.

മന്ത്രിസഭയെ രക്ഷിക്കാന്‍ വിജിലന്‍സിനെക്കൊണ്ട് കെ എം മാണിക്ക് ക്ളീന്‍ ചിറ്റ് കൊടുപ്പിച്ചതും നേരത്തെ വിജിലന്‍സ് തന്നെ ക്ളീന്‍ ചിറ്റ് നല്‍കിയ ഒരു നേതാവിനെ കുരുക്കാന്‍ ഹൈക്കോടതിയെ സമീപിച്ചതും ഒരേ ദിവസമായത് ഇരട്ടത്താപ്പാര്‍ന്ന ഭരണയന്ത്ര ദുരുപയോഗത്തിന്റെ നികൃഷ്ടമായ ദൃഷ്ടാന്തമായി എന്നു പറയാതെവയ്യ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top