16 April Tuesday

മുഖ്യമന്ത്രിമാരെ മാറ്റിയാൽ ബിജെപി രക്ഷപ്പെടുമോ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021


ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ബാക്കിയിരിക്കേ വിജയ്‌ രൂപാണിയെ മാറ്റി ബിജെപി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി  നിയമിച്ചിരിക്കുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷം മുമ്പാണ്‌ മോദിക്കുശേഷം മുഖ്യമന്ത്രിക്കസേരയിൽ എത്തിയ ആനന്ദിബെൻ പട്ടേലിനെ മാറ്റി വിജയ്‌ രൂപാണിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്‌. ഗുജറാത്തിൽ ന്യൂനപക്ഷമായ ജൈന മതക്കാരൻ രൂപാണി മുഖ്യമന്ത്രിയായത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ പടിയിറക്കവും സമാനമായിരുന്നു. ഈവർഷം ബിജെപി മാറ്റുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ്‌ രൂപാണി. ഉത്തരാഖണ്ഡിൽ  ത്രിവേന്ദ സിങ് റാവത്തിനെയും തിരഥ്‌ സിങ് റാവത്തിനെയും മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റിയ ബിജെപി  കർണാടകത്തിൽ യെദ്യൂരപ്പയെയും മാറ്റുകയുണ്ടായി.

ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിലാണ്‌ ഏഴു വർഷത്തിനിടയ്‌ക്ക്‌ മൂന്ന്‌ മുഖ്യമന്ത്രിമാർ വരുന്നത്‌. 12 വർഷം തുടർച്ചയായി ഭരണം നടത്തിയ മോദിയുടെ മാതൃകയാണ്‌ തിരുത്തപ്പെടുന്നത്‌. കോൺഗ്രസ്‌ പാർടിയെപ്പോലെ ബിജെപിയും ഒരു ഹൈക്കമാൻഡ്‌ പാർടിയായി മാറിയിരിക്കുന്നു. എല്ലാ തീരുമാനവും പാർടി കേന്ദ്ര നേതൃത്വത്തിൽ (മോദി–-ഷാ)നിന്നാണ്‌ ഉണ്ടാകുന്നത്‌. സംസ്ഥാന നേതൃത്വത്തെ പൂർണമായും ഇരുട്ടിൽ നിർത്തിയാണ്‌ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്‌. അതോടൊപ്പം മോദിയുടെ പ്രതിച്ഛായയിൽ സംസ്ഥാന തെരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയില്ലെന്ന്‌ ബിജെപിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്നു. 2018നു ശേഷം അര ഡസനിലധികം സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലും ബിഹാറിലും മാത്രമാണ്‌ ബിജെപിക്ക്‌ ജയിക്കാനായത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും ഇരുപതിലധികം സീറ്റ്‌ കുറഞ്ഞു. ഗുജറാത്തിൽ ബിജെപി പരാജയപ്പെട്ടാൽ അത്‌ ദേശീയമായിത്തന്നെ ബിജെപിക്ക്‌ തിരിച്ചടിയാകും. മോദി–-ഷാ കൂട്ടുകെട്ടിന്‌ ബിജെപിയിലുള്ള പിടി അയയുകയും ചെയ്യും.

എന്നാൽ, ഈ മുഖംമിനുക്കൽ കൊണ്ടുമാത്രം ബിജെപിക്ക്‌ രക്ഷപ്പെടാൻ കഴിയില്ല.  കോവിഡ്‌ നേരിട്ടതിലുള്ള വീഴ്‌ചയും പട്ടേൽ സമുദായത്തിന്റെ രോഷവും ബിജെപിക്കകത്തെ വിള്ളലും ഗുജറാത്തിൽ ബിജെപിയെ വേട്ടയാടുകയാണ്‌. കോവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതിലുണ്ടായ പാളിച്ച ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിട്ടു. രോഗികൾക്ക്‌ ആശുപത്രി കിടക്കകൾ ഉറപ്പുവരുത്താൻ സർക്കാരിന്‌ കഴിഞ്ഞില്ല. 108 ആംബുലൻസിൽ വരുന്ന രോഗികൾക്ക്‌ മാത്രമേ ആശുപത്രി പ്രവേശം നൽകാവൂയെന്ന രൂപാണിയുടെ പ്രഖ്യാപനം നൂറുകണക്കിന്‌ രോഗികൾ മരിക്കുന്നതിന്‌ ഇടയാക്കി. രോഗികളുടെ എണ്ണവും മരണസംഖ്യയും കൃത്യമായി റിപ്പോർട്ട്‌ ചെയ്യുന്നതിൽ വലിയ പാളിച്ചയുണ്ടായി. ഗുജറാത്തിലെ മരണനിരക്ക്‌ ഔദ്യോഗിക കണക്കിനേക്കാൾ 27 ഇരട്ടിയാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കി.

സംവരണം ആവശ്യപ്പെട്ടുള്ള പട്ടേൽ വിഭാഗത്തിന്റെ പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമുതൽ ആ വിഭാഗം ജനങ്ങൾ ബിജെപിക്ക്‌ എതിരാണ്‌. ഇതിൽ കൃഷിക്കാരായ ലെവ പട്ടേലുകൾ വർധിച്ചതോതിൽ ആംആദ്‌മി പാർടിയിലേക്ക്‌ ആകർഷിക്കപ്പെടുകയാണ്‌.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ അഹമ്മദാബാദ്‌, സൂറത്ത്‌ എന്നിവിടങ്ങളിൽ വൻമുന്നേറ്റമാണ്‌ ആംആദ്‌മി പാർടി നടത്തിയത്‌. ഇത്‌ തടയാനാണ്‌ ഈ വിഭാഗത്തിൽപ്പെട്ട മൻസൂഖ്‌ മാണ്ഡവ്യയെ കേന്ദ്ര ആരോഗ്യമന്ത്രിയാക്കിയത്‌. ഇപ്പോൾ ബിസിനസുകാരായ കഠ്‌വ പട്ടേൽ വിഭാഗത്തിൽപ്പെട്ട ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയുമാക്കി പട്ടേൽ വിഭാഗത്തെ കൂടെനിർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ബിജെപി സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കവും ജനസമ്മിതിയിൽ ഇടിച്ചിലുണ്ടാക്കി. രൂപാണിയുടെ താൽപ്പര്യത്തിനു വിരുദ്ധമായാണ്‌ സി ആർ പാട്ടീൽ പാർടി അധ്യക്ഷനാക്കപ്പെട്ടത്‌. ഈയൊരു സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയെ മാറ്റി മുഖംമിനുക്കാനുള്ള ശ്രമത്തിന്‌ ബിജെപി തയ്യാറായിട്ടുള്ളത്‌. ജനവിരുദ്ധ നയങ്ങൾ മാറ്റാതെ നേതാവിനെ മാറ്റിയതുകൊണ്ടു മാത്രം രക്ഷപ്പെടാനാകില്ലെന്ന്‌ ബിജെപിക്ക്‌ ബോധ്യപ്പെടാനിരിക്കുന്നതേയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top