23 April Tuesday

കീഴാറ്റൂരിലെ ആർഎസ്എസ് ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018


കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ ദേശീയപാത  വികസനത്തിനെതിരെ ഒരു സമരം നടക്കുന്നുണ്ട്. ബൈപാസ് നിർമിക്കുമ്പോൾ വയൽ നികത്തേണ്ടിവരുന്നത് അനുവദിക്കാനാകില്ല എന്നു പ്രഖ്യാപിച്ചാണ്  ഏതാനുംപേർ സമരത്തിനിറങ്ങിയത്. ആ സമരം സിപിഐ എമ്മിനെതിരായ സമരമാക്കി മാറ്റാനും കലക്കവെള്ളത്തിൽ മീൻപിടിക്കാനും ചാടിവീണവരിൽ മുൻനിരയിലുണ്ടായിരുന്നത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ്. നുഴഞ്ഞുകയറി സമരം പിടിച്ചടക്കാനും അതിലൂടെ കീഴാറ്റൂരിൽ ബിജെപിക്ക് വിത്തിടാനും ആസൂത്രണംചെയ്ത ആ പദ്ധതി പക്ഷേ, ലക്ഷ്യംകണ്ടില്ല. മലബാർ മേഖലയിൽ ഇത്തരം അനേകം പദ്ധതികൾ ആർഎസ്എസ് ആസൂത്രണംചെയ്തിട്ടുണ്ട്;  പരാജയപ്പെട്ടിട്ടുമുണ്ട്. തലശേരിക്കലാപമടക്കം ആ പട്ടികയിൽ വരുന്നു. കീഴാറ്റൂരിൽ ആദ്യപദ്ധതി പരാജയപ്പെട്ടിട്ടും സംഘപരിവാർ പിന്മാറിയില്ല എന്നാണ് കീഴാറ്റൂർവയൽ സമരക്കാരായ രണ്ടുപേരെ കൊലപ്പെടുത്താൻ അവർ പദ്ധതിയിട്ടു എന്ന വാർത്ത നൽകുന്ന സ്ഥിരീകരണം. 

തളിപ്പറമ്പ് തൃച്ഛംബരത്ത് എസ്എഫ്ഐ പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആർഎസ്എസുകാരാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ, കേരളത്തിലെ സിപിഐ എമ്മിനെതിരെ വിദ്വേഷത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ കൊലപാതകപദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. വയൽസമരത്തിൽ മുന്നിൽനിൽക്കുന്ന രണ്ടുപേരെ കൊലപ്പെടുത്തുക; കുറ്റം സിപിഐ എമ്മിനുമേൽ വയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.

കൃത്യം നിർവഹിക്കാൻ മാരകായുധങ്ങളുമായി കീഴാറ്റൂർ വയലിൽ എത്തി. ഉദ്ദേശിച്ച ആളുകളെ കിട്ടാത്തതിനാൽ തിരിച്ചുപോയി. ആ വഴിയിലാണ് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് എന്നാണ് പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചത്.  

തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എൻ വി കിരൺ ഉൾപ്പെടെ നാല് വിദ്യാർഥിനേതാക്കളെ ഞായറാഴ്ച പുലർച്ചെയാണ് ആർഎസ്എസ് ക്രിമിനൽസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

തെളിവുസഹിതമാണ് വധഗൂഢാലോചന പുറത്തുവന്നിരിക്കുന്നത്. ഇരട്ടക്കൊലപാതകമായിരുന്നില്ല ആസൂത്രകരുടെ യഥാർഥ ലക്ഷ്യം. കൊലപാതകം നടത്തിയശേഷം ആളിക്കത്തിക്കാമെന്നവർ കണക്കുകൂട്ടിയ കലാപമായിരുന്നു. അതിലൂടെ കേരളത്തെയും ഈ സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനെയും മുഖ്യമന്ത്രിയെയും തകർക്കാമെന്നതായിരുന്നു ലക്ഷ്യം. വയൽക്കിളിസമരത്തോടുള്ള നിലപാട് കൃത്യമായി പ്രഖ്യാപിച്ച പാർടിയാണ് സിപിഐ എം. സമരമുഖത്ത് ആദ്യഘട്ടത്തിൽ മുന്നിൽ നിന്ന ചിലർക്കെതിരെ സിപിഐ എം അച്ചടക്കനടപടി എടുത്തിട്ടുണ്ട്. അത് പശ്ചാത്തലമാക്കി, വയൽക്കിളിസമര നേതാക്കളെ കൊലപ്പെടുത്തി, സിപിഐ എമ്മിനല്ലാതെ മറ്റാർക്കാണ് ഇവരോട് ശത്രുത’എന്ന ചോദ്യമുയർത്തുകയും വൈകാരികപ്രചാരണം നടത്തി കലാപം സൃഷ്ടിക്കുകയുമാണ് കേരളം പിടിക്കാൻ ആർഎസ്എസ് കാണുന്ന എളുപ്പവഴികളിലൊന്ന്.

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണത്തിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർക്ക് കീഴാറ്റൂർ വയലിലെ കൊലപാതക ഗൂഢാലോചനയ്ക്കുകൂടി കേസെടുേക്കണ്ടതുണ്ട്. ആർഎസ്എസിന്റെ കലാപപദ്ധതിയും അതിന്റെ ബുദ്ധികേന്ദ്രവും നിയമത്തിനുമുന്നിൽ എത്തേണ്ടതുണ്ട്.

അനാവശ്യ ഭീതിപരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കീഴാറ്റൂർസമരത്തിന്റെ പേരിൽ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഈ സമരത്തിനെതിരെ സിപിഐ എം ജനങ്ങളെ അണിനിരത്തുകയാണ്. നാഷണൽ ഹൈവേ ബൈപാസിനായി 60 ഭൂ ഉടമകളിൽ 56 പേരും സ്ഥലം വിട്ടുകൊടുക്കുന്നതിനായി സമ്മതപത്രം നൽകി. അതിനിടയിലാണ് സംഘപരിവാറിന്റെ ഭാഗമായ യുവമോർച്ച സമരത്തിന് വീര്യംപകരാൻ എത്തിയത്. നാടാകെ വികസനത്തിന് കൊതിക്കുമ്പോൾ വികസനവിരുദ്ധരുടെ പക്ഷംനിന്ന് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമം. എന്നാൽ, ജനങ്ങളിൽനിന്ന് സമരക്കാർ ഒറ്റപ്പെടുന്നു എന്നു മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം അത്യന്തം ക്രൂരമായ നിലയിൽ ഇരട്ടക്കൊലപാതകം നടത്താനാണ് ആസൂത്രണംചെയ്തത്.

പദ്ധതി പാളിയപ്പോൾ പിടിയിലായ പ്രതികൾക്ക് സംഘപരിവാർ ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി കൈകഴുകുകയാണ്. എന്നാൽ, പിടിയിലായ രാകേഷ് ബജ്രംഗ്ദൾ പയ്യന്നൂർ ജില്ലാ സമ്പർക്ക പ്രമുഖാണ്. ജയൻ ഉൾപ്പെടെ മറ്റെല്ലാവരും ഒടിസി കഴിഞ്ഞ ആർഎസ്എസിന്റെ അധികാരികളാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ് ഇത്തരം നീക്കം നടത്തുന്നുണ്ട്. പൊലീസ് ജാഗ്രതയോടെ അന്വേഷണം നടത്തുന്നതിനോടൊപ്പം, പൊതുസമൂഹം കരുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top