19 April Friday

പൊലീസ‌് ഇരയ്ക്കൊപ്പംതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018


കേരള പൊലീസ് വിമർശങ്ങൾക്കതീതമല്ല. ഐഎസ്ആർഒ ചാരക്കേസിൽ ഉണ്ടായ സുപ്രീംകോടതി വിധി പൊലീസിൽ നിലനിന്ന തെറ്റായ പ്രവണതകളിലേക്കുള്ള ചൂണ്ടുവിരലാണ്. ഉരുട്ടിക്കൊലയും പ്രതികളെ സഹായിക്കലും തൊണ്ടിമുതൽ മോഷണവും തെളിവ് നശിപ്പിച്ച‌് കേസ് ഒതുക്കലുംപോലുള്ള അനേകം ആക്ഷേപങ്ങൾ പൊലീസിനെതിരെ ഉയർന്നിട്ടുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ അഞ്ചുവർഷം  ഉന്നത ഭരണാധികാരികളെ അഴിമതി കേസിലുകളിൽനിന്നും ക്രിമിനൽ കേസുകളിൽനിന്നും രക്ഷിക്കാനുള്ള ദൗത്യമാണ് പൊലീസ് ഏറ്റെടുത്തതെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. അത്തരം പശ്ചാത്തലത്തിൽ പൊലീസിനെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾ ജനങ്ങൾക്കിടയിൽ പെട്ടെന്നുതന്നെ പ്രചരിക്കും. ആ സൗകര്യമാണ്, കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന കേസിൽ ചില കേന്ദ്രങ്ങൾ പൊലീസിനും സർക്കാരിനുമെതിരെ സമർഥമായി ഉപയോഗിക്കാൻ ശ്രമിച്ചത്. 

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ  പീഡിപ്പിച്ചതായി കന്യാസ്ത്രീ നൽകിയ പരാതി അനുസരിച്ച‌് കുറ്റകൃത്യം നടന്നത് 2014 മുതൽ 2016 വരെയുള്ള കാലയളവിലാണ്. 2018 ജൂൺ 27ന് പരാതി ലഭിച്ചപ്പോൾ തൊട്ടടുത്ത ദിവസം  കുറവിലങ്ങാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം രണ്ടാംദിനം വൈക്കം ഡിവൈഎസ‌്‌പിക്ക‌്  കൈമാറി. ആ അന്വേഷണം മുന്നേറുന്നതിനിടയിലാണ്, പരാതി ലഭിച്ച‌് 75 ദിവസം കഴിഞ്ഞിട്ടും എന്തേ ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നില്ല എന്ന ചോദ്യവും അതിനോടൊപ്പം പൊലീസ് “ഒത്തുകളിക്കുന്നു’ എന്ന ആരോപണവുമായി ചില കേന്ദ്രങ്ങൾ രംഗത്തിറങ്ങിയത്. വിഷയത്തിൽ സന്യാസിനി സമൂഹത്തിലും വിശ്വാസികൾക്കിടയിലും പൊതു ജനങ്ങൾക്കിടയിലാകെയും ഉയർന്ന വികാരത്തെ സമർഥമായി സർക്കാരിനോടുള്ള രോഷമാക്കി മാറ്റാനുള്ള കുബുദ്ധിയാണ് പ്രയോഗിക്കപ്പെട്ടത്. അത്തരക്കാർക്കുള്ളതാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നൽകിയ മറുപടി.

“പൊലീസ് അന്വേഷണം തൃപ്തികരമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പ്രത്യേക നിർദേശം അന്വേഷണസംഘത്തിന് നൽകുന്നില്ല’ എന്നാണ‌് ഹൈക്കോടതി വ്യക്തമാക്കിയത്. കോടതിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല. 2014നും 2016നും ഇടയിൽ നടന്ന സംഭവമാണിത്. തെളിവ‌് ശേഖരിക്കലിന‌് സമയമെടുക്കും. സാക്ഷിമൊഴികളിലെയും കുറ്റാരോപിതന്റെ മൊഴികളിലെയും വൈരുധ്യം നേരെയാക്കി എടുക്കാനുള്ള കഠിനപരിശ്രമത്തിലാണ് പൊലീസുള്ളത്.  ബിഷപ്പിനെ 19ന് ചോദ്യം ചെയ്യുമ്പോൾ ഈ വൈരുധ്യം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അതിനുശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും‐ഇതാണ് കാര്യം. അതുതന്നെയാണ് കോടതി പറഞ്ഞതും.

കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതോടെ എല്ലാമാകും എന്ന ധാരണ സൃഷ്ടിച്ച‌് വൈകാരികതലത്തിൽ കേസിനെ സമീപിക്കാൻ ആഗ്രഹിക്കുന്നവർ “അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷ’ എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. കേസന്വേഷണം പ്രോസിക്യൂഷന് ശക്തമായ തെളിവ് ശേഖരണത്തിനുള്ള സന്ദർഭമാണ്. അതിന‌് വേഗംമാത്രം പോരാ, കൃത്യതയും വേണം. തെളിവുകൾ സംശയത്തിനതീതമാകണം. എൽഡിഎഫ് സർക്കാർ വന്നതിനുശേഷമുള്ള ഓരോ കേസന്വേഷണത്തിലും ആ നിഷ്കർഷ പാലിച്ചിട്ടുണ്ട്. ജിഷ വധക്കേസുമുതൽ അത് കേരളത്തിന്റെ അനുഭവമാണ്.

ചലച്ചിത്രനടി  ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് “ഉന്നതനായ പ്രതിയുടെ സംരക്ഷകരാകുന്നു’ എന്ന പ്രചാരണമാണുണ്ടായത്. ഏതുന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദയയും പ്രതീക്ഷിക്കരുത് എന്നാണ‌് , ആ കേസിലെ പൊലീസ് നടപടിയിലൂടെ സർക്കാർ നൽകിയ സന്ദേശം. അന്നും, നടൻ ദിലീപിനെ ചോദ്യംചെയ്യാൻ വിളിച്ച‌് വിട്ടയച്ചപ്പോൾ “ഒത്തുകളി’ ആരോപണം ഉന്നയിച്ചവരുണ്ടായിരുന്നു, അക്കൂട്ടത്തിൽ ചില മാധ്യമങ്ങളും ഉണ്ടായിരുന്നു എന്നതോർക്കണം.
പൊലീസിന്റെ മാറിയ മുഖമാണ് ഇന്ന് കേരളം കാണുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘം എന്ന പാപക്കറ കേരള പൊലീസ് കഴുകിക്കളഞ്ഞിരിക്കുന്നു. ഇച്ഛാശക്തിയും ആർജവവുമുള്ള ഭരണനേതൃത്വം ഉണ്ടാകുമ്പോൾ പൊലീസ് അതിന്റെ പണി നേരാംവണ്ണം ചെയ്യും. കേരളത്തെ പ്രളയദുരന്തം വിഴുങ്ങുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ  ചുമതല ഏറ്റെടുത്ത‌് പ്രശംസാർഹമായി ഇടപെട്ടത് കേരള പൊലീസാണ്. ഏതെങ്കിലും വിവാദങ്ങളുടെയോ നിഗൂഢ താല്പര്യങ്ങളുടെയോ പിന്നാലെ പോകാനല്ല; പൊലീസിങ‌് അതിന്റെ എല്ലാ അർഥത്തിലും നിർവഹിക്കാനാണ്  ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആ പൊലീസിനെ ഏൽപ്പിച്ച ചുമതല.

ബിഷപ്പെന്നല്ല, ഏതു വലിയ പദവിയിലിരിക്കുന്നയാളായാലും കുറ്റകൃത്യം ചെയ്‌താൽ നിയമത്തിനു മുന്നിലെത്തും. കന്യാസ്ത്രീക്ക് ഒപ്പമാണ് സർക്കാർ, നീതിപൂർവകമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് പറയുന്നത് വെറുതെയല്ല. ഇരയ്ക്കാണ്, ആക്രമിക്കപ്പെട്ട സ്ത്രീക്കാണ് പിന്തുണ. അത് ഏതെങ്കിലും പ്രത്യേക കേസിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന നിലപാടല്ല. ഇടതുപക്ഷത്തിന്റെ ഉറച്ച ബോധ്യത്തിൽനിന്നുള്ള നിലപാടാണ്. ഇവിടെ, അന്വേഷണം പൂർത്തിയാകുംമുമ്പ‌് നടപടി ആവശ്യപ്പെടുന്നവരും കുപ്രചാരണം നടത്തുന്നവരും മനസ്സിലാക്കേണ്ട കാര്യം, അത്തരം ശ്രമങ്ങൾകൊണ്ട് ഉലഞ്ഞുപോകുന്നതിനേക്കാൾ കരുത്തും ദാർഢ്യവും പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ നിലപാടിനുണ്ട് എന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top