സംസ്ഥാനത്തിന്റെ സർവതോമുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽകൂടി. നാടിന്റെ സ്വപ്നപദ്ധതിയായ, കേരളത്തിന്റെ പുരോഗതിയിൽ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടത് രാജ്യം മാതൃകയാക്കേണ്ടുന്ന വൻ കുതിപ്പാണ്. ഇന്ത്യയിൽ ചരക്ക് കടത്തിൽ അതിപ്രാധാന്യം നേടുമെന്ന പ്രത്യാശ നിറച്ച് ചൈനീസ് ചരക്കുകപ്പലായ ഷെൻഹുവ- പതിനഞ്ചാണ് തീരമണഞ്ഞത്. അതോടെ ലോക തുറമുഖ ഭൂഗോളത്തിൽ കേരളം അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം, ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൊച്ചി മെട്രോ റെയിൽ, ഇടമൺ കൊച്ചി പവർ ഹൈവേ, വാട്ടർ മെട്രോ തുടങ്ങിയവയ്‌ക്ക് സമാനമായ പരിഗണനയാണ് തുറമുഖത്തിന് നൽകിയത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനെ ഞായറാഴ്‌ച വൈകിട്ട് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ സ്വീകരിക്കുമ്പോൾ മലയാളികൾക്കാകെ അഭിമാനിക്കാം.
45 ദിവസം താണ്ടിയാണ് ഷെൻഹുവ 15 വിഴിഞ്ഞം തുറമുഖം തൊട്ടത്. ദശാബ്ദങ്ങളായി സംസ്ഥാനം ലാളിച്ച കിനാവിന്റെ സാക്ഷാൽക്കാരം. 1000 ദിവസത്തിനുള്ളിലാണ് ആദ്യ ഘട്ട കമീഷനിങ് എന്നതും എടുത്തുപറയേണ്ടതാണ്. അന്താരാഷ്ട്ര രംഗത്ത് ഏറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ മേന്മയേറിയ ക്രെയ്ൻ നിർമാതാക്കളായ ഷാൻഹായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്ത് അവശ്യം വേണ്ടുന്ന പ്രധാന ക്രെയ്‌നുകളാണ് അതിൽ. അവ സജ്ജമാക്കിയാൽ ആറു മാസത്തെ പരീക്ഷണ ഘട്ടത്തിൽ പിഎംസിക്കാണ് മേൽനോട്ടം. കമീഷനിങ്ങിനുശേഷം ചരക്ക് കപ്പലുകൾ ഇവിടേക്കെത്തും. തുറമുഖം ഇനി അറിയപ്പെടുക വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന പേരിലാകും. ചൈനയേക്കാളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞത്തിലൂടെ രാജ്യത്തിന് സ്വന്തമാകുന്നത്. 14,000 മുതൽ 20,000 കണ്ടെയ്‌നറുകളുമായി ഇവിടം ലക്ഷ്യമാക്കുന്ന മദർഷിപ്പുകൾ, ഇപ്പോൾ രാജ്യത്ത് ഒരു തുറമുഖത്തും അടുപ്പിക്കാനാകില്ല. കൊളംബോയും സലാലയും സിംഗപ്പുരുമാണ് ആശ്രയം. അങ്ങനെയായാൽ സമയവ്യയവും ധന നഷ്ടവും ചെറുതല്ലല്ലോ. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ മദർഷിപ്പുകൾക്ക് ഇന്ത്യൻ തീരത്ത് നങ്കൂരമിടാം.
പാറക്കല്ലുകളുടെ ദൗർലഭ്യം, വൻ നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി, കോൺഗ്രസ്‐ ബിജെപി സംയുക്ത പ്രതിപക്ഷത്തിന്റെ തുടർച്ചയായ കുത്തിത്തിരിപ്പുകൾ, ജാതിമത സംഘടനകളുടെ അക്രമസമരങ്ങൾ, മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ, പരിസ്ഥിതി മൗലികവാദികളുടെ ഇടങ്കോലിടൽ, മയക്കുമരുന്ന് കടത്തുകാരുടെ വ്യാജപ്രചാരണങ്ങൾ തുടങ്ങിയ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് വിഴിഞ്ഞം ഫലപ്രാപ്‌തിയിലെത്തിയത്. മാധ്യമതമസ്‌കരണം മാരക പകർച്ചവ്യാധിപോലെയാണ്. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യങ്ങളും അവ മറച്ചുപിടിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ടെൻഡർ നൽകിയ ഒരു കമ്പനിക്ക് ചൈനീസ് ബന്ധത്തിന്റെ ചാപ്പ കുത്തി. എന്നാൽ, പദ്ധതി യാഥാർഥ്യമായപ്പോൾ അവകാശവാദവുമായി പലരും രംഗത്തുവരാൻ സാധ്യതയുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2006 ഒക്ടോബർ ഒന്നിന് ഡിവൈഎഫ്‌ഐ രാജ്ഭവൻ മാർച്ച് നടത്തുകയുണ്ടായി. അതിന്റെ ഉദ്‌ഘാടകനാകട്ടെ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. 2006 സെപ്‌തംബർ 18ന് എൽഡിഎഫ് മന്ത്രിസഭ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. രാജ്യത്തിനും കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും പ്രയോജനകരമാകുംവിധം, കൊള്ളയടിക്ക് അവസരം നൽകാതെ പദ്ധതി നടപ്പാക്കിയേ തീരൂ. അതിന് ജനങ്ങളുടെ സംഘടിതശബ്ദം ഉയരേണ്ടതുണ്ടെന്നും പിന്നീടൊരു സന്ദർഭത്തിൽ പിണറായി വ്യക്തമാക്കി. 2009 നവംബർ 13ന് വിഴിഞ്ഞം പദ്ധതി പഠനത്തിന് വി എസ് സർക്കാർ ചുമതല നൽകി. ഉമ്മൻചാണ്ടി ശിലപാകിയെങ്കിലും 100 ശതമാനം പ്രവൃത്തിയും പിണറായി സർക്കാരിന്റെ കാലത്ത്. ചുരുക്കത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക തടസ്സങ്ങളും വികസനവിരോധികളുടെ അട്ടിമറി സമരങ്ങളും തട്ടിമാറ്റിയാണ് വിഴിഞ്ഞം പദ്ധതി എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. ഇത്തരം യാഥാർഥ്യങ്ങളെല്ലാം മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു വ്യാഴാഴ്‌ചത്തെ വാർത്തകളിലൂടെയും മാധ്യമങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..