05 October Thursday

കേരളത്തിന്റെ കഴുത്തുഞെരിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020


 

ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുമേൽ ബിജെപി സർക്കാർ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ രാജ്യം സമരമുഖത്താണ്‌. ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളെ നിർജീവമാക്കാനുള്ള ശ്രമം ആദ്യ മോഡി സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചതാണ്‌. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ചെറുത്തുനിൽപ്പ്‌ ഉണ്ടായി എന്നു പറയാനാകില്ല. നോട്ടുനിരോധനവും ജിഎസ്‌ടിയുമെല്ലാം സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത തീരുമാനങ്ങളായിരുന്നു. പൊതുവായ ഇത്തരം നടപടികൾക്ക്‌ പുറമെയാണ്‌ കേരളത്തോടുള്ള രാഷ്‌ട്രീയപ്രതികാരം. സ്വാധീനം വർധിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ തുടരെ പരാജയപ്പെട്ടപ്പോൾ, കേരളത്തെ അവർ നിർദയം ദ്രോഹിച്ചു. കേരളത്തിന്‌ അനുവദിച്ച പല കേന്ദ്രപദ്ധതികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക്‌ നിർലജ്ജം കടത്തിക്കൊണ്ടുപോയി. നോട്ടുനിരോധനത്തോടൊപ്പം കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ തകർക്കാൻ സംഘടിതമായ ശ്രമമാണ്‌ നടത്തിയത്‌. എൽഡിഎഫ്‌ സർക്കാരും സഹകാരികളും നടത്തിയ പ്രത്യക്ഷ സമരങ്ങളിലൂടെ തൽക്കാലം അതിജീവിക്കാനായി.

ബിജെപിയുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തെ കേരളം വിട്ടുവീഴ്‌ചയില്ലാതെ എതിർക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്‌ സാമ്പത്തികമായി കഴുത്തുഞെരിക്കുന്നത്‌. ജിഎസ്‌ടി നടപ്പാക്കുമ്പോൾ കേരളംപോലുള്ള ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്ക്‌ ഉണ്ടാകുന്ന വരുമാനച്ചോർച്ചയ്‌ക്ക്‌ നഷ്‌ടപരിഹാരം നൽകുമെന്ന വാഗ്‌ദാനം കേന്ദ്രം പാലിച്ചില്ല. ചരിത്രത്തിലില്ലാത്ത മഹാപ്രളയമാണ്‌ 2018ൽ കേരളത്തിലുണ്ടായത്‌. വാഗ്‌ദാനം ചെയ്യപ്പെട്ട വിദേശസഹായം, അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പ , വിദേശ മലയാളികളിൽനിന്നുള്ള ധനസമാഹരണം എന്നിവയെല്ലാം കേന്ദ്രം തടസ്സപ്പെടുത്തി. ഇതെല്ലാം ചെയ്‌തവർ അർഹമായ കേന്ദ്രസഹായം നൽകാൻ തയ്യാറായോ ?അതുമില്ല. കേന്ദ്രസംഘം പഠനം നടത്തി നിശ്‌ചയിച്ച തുകയിൽ ചെറിയൊരു അംശംപോലും അനുവദിച്ചില്ല. പ്രളയം ബാധിച്ച മറ്റ്‌ ഏഴ്‌ സംസ്ഥാനങ്ങൾക്കും ധനഹായം നൽകിയപ്പോഴാണ്‌ കേരളത്തെ പൂർണമായും തഴഞ്ഞത്‌. മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്‌ത അരിക്കും രക്ഷാപ്രവർത്തനത്തിന്‌ അയച്ച ഹെലികോപ്‌റ്ററുകൾക്കും കണക്കുപറഞ്ഞ് പണം വാങ്ങി. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന ചോദ്യമാണ്‌ അന്ന്‌ ജനങ്ങളിൽനിന്ന്‌ ഉയർന്നത്‌.

2100 കോടി രൂപയാണ്‌ കേരളം സഹായമായി ചോദിച്ചത്‌. എന്നാൽ, ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിന്‌ ധനസഹായം നൽകേണ്ടെന്ന്‌ ഏകപക്ഷീയമായി തീരുമാനിച്ചു.

കേരള പുനർനിർമാണത്തിന്‌ എൽഡിഎഫ്‌ സർക്കാരും ജനങ്ങളും പ്രവാസിമലയാളികളും ഒത്തുചേർന്ന്‌ ആരംഭിച്ച പരിശ്രമം പുരോഗമിക്കുന്നതിനിടയിലാണ്‌ രണ്ടാംവർഷവും പ്രളയം എത്തിയത്‌. കേന്ദ്രസമീപനത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. 2100 കോടി രൂപയാണ്‌ കേരളം സഹായമായി ചോദിച്ചത്‌. എന്നാൽ, ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിന്‌ ധനസഹായം നൽകേണ്ടെന്ന്‌ ഏകപക്ഷീയമായി തീരുമാനിച്ചു. ഈ വിവേചനത്തിന്റെ ചൂടാറുംമുമ്പാണ്‌ 2018ലെ പ്രളയകാലത്ത്‌ ക്യാമ്പുകളിൽ സൗജന്യമായി വിതരണംചെയ്‌ത 89,540 ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ടത്‌.

ജിഎസ്‌ടി വിഹിതം നൽകാതെയും വായ്‌പാപരിധി ഉയർത്താൻ അനുവദിക്കാതെയും വിദേശത്തുനിന്ന്‌ കിട്ടാവുന്ന ധനസഹായം ഇല്ലാതാക്കിയും സംസ്ഥാനത്തെ തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിച്ചത്‌. കേന്ദ്രം ശത്രുതാപരമായ നിലപാട്‌ തുടർന്നിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിലും ധനസഹായം നൽകുന്നതിലും വീടുവച്ച്‌ നൽകുന്നതിലുമൊക്കെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. എന്നാൽ, കേരളത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളുമായാണ്‌ കേന്ദ്രം മുന്നോട്ടുപോകുന്നത്‌.

തൊഴിലുറപ്പ്‌ പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കിക്കൊണ്ട്‌ രാജ്യത്തിന്‌ മാതൃകയായ സംസ്ഥാനമാണ്‌ കേരളം .എന്നാൽ, 1215 കോടി രൂപ കുടിശ്ശികയാണ്‌

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ കേന്ദ്രവായ്‌പയടക്കം 8338 കോടിരൂപയാണ്‌ സംസ്ഥാനത്തിന്‌ നിഷേധിച്ചത്‌. ബജറ്റ് വകയിരുത്തൽ പ്രകാരം കേന്ദ്രവായ്‌പയായി 10,233 കോടിരൂപ ലഭിക്കേണ്ട സ്ഥാനത്ത്‌ അനുവദിച്ചത്‌ 1920 കോടി രൂപ മാത്രം. ഡിസംബറിലെ ജിഎസ്‌ടി നഷ്ടപരിഹാരം 1600 കോടി നൽകിയിട്ടില്ല. കേന്ദ്ര നികുതിവിഹിതമായി കഴിഞ്ഞ വർഷം അവസാന മൂന്നുമാസം 6866 കോടിരൂപ കിട്ടിയ സ്ഥാനത്ത്‌ ഈ വർഷം 4524 കോടിയായി കുറയുമെന്നാണ്‌ സൂചന
നടപ്പു സാമ്പത്തികവർഷം 24,915 കോടി രൂപ പൊതുകടമായി എടുക്കാൻ കേരളത്തിന്‌ അർഹതയുണ്ട്‌. ഇത്‌ 16,602 കോടി രൂപയായി വെട്ടിച്ചുരുക്കി. തൊഴിലുറപ്പ്‌ പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കിക്കൊണ്ട്‌ രാജ്യത്തിന്‌ മാതൃകയായ സംസ്ഥാനമാണ്‌ കേരളം .എന്നാൽ, 1215 കോടി രൂപ കുടിശ്ശികയാണ്‌ .

നെല്ല‌്‌ സംഭരണ താങ്ങുവില ഇനത്തിൽ 1035 കോടി രൂപയും കേരളത്തിന്‌ ലഭിക്കാനുണ്ട്‌. ഈ വിവേചനങ്ങൾക്കെല്ലാം ഇടയിലും വികസന–- ക്ഷേമ രംഗങ്ങളിൽ കേരളം തുടർച്ചയായി രണ്ടാംതവണയും രാജ്യത്ത്‌ ഒന്നാമതെത്തിയത്‌ എൽഡിഎഫ്‌ ഗവൺമെന്റിന്റെ അഭിമാനാർഹമായ നേട്ടമാണ്‌. ഐക്യരാഷ്‌ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ്‌ നിതി ആയോഗ്‌ സംസ്ഥാനങ്ങളുടെ റാങ്കിങ്‌ നടത്തുന്നത്‌. ഈ നേട്ടങ്ങൾ നിലനിർത്താനും മുന്നാട്ടുകൊണ്ടുപോകാനും സാമ്പത്തികഞെരുക്കം തടസ്സമായിത്തീരുമെന്നതാണ്‌ സർക്കാരിന്റെ ആശങ്ക. ഇത്‌ ഗൗരവപൂർവം കണക്കിലെടുത്ത്‌  കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാറാകണം. നിഷേധാത്മകസമീപനം അവസാനിപ്പിച്ച്‌ വിവിധ ഇനങ്ങളിലായി കേരളത്തിന്‌ ലഭിക്കേണ്ട പണം ഉടനെ കൈമാറണം. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തിൽ ഉത്തരവാദിത്തം നിർവഹിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം അനിവാര്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top