25 April Thursday

പരിഹാസ്യമായ ഉപവാസം

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

 ഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശയിൽ അടയിരിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേർക്കുള്ള കടുത്ത ഭീഷണിയും അധികാര ദുർവിനിയോഗവുമാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ച് പ്രതിഷേധമറിയിച്ച ദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രി മറ്റൊരു ജോലിയിലായിരുന്നു, ഉപവാസ സമരത്തിൽ.

ഉപവാസം മഹത്തായ സമരമാർഗമാണ്. ദേശീയ പ്രസ്ഥാനകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി നടത്തിയ ഉപവാസ സമരങ്ങൾ ഇന്നും ഇന്ത്യക്കാരനിൽ ആവേശമുളവാക്കുന്നതാണ്. എന്നാൽ, ഇന്ത്യ ഭരിക്കുന്ന, രാജ്യത്തിന്റെ സർവാധികാരവും തന്നിലേക്ക് കേന്ദ്രീകരിച്ചെന്ന് സ്വയംകരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മറ്റു നേതാക്കളും ഉപവാസ സമരം നടത്തുന്നതെന്തിനാണ്? പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ബഹളത്തിലും പ്രതിഷേധത്തിലും മുങ്ങിയതിനാലാണ് പ്രധാനമന്ത്രിയുടെ ഉപവാസ സമരം എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ആരാണ് സഭ സ്തംഭിപ്പിച്ചത്, എന്തുകൊണ്ടാണ് അവിശ്വാസപ്രമേയാവതരണത്തിനുള്ള ജനാധിപത്യാവകാശംപോലും പ്രതിപക്ഷത്തിന് നിഷേധിച്ച് സഭയെ ബിജെപി അസംബന്ധനാടകത്തിന്റെ അരങ്ങാക്കിമാറ്റിയത്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുന്ന സാധാരണ ഇന്ത്യക്കാരനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വന്നപ്പോഴുള്ള മുഖംരക്ഷിക്കൽ ശ്രമം എന്നതിനപ്പുറമുള്ള ഒരു പ്രസക്തിയും ഈ ഉപവാസത്തട്ടിപ്പിനില്ല.രാജ്യം ഗുരുതരപ്രതിസന്ധിയിലാണ്. ജനങ്ങളുടെ രോഷം ബിജെപിക്കെതിരാണ്; മോഡിക്കെതിരാണ്.

ആർക്കുവേണമെങ്കിലും വോട്ടുചെയ്തോളൂ, പക്ഷേ, ബിജെപിക്ക് മാത്രം ചെയ്യരുതെന്ന് കർണാടകത്തിൽ വോട്ടവകാശമുള്ള തെലുഗരോട് തെലുഗുദേശം പാർടി നേതാവും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കെ ഇ കൃഷ്ണമൂർത്തി ബംഗളൂരുവിൽ ചെന്ന് ആഹ്വാനം മുഴക്കുന്നതാണ് കഴിഞ്ഞദിവസം കേട്ടത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാമെന്ന് വാഗ്ദാനംചെയ്ത് പ്രധാനമന്ത്രി വഞ്ചിച്ചതാണ്. അതുകൊണ്ട് തെലുഗു ജനത ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ആഹ്വാനം. പാർലമെന്റിൽനിന്നുള്ള കൂട്ടരാജിയിലൂടെയും എൻഡിഎയോടുള്ള യുദ്ധപ്രഖ്യാപനത്തിലൂടെയും ആ പ്രതിഷേധം പുതിയ മാനങ്ങളിലേക്കുയർന്നു.

ഉപവാസത്തിന് ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രിക്കെതിരെ വൻപ്രതിഷേധമാണ് ഉയർന്നത്. കാവേരി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് മോഡി ഗോ ബാക്ക്വിളികളുമായി തമിഴ് ജനത വീടുകളിൽ കറുത്തകൊടികളുയർത്തിയും കറുത്തവസ്ത്രം ധരിച്ചും കറുത്തകൊടികളേന്തിയുമാണ്  പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങൾ, കർഷകർ, സാധാരണക്കാരായ ജനങ്ങൾ തുടങ്ങി എല്ലാവരും മോഡിക്കെതിരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. പ്രതിഷേധം ഭയന്ന് റോഡ് മാർഗമുള്ള യാത്ര ഉപേക്ഷിക്കാനും ജനങ്ങളെ മുഖാമുഖം കാണുന്നത് ഒഴിവാക്കാനും മോഡി നിർബന്ധിതനായി. നിങ്ങൾക്കെന്താ ധൈര്യമില്ലേ മോഡീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചരിക്കുന്നില്ല?’ എംഡിഎംകെ നേതാവ് വൈക്കോ പ്രതികരിച്ചത് ഇങ്ങനെയാണ്.യുപിയിലെ ഉന്നാവയിലെയും ജമ്മു കശ്മീരിലെ കത്വവയിലെയും ക്രൂരബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന്ന ബിജെപി നിയന്ത്രിത സർക്കാരുകൾക്കെതിരെ രാജ്യത്താകെ പ്രതിഷേധം കത്തുകയാണ്. ജമ്മു കശ്മീരിലെ കത്വവയിൽ ദിവസങ്ങളോളം എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ സംരക്ഷിക്കാൻ ദേശീയപതാകകളുമായാണ് തീവ്രഹിന്ദുത്വശക്തികളും ബിജെപിയും രംഗത്തെത്തിയത്. കോടതിയിൽ കുറ്റപത്രം നൽകിയതോടെ കുറ്റവാളികളെ രക്ഷിക്കാൻ ബിജെപി എംഎൽഎമാരും ഒരുവിഭാഗം അഭിഭാഷകരും രംഗത്തുണ്ട്.

ഉന്നാവയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ബിജെപി എംഎൽഎയാണ്. പെൺകുട്ടിയുടെ അച്ഛൻ മർദനമേറ്റ് കൊല്ലപ്പെട്ടതോടെ പ്രതിരോധത്തിലായ സർക്കാർ എംഎൽഎയുടെ സഹോദരനെ അറസ്റ്റുചെയ്യാൻ നിർബന്ധിതമായി. പിഞ്ചുകുട്ടികളെയടക്കം പീഡിപ്പിച്ചുകൊല്ലുന്നവരെ സംരക്ഷിക്കുന്ന ബിജെപി സർക്കാരുകൾക്കെതിരെ കഴിഞ്ഞദിവസം ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ അരങ്ങേറിയ പ്രതിഷേധ റാലിയിൽ സ്ത്രീകളും യുവാക്കളുമടക്കം സമൂഹത്തിലെ നാനാതുറയിലുള്ളവരാണ് അണിനിരന്നത്.  ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2017ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്കിങ് മേഖലയിൽ നടന്നത് 18,170 കോടി രൂപയുടെ തട്ടിപ്പാണ്. മൊത്തം തട്ടിപ്പുകളുടെ എണ്ണം 12,553.

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലാണ് കൂടുതൽ തട്ടിപ്പ് നടന്നത്. 3893 കേസ്. രണ്ടാം സ്ഥാനം സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്കിനാണ്. 3359 കേസ്. തുകയുടെ കാര്യത്തിൽ പിഎൻബിയാണ് മുന്നിൽ. 2810 കോടി രൂപ. ഇങ്ങനെ മോഡിരാജ് തട്ടിപ്പുരാജായി മാറിയിരിക്കുന്നു. വർഗീയ അതിക്രമങ്ങളും പശുവിന്റെ പേരിലുള്ള അതിക്രമങ്ങളും തുടരുന്നു. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. മോഡി പ്രഭാവത്തിനും സംഘപരിവാറിന്റെ സമഗ്രാധിപത്യമോഹങ്ങൾക്കും ജനങ്ങൾ ശക്തമായ തിരിച്ചടിനൽകുകയാണ്. അത് താങ്ങാൻ കരുത്തില്ലാതാകുമ്പോഴുള്ള പിടച്ചിലാണ് അപഹാസ്യമായ ഉപവാസത്തിലൂടെ മോഡി‐ഷാ കൂട്ടുകെട്ട് കാണിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർടികൾ മാത്രമല്ല, സമുന്നത ന്യായാധിപർ പോലും ഈ ദുരവസ്ഥയ്ക്കെതിരെ പ്രതികരിക്കുന്നു എന്നാണ് ജസ്റ്റിസ് ചെലമേശ്വറിന്റെയും ജസ്റ്റിസ് കുര്യൻ ജോസഫിന്റെയും മറ്റും നിലപാടിലൂടെ വ്യക്തമാകുന്നത്. ഒരു ഉപവാസംകൊണ്ടോ ചെപ്പടിവിദ്യകൾ കൊണ്ടോ മറികടക്കാനാകുന്നതല്ല മോഡി നേരിടുന്ന പ്രതിസന്ധിയെന്ന് സാരം. രാജ്യത്താകെ ജനങ്ങളിൽ രോഷം നുരയുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top