26 May Sunday

ലഹരിയുടെ വേരറുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


നാടിന്റെ ഭാവിയെതന്നെ അപകടത്തിലാക്കുന്ന നിലയിൽ ബാല്യ കൗമാരങ്ങൾക്ക‌് കെണിയൊരുക്കുകയാണ‌് ലഹരി മാഫിയ. ശതകോടികൾ മറിയുന്ന മയക്കുമരുന്നുവിപണിയിൽ അന്തർദേശീയ അധോലോകംമുതൽ നമ്മുടെ സ‌്കൂൾ കുട്ടികൾവരെ കണ്ണികളാണ‌്. പുകയില, കഞ്ചാവ‌് തുടങ്ങിയവയിൽനിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ‌് ലഹരിയുടെ സാമ്രാജ്യം. ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പീൻസ‌്എന്നിവിടങ്ങളിൽനിന്ന‌് ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉൽപ്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിട്ട‌് കാലമേറെയായി. ഗോവ, മംഗ്ലൂരു വഴി വടക്കൻ കേരളത്തിലും ചെന്നൈ വഴി തെക്കും ലഹരി ഒഴുകിപ്പരക്കുന്നു. മദ്യത്തിൽനിന്ന‌് വഴിമാറുന്ന യുവത മയക്കുമരുന്നിന‌് അടിപ്പെടുന്ന അപകടകരമായ കാഴ‌്ചയാണ‌് കേരളം  നേരിടുന്ന സമകാലികദുരന്തം.

ലഹരിയുടെ പ്രധാന ഉപഭോക്താക്കളും കടത്തുകാരും പുതുതലമുറക്കാരാണെന്ന‌് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ സമീപകാലത്തുണ്ടായി. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ലഹരിവേട്ട ഫലപ്രദമാണെന്നതിന‌് വർധിച്ചുവരുന്ന കേസുകളുടെ എണ്ണംതന്നെയാണ‌് തെളിവ‌്. എന്നാൽ, എത്തുന്ന ലഹരിവസ‌്തുക്കളുടെ വ്യാപ‌്തി കണക്കിലെടുക്കുമ്പോൾ ഈ രംഗത്ത‌് ഇനിയുമേറെ ചെയ്യാനുണ്ടെന്ന‌് നിസ്സംശയം പറയനാകും. ഭാവിതലമുറയെ കാർന്നുതിന്നുന്ന ഈ വിപത്തിനെ പിടിച്ചുകെട്ടാനുള്ള കർമ പരിപാടിയാണ‌് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുന്നാട്ടുവച്ചത‌്. വിവിധ സർക്കാർ വകുപ്പുകൾ ഇതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ആശാവഹമാണ‌്. എന്നാൽ, മയക്കുമരുന്ന‌് പരിശോധനയും പിടിച്ചെടുക്കലും കുറ്റവാളികൾക്കെതിരായ നിയമനടപടികളും മാത്രംപോര ഈ ആപൽസന്ധിയെ മുറിച്ചുകടക്കാൻ. മാഫിയയുമായി കണ്ണിചേർക്കപ്പെടാതിരിക്കാൻ സമൂഹത്തെയാകെ ബോധവൽക്കരിക്കാനുള്ള അതിബൃഹത്തായ ഒരു പ്രവർത്തന പദ്ധതിയും അനിവാര്യമാണ‌്.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ‘വിമുക്തി’ മിഷന‌് എൽഡിഎഫ‌് രൂപം നൽകിയത‌് ഈ ലക്ഷ്യത്തോടെയാണ‌്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ ടാസ‌്ക‌് ഫോഴ‌്സിന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലൂടെ താഴെ തട്ടുവരെ എത്തുന്നതാണ‌്. ലക്ഷ്യമിടുന്ന പ്രായവിഭാഗത്തിന‌് പരമാവധി പങ്കാളിത്തം  ലഭിക്കത്തക്കവിധമാണ‌് ബോധവൽക്കരണ പരിപാടികൾ ആവിഷ‌്കരിക്കുന്നത‌്. സ‌്റ്റുഡന്റ‌് പൊലീസ‌് കേഡറ്റുകൾ, ലഹരിമുക്ത സ‌്കൂൾ കോളേജ‌് ക്ലബുകൾ, നാഷണൽ സർവീസ‌് സ‌്കീം, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, മദ്യവിരുദ്ധ സംഘടനകൾ, വിദ്യാർഥി, യുവജന, മഹിളാ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം കൈകോർക്കുന്നു.  

ലഹരിവസ‌്തുക്കളുമായി പിടികൂടുന്നവരിൽ നല്ലൊരുപങ്കും പ്രലോഭനങ്ങൾക്കടിപ്പെട്ട‌് കാരിയർമാർ ആകുന്നവരാണ‌്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളിലുണ്ടാകുന്ന ദൗർബല്യങ്ങളെ മുതലെടുത്ത‌്, തങ്ങളുടെ വലയിൽ കുടുക്കുകയെന്ന തന്ത്രമാണ‌് ലഹരി വ്യാപാരികൾ പ്രയോഗിക്കുന്നത‌്. ഇന്റർനെറ്റ‌് സൗകര്യങ്ങളുള്ള ഫോണും ഇരുചക്രവാഹനവും മറ്റ‌് സുഖസൗകര്യങ്ങളുമെല്ലാം സ്വന്തമാക്കുകയെന്ന ചിന്തയിൽ കുട്ടികൾ അറിയാതെ വലയിൽ കുടുങ്ങുന്നു. ലഹരിയും അശ്ലീല വീഡിയോകളുമൊക്കെ യഥേഷ‌്ടം ലഭ്യമാക്കി കുട്ടികളുടെ സാമാന്യബോധത്തെയും മൂല്യസങ്കൽപങ്ങളെയും തകർക്കുന്നു. നവമാധ്യമങ്ങളിലെ ചില ‘മരണഗ്രൂപ്പുകളിൽ’ ആകൃഷ‌്ടരായ രണ്ട‌് കുട്ടികൾ ആത്മഹത്യയിലേക്ക‌് നീങ്ങിയ ഞെട്ടിപ്പിക്കുന്ന സംഭവം വയനാട‌് ജില്ലയിൽനിന്ന‌് ഈയിടെ റിപ്പോർട്ടു ചെയ്യപ്പെട്ടു. ലഹരിയുടെ അനുബന്ധമായി, സൈബർ ലോകത്തെ ഇത്തരം കെണിക‌ളും പുതിയ കാലത്ത‌് ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ‌്.

പുതുതലമുറയെ എല്ലാതരം ജീർണതകളിൽനിന്നും സംരക്ഷിച്ചുനിർത്താനുള്ള ശ്രമത്തിൽ സമൂഹമൊന്നാകെ അണിനിരക്കേണ്ട കാലഘട്ടമാണിത‌്. ഇക്കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പങ്ക‌് എടുത്തുപറയേണ്ടതാണ‌്. കുട്ടികളിലെ മാറ്റങ്ങൾ സസൂക്ഷ‌്മം നിരീക്ഷിക്കാനും അവരിലെ വൈകല്യങ്ങൾ കണ്ടെത്താനും എളുപ്പം കഴിയുന്നത‌് ഇവർക്കാണ‌്. സ‌്കൂൾ ബാഗുകളും ഫോണും പരിശോധിക്കാനും അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ ഗൗരവപൂർവം ശ്രദ്ധിക്കാനും തയ്യാറാകണം. തങ്ങ‌ളുടെ വിദ്യാലയത്തിന‌് ചീത്തപ്പേര‌് ഉണ്ടാകുമെന്ന‌് ഭയന്ന‌് മയക്കുമരുന്ന‌്  സാന്നിധ്യം അധികൃതർക്ക‌് റിപ്പോർട്ട‌് ചെയ്യാൻ തയ്യാറാകാത്ത അധ്യാപകരുണ്ട‌്. അതുപോലെ മക്കളുടെ ദുഃശീലങ്ങൾ അധ്യാപകർ അറിയിച്ചാലും കുട്ടികളെ ന്യായീകരിക്കുകയും സ‌്കൂൾ അന്തരീക്ഷത്തെ പഴിചാരുകയും ചെയ്യുന്ന രക്ഷിതാക്കളും  ഉണ്ട‌്. ഒറ്റപ്പെട്ടതായാൽപോലും സംശയാസ‌്പദമായ സന്ദർഭങ്ങളെ അവഗണിക്കാതിരിക്കുകയാണ‌് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത‌്.

സർക്കാർ ആഭിമുഖ്യത്തിലുള്ളതും മറ്റ‌് സംഘടനകളുടെ നേതൃത്വത്തിലുള്ളതുമായ ഒട്ടേറെ ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും നടന്നുവരുന്നുണ്ട‌്. ഇത‌് ഇനിയുമേറെ വിപുലപ്പെടുത്തണം. കണ്ണൂരിൽ സാന്ത്വന പരിചരണരംഗത്ത‌് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഐആർപിസി പുതിയ പ്രവർത്തന മേഖലയായി ലഹരിവിരുദ്ധ ബോധവൽക്കരണം തെരഞ്ഞെടുത്തത‌് മാതൃകാപരമായ കാൽവയ‌്പ്പാണ‌്. സംസ്ഥാനത്തെമ്പാടും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കെൽപ്പുള്ള നിരവധി സംഘടനകളുണ്ട‌്. അതോടൊപ്പം പൊലീസ‌്, എ‌്കസൈസ‌്, ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകൾ യോജിച്ചുനീങ്ങി ഈ മഹാവിപത്തിനെ വേരോടെ പിഴുതെടുക്കണം . എങ്കിൽ മാത്രമേ പുഴുക്കുത്തേൽക്കാത്ത ഭാവിതലമുറയെ വാർത്തെടുക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top