24 September Sunday

തലകുനിക്കാം അപമാനഭാരത്താല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2016

ജനുവരി 25 കേരളജനതയെ സംബന്ധിച്ചിടത്തോളം അപമാനത്തിന്റെ ദിനമാണ്. അന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ജുഡീഷ്യല്‍ കമീഷനാല്‍ വിസ്തരിക്കപ്പെടുന്നത്. അഴിമതിക്കേസില്‍ ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലാത്ത ദുര്‍ഗതിയാണിത്. മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഒരു അഴിമതിക്കേസില്‍ വിസ്തരിക്കല്‍ നേരിട്ടിട്ടില്ല ഒരു മുഖ്യമന്ത്രിയും. കാരണം അത്തരമൊരു ഘട്ടം എത്തുന്നതിന് വളരെ മുമ്പേതന്നെ ബന്ധപ്പെട്ട വ്യക്തികള്‍ രാജിവച്ച് പോകുമായിരുന്നു. ഇത് ഉമ്മന്‍ചാണ്ടിക്ക് പ്രശ്നമല്ലായിരിക്കാം. എന്നാല്‍, കേരളത്തിന് പ്രശ്നമാണ്. കാരണം ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയല്ല, കേരളീയരുടെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ കമീഷന്റെ മുമ്പില്‍ച്ചെന്ന് നിസ്സഹായനായി നില്‍ക്കുന്നത്, നടത്തിയ അഴിമതിക്ക് സമാധാനം പറയുന്നത്. കേരളീയരുടെ നിറുകയില്‍ ഈ അപമാനം വന്നുവീഴുമെന്നത് മുന്‍കൂട്ടി കണ്ടാണ് ആ ഒരവസ്ഥ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പോകണമെന്ന് നേരത്തേതന്നെ ഞങ്ങള്‍ ആവശ്യപ്പെട്ടത്. അപ്പോള്‍, എന്ത് അപമാനം സഹിച്ചാലും മുഖ്യമന്ത്രിസ്ഥാനത്ത് താന്‍ തുടരും എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഉമ്മന്‍ചാണ്ടി അപമാനം സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. എന്നാല്‍, കേരളത്തിന്റെ തലയിലേക്ക്, തന്റെ തലയിലിരിക്കേണ്ട അപമാനം പകര്‍ന്നുവയ്ക്കണോ ഉമ്മന്‍ചാണ്ടി. കേരളീയരെ ഈ അപമാനക്കയത്തിലാഴ്ത്തിയതിന് ഉമ്മന്‍ചാണ്ടി വരുംനാളുകളില്‍ സമാധാനം പറയേണ്ടിവരും; തീര്‍ച്ച. 

ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നൊന്നും ആരും പറയില്ല; കാരണം ചില ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഈ അപമാനം തലയില്‍ പേറേണ്ടിവന്ന ജനത, തെരഞ്ഞെടുപ്പിനെ അവസരമായിത്തന്നെ കണ്ട് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ പുറത്താക്കും; ജനാധിപത്യപ്രക്രിയയിലൂടെത്തന്നെ. എങ്കിലും ഒരുകാര്യം ചോദിക്കേണ്ടതുണ്ട്. അധികാരത്തില്‍ അള്ളിപ്പിടിച്ചു കിടക്കാതെ രാജിവച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിന് ഈ വിധത്തില്‍ കളങ്കമേല്‍ക്കുന്നത് ഒഴിവാക്കാമായിരുന്നില്ലേ? ലോകസമൂഹത്തിനുമുമ്പില്‍, അഴിമതിക്ക് വിസ്തരിക്കപ്പെടുന്ന മുഖ്യമന്ത്രിയാല്‍ നയിക്കപ്പെടുന്ന ജനത എന്ന അപമാനത്തില്‍നിന്ന് കേരളീയര്‍ക്ക് ഒഴിവാകാനാകുമായിരുന്നില്ലേ? അത്രയും കരുണയെങ്കിലും തെരഞ്ഞെടുത്ത് മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ച കേരളജനതയോട് ഉമ്മന്‍ചാണ്ടി കാട്ടേണ്ടതായിരുന്നില്ലേ?

മുഖ്യമന്ത്രിസ്ഥാനം അഴിമതി നടത്താനും അതിന്റെ തെളിവ് തേച്ചുമാച്ച് കളയാനുമുള്ളതാണെന്ന് കരുതുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതുമുതല്‍ ഇതുവരെ ഉമ്മന്‍ചാണ്ടി ചെയ്ത പ്രധാന കാര്യം തനിക്കെതിരായ കേസുകള്‍ ഇല്ലാതാക്കലായിരുന്നല്ലോ. പാമൊലില്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍ മുതല്‍ എത്രയെത്ര ഉദാഹരണങ്ങള്‍! തന്റെ കേസ് പിന്‍വലിക്കണമെന്ന് കോടതിയോട് അപേക്ഷിക്കാന്‍ നിശ്ചയിച്ച ഈ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് കേസില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന വ്യക്തിതന്നെയല്ലേ എന്ന് സുപ്രീംകോടതി ചോദിക്കുന്നിടത്തുവരെയെത്തി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുള്ള ഉമ്മന്‍ചാണ്ടിയുടെ നിയമവിരുദ്ധ നീക്കങ്ങള്‍. ഒരുവശത്ത് സ്വന്തം പേരിലുള്ള അഴിമതിക്കേസുകള്‍ ഇല്ലാതാക്കുക. മറുവശത്ത് എതിര്‍പക്ഷത്തെ രാഷ്ട്രീയനേതാക്കളെ വൈരനിര്യാതന ബുദ്ധിയോടെ കള്ളക്കേസുണ്ടാക്കി അതില്‍ കുടുക്കിയിടുക. ഇതിന് രണ്ടിനുമുള്ള ഉപകരണമാണ് സത്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഭരണം. പാമൊലിന്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് വിജിലന്‍സിനെക്കൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല എന്ന് എഴുതിച്ച് കോടതിയില്‍ കൊടുത്തയാളാണ് ഉമ്മന്‍ചാണ്ടി. കോടതി അത് തള്ളി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. അപ്പോള്‍ തുടരെ ആക്ഷേപങ്ങളുന്നയിച്ച് ആ ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍നിന്ന് മാറ്റിച്ചു. ടൈറ്റാനിയം കേസിലും ഇതേപോലെ ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നുകൊണ്ട് വിജിലന്‍സിനെക്കൊണ്ട് തനിക്ക് പങ്കില്ല എന്ന് എഴുതിച്ച് കോടതിയില്‍ കൊടുപ്പിച്ചു. ഒരുവശത്ത് സ്വന്തം ഭരണത്തിന്റെ അധീനതയിലുള്ള വിജിലന്‍സിനെക്കൊണ്ട് സമ്മര്‍ദത്തിലൂടെ അനുകൂല റിപ്പോര്‍ട്ട് എഴുതിക്കുക. മറുവശത്താകട്ടെ പ്രതിപക്ഷത്തുള്ള പ്രമുഖനായ നേതാവിനെ അന്വേഷണത്തിലൂടെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയിട്ടും കേസ് സിബിഐ അന്വേഷണത്തിന് വിട്ട് രാഷ്ട്രീയ പകപോക്കലിനിരയാക്കുക. തെരഞ്ഞെടുപ്പ് വരുമ്പോഴോക്കെയാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയമായി ജുഡീഷ്യറിയെ ദുരുപയോഗിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ സിബിഐക്ക് വിടുക. മറ്റൊന്നു വരുമ്പോള്‍ കുറ്റപത്രം നല്‍കുക, ഇനിയും ഒന്നുവരുമ്പോള്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയ ആള്‍ക്കെതിരെയുള്ള റിവ്യൂ ഹര്‍ജി വേഗത്തിലാക്കാന്‍ കോടതിയെ സമീപിക്കുക. കോടതിതന്നെ ആലോചിക്കില്ലേ, തെരഞ്ഞെടുപ്പ് വരുമ്പോഴേ ഈ ആള്‍ക്ക് കേസുള്ളോ എന്ന്? കോടതിതന്നെ ആലോചിക്കില്ലേ ഇങ്ങനെ ജുഡീഷ്യറിയെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിന് ശാസിക്കണമെന്ന്? കാത്തിരുന്നു കാണുക.

ഏതായാലും ശാസന സോളാര്‍ ജുഡീഷ്യല്‍ കമീഷനില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് വേണ്ടുവോളം കിട്ടി. സത്യം പുറത്തുവരുന്നതിനെ ഭയക്കുന്ന ചിലര്‍ കമീഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കമീഷന്‍ പറഞ്ഞു. ആരാണ് സത്യത്തെ ഭയന്ന് ഇങ്ങനെ ചെയ്യുന്നത്? കമീഷന്റെതന്നെ വാക്കുകളില്‍ അതിനുള്ള ഉത്തരമുണ്ട്: "കമീഷനെ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് വലിച്ച് താഴെയിടുന്നതാണ്'' എന്നാണ് ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞത്. കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച നിസാര്‍ കമീഷനോട് ഉമ്മന്‍ചാണ്ടി ചെയ്തത് കൃത്യമായും അതുതന്നെയാണല്ലോ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top