20 April Saturday

ലോകം ശ്രദ്ധിക്കുന്ന പുനർനിർമാണം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019


കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിൽ വച്ചത്. ആ വാഗ്ദാനം സാക്ഷാൽക്കരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ ജനങ്ങളിൽനിന്ന് വലിയ അംഗീകാരം നേടിയിട്ടുണ്ട്. 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ സംസ്ഥാന സർക്കാരിനെതിരെ ഗൗരവബുദ്ധ്യാ ഒരക്ഷരമുരിയാടാൻ പ്രതിപക്ഷത്തിനും വലതുപക്ഷ മാധ്യമങ്ങൾക്കും കഴിയാതിരുന്നത്  മൂന്നു വർഷത്തെ ഭരണത്തിന്റെ മികവുകൊണ്ടുതന്നെയാണ്.

മറ്റൊരു സംസ്ഥാനവും നേരിടാത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളുമാണ് ഇതിനിടെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്. കേന്ദ്ര ഭരണകക്ഷിയുടെയും കേന്ദ്ര സർക്കാരിന്റെയും ശത്രുതാ മനോഭാവം സംസ്ഥാനത്തെ കടുത്തരീതിയിൽ ബാധിച്ചു. കഴിഞ്ഞവർഷം ഉണ്ടായ പ്രളയം കേരളത്തിന്റെ ഗതിമുട്ടിക്കുന്നതായിരുന്നു. പ്രളയം മൂലമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുക എന്നതിലുപരി പ്രകൃതിദുരന്തങ്ങൾക്ക് തകർക്കാൻ കഴിയാത്ത കേരളത്തെ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് വലിയ പ്രത്യാശയോടെയാണ് കേരളം ശ്രവിച്ചത്. സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം നിഷേധിക്കുമ്പോഴും സഹായഹസ്തങ്ങൾ തട്ടിയകറ്റപ്പെടുമ്പോഴും അതിജീവനം; പുനർനിർമാണം എന്ന ലക്ഷ്യത്തിലേക്കുള്ള സർവ വഴിയും തുറന്നു മുന്നേറുന്ന കേരള സർക്കാർ രാജ്യത്തിനാകെ അഭിമാനപൂർവം അനുകരിക്കാവുന്ന ഇടപെടലുകളാണ് നടത്തിയത്.  
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന സമഗ്രപദ്ധതി ആവിഷ്‌കരിച്ച് അതിന‌് ബജറ്റിൽ ആയിരം കോടി രൂപ വകയിരുത്തിയത് പുനർനിർമാണത്തിന്റെ തുടക്കമായിരുന്നു.

പുനർനിർമാണത്തിന് സഹായകമായ വിധത്തിൽ 25 പദ്ധതികൾക്ക് രൂപംനൽകി.  പ്രളയം സമാനതകളില്ലാത്തതായിരുന്നു; പുനർനിർമാണത്തിനും  വാർപ്പ് മാതൃകകൾ മുന്നിൽ ഇല്ല. അതുകൊണ്ടുതന്നെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ലോകത്തെമ്പാടുംനിന്നുള്ള ആശയങ്ങൾ സ്വീകരിക്കുകയും പുതിയ സാങ്കേതികവിദ്യകൾ ആവിഷ്‌കരിക്കുകയുമാണ്.  പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം, റിപ്പയർ, ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ ഭൂമിയുണ്ടായിരുന്നവർക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടി എന്നിവ പൂർത്തിയാകുകയാണ്.

ഭൂവിസ്തൃതിയിൽ 22–-ാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ കഴിഞ്ഞ 90 വർഷത്തിനിടയിലെ  വലിയ  പ്രകൃതിദുരന്തം വന്നപ്പോൾ  453 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു.  2,80,000 വീട‌് പൂർണമായോ ഭാഗികമായോ തകർന്നു. 1,40,000 ഹെക്ടറിൽ കാർഷിക വിളനാശമുണ്ടായി. 70,000 കിലോമീറ്റർ റോഡ്‌ ശൃംഖലയ്‌ക്ക്‌ സാരമായ കേടുപാടുകൾ സംഭവിച്ചു. അസാധാരണമായ ഈ അവസ്ഥയെ കേരളം നേരിടുന്നതെങ്ങനെയെന്നതിന്റെ നഖചിത്രമാണ് കഴിഞ്ഞദിവസം ജനീവയിൽ അന്താരാഷ്‌ട്ര പുനർനിർമാണ  സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ഐക്യരാഷ്ട്രസഭയും ലോക ബാങ്കും യൂറോപ്യൻ കമീഷനും സംയുക്തമായി സംഘടിപ്പിച്ച ലോക പുനർനിർമാണ കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തിയത് കേരളത്തിന്റെ  മുഖ്യമന്ത്രിയാണ്. ഇതുപോലെ ഒരു അന്താരാഷ്‌ട്ര സമ്മേളനത്തിൽ  ആദ്യമായിട്ടാണ് ഇന്ത്യയിൽനിന്ന് ഒരു നേതാവിന്  അവസരം ലഭിക്കുന്നത്.

പ്രളയദുരന്തം കേരളം നേരിട്ട രീതി, അതിൽ മുഖ്യമന്ത്രിയുടെ നേതൃത്വം എല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന്റെ അംഗീകാരമായാണ് പിണറായിക്കു ലഭിച്ച ഈ അവസരം എന്ന പ്രതികരണം വന്നിട്ടുണ്ട്. 193 രാജ്യങ്ങളിൽനിന്നും ആയിരക്കണക്കിന് നേതാക്കളും യുഎൻ ഉദ്യോഗസ്ഥരും ദുരന്തനിവാരണ വിദഗ്ധരുമെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തെ കുറിച്ച് പറയാനും ഈ നാട് അനുഭവിച്ച ദുരന്തത്തിന്റെയും അതിൽനിന്നുള്ള ഉയിർത്തെഴുന്നേല്പിന്റെയും അനുഭവം പകർന്നുനൽകാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

കേരളത്തിന്റെ അതിജീവന ഗാഥയിലെ മറ്റൊരു തിളങ്ങുന്ന ഏടായ "കിഫ്‌ബി’യുമായി ബന്ധപ്പെട്ട പരിപാടിയാണ് മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന്റെ അടുത്ത അജൻഡ. ഭരണം എങ്ങനെയാകണം, ഭരണാധികാരി എങ്ങനെ പ്രവർത്തിക്കണം എന്നതിന് ഇതാണ് മാതൃക. പ്രളയത്തിൽ എല്ലാം തകർന്നു എന്ന് കരുതിയവർക്കു മുന്നിൽ "നമ്മളങ്ങു ഇറങ്ങുകയല്ലേ’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്ന് ആ വാക്കുകൾ നൽകിയ ഊർജം തന്നെയാണ്, ഇപ്പോൾ കേരളത്തിന്റെ പുനർനിർമാണത്തിലേക്ക‌് ലോകത്തിന്റെയാകെ ശ്രദ്ധ കൈവരുമ്പോഴും സൃഷ്ടിക്കപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top