29 March Friday

വോട്ടര്‍മാരെ സ്വാധീനിക്കല്‍: കര്‍ശന നടപടിവേണം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2016

ജനങ്ങള്‍ക്കുമുന്നില്‍ വെറുക്കപ്പെട്ട രൂപമായി നില്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം അവശേഷിക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നാനാഭാഗത്തുനിന്നും തെളിവുകള്‍ വരുന്നു; തിരിച്ചടികളുണ്ടാകുന്നു. തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ മുദ്രാവാക്യംപോലുമില്ലാത്ത അവസ്ഥയില്‍ ജനരോഷവും ഒറ്റപ്പെടലും മറികടക്കാന്‍ കുറുക്കുവഴി തേടുക എന്ന മാര്‍ഗത്തിലേക്ക് യുഡിഎഫ് കടക്കുകയാണ്. വോട്ടര്‍മാരെ പണംകൊടുത്തും മദ്യം കൊടുത്തും സ്വാധീനിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഭവനസന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കുന്നതിനൊപ്പം വോട്ടര്‍ക്ക് പണം നല്‍കുന്ന ദൃശ്യമാണ് പുറത്തുവന്നത്.  അതിനു തൊട്ടുമുമ്പ് ജനങ്ങള്‍ക്കു മുന്നിലെത്തിയ മറ്റൊരു സംഭവം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലപറയുന്നതിന്റെ തെളിവുകളാണ്. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് പ്രാദേശിക ലേഖകര്‍ക്ക് ഇരുപതിനായിരം രൂപ വരെ കൊടുക്കാം എന്ന വാഗ്ദാനമുണ്ടായത്.  

പരാജയഭീതിയിലായ യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ തെളിവുകള്‍ വേറെയും വന്നിട്ടുണ്ട്. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറു രൂപ നോട്ടുകള്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി പ്രചരിച്ചതാണ് ഒന്ന്. കാസര്‍കോട് ജില്ലയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് കൊണ്ടുപോയ ഒന്നരക്കോടിയിലേറെ വരുന്ന കള്ളപ്പണം തെരഞ്ഞെടുപ്പു കമീഷന്‍ പിടിച്ചെടുത്ത് ട്രഷറിയില്‍ അടപ്പിച്ചത് മറ്റൊന്ന്. സംസ്ഥാന വ്യാപകമായി കണക്കില്ലാതെ പണം ഒഴുക്കുകയാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വോട്ടുപിടിത്തവും നടക്കുന്നു. പണത്തിനു പുറമേ യുഡിഎഫ് മദ്യവും ഒഴുക്കുകയാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. മദ്യക്കുപ്പികളുമായി പോകുകയായിരുന്ന മത്സ്യഫെഡിന്റെ വാഹനം മൂവാറ്റുപുഴയില്‍ നാട്ടുകാരാണ് പിടികൂടിയത്. വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി എറണാകുളം ജില്ലയിലേക്ക് കൊണ്ടുപോയതാണ് മദ്യക്കുപ്പികളെന്ന് വാര്‍ത്ത വന്നു.

ഇത്തരം സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് നേതൃത്വത്തില്‍നിന്ന് ഉണ്ടാകുന്ന ഒഴുക്കന്‍ പ്രതികരണത്തില്‍നിന്നും യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ അവയെ നിസ്സാരവല്‍ക്കരിക്കുന്നതില്‍നിന്നും പൊലീസ് അനാസ്ഥ കാണിക്കുന്നതില്‍നിന്നും മനസ്സിലാക്കാനാകുന്നത്  വ്യാപകമായി ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറെടുപ്പ് നടന്നിട്ടുണ്ട് എന്നാണ്.   താന്‍ പണംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു, തെളിവായി ദൃശ്യങ്ങള്‍ നാടാകെ പ്രചരിച്ചിട്ടും സി പി മുഹമ്മദിന്റെ പ്രതികരണം. സ്ഥാനാര്‍ഥിയോ ഏജന്റോ വോട്ടര്‍ക്ക് പണമോ മറ്റെന്തെങ്കിലും സമ്മാനമോ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമം 123–ാം വകുപ്പ് പ്രകാരം കൈക്കൂലിയായി കണക്കാക്കും. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനോ പണം നല്‍കുന്നത് കൈക്കൂലിയാണ്. ഇത് തെളിഞ്ഞാല്‍ സ്ഥാനാര്‍ഥിത്വം  കമീഷന് റദ്ദാക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍പോലും തെരഞ്ഞെടുപ്പ് അസാധുവാക്കും. അതാണ് നിയമം അനുശാസിക്കുന്നത്.

പുറത്തുവന്ന വീഡിയോയില്‍ സി പി മുഹമ്മദ് പണം കൈമാറുന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ പണമൊഴുക്കാന്‍ യുഡിഎഫുകാരെ നിര്‍ബന്ധിക്കുന്നത് പരാജയത്തെക്കുറിച്ചുള്ള ഭീതിയാണ്. അഞ്ചുവര്‍ഷത്തെ അഴിമതിയില്‍നിന്ന് ഉണ്ടാക്കിയ പണത്തിന്റെ ചെറിയപങ്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നത്. പണത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിക്കുന്നതില്‍ എന്‍ഡിഎ സഖ്യവും മുന്നിലുണ്ട്. പണമെറിഞ്ഞ് വോട്ടുനേടുക എന്ന തന്ത്രത്തിന്റെ ഭാഗമായി ചില മാധ്യമങ്ങളുടെയും മാധ്യമത്തലവന്മാരുടെയും സഹായത്തോടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും പെയ്ഡ് ന്യൂസ് സമ്പ്രദായം നടപ്പാക്കുകയുമാണവര്‍. കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും പരിപൂര്‍ണ പിന്തുണയും ഒത്താശയും ഉണ്ടായിട്ടുകൂടി, തങ്ങളുടെ ദുര്‍മുഖം മറച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ്, വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമം. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണ്. തെരഞ്ഞെടുപ്പു കമീഷന്റെ കര്‍ക്കശമായ നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top