03 October Tuesday

കേന്ദ്രം സഹായിച്ചേ പറ്റൂ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ, ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെ നേതൃത്വത്തിൽ മലയാളികൾ ഒറ്റക്കെട്ടായി അണിനിരന്ന് പുനർനിർമിക്കാൻ തീവ്രശ്രമം നടത്തുന്നതിനിടെയാണ് വീണ്ടും പ്രളയക്കെടുതി. കഴിഞ്ഞ വർഷം ജൂലൈ,- ആഗസ്‌ത്‌ മാസങ്ങളിലുണ്ടായ പേമാരിയെയും പ്രളയത്തെയും തുടർന്ന് അടിയന്തര പുനരധിവാസവും സഹായ വിതരണവും മാതൃകാപരവും വിജയകരവുമായി പൂർത്തിയാക്കി പുനർനിർമാണത്തിന്റെ പാതയിൽ മുന്നേറുകയായിരുന്നു നമ്മൾ. വിഭവസമാഹരണത്തിന് പല വഴികൾ തേടി, ആസൂത്രണത്തിലെ കൃത്യതയും നിർവഹണത്തിന്റെ ചടുലതയും മേൽനോട്ടത്തിലെ ജാഗ്രതയും സൂക്ഷ്‌മമായി ഏകോപിപ്പിച്ച് കേരളം മുന്നോട്ടു നീങ്ങുന്നത് ലോകം വിസ്‌മയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സ്ഥായിയായ പുരോഗതി ലക്ഷ്യമിട്ട് ഇക്കൊല്ലത്തെ ബജറ്റിൽ നവകേരളത്തിനായി പ്രഖ്യാപിച്ച 25 പദ്ധതിയും നിർവഹണത്തിന്റെ വിവിധ തലങ്ങളിലാണ്. ഇതിനിടെ വീണ്ടുമുണ്ടായ പ്രളയക്കെടുതി സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ ചെറുതല്ല. പക്ഷേ, നമുക്ക് അതിജീവിച്ചേ പറ്റൂ. ഈ ലക്ഷ്യത്തോടെ ഓരോ മലയാളിയും മുന്നോട്ടുവരികയാണ്. പ്രളയത്തിൽനിന്ന് കേരളത്തെ കരകയറ്റാൻ രൂപപ്പെടുന്ന ജനകീയ ഐക്യത്തെ തകർക്കാനുള്ള എല്ലാ കുപ്രചാരണങ്ങളേയും മറികടന്ന് മലയാളി ഒന്നിക്കുകയാണ്.  എവിടെയും നന്മയുടെ, മനുഷ്യസ്‌നേഹത്തിന്റെ കരങ്ങൾ ഉയരുന്ന കാഴ്‌ചകൾ. കേരളത്തെ പുനർനിർമിക്കാൻ ലോകത്തെങ്ങുമുള്ള മലയാളികൾ സർക്കാരിനൊപ്പം കൈകോർക്കുന്നതും നാം ഇതിനകം കണ്ടു.

ഇനിയിപ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് കേന്ദ്ര സർക്കാരിലേക്കാണ്. കേരള സർക്കാരിന് ഒറ്റയ്‌ക്ക്‌ താങ്ങാവുന്ന ഭാരമല്ല മുന്നിലുള്ളത്. ഒന്നാം പ്രളയാനന്തര പുനർനിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കാനും ഇപ്പോഴത്തെ പ്രളയത്തെ തുടർന്നുള്ള  പുനർനിർമാണം അതോടൊപ്പം കൂട്ടിച്ചേർക്കാനും കേന്ദ്ര സർക്കാർ സഹായിച്ചേ മതിയാകൂ. ഒരു ജനത മുഴുവൻ ദുരന്തം നേരിടുമ്പോൾ കൈത്താങ്ങുമായി ഓടിയെത്തേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്‌.  എന്നാൽ, രണ്ടാം പ്രളയം ആറുനാൾ പിന്നിട്ടിട്ടും കേന്ദ്രം ഒന്നും പറഞ്ഞിട്ടില്ല. അതേ സമയം, കേരളത്തെ അവഗണിക്കുന്നതിന്റെ ആദ്യ സൂചനകൾ വന്നിട്ടുമുണ്ട്. കേരളത്തോടൊപ്പം പ്രളയമുണ്ടായ മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചു കഴിഞ്ഞു. അതു മിക്കതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അപ്പോൾ, കേരളത്തെ ബോധപൂർവം തഴയുകയാണോ? രാഷ്ട്രീയമായി വിവേചനം കാണിക്കേണ്ട ഒരു സമയമല്ല ഇത്‌.

ഈ സാഹചര്യത്തിൽ കേരളത്തെ സഹായിക്കുന്നതിന്  കേന്ദ്രം എന്തു നിലപാട് എടുക്കുമെന്നതിൽ മലയാളികൾക്കാകെ ആശങ്കയുണ്ട്. ആദ്യ പ്രളയമുണ്ടായപ്പോൾ കേന്ദ്രം സ്വീകരിച്ച സമീപനം ഈ ആശങ്കയ്‌ക്ക് ആക്കം കൂട്ടുന്നു. അന്ന്, ജനങ്ങളെ രക്ഷിക്കാൻ കേരളത്തോടൊപ്പം കേന്ദ്ര സൈനിക വിഭാഗങ്ങളും കൈകോർത്തുവെന്നത് നേര്. എന്നാൽ, പ്രളയം സൃഷ്‌ടിച്ച ആഘാതത്തിൽനിന്ന് കേരളത്തെ കരകയറ്റാൻ സഹായകരമായ നിലപാടല്ല തുടർന്ന് കേന്ദ്രം കൈക്കൊണ്ടത്. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് മൂവായിരം കോടിയിലേറെ രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്. സുഹൃദ് രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതിനുപകരം അത് നിഷേധിക്കാൻ കേന്ദ്രം ഇടപെട്ടു. പ്രവാസി മലയാളികളിൽനിന്ന് സഹായം തേടിപ്പോകാൻ കേരളത്തിന്റെ മന്ത്രിമാർക്ക് അനുമതി നൽകിയില്ല. പുനർനിർമാണത്തിനുവേണ്ടി വാർഷിക വായ്‌പാ പരിധിക്ക് പുറത്ത് വായ്‌പയെടുക്കാൻ അനുമതി നൽകിയില്ല.

പരിധി ഉയർത്തിയില്ല. പുനർനിർമാണത്തിന് ലോകബാങ്കിൽനിന്നും എഡിബിയിൽനിന്നും എടുക്കുന്ന വായ്‌പകൾ സാധാരണ ഗതിയിൽ എടുക്കുന്ന വായ്‌പത്തുകയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്രം ശഠിച്ചു. വായ്‌പാ പരിധി ഉയർത്താൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, ട്രഷറി സേവിങ്സ്‌  ബാങ്കിലെ നിക്ഷേപത്തിൽ ഉണ്ടാകുന്ന വർധന വായ്‌പയായി കണക്കാക്കി അംഗീകൃത വായ്‌പ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. പ്രളയക്കെടുതിയിൽനിന്ന് കേരളത്തിന് കരകയറാൻ ഒരിടത്തുനിന്നും ഒരു പണവും ലഭിക്കരുത് എന്ന മട്ടിലായിരുന്നു കേന്ദ്രത്തിന്റെ നടപടികളെല്ലാം. ഇതിനെ മറികടക്കാൻ സ്വന്തം നിലയിൽ വഴികൾ തേടിയാണ് പ്രളയാനന്തര പുനർനിർമാണത്തിൽ ഇപ്പോഴത്തെ ഘട്ടംവരെ എത്തിയതും മുന്നോട്ടു പോകുന്നതും. കിഫ്ബിയുടെ മസാല ബോണ്ട് ഒരുദാഹരണം.

ഇപ്പോൾ, രണ്ടാം പ്രളയക്കെടുതികൂടി വന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകളിൽ വലിയ പ്രയാസങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. വരുമാനം ഇനിയും കുറയാം.  ചരക്ക് സേവന നികുതി വരുമാനം പ്രതീക്ഷിച്ച തോതിൽ കിട്ടണമെന്നില്ല. ഇതിനു പുറമെയാണ്, കാർഷിക മേഖലയിലും ടൂറിസം, ചെറുകിട വ്യാപാര രംഗത്തുമെല്ലാം ഉണ്ടാകാൻ  പോകുന്ന സാമ്പത്തിക പ്രയാസങ്ങൾ. ഇവിടെയെല്ലാം ഓണത്തിനും വരുമാനം കൂടില്ലെന്ന് ഊഹിക്കാവുന്നതേയുള്ളു.  ഈ സ്ഥിതിയിൽ കേരളത്തിന്റെ അതിജീവനത്തിനും പുനർനിർമാണത്തിനും കേന്ദ്രസർക്കാർ മതിയായ സഹായം അനുവദിച്ചേ പറ്റൂ. അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അതവർ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top