19 April Friday

കൂറുമാറ്റനിയമം നോക്കുകുത്തിയാകുന്നോ ?

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

കർണാടകത്തിൽ കൂറുമാറിയ 17 കോൺഗ്രസ് –--ജനതാദൾ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കേസിൽ ബുധനാഴ്ച സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി 34 വർഷം മുമ്പ് നിലവിൽവന്ന കൂറുമാറ്റനിരോധന നിയമത്തിന്റെ നിസ്സഹായാവസ്ഥ തുറന്നുകാട്ടുന്നു. കേന്ദ്രഭരണത്തിന്റെ പിൻബലത്തിൽ എംഎൽഎമാരെ വിലയ്‌ക്കെടുത്ത് ബിജെപി  കർണാടകത്തിൽ നടത്തിയ ജനവിധി അട്ടിമറിക്കൽ തടയാൻ നിലവിലെ നിയമം പോരെന്നു വ്യക്തമാക്കുന്നതാണ് വിധി.

നിയമത്തെ വളഞ്ഞവഴിയിൽ മറികടന്ന്‌ കർണാടകത്തിൽ ഭരണം ഉറപ്പിക്കാനുള്ള ബിജെപി ശ്രമത്തിനാണ് ഇപ്പോൾ ഭാഗികവിജയം ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി, കോൺഗ്രസ്–--ജനതാദൾ എംഎൽഎമാരെ രാജിവയ്‌പിക്കുക  എന്ന തന്ത്രമാണ് കർണാടകത്തിൽ പയറ്റിയത്. രാജിവയ്‌ക്കുന്നതോടെ സഭയുടെ മൊത്തം അംഗസംഖ്യയിൽ കുറവുവരും.അപ്പോൾ ബിജെപിക്ക്‌ സഭയിൽ ഭൂരിപക്ഷമാകും. രാജിവയ്‌ക്കുന്ന ഒഴിവിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് കൂറുമാറിയ  എംഎൽഎമാർക്ക് സഭയിൽ തിരികെ എത്താൻ അവസരം ലഭിക്കുകയും ചെയ്യും. അവർ ബിജെപി സ്ഥാനാർഥികളായി ജയിച്ചാൽ സഭയിൽ  ബിജെപിക്ക്‌ കേവലഭൂരിപക്ഷം ഉണ്ടാക്കുകയുംചെയ്യാം. കൂറുമാറ്റനിയമം മറികടക്കാനുള്ള സമാനമായ തന്ത്രങ്ങൾ  ഗോവ, തെലങ്കാന, തമിഴ്നാട് , ആന്ധ്രപ്രദേശ് , മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലും മുമ്പ് പരീക്ഷിച്ചതാണ്.

കർണാടകത്തിൽ ഈ രാജിവയ്‌ക്കൽ കൂറുമാറ്റംതന്നെയായി കണ്ട് നിയമസഭാ സ്പീക്കർ 17എംഎൽഎമാരെ  അയോഗ്യരാക്കി. അവരെ ഈ നിയമസഭയുടെ  കാലാവധി തീരുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്‌തു. ഇതിനെതിരെ എംഎൽഎമാർ നൽകിയ അപ്പീലിലാണ്  സുപ്രീംകോടതി, അംഗത്വം റദ്ദുചെയ്‌തത്‌ ശരിവയ്‌ക്കുകയും  മത്സരിക്കാൻ സ്പീക്കർ ഏർപ്പെടുത്തിയ വിലക്ക് അസാധുവാക്കുകയും ചെയ്‌തത്. കൂറുമാറ്റത്തിൽനിന്ന് രാജിയിലൂടെ രക്ഷപ്പെടാമെന്ന്‌ കരുതേണ്ടെന്ന് സുപ്രീംകോടതി അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു. പക്ഷേ, സഭയുടെ കാലാവധി തീരുംവരെ അയോഗ്യത കൽപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും വിധിച്ചു. ഫലത്തിൽ ജനവിധി അട്ടിമറിക്കാൻ ബിജെപി പയറ്റിയ കുതന്ത്രം വിജയം കാണുന്ന അവസ്ഥയായി.


 

1985ൽ ഏറെ പ്രതീക്ഷയോടെ പാസാക്കിയ കൂറുമാറ്റ നിരോധന നിയമം അതിലെ പഴുതുകൾ അടച്ചു ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്ക്‌ അടിവരയിടുന്നതാണ് ഈ വിധി. കൂറുമാറ്റങ്ങൾ ജനാധിപത്യത്തെയും അതിന്റെ നിലനിൽപ്പിനെത്തന്നെയും അസ്ഥിരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി അൻപത്തിരണ്ടാം  ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവന്ന ഈ നിയമം പല ഭേദഗതികൾക്കുശേഷവും പരാജയപ്പെടുന്നു എന്നുതന്നെയാണ് വ്യക്തമാകുന്നത് . പാർടികളിൽനിന്ന് രാജിവച്ചും അല്ലാതെയും കൂറുമാറുന്നവർ പെട്ടെന്ന് മന്ത്രിമാരാകുന്നത് തടയാനുള്ള ഭേദഗതിയും നിയമത്തിൽ ഇടക്കാലത്ത് വരുത്തി. ഇതനുസരിച്ച് കൂറുമാറുന്നവർക്ക് വീണ്ടും ജയിച്ചുവന്നാലേ മന്ത്രിയാകാൻ പറ്റൂ എന്ന വ്യവസ്ഥ കൊണ്ടുവന്നു. എംഎൽഎ അല്ലാത്തവർക്കും ആറുമാസം മന്ത്രിയായിരിക്കാം എന്ന വ്യവസ്ഥ ഉപയോഗിച്ച് ഇവർ മന്ത്രിമാർ ആകുന്നത് തടയാനാണ് ഈ വകുപ്പ് ചേർത്തത്. പക്ഷേ ഉപതെരഞ്ഞെടുപ്പിലൂടെ ഇവർക്ക് തിരികെ വരാനുള്ള പഴുത് അപ്പോഴും നിലനിൽക്കുന്നു.ആ പഴുത് അടയ്‌ക്കാനാണ് കർണാടക സ്പീക്കർ ഈ സഭയുടെ കാലാവധിവരെ അവരെ അയോഗ്യരാക്കിയത് . സുപ്രീംകോടതി നിയമങ്ങൾ വിലയിരുത്തി ഇപ്പോൾ അത് തെറ്റെന്ന്‌ വിധിച്ചു. അത് നിയമത്തിന്റെ പ്രശ്നമാണോ വ്യാഖ്യാനത്തിന്റെ പ്രശ്നമാണോ എന്നത് നിയമവിദഗ്ധർ വിലയിരുത്തട്ടെ. പക്ഷേ ഫലത്തിൽ കൂറുമാറ്റനിയമത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണ് ഇതെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല.

പരാജയപ്പെടുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏത് വഴിവിട്ട മാർഗത്തിലൂടെയും ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗിച്ചും അധികാരം പിടിക്കുക ഒരു നയമായി സ്വീകരിച്ച പാർടിയാണ് രാജ്യം ഭരിക്കുന്ന ബിജെപി. ഏറ്റവും ഒടുവിൽ ഗവർണറെ ആയുധമാക്കി മഹാരാഷ്ട്രയിൽ ജനവിധി അട്ടിമറിക്കാൻ അവർ ശ്രമം തുടങ്ങിക്കഴിഞ്ഞു. ജനാധിപത്യജാഗ്രത ശക്തിപ്പെടുത്തിയും കൂറുമാറ്റനിയമം അടക്കമുള്ള നിയമങ്ങളിലെ അവ്യക്തതകൾ നീക്കിയും ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട് .

പരമോന്നത കോടതിയുടെ അന്തിമവിധി വന്ന സാഹചര്യത്തിൽ കർണാടകത്തിന്റെ കാര്യത്തിൽ ഇനി മറ്റൊന്നും ചെയ്യാനില്ല, കൂറുമാറിയ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ്‌ നടക്കും. അവിടെ അവരെ പരാജയപ്പെടുത്താൻ ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം  നടത്തുക എന്നതാണ് ജനാധിപത്യം നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാനാകുക. ഒപ്പം, കൂറുമാറ്റനിയമം കൂടുതൽ ഫലപ്രദമാക്കാൻ എന്തുചെയ്യാനാകും എന്നതിനെപ്പറ്റി ചർച്ചചെയ്യാൻ രാഷ്ട്രീയ പാർടികൾ തയ്യാറാകുകയുംവേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top