05 June Monday

എന്താണ്‌ പ്രതിപക്ഷം ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020


 

കൊറോണ വൈറസ്‌ പരക്കുന്നത്‌ തടയാൻ സംസ്ഥാന സർക്കാരും  ആരോഗ്യവിഭാഗവും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്‌. ‘പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ’ എന്ന പ്രയോഗം ഓർമപ്പെടുത്തുംവിധം  തരംതാഴ്‌ന്ന  മൂന്നാംകിട രാഷ്ട്രീയം പയറ്റുകയാണ്‌ കേരളത്തിലെ യുഡിഎഫ്‌.  നിയമസഭയിൽ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും സമാനപാതയിലാണ്‌. കോവിഡ്‌ ഭീഷണിക്കെതിരായ സംസ്ഥാനത്തിന്റെ പഴുതടച്ച അതീവ ജാഗ്രത, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക്‌  അനുകരണീയമാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിവരയിടുകയും  ആ  അനുഭവപാഠങ്ങൾ ലോകത്തിലെ ചില മേഖലകൾ സാകൂതം വീക്ഷിക്കുകയും ചെയ്യുമ്പോഴാണ്‌ പ്രതിപക്ഷത്തിന്റെ പൊറുക്കാനാകാത്ത നിരുത്തരവാദം. സഭയിൽ ആരോഗ്യമന്ത്രി മറുപടി പറയവേ ചിലർ കൂവിവിളിക്കാനും മുന്നിട്ടിറങ്ങി. യഥാർഥത്തിൽ അക്കൂട്ടർ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചത്‌ ജനാധിപത്യത്തെയും ജനങ്ങളെയുമാണ്‌. നിപായും ഓഖിയും ചരിത്രം കാണാത്തവിധത്തിലുള്ള രണ്ട്‌ കൊടും പ്രളയവും കേരളത്തിന്റെ  നടുവൊടിച്ചപ്പോഴും പ്രതിപക്ഷ പെരുമാറ്റം ഇതേ നിലയിലായിരുന്നല്ലോ.

അത്യന്തം ഭീഷണമായ സാഹചര്യങ്ങളിലൂടെ കേരളം കിതച്ചുനീങ്ങുമ്പോൾ, ജനങ്ങളാകെ ഭയപ്പെട്ടു കഴിയുമ്പോൾ, ആരോഗ്യമേഖലയും സന്നദ്ധ പ്രവർത്തകരും മരണംപോലും തൃണവൽഗണിച്ച്‌ പ്രവർത്തിക്കുമ്പോൾ പതിവുപോലെ യുഡിഎഫ്‌ നേതൃത്വവും കോൺഗ്രസ്‌‐ മുസ്ലിംലീഗ്‌ നേതാക്കളും അതിസമർഥമായി വോട്ടുരാഷ്ട്രീയം പയറ്റുകയാണ്‌. സർക്കസ്‌ കോമാളികളെപ്പോലെയായിരിക്കുന്നു അവരുടെ ശരീരഭാഷ. കേരളം ഒടുങ്ങിത്തീർന്നാലും  ഇത്തരം ബുദ്ധിമാന്ദ്യങ്ങൾ തുടരുമെന്നുതന്നെയാണ്‌ ആവർത്തിച്ച്‌ ലഭിക്കുന്ന സൂചനകൾ. യാത്രക്കാർക്ക്‌ പണമീടാക്കാതെ മാസ്‌കുകൾ നൽകിയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ അധികൃതരെ സഹായിച്ചും ഡിവൈഎഫ്‌ഐ യുവജനങ്ങൾക്കാകെ മാതൃകയാകുമ്പോൾ യൂത്ത്‌കോൺഗ്രസുകാർ പുതിയ ‘പട്ടമഹിഷി’മാരുടെ അരിയിട്ടുവാഴ്‌ചയുടെ തിരക്കിലാണ്‌.

വൈദ്യശാസ്‌ത്രരംഗത്ത്‌ അമ്പരപ്പിക്കുന്ന മുന്നേറ്റമുണ്ടായ വൻ സമ്പന്ന അതിവികസിത രാജ്യങ്ങളിൽപ്പോലും കൊറോണ അപ്രതീക്ഷിത കെടുതികളാണ്‌ വിതച്ചത്‌. അവിടങ്ങളിൽ അവിചാരിത മരണനിരക്കുമുണ്ടായി. പക്ഷേ, കൊച്ചുകേരളത്തിൽ പേടിപ്പെടുത്തുന്ന നിലവാരത്തിലേക്ക്‌ സ്ഥിതി വളർന്നില്ല. അരക്ഷിതാവസ്ഥ പൂർണമായും അകന്നുവെന്ന്‌ കരുതിയപ്പോഴാണ്‌ പത്തനംതിട്ടയിൽ  കൊറോണ വീണ്ടും റിപ്പോർട്ട്‌ ചെയ്‌തത്‌. ഒട്ടും സമയം പാഴാക്കാതെ  ആരോഗ്യമന്ത്രി കെ കെ ശൈലജ അവിടേക്ക്‌ കുതിച്ചത്‌ പ്രതിസന്ധിയിൽപ്പെട്ടുഴലുന്നവർക്കെല്ലാം സാന്ത്വനമായി. ചൊവ്വാഴ്‌ചത്തെ പ്രത്യേക മന്ത്രിസഭായോഗം പ്രശ്‌നത്തിന്റെ നാനാവശങ്ങൾ  അവലോകനംചെയ്‌തു.  മുൻകരുതൽ നടപടികളും ജാഗ്രതയും  പാലിക്കുന്നതിനുള്ള അഭ്യർഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിസംബോധന ചെയ്‌തു. അത്‌ സത്യസന്ധവും ആത്മാർഥവുമാണെന്ന്‌ തിരിച്ചറിഞ്ഞ നാനാവിഭാഗങ്ങൾ ആ ആഹ്വാനം നെഞ്ചേറ്റി. അപ്പോഴും സർക്കാർപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനോ രോഗഭയം നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക്‌ ആത്മവിശ്വാസം നൽകാനോ ഭീതി അകറ്റാനോ ഉതകുന്ന ഒരുവാക്കുപോലും പ്രതിപക്ഷത്തിൽ നിന്നുണ്ടായില്ല. സർക്കാരിനെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും  ആരോഗ്യമന്ത്രിയെയും ഉന്നംവയ്‌ക്കുകയായിരുന്നു. മറ്റ്‌ നികൃഷ്ട പരിഗണനയുടെ കെണിയിൽ വീഴാത്ത പൊതുസമൂഹമാകെ സർക്കാരിന്‌ ഹൃദയത്തിൽനിന്നുള്ള നിറഞ്ഞ പിന്തുണ നൽകി. അതാണ്‌ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ ചെന്നിത്തലയുടെ നിലതെറ്റിച്ചത്‌. ആരോഗ്യമന്ത്രിക്ക്‌ ‘മീഡിയ മാനിയ’യാണെന്ന അദ്ദേഹത്തിന്റെ വിടുവായത്തം അത്‌ നന്നായി തെളിയിക്കുകയും ചെയ്‌തു. മരിക്കാതിരിക്കാനുള്ള യുദ്ധത്തിലാണ്‌ സംസ്ഥാനമെന്നും  കോവിഡ്‌–-19നെ അതിജീവിക്കാൻ കൂട്ടായ ശ്രമമാണ്‌ നടക്കുന്നതെന്നും ആ യുദ്ധത്തിന്‌ വലിയ പിന്തുണ ലഭിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ മിതമായ പ്രതികരണം.  പ്രതിപക്ഷത്തിന്റെ നിലപാട്‌ നിർഭാഗ്യകരമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സൗമ്യമെങ്കിലും തീക്ഷ്‌ണമാണ്‌.


 

മന്ത്രിയെ കടന്നാക്രമിച്ച ഈ ചെന്നിത്തല ആരാണ്‌. മാധ്യമങ്ങളുടെ പൊയ്‌ക്കാലിലേറി, പത്രസമ്മേളനങ്ങളിലും  ചാനൽ വെളിച്ചത്തിലും ജീവിക്കുന്നയാൾ. നിലപാടുകൾക്കുപരി മുഖകാന്തിയിൽ ഉൽക്കണ്‌ഠപ്പെടുന്നയാൾ.  ബിജെപിയുടെ വലിയ വിളിക്കായി കാത്തിരിക്കുന്ന കേരള സിന്ധ്യ. ഏതുനിമിഷവും താമരയായി രൂപാന്തരം പ്രാപിക്കാവുന്ന കൈപ്പത്തികളുടെ ആൾക്കൂട്ടമാണ്‌ കോൺഗ്രസ്‌ എന്ന്‌ പലവട്ടം തെളിയിക്കപ്പെട്ടതാണ്‌. ഏറ്റവുമൊടുവിൽ മധ്യപ്രദേശിലെ കാറ്റുവീഴ്‌ചയും  നാം കണ്ടു.  

അടിയന്തരപ്രതിസന്ധി ഘട്ടങ്ങൾ മികച്ചനിലയിൽ കൈകാര്യം ചെയ്യുംപോലെ പ്രധാന്യമുള്ളതാണ് അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ജനങ്ങളിൽ ഉണ്ടാക്കുന്നതും. വലിയ ദുരന്തങ്ങളിൽ  ഉത്തരവാദപ്പെട്ടവർ ദിവസവും പത്രലേഖകരെ കാണണമെന്നും ലഭ്യമായ  വിവരങ്ങൾ ജനങ്ങളുമായി പങ്കിടണമെന്നുമാണ് ഈമേഖലയിലെ ബാലപാഠം. ദുരന്തനാളുകളിൽ വാർത്തകൾ അറിയാൻ ജനങ്ങൾക്ക് വലിയ താൽപ്പര്യമുണ്ടാകും.  ‘‘ഉത്തരവാദിത്തപ്പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്സാപ് യൂണിവേഴ്സിറ്റി അതേറ്റെടുക്കും.  പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും. അടിയന്തരഘട്ടം സാങ്കേതികമായി എത്ര മികച്ചനിലയിൽ കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ടുപോകും. ദുരന്തപ്രദേശങ്ങളിൽ വസ്‌തുവകകളുടെ പൂഴ്‌ത്തിവയ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവയ്‌ക്കാത്തതിനാലാണെ’’ന്ന മുരളി തുമ്മാരുകുടിയുടെ വാക്കുകളെങ്കിലും മാധ്യമപരിലാളന തീരെ ആഗ്രഹിക്കാത്ത ചെന്നിത്തലമാർ ശ്രദ്ധിക്കുമോ?
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top